Sunday 13 September 2015

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്

സ്വാമി തൃപ്പാദങ്ങള്‍ സമുദായത്തിന്റെ വൈദികമായ അഭിവൃത്തിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിനു അനുകൂലമാകുമാറ് വിവാഹ വിധിയെ താഴെക്കാണും പ്രകാരം പരിഷ്കരിക്കുകയും ജനങ്ങളുടെ അറിവിനായി അതിനെ പ്രസിദ്ധപ്പെടുത്തുവാന്‍ ആജ്ഞാപിക്കുകയും ചെയ്തിരുന്നു.

വിവാഹവേദിയുടെ വലത്തുവശത്തു മേശപ്പുറത്ത് ശുഭവസ്ത്രം വിരിച്ച് തൃപ്പാദങ്ങളുടെ ചിത്രം വൈയ്ക്കുക.ചിത്രത്തിന് മുന്‍പില്‍ ഇരുവശങ്ങളിലായി ഒരേ സൈസില്‍ രണ്ടു നിലവിളക്കുകള്‍ അഞ്ച് തിരികള്‍ വീതം ഇട്ടു കത്തിക്കുക.തീര്‍ത്ഥം,പനിനീര്,ചന്ദനം,ആവശ്യത്തിനു പുഷ്പങ്ങള്‍ ഇതൊക്കയും തയ്യാറാക്കി വൈയ്ക്കണം.തൃപ്പാദങ്ങളുടെ ചിത്രത്തില്‍ പുഷ്പമാല ചാര്‍ത്തുക.ചിത്രത്തിന്റെ മുന്‍ വശത്തായി നിറ നാഴിയും ഗണപതി ഒരുക്കും വൈയ്ക്കുക.അതിന് മുന്‍വശത്തായി രണ്ടു ഇലകളില്‍ പൂമാലകള്‍ ,ഒരു വെറ്റിലയില്‍ നാരങ്ങയും ,നാണയവും വച്ച് ഗുരു ദക്ഷിണ വൈയ്ക്കുക.മറ്റൊരു വെറ്റിലയില്‍ താലി,ചിത്രത്തിന് തൊട്ടു മുന്നില്‍ ആയി തന്നെ വൈയ്ക്കുക.വധൂവരന്‍മാര്‍ക്ക് ഇരിക്കുവാനുള്ള സ്ഥലം മണ്ഡപത്തിനുള്ളില്‍ കോടി വസ്ത്രം വിരിച്ച് തയ്യാറാക്കിയിരിക്കണം.നിറപറ വൈക്കുന്നവര്‍ വിവാഹ മണ്ഡപത്തിന്റെ മുന്നിലായി അതിന് പ്രത്യേകം ഒരു നിലവിളക്കും നിറപറയും വൈക്കണം.

വിവാഹ മുഹൂര്‍ത്തത്തില്‍ പുരോഹിതന്‍ വധൂവരന്‍മാരെ വിവാഹ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ക്ക് തീര്‍ത്ഥം നല്‍കി,പനിനീര്‍ കുടഞ്ഞു,ചന്ദനവും കൊടുത്ത് പുഷ്പം വധൂവരന്‍മാരുടെ കൈകളില്‍ പുഷ്പങ്ങള്‍ നല്‍കി കര്‍പ്പൂരം കത്തിച്ച് വധൂവരന്‍മാര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു നമസ്കരിക്കുക.വധൂവരന്മാര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചുകൊണ്ട് വേദിയിലേക്ക് പ്രവേശിക്കുക.വരന്‍റെ ഇടതുവശത്ത് വധുവിനെ നിര്‍ത്തുക.അതിന് ശേഷം എല്ലാവരും എഴുന്നേറ്റുനിന്ന് ഈശ്വര പ്രാര്‍ത്ഥന നടത്തുക.

പിച്ചനാട്ടു കുറുപ്പന്മാര്‍ - ശിവഗിരി ചരിത്രം (കെ.കെ മനോഹരന്‍)

മദ്ധ്യതിരുവിതാം കൂറില്‍ പിച്ചനാട്ടു കുറുപ്പന്മാര്‍ എന്നൊരു വിഭാഗം ആളുകള്‍ ജീവിച്ചിരുന്നു.അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ജാതി വ്യവസ്ഥയ്ക്ക് അനുസരിച്ച് ഇവര്‍ ഈഴവ വിഭാഗങ്ങളെക്കാള്‍ കുറഞ്ഞവരും,കണിയാന്‍ വിഭാഗത്തെക്കാള്‍ ഉയര്‍ന്നവരും ആയി കണക്കാക്കി പോന്നിരുന്നു.സംസ്കൃതം പഠിച്ച് ദൈവ വൃത്തിയും ജ്യോതിഷവും ആയിരുന്നു ഇവരുടെ തൊഴില്‍.അംഗസംഖ്യയില്‍ കുറവായിരുന്നതിനാല്‍ ഇവര്‍ക്ക് പല വൈഷമ്യങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നു.അര്‍ഹിക്കുന്ന വിധം വിവാഹം നടത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.ചെറുക്കന് യോജിച്ച പെണ്ണോ,പെണ്ണിന് യോജിച്ച ചെറുക്കനോ കിട്ടിയിരുന്നില്ല.ചിലര്‍ അവിവാഹിതരായി ജീവിതം തള്ളി നീക്കിയിരുന്നു.ഒറ്റപെട്ടു ജീവിക്കുന്നവര്‍ മരണാനന്തര കര്‍മ്മങ്ങള്‍ -- ശവദാഹവും മറ്റും -തനിച്ചു ചെയ്യേണ്ടിവന്നിരുന്നു.കൃസ്തുമതം സ്വീകരിച്ചാലും അന്നത്തെ സിറിയന്‍ കൃസ്ത്യാനികള്‍ സവര്‍ണ്ണ ഹിന്ദുക്കളെക്കാള്‍ ആഭിജാത്യമുള്ളവരാണ്.പള്ളികളില്‍ പോവുക,കൂടി നടക്കുക,തുടങ്ങിയ കാര്യങ്ങളോഴിച്ചാല്‍പെണ്ണ് കൊടുക്കുക-എടുക്കുക തുടങ്ങിയതൊന്നും അന്ന് സാധ്യമായിരുന്നില്ല.പിച്ചനാട്ടു കുറുപ്പന്മാരുടെ പല വീടുകളിലും സ്ത്രീകള്‍ അവിവാഹിതകളായി നില്‍ക്കേണ്ടിവന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് കുഴങ്ങിയ കുറുപ്പന്‍മാരുടെ കാര്യം ചിലര്‍ ഗുരുദേവനെ അറിയിച്ചു.അവരെ എസ്. എന്‍. ഡി.പി യോഗത്തില്‍ ചേര്‍ത്ത് പ്രശ്നം പരിഹരിക്കുവാന്‍ ഗുരുദേവന്‍ യോഗ നേതൃത്വത്തിനോട് ആവശ്യപെട്ടു.
അന്ന് മുനിസിപ്പാലിറ്റികളില്‍ അംഗങ്ങളെ സാമുദായിക പ്രാധിനിത്യം അനുസരിച്ച് പേഷ്കാര്‍ നോമിനേറ്റു ചെയ്യുകയായിരുന്നു.ചെങ്ങന്നൂര്‍ മുനിസിപാലിറ്റിയിലേക്ക് ഈഴവ പ്രധിനിധി യായി ഗുരുദേവന്‍ പിച്ചനാട്ടു കുറുപ്പനെ നോമിനേറ്റു ചെയ്യുകയുണ്ടായി.എന്നാല്‍ ചില അസൂയാലുക്കളായ ആളുകള്‍ ഇയാള്‍ ഈഴവ വിഭാഗം അല്ലാ എന്ന് സൂചിപ്പിച്ചുകൊണ്ട് പേഷ്കാര്‍ക്ക് പരാതി നല്‍കി.അന്ന് പേഷ്കാര്‍ ആയിരുന്ന മഹാകവി ഉള്ളൂര്‍ ,താന്‍ ഈഴവ വിഭാഗം ആണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗുരുദേവനില്‍ നിന്നും വാങ്ങി വരുവാന്‍ ആവശ്യപെട്ടു.ഉള്ളൂരിന്റെ ആവശ്യപ്രകാരം പ്രസ്തുത വ്യക്തി ഈഴവ വിഭാഗം ആണ് ഈനു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗുരുദേവന്‍ നല്‍കുകയുണ്ടായി.ആ പ്രശ്നം അങ്ങനെ പരിഹരിച്ചു.ഈ സംഭവം കഴിഞ്ഞു കുറച്ചുനാള്‍ ആയപ്പോള്‍ ഗുരുദേവന്‍ ഒരിക്കല്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം ഏതാനും യുക്തിവാദികള്‍ സ്വാമികളെ സന്ദര്‍ശിച്ചു ഇപ്രകാരം ചോദിച്ചു."സ്വാമികള്‍ ഈഴവ സമുദായത്തിലേക്ക് ആളുകളെ കൂട്ടുകയാണ് എന്ന് പറയുന്നുണ്ടല്ലോ ?".അപ്പോള്‍ ഗുരുദേവന്റെ മറുപടി ഇങ്ങനെയായിരുന്നു "അങ്ങനെ ചെയ്തു പോയതില്‍ ആ പാവങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചാല്‍ നമുക്ക് സന്തോഷമേ ഒള്ളൂ".(മറ്റുള്ളവര്‍ക്കുവേണ്ടി താന്‍ എന്തെങ്കിലും സഹായം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നവരോടെല്ലാം സ്വാമികള്‍ ഏതാണ്ട് ഇതേ മറുപടിയാണ് പറഞ്ഞിരുന്നത്).