Saturday 27 February 2016

അയല്‍പക്കത്തായം

ശ്രീനാരായണഗുരുവിനോട് ചിലര്‍ ചോദിച്ചു: മക്കത്തായമാണോ മരുമക്കത്തായമാണോ നല്ലത്? 

ഗുരു മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും കുഴപ്പമില്ല. അയല്‍പക്കത്തായം ഉണ്ടായാല്‍ മതി.

ക്രാന്തദര്‍ശിയായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത് സൂക്ഷ്മദൃഷ്ടികള്‍ ആയ ആര്‍ക്കും കാണാന്‍ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി തുടങ്ങിവച്ച ഈ ദിശയിലുള്ള നീക്കങ്ങള്‍ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാന്‍ പോന്നതാണ്.

Courtesy- ‎Josaantany Josan Namapriyan

Thursday 18 February 2016

ഗുരു നിത്യചൈതന്യ യതി - ഹരി നീലഗിരി.

ഹിന്ദു സന്യാസിമാര്‍ക്കിടയില്‍ ഒട്ടുമേ പ്യൂരിറ്റനല്ലാതെ വര്‍ത്തിച്ചുവെന്നതാണ് ഗുരു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ അനന്യത. മതം, ലൈംഗികത എന്നീ വ്യവഹാരങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ഉല്‍പതിഷ്ണുത്വം കാലം തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷണശാലയില്‍ ഒപ്പം വന്നവര്‍ക്ക് മാംസാഹാരവും തനിക്ക് മസാലദോശയും ഓര്‍ഡര്‍ചെയ്ത അദ്ഭുത സന്യാസിയായിരുന്നു യതി. ഒരാള്‍ക്ക് അയാളായിരിക്കുവാനേ കഴിയുകയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്‍െറ പ്രമാണം.

അച്ചടക്കമാര്‍ന്ന സാധനകളുടെയോ ഇന്ദ്രിയനിഗ്രഹത്തിന്‍െറയോ വക്താവായില്ല യതി. തങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നും ആശ്രമത്തില്‍ അത് അനുവദനീയമാണോ എന്നും ഒരു വിദേശദമ്പതിമാര്‍ ഒരിക്കല്‍ അദ്ദേഹത്തോട് ആരാഞ്ഞു. ‘Why not? Go and have it’ -അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. കണ്ണിലൂടെ കണ്ണീരുവരുന്നു. മൂക്കിലൂടെ മൂക്കട്ട, ത്വക്കിലൂടെ വിയര്‍പ്പ്. ലൈംഗികാവയവത്തിലൂടെയുള്ള സ്ഖലനത്തിന് താന്‍ അതിലുപരിയായി ഒരു പ്രാധാന്യവും കല്‍പിക്കുന്നില്ളെന്ന് ചുറ്റും കൂടിയിരുന്ന മലയാളി പൗരന്മാര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. മറ്റൊരിക്കല്‍ ‘ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും’ എന്ന ധ്യാനഖണ്ഡം പറഞ്ഞുകൊടുക്കവേ, ജീവന്‍െറ രസം ഉപ്പാണെന്നും തല്‍പരരായ ചെറുപ്പക്കാര്‍ക്ക് അത് രുചിച്ചുനോക്കാമെന്നുമായിരുന്നു നിര്‍ദേശിച്ചത്!.

നന്മയെയും തിന്മയെയും പാപത്തെയും പുണ്യത്തെയും ദ്വന്ദങ്ങളെയുമെല്ലാം ഒരു മഹാമേരുവിനെപ്പോലെ യതി പരിരംഭണം ചെയ്തു. പീഡിതര്‍ക്കും പാപികള്‍ക്കും അഭയമേകി. ‘മഗ്ദലനയ്ക്കല്ലേ യേശുവിനെ ആവശ്യം? പീലാത്തോസില്ലാതെ ക്രിസ്തുവുണ്ടോ?’ സന്ദേഹത്തിന്‍െറ വാള്‍മുനകളെ അദ്ദേഹം പലപ്പോഴും ഒടിച്ചു. തന്നെ ദൈവപുത്രനാക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ പച്ചമനുഷ്യന്‍െറ വിക്രിയകള്‍ കാട്ടി. ഒപ്പമുള്ള കുമാരിമാരില്‍നിന്ന് തന്നിലേക്ക് ഊര്‍ജപ്രസരണം സംഭാവിക്കാറുണ്ടെന്നു പറഞ്ഞ് നല്ല നടപ്പുകാരായ മലയാളി പൗരന്മാരെ ഞെട്ടിച്ചു. (ഒരിക്കല്‍, തന്നെ വന്നു കെട്ടിപ്പുണര്‍ന്ന മാനസപുത്രി ‘എങ്ങനെയുണ്ട് ഗുരു ?’ എന്ന് ചോദിച്ചതിന് ‘ചേര ഇഴയുമ്പോലെയുണ്ട് മോളേ’ എന്നായിരുന്നു മറുപടി!

ദസ്തയേവിസ്കിയെയും വാന്‍ഗോഗിനെയും ബീഥോവനെയും പ്രണയിച്ച യതിക്ക് ഭഗവാന്‍ രമണന്‍െറ മാര്‍ഗം ഉപദേശിക്കാനും കഴിഞ്ഞു (‘മൂന്നു കഴുവേറികള്‍’ എന്നായിരുന്നു അദ്ദേഹം അവര്‍ക്കു നല്‍കിയ ഓമനപ്പേര്!). ഖലീല്‍ ജിബ്രാന്‍െറ നരകതീര്‍ഥാടനങ്ങളെക്കുറിച്ചും വാന്‍ഗോഗിന്‍െറ ഉന്മാദദിനങ്ങളെക്കുറിച്ചും വള്ളത്തോളിന്‍െറ ദരിദ്രകാലത്തെക്കുറിച്ചുമോര്‍ത്ത് അദ്ദേഹം ചകിതനായി. ഇങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ തനിക്കും അല്‍പം കള്ള് കുടിച്ചുനോക്കിയാല്‍ കൊള്ളാമെന്നായിരുന്നു എ. അയ്യപ്പനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

യതിക്ക് ഏറെ പാരസ്പര്യമുള്ള മലയാളി എഴുത്തുകാരിയായിരുന്നു കമലാസുരയ്യ. ജയദേവനും ജലാലുദ്ദീന്‍ റൂമിക്കുമിടയില്‍ ഒരു വൈജാത്യവും ദര്‍ശിക്കാതിരുന്ന അദ്ദേഹത്തിന് ഇസ്ലാമിന്‍െറ നിര്‍മലഹൃദയത്തിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെന്താമരപ്പൂവായിരുന്നു അവര്‍. മതംമാറ്റത്തിന്‍െറ സംഘര്‍ഷനിര്‍ഭരമായിരുന്ന കാലത്ത് തന്‍െറ ശിഷ്യന്മാരെ അയച്ച് യതി അവര്‍ക്ക് ആശ്വാസവചനങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. ഊട്ടി ഗുരുകുലത്തിലെ കാവ്യസന്ധ്യകളില്‍ നിറസാന്നിധ്യമായിരുന്നു സുരയ്യ.

കണ്ണിമാങ്ങാ അച്ചാറില്‍നിന്ന് കാള്‍സാഗനിലേക്കും കാക്റ്റസുകളില്‍നിന്ന് സാമവേദത്തിലേക്കും യതി മാനസസഞ്ചാരം നടത്തി. (മുള്‍മുനകള്‍ ഉണ്ടെങ്കിലും നവോഢകളെപ്പോലെ സൂനഗാത്രികളായ കാക്റ്റസുകളെ ‘എന്‍െറ താമരക്കണ്ണീ’, ‘എന്‍െറ മത്തങ്ങാക്കണ്ണീ’ എന്ന് യതി വിളിക്കുമ്പോള്‍ ഏതോ കാമുകന്‍ ഏതോ കാമുകിയുടെ കാതുകളില്‍ എന്‍െറ പൊന്നേ എന്നു മന്ത്രിക്കുംപോലെ തോന്നും!).

ബോധശാസ്ത്രമായിരുന്നു ഏറെ പ്രിയങ്കരം. അറിവിന്‍െറ പൂന്തോപ്പുകള്‍ തോറും ഉന്മത്തനായി പറന്നു നടക്കുകയായിരുന്നു എന്നും. മൂന്നു ബൃഹദ്വാല്യങ്ങളിലായി ‘ബൃഹദാരണ്യകം’ എഴുതിത്തീര്‍ന്നപ്പോള്‍ പറഞ്ഞു; ഒരായുഷ്ക്കാലം കൊണ്ടാര്‍ജിച്ച അറിവിന്‍െറ ക്രോഡീകരണം. എന്നാല്‍, അറിവ് പടര്‍വള്ളികളായിവന്ന് വാക്കിങ്സ്റ്റിക്കില്‍ ചുറ്റി. മനനകാണ്ഡങ്ങളിലോരോന്നിലും ദൈവദൂതരെന്നപോലെ പൂര്‍വസൂരികളുടെ വാഗ്മയങ്ങള്‍ ഗ്രന്ഥങ്ങളായി തേടിയത്തെി. അറിവിന്‍െറ ഖബറെന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച പുസ്തകങ്ങള്‍തന്നെ എന്നെ എടുക്കൂ, എന്നെ എടുക്കൂ എന്ന് അദ്ദേഹത്തെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു.

താന്‍ കണ്ട സ്വപ്നങ്ങള്‍ ദിവസേന എഴുതിവെക്കുന്ന ശീലമുണ്ടായിരുന്നു യതിക്ക്. ആ സ്വപ്നങ്ങള്‍ തന്നെ മതി ബൃഹത്തായ എത്രയോ ഗ്രന്ഥങ്ങള്‍ക്ക്. ശ്രീനാരായണനും രമണമഹര്‍ഷിയും ഉമയെന്ന പൂച്ചക്കുഞ്ഞും കാള്‍മാര്‍ക്സും ഷെഗാളുമെല്ലാം അവയില്‍ നിരന്നു. ഒരിക്കല്‍ കണ്ടത് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബോബ്ഡില്ലന്‍ പാടുന്നതായിരുന്നു; ‘How many miles a man must walk before you call him a man?’ പാതിരാവില്‍ ടെലിഫോണ്‍ മുഴങ്ങുമ്പോള്‍ കണ്ടുകൊണ്ടിരുന്ന സ്വപ്നം പാതിവഴിക്ക് നിര്‍ത്തി റിസീവര്‍ എടുക്കും. ശേഷനിദ്രയില്‍ സ്വപ്നത്തിന്‍െറ തുടര്‍ഭാഗം.

സഹചരന്മാരുടെ ജീവിതം എങ്ങനെ മധുരോദാരമാക്കാമെന്നതായിരുന്നു യതിയുടെ മനനവിഷയങ്ങളില്‍ മുഖ്യം. ധ്യാനസുന്ദരമായ ജീവിതം, കാവ്യപുഷ്ക്കലമായ മനസ്സ്, മനോ-വാക്-കായ സാമഞ്ജസ്യം, ആത്മബോധവും ഭൂതഭൗതികതയും, സരളമാര്‍ഗം... എന്നിങ്ങനെ പ്രഭാഷണവിഷയങ്ങളിലോരോന്നിലും ആനന്ദചിത്തത തുളുമ്പി. അറിവ് ദു$ഖമില്ലാതെ ജീവിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന്.

ഹെന്‍റി ബര്‍ഗ്സണും ഷോഡിങ്കറും ഇമ്മാനുവല്‍ കാന്‍റും റൂസോയും റൂമിയും മാറ്റീസും ഹൃദയത്തിലെ ആരാധനാസൗഭഗങ്ങളായി. എഡാവാക്കറും ആന്‍റിലാര്‍ക്കിനും വില്യം റിക്കറ്റും ഹാരീഡേവിസും അന്തരാത്മാവിലെ സ്നേഹസല്ലാപികളായി.

ഒരു മതത്തിനും ദൈവത്തിനും യതി കീഴടങ്ങിയില്ല. സയന്‍സായിരുന്നു മതം. ശാസ്ത്രീയമായ അറിവിന്‍െറ വെളിച്ചത്തില്‍ പരിശോധിച്ചശേഷമേ ഏതു കാര്യവും ഉറപ്പിക്കുമായിരുന്നുള്ളൂ. ഗീതാസ്വാധ്വായത്തില്‍നിന്ന് ബൃഹദാരണ്യകത്തിലത്തെിയപ്പോഴേക്കും അദ്ദേഹത്തിന്‍െറ ശാസ്ത്രദൃഷ്ടി അദ്ഭുതകരമാംവണ്ണം ഗഹനമായി. ഗ്രന്ഥഭാഷ്യങ്ങള്‍ മാനുഷികതയുടെ മുന്‍കുതിപ്പുകളായിരുന്നു. ജീവിതോന്മുഖമല്ലാത്ത വ്യാഖ്യാനങ്ങളെ പുറംകൈകൊണ്ട് തട്ടിമാറ്റി. ആത്മതാരകമായിരുന്ന നാരായണഗുരുപോലും തന്‍െറ അനേകം പൂവാടികളിലൊന്നായിരുന്നുവെന്നാണ് ഒരിക്കല്‍ പറഞ്ഞത്.
സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കുക എന്നതായിരുന്നു യതിയുടെ സന്യാസമാര്‍ഗം. ധനത്തിലും സ്നേഹത്തിലും മറ്റാരേക്കാളും അദ്ദേഹം ധൂര്‍ത്തനായി. തന്‍െറ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ചു കൊണ്ടുപോകുന്നതിനുപോലും പലപ്പോഴും മൗനസമ്മതമേകി.

ദൈവം ഒരു നാമമല്ല, ക്രിയയാണെന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാത്ത തത്ത്വം നുണ. സാഹിത്യവും ചിത്രരചനയും ധ്യാനവും പ്രാര്‍ഥനയും സംഗീതവും പൂന്തോട്ടനിര്‍മാണവുമെല്ലാം വെറും ടൈംപാസ് ആണെന്നും ആത്യന്തിക ലക്ഷ്യം ആത്മതത്ത്വത്തില്‍ ഉറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഊര്‍ധമൂലമധശാഖി’യായിരുന്ന ഒരു മഹാശ്വത്ഥമായിരുന്നു നിത്യചൈതന്യ യതി. കണ്ണിലും കാതിലും കര്‍പ്പൂരമഴ പകര്‍ന്നിരുന്ന ഒരു വിശ്വാസതാരകം. യതിയെപ്പോലെ ഒരു വ്യക്തിത്വത്തിന്‍െറ അഭാവം ഇന്ന് കേരളീയ സമൂഹത്തില്‍ നന്നായി അനുഭവപ്പെടുന്നുണ്ട്.

Guru Nithya chaithanya Yathi - Sethu Menon

May 14- 16th Samadhi Year of Guru Nithya chaithanya Yathi...

മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത്‌ നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും. അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവും കൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.

പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ? അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത്? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല, അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'.

നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ? 

വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു. 

സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.

നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: "എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു. ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല. ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്. പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു. ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ. ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."

Wednesday 17 February 2016

ഇന്ന് നടരാജ ഗുരു ജയന്തി... Birthday of Nataraja Guru.

ഒരു ഗുരുവിനോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അല്ലെങ്കിൽ കൊടുക്കാവുന്ന ദക്ഷിണ, അവിടുന്ന് പറഞ്ഞുതന്നതും പഠിപ്പിച്ചുതന്നതും കാണിച്ചു തന്നതുമായ വഴിയിലൂടെ സഞ്ചരിക്കുക എന്നത് മാത്രം ആകുന്നു. വെറും സാധാരണക്കാരായ നമുക്ക് ചിലപ്പോൾ പൂര്ണ്ണമായും ഗുരുവിന്റെ വഴിയെ പോകുവാൻ കഴിവുണ്ടാവുകയില്ല, പലപ്പോഴും സാധിക്കുകയുമില്ല. എങ്കിലും നമ്മൾ ശ്രമിക്കുകയാണ്. 

ആ ആത്മാർഥതമാത്രം മതി സാധുവായ ഗുരുവിന്. മറ്റൊന്നും മഹാഗുരുക്കന്മാർ പ്രതീക്ഷിക്കുകയില്ല.

ആ ഗുരുക്കന്മാരുടെ ശ്രദ്ധ നമ്മിലേക്ക്‌ ഒരിക്കലെങ്കിലും ഒന്ന് പതിഞ്ഞാൽ- നമ്മൾ ആ ദൃഷ്ടിക്ക് ഒരിക്കലെങ്കിലും പാത്രമായാൽ അത് മാത്രം മതി.... അവിടുന്ന് എല്ലാം നോക്കിക്കൊള്ളും.. എല്ലാം....

അതാണല്ലോ ഭാരതത്തിന്റെ പാരമ്പര്യവും... നമ്മുടെ അനുഭവവും...

Thursday 11 February 2016

"മഹാത്ഭുതം ഒന്നേ കണ്ടോള്ളൂ, ഒന്നു മാത്രം. അതാണ്‌ ശ്രീനാരായണ ഗുരുദേവൻ"

ടുണീഷ്യ എന്നൊരു രാജ്യമുണ്ട്, ഈജീപ്തിനു തെട്ടടുത്താണ് ഈ രാജ്യം, ഇസ്ലാം മതവിശ്വാസികൾ, 1945-50 കാലഘട്ടങ്ങളിൽ നാസറുദ്ദിൻ ഫസുദിൻ എന്ന ടുണീഷ്യക്കാരനായ ഒരു വ്യക്തി ലോകത്തിലെ അത്ഭുതങ്ങൾ കാണുന്നതിനുവേണ്ടി പുറപ്പെട്ടു, യാത്രയിൽ അദ്ദേഹം ഇറാന്റെ തീരത്തെത്തി, അവരുടെ നിസ്കാര സമയത്ത്, ഒരു പ്രാർത്ഥനാഗീതം  ആലപിക്കുന്നു, അവരുടെ പ്രദേശിക ഭാഷയിൽ, ഈ ഗീതം ഏതെന്ന് അന്വേഷിച്ചു അതിന് മറുപടി കിട്ടി, അവിടെ നിന്നും ഇറാക്കിലെത്തി, അവിടെത്തെ കൊച്ചു കുട്ടികൾ പോലും അറബിഭാഷയിൽ ഈ പ്രാർത്ഥനാ  ഗീതം പാടിക്കൊണ്ടു നടക്കുന്നൂ, മറുപടി കിട്ടിയത് ഈ നിൽ നിന്നു കിട്ടിയത് തന്നെ, അറിയുമോ ആ പ്രാർത്ഥന ഏതെന്ന്,

ആത്മോപദേശ ശതകം.

അറിവിലുമേറി അറിഞ്ഞിടുന്നവൻ ത_
ന്നുരുവിലുമൊത്തു പുറത്തുമുജ്ജലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം

നാസറുദീൻ ഫസ്രുദ് അന്തംവിട്ടുപോയി, ഒന്നു തീരുമാനിച്ചു, ഈ മഹാഗുരുവിനെ കണ്ടേ മതിയാവൂ... അദ്ദേഹം തമിഴ് നാട്ടിലെ ശിവാനന്ദാശ്രമത്തിലെത്തി, 1950-ൽ. ശിവഗിരിയിലെ ഗുരുവിനെ കാണണം, അദ്ദേഹം സമാധിയായി എന്ന മറുപടിയാണ് കിട്ടിയത്, ആ മനുഷ്യൻ വാവിട്ടു കരഞ്ഞു, നിരാശനായ് നാട്ടിലേക്ക് മടങ്ങി,

പക്ഷെ ആരാണ് നാരായണ ഗുരുദേവൻ അറിഞ്ഞേ മതിയാവൂ, അയാൾ പ്രാർത്ഥിച്ചു.

നാസറുദീൻ ഫസ്രുദിക്ക് ഗുരു പറഞ്ഞു കൊടുത്തു.

ഭഗവാൻ ഗുരുദേവൻ ഒന്നല്ല, രണ്ടല്ല, പതിമൂന്ന് പ്രാവിശ്യം, ഭഗവാൻ നേരിട്ട് വിവരങ്ങൾ നല്കിയെന്ന്, 

അദ്ദേഹത്തിന്റ മഹാഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നൂ, 

ഏഴ് ഭാഗങ്ങളുള്ള പുസ്തകം, അതിൽ അഞ്ചു ഭാഗങ്ങളിൽ മുഴുവനും നിറഞ്ഞു നില്ക്കുന്നു വിശ്വ മഹാഗുരു ശ്രീനാരായണ ഗുരുദേവൻ, 

അദ്ദേഹം എഴുതി 

"ലോകത്തിലെ ധാരാളം അത്ഭുതങ്ങൾ കണ്ടു.. പക്ഷെ മഹാത്ഭുതം ഒന്നേ കണ്ടോള്ളൂ...... ഒന്നു മാത്രം. അതാണ്‌ ശ്രീനാരായണ ഗുരുദേവൻ"

Friday 5 February 2016

ഗുരുവിന്‍റെ നര്‍മ്മോക്തികളും, സംഭാഷണങ്ങളും !!!

ഒരിക്കല്‍ ശിവഗിരിയില്‍ കാണിക്കപ്പെട്ടി മോഷണം നടന്നു,

ശിഷ്യന്‍ : "സ്വാമി " ഇന്നലെ നമ്മുടെ കാണിക്കപ്പെട്ടിമോഷണം പോയി "

ഗുരു : (സസ്മിതം) ഈ പണമെല്ലാം കാണിക്ക ഇട്ടവരുടെ പക്കല്‍ കുറേശ്ശെയായി കിടന്നിരുന്നെങ്കില്‍ കള്ളന്‍ വളരെ ബുദ്ധിമുട്ടുമായിരുന്നു, എല്ലാം ഒന്നിച്ചു ഒരിടത്തു കൂടിയപ്പോള്‍ അവനു എന്തെളുപ്പമായി ???

(ഗുരുവിന്‍റെ പ്രതികരണം കേട്ടു ശിഷ്യന്‍ ആദ്യം നിശബ്ദനായെങ്കിലും പിന്നീടാണു സ്വാമികളുടെ സംഭാഷണത്തിലെ രസികത്വത്തെപ്പറ്റി ചിന്തിച്ചതു !!!)

Monday 1 February 2016

Shree Narayana Guru Darshana Maala

ശവം തിന്നാലോ❓

ശിവഗിരിയില്‍വച്ചു ചില സമുദായ പ്രമാണികളുമായി സാമുദായികമായ ആചാരമര്യാദകളെയും ആഹാരരീതികളെയും കുറിച്ചു ഗുരു സ്വാമികള്‍ സംസാരിക്കുന്നു❗

അവരില്‍ പ്രധാനി മൂലൂര്‍ പദ്മനാഭ പണിക്കരാണ്. അവര്‍ മത്സ്യമാംസാദ്യാഹാര പ്രിയരായിരുന്നു.

ഗുരു: മരിച്ച വീട്ടില്‍ പോയവര്‍ എന്തെങ്കിലും ശുദ്ധി കരമ്മം ചെയ്യേണ്ടതുണ്ടോ❓


മൂലൂര്‍: ഉണ്ട്, സ്വാമി, മൂന്നു മുങ്ങിയ ഒരു സ്നാനം നടത്തണം.


ഗുരു: ശവം തൊട്ടാലോ❓

മൂലൂര്‍: പന്ത്രണ്ടു മുങ്ങിക്കുളിക്കണം.

ഗുരു: ശവം തിന്നാലോ❓

ധ്വനി മനസ്സിലാക്കിയ മൂലൂര്‍ മുതലായവര്‍ നാണിച്ചു പോയി❗

വേദാന്തം

ശ്രീനാരായണഗുരുസ്വാമികൾ: വേദാന്തം അധികമൊന്നും പഠിക്കാനില്ല. ഒരു തിര എങ്ങനെ കടലിൽ നിന്നും അന്യമല്ലയോ അതുപോലെ ഇക്കാണുന്ന പ്രപഞ്ചം യഥാർത്ഥസത്തയിൽ നിന്ന് അന്യമല്ല.

അന്തേവാസി: ഇത് അറിഞ്ഞാലും വീണ്ടും മറന്നു പോകുന്നു.

ശ്രീനാരായണഗുരു സ്വാമികൾ: മറക്കരുത് നിത്യസാധന കൊണ്ട് ഈ അറിവിനെ നിലനിർത്തണം.

അന്തേവാസി: ഇങ്ങനെ ബുദ്ധിമുട്ടി ഈ അറിവിനെ നിലനിർത്തിയതുകൊണ്ട് എന്താണ് ലാഭം ? വെറുതെ ഇരുന്നാൽ മതിയല്ലോ .

ശ്രീനാരായണഗുരു സ്വാമികൾ: ഏതു ദോഷമാണോ ഇല്ലാത്ത പ്രപഞ്ചത്തെ ഉണ്ടാക്കി കാണിക്കുന്നത് ആ ദോഷം തന്നെയാണ് ഈ ചോദ്യത്തെയും ബാധിച്ചിരിക്കുന്നത് .

ഗ്രന്ഥം : ശ്രീനാരായണ ഗുരുസ്വാമികളുടെ ജീവചരിത്രം.
ഗ്രന്ഥകാരൻ: മൂർക്കോത്ത് കുമാരൻ.