ശ്രീനാരായണ ഗുരുദേവന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ താത്കാലിക കേന്ദ്രം അരുവിപ്പുറമായിരുന്നല്ലോ. പിന്നോക്ക വിഭാഗത്തിൽ പെട്ട ഈഴവ-തീയ ജനതയുടെ സാമൂഹിക ജീവിതത്തിൽ മൗലിക ചില പരിഷ്കാരങ്ങൾ അടിയന്തിരമായ ഏർപ്പെടുത്തേണ്ടത് അതിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കു അത്യന്താപേക്ഷി തമായി ഗുരുദേവൻ കണ്ടു.അതിന്റെ വിജയത്തിനു വേണ്ടി യോഗത്തിന്റെ ആദർശങ്ങളെ സാക്ഷാൽക്കരിക്കാൻ സ്വാമി പലയിടങ്ങളിലും ചുറ്റി സഞ്ചരിച്ചു. പലതും കണ്ടു മനസ്സിലാക്കി.അന്ധമായ പാരമ്പര്യത്തിലെ അധിഷ്ഠിതമായ അനാചാരങ്ങളെ അനുകരിക്കുന്നതിൽ നിന്നും സമുദായത്തെ പിന്തിരിപ്പിക്കാൻ ചിലനിയമങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതായി വന്നു. താലികെട്ടിടയന്തിരം എന്ന കെട്ടുകല്ല്യാണം നിറുത്തൽ ചെയ്തതെങ്ങനെയെന്നു 'ശ്രീ നാരായാണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു:
"സ്വാമി തൃപ്പാദങ്ങൾ കരുംകുളത്തുവന്നാൽ പതിവായി താമസിച്ചിരുന്നതു ഞങ്ങളുടെ പഴയ തറവാടിനോടനുബന്ധിച്ചുള്ള പൂജാമുറിയിലാണ് .(റിട്ടയേർഡ് ജഡ്ജി കരുങ്കുളം വാസുദേവന്റെ അനുഭവമായിട്ടാണ് ഗോപാലൻ തന്ത്രി ആ സംഭവം വിവരിക്കുന്നത് .) എന്റെ പിതാമഹൻ നടത്തിപ്പോന്ന പൂജാനുഷ്ഠാനങ്ങളിൽ ഞാൻ സംബന്ധിക്കാറുണ്ട്. പൂജാമുറിയിൽ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്യാൻ ബാല്യകാലത്തു എനിക്കവസരം കിട്ടിയിരുന്നു .... ഞങ്ങളുടെ പഴയ കുടുംബത്തിൽ വച്ചാണ് കെട്ടുകല്യാണം എന്ന അനാചാരത്തിനു സ്വാമി വിരാമമിട്ടത്.അച്ഛന്റെ രണ്ട് ഇളയ സഹോദരിമരുടെ കെട്ടു കല്യാണമായിരുന്നു അത്. ദശവർഷങ്ങളായി നിലനിന്നുപോന്ന ആ ദുരാചാരം സദാചാരമെന്നും തറവാടിത്തമെന്നും അന്തസ്സെന്നും വിചാരിച്ചും വിശ്വസിച്ചും പോന്നിരുന്ന ഒരു വലിയ സമുദായത്തിന്റെ അംഗീകാരവും വിശ്വാസവും ഗുരുവിന്റ കല്പനാ ശക്തിയാൽ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഒരു വൻപിച്ച നേട്ടമാണ്; അത്ഭുതമാണ്''
കെട്ടു കല്യാണം നിറുത്തൽ ചെയ്ത സംഭവം കുറേക്കൂടി വിശദമായി 'ശ്രീ നാരായണഗുരുസ്വാമികൾ ' എന്ന ജീവചരിത്ര ഗ്രന്ഥത്തിലുണ്ട്.
"നെയ്യാറ്റിൻകര കരുങ്കുളത്തു വലിയ ഒരു ഗൃഹസ്ഥനും സ്വാമി തൃപ്പാദങ്ങളുടെ വിശ്വസ്ത ഭക്തനുമായ ഒരു ഈഴവ മാന്യന്റെ ഏകപുത്രിയുടെയും മറ്റ് ഏതാനും ബാലികമാരുടെയും താലി കെട്ടുകല്യാണം നടത്താനുള്ള ഒരുക്കങ്ങൾ പൊടിപൂരമായി നടന്നു വരുകയായിരുന്നു. ഈ വിവരമറിഞ്ഞ സ്വാമി തൃപ്പാദങ്ങൾ മുഹൂർത്ത സമയ ത്തെവിടെയെത്തി. അതിവിശാലവും പണം ദുർവ്യയം ചെയ്തു തീർത്ത അതി മനോഹരവുമായ പന്തലിൽ വാദ്യഘോഷങ്ങളോടും മറ്റനേകം ആഡംബരങ്ങളോടും കൂടി ശുഭമുഹൂർത്തത്തിൽ തന്നെ താലികെട്ടൽ കർമ്മത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു പെൺകുട്ടികളെ യഥാസ്ഥാനത്തു അലങ്കരിച്ചിരുത്തിയിരുന്നു. നാനാജാതി മതസ്ഥരായ അതിഥികളെ അവിടെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സദ്യയുടെ കേമമായ സ്വഭാവം കൊണ്ട് വീടും പറമ്പും തിക്കിത്തിരുക്കി വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂട്ടിയിരുന്നു.
കൗരവസദസിലേയ്ക്കു പുറപ്പെട്ട ശ്രീ കൃഷ്ണനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ അവിടെയെത്തിയപ്പോൾ പലർക്കും സമ്മിശ്ര വികാരങ്ങളാണുണ്ടായത്. പ്രധാനപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ അടുത്തു വിളിച്ചിട്ട് സ്വാമി പറഞ്ഞു .
" കെട്ടു കല്യാണം ആവശ്യമുള്ളതല്ല, നാം ഇതിനെപ്പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതുവരേയും നിങ്ങൾ അതു കേൾക്കുന്നില്ലല്ലോ. നിങ്ങളുടെ ഗുണത്തിനയിട്ടാണ് പറയുന്നത്. നമ്മുടെ വാക്കിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ കെട്ടു കല്യാണം നടത്താതെ കഴിക്കണം.''
ഇതു കേട്ടിട്ടു ഗൃഹസ്ഥൻ വിനീതനായി മറുപടി കൊടുത്തു. " സ്വാമി എങ്ങെനെ കൽപ്പിക്കുന്നോ അങ്ങെനെ, ഞങ്ങളുടെ കുടുംബത്തിൽ മേലാൽ കെട്ടു കല്യാണം നടത്തുകയില്ല.''
അതു കേട്ടിട്ടുസ്വാമി തുടർന്നു: "അതുപോരാ, ഈ കെട്ടു കല്യാണം തന്നെ അനാവശ്യമാണ്; നിരർത്ഥകമാണ്. അതു നിങ്ങൾക്കു മുടക്കിക്കൂടെ? മുടക്കിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല."
അതു കേട്ടു ഗൃഹസ്ഥൻ വനിതനായി അറിയിച്ചു;" സ്വാമി കൽപ്പിക്കുന്നതു കേൾക്കാൻ എനിക്കു സമ്മതമാണ്.''
ഉടനെ സ്വാമി പന്തലിൽ അണിഞ്ഞൊരുങ്ങിയിരുന്ന പെൺകുട്ടികളെ വിളിച്ച് അവർക്കു പഴവും പൂവും നൽകി അകത്തേയ്ക്ക് പറഞ്ഞയച്ചു.
എന്നിട്ട് ഇങ്ങനെ കല്പിച്ചു;" ഈ കെട്ടു കല്യാണം ഞാൻ മുടക്കിയിരിക്കുന്നു. സ്വജനങ്ങളിൽ ആരും ഈ അനാവശ്യമായ അടിയന്തിരം മേലാൽ നടത്തരുതെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.''
അത് അലംഘനീയമായ ഒരു അജ്ഞയായിരുന്നു. അതോടു കൂടി കെട്ടു കല്യാണം തുടങ്ങിയ അനാചാരങ്ങൾ ഈഴവ സമുദായത്തിൽ മാത്രമല്ല ഇതര സമുദായങ്ങളിലും നാമാവശേഷമായിത്തീർന്നു. തുടർന്നാണു സ്വാമി അന്ധവിശ്വാസജടിലമെന്നു പറയാവുന്ന ബഹുഭാര്യാത്വംമൃഗബലി തുടങ്ങിയ ദുരാചാരങ്ങൾക്കു അറുതി വരുത്തിയത്.