Tuesday 24 March 2015

നടരാജ ഗുരുവും ശ്രീനാരായണ ഗുരുവും

പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ.പല്പു (പത്മനാഭൻ) എന്ന വിദഗ്ദ്ധ ഭിക്ഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895 ഇൽ ബാംഗ്ലൂരിൽ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാൻഡി (ശ്രീലങ്ക) യിൽ നിന്നു മെട്രിക്കുലേഷൻ ചെയ്തു.മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.മദ്രാസ് സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അദ്ദേഹം ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.

അദ്ദേഹം നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തിൽവെച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് ഗുരുവിന്റെ ആശ്രമത്തിൽ ചേരുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാർത്ഥതയിൽ ബോദ്ധ്യം വന്നപ്പോൾ അദ്ദേഹത്തെ ആശ്രമത്തിലെ അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വർക്കല ശിവഗിരിയിലെആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു. ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വർക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂർണാർപ്പണവും സ്കൂൾ നടത്തിപ്പിലെ അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരിൽനിന്നും എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. 

ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേൺ ഹില്ലിൽ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വർഷത്തോളം കുട്ടികളെ പഠിപ്പിക്കുവാൻ ചിലവഴിച്ചു. ശ്രീനാരായണ ഗുരു ഒരിക്കൽ ഫേൺ ഹിൽ സന്ദർശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പിൽ വിലപ്പെട്ട ഉപദേശങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാ‍രണം നാരായണ ഗുരുകുലം 1927 ഇൽ അടച്ചു പൂട്ടേണ്ടി വന്നു. 

നടരാജ ഗുരു വർക്കലയിൽ തിരിച്ചു പോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങൾ ചിലവഴിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികത്സക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും വേണ്ടിവന്ന ഈ കാലഘട്ടം ആയിരുന്നു അത്. ഈ യാത്രകളിൽ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങൾ കൈമാറുകയും ശ്രീനാരായണ ഗുരു നടരാജ ഗുരുവിന്റെ പല സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു. തന്റെ വിപുലമായ ശിഷ്യഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ ആവാതെ ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് അയച്ചു. 

ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയിൽ നിന്നു യാത്ര തിരിച്ചതെങ്കിലും മാർഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സർലാന്റിലെ ജനീവയിൽ കപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകൾക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തിൽ ജോലി ലഭിച്ചു. ഇവിടെ ഊർജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം ഫ്രഞ്ച് ഭാഷ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായപാരീസിലെ സോർബോൺ സർവകലാശാലയിൽ ഡോക്ടറേറ്റിനു ചേർന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്രി ബെർഗ്ഗ്സൺ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനാ‍യ ഷാൺ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങൾ നാരായണ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വർഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരിൽ തന്റെ പ്രബന്ധം സമർപ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ധത്തെ സോർബോണിലെ പ്രബന്ധ കമ്മിറ്റി സഹർഷം അംഗീകരിക്കുകയും ഏറ്റവും ഉയർന്ന മാർക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയിൽ വെച്ച് സൂഫി ചതുർവാർഷികം എന്ന പ്രസിദ്ധീകരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ൻ റോളണ്ട് ഉൾപ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകൾ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവിന്റെ വാക്ക്” എന്ന പ്രശസ്ത ഗ്രന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയിൽ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി. 

നടരാജ ഗുരു 1933 ഇൽ ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവൻ രണ്ടു വർഷത്തോളം സഞ്ചരിച്ചു. അർഹമായ ഒരു ജോലിയുടെ അഭാവത്തിൽ അദ്ദേഹം ഊട്ടിയിൽ തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവിൽ ജോൺ സ്പീർസ് എന്ന സ്കോട്ട്ലാന്റുകാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.

വയൽവാരം വീട്

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. 

ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. 

കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം 20ന്. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. 

വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു.

ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. 

പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.

Sunday 22 March 2015

ഒരു അസാധാരണ സമ്മേളനം - സ്വാമി മുനി നാരായണ പ്രസാദ്

ഇക്കഴിഞ്ഞ മെയ്‌ 25ന് വര്‍ക്കല നാരായണഗുരുകുലത്തില്‍ അസാധാരണമായ ഒരു സമ്മേളനം ചേര്‍ന്നു. അങ്ങനെയൊന്നും നടക്കാന്‍ പോകുന്നു എന്ന്, അതില്‍ പങ്കെടുക്കുന്നവരല്ലാതെ ആരും അറിഞ്ഞിരുന്നില്ല. പത്രവാര്‍ത്തകള്‍ ഒന്നുമുണ്ടായിരുന്നില്ല. 

കാലത്തു പത്തു മണി ആയപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ വകവെക്കാതെ അറുന്നൂറോളം പേര്‍ ബ്രഹ്മവിദ്യാമന്ദിരം ഹാളില്‍ ഒത്തുകൂടി. ഹാള്‍ നിറഞ്ഞിട്ടു ആളുകള്‍ക്ക് വരാന്തയില്‍ നില്‍ക്കേണ്ടി വന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരയുള്ള ഭാഗ‌‌ങ്ങളില്‍ നിന്നു വന്നുചേര്‍ന്ന ഇവരില്‍ 6-ം സ്റ്റാന്‍ഡേര്‍ഡില്‍‌ പഠിക്കുന്നവര്‍ മുതല്‍ 84 വയസ്സ് പ്രായമായവര്‍ വരെ ഉണ്ടായിരുന്നു. എല്ലാവരും ഒരു പരീക്ഷയില്‍ പങ്കെടുത്തവര്‍. നാരായണ ഗുരുകുലത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ എന്ന പുസ്തകത്തെ ആധാരമാക്കി നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവര്‍ ആയിരുന്നു എല്ലാവരും. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിച്ചവര്‍ക്കും സ്കോളര്‍ഷിപ്പുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കാനും, ആ പുസ്തകത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഗ്രന്ഥകര്‍ത്താവിനോട് തന്നെ ചോദിച്ചു പരിഹരിക്കാനും വേണ്ടിയുള്ളതായിരുന്നു സമ്മേളനം.

അറിവിന്‌ ആദ്യവും അവസാനവും ഇല്ലെന്നാണ് നാരായണ ഗുരു പഠിപ്പിക്കുന്നതും, വേദാന്തത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നതും അപ്പോള്‍ ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ എന്ന പേര്‍ എങ്ങനെ പുസ്തകത്തിനിട്ടു. ഇതൊരു കുട്ടിയുടെ സംശയമാണ്. അറിവ്‌ ആദ്യവും അവസാനവും ഇല്ലാത്തതാണെന്ന് അറിയുന്നതും ഒരു അറിവാണല്ലോ. ആ അറിവിലേക്ക് കടക്കാനുള്ള ആദ്യ പടവുകളാണ് ഈ പുസ്തകത്തിലെ പാഠങ്ങള്‍.

ഇമ്മാതിരിയുള്ളതാണ് കുട്ടികളുടെ ചോദ്യങ്ങള്‍. എന്നാല്‍ മുതിര്‍ന്നവര്‍ ചോദിക്കുമ്പോള്‍ പുസ്തകത്തിലെ പഠനവിഷയതിന്‍റെ പുറത്തുള്ള ചോദ്യങ്ങളും കടന്നുവരുകയുണ്ടായി. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സമയം കിട്ടിയില്ല .

ഈ സംരംഭത്തിന്‍റെ മൂല്യം എത്ര മാത്രമാണെന്ന് വ്യക്തമാക്കികൊണ്ട് സ്വാമി ത്യഗീശ്വരന്‍, ശിവഗിരി മടത്തിലെ സ്വാമി ധര്‍മചൈതന്യ, ശ്രി. എസ്.രാധാകൃഷ്ണന്‍, സ്വാമി ശാന്താനന്ദ തീര്‍ഥ, സ്വാമിനി ജ്യോതിര്‍മയി ഭാരതി, ശ്രി. ആര്‍.സുഭാഷ് എന്നിവരും സംസാരിച്ചു.

ഭാരതീയരായി ഭാരതത്തിലും പുറത്തും കഴിയുന്ന ജനകോടികളില്‍ മിക്കവര്‍ക്കും ഭാരതീയ സംസ്കാരത്തെപ്പറ്റി കാര്യമായ വിവരമൊന്നും ഇല്ല എന്നതാണ് വസ്തുത. നമ്മുടെ വിദ്യാഭ്യാസ രീതിയിലും ജീവിതത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടിലുമൊക്കെ ഉണ്ടായ സമൂലമായ പരിവര്‍ത്തനമാണ് ഇതിനൊരു മുഖ്യകാരണം എന്ന് പറയാം. ഏകദേശം ഒരു നൂറ്റാണ്ട് കാലം മുന്‍പ് ഇവിടെ വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.എന്നാലും അതിലേക്കു പ്രവേശിക്കുന്നവരോട്, ‘പഠനം ഏതുവരെ ആയി’ എന്ന് ചോദിച്ചാല്‍ കിട്ടാറുള്ള മറുപടി ‘രഘുവംശം വരെ ആയി, അല്ലെങ്കില്‍ ശാകുന്തളം വരെ ആയി’ എന്നൊക്കെ ആയിരിക്കും. ഇപ്പോഴാകട്ടെ ബി.ടെക് വരെ ആയി അഥവാ ബി.ബി.എ വരെയായി എന്നൊക്കെ ആയിരിക്കും കിട്ടുന്ന മറുപടികള്‍. ഈ വ്യത്യാസം സൂചിപ്പികുന്നത്, പഠിക്കുന്ന വിഷയങ്ങളുടെ കാര്യത്തിലും, എന്തിനു പഠിക്കുന്നു എന്നതിലും ഉണ്ടായ മാറ്റമാണ്. ഓരോ വ്യക്തിയിലേയും മനുഷ്യത്വത്തെ പൂര്‍ണവളര്‍ച്ചയിലെത്തിച്ച് അവനെ സംസ്കൃത ചിത്തനാക്കി തീര്‍ക്കുക എന്നതായിരുന്നു അന്നത്തെ വിദ്യാഭ്യാസ ലക്ഷ്യം. ഒരു മകന്‍ സഭയില്‍ മുഖ്യസ്ഥാനത്തിരിക്കുന്നത് കാണാന്‍ ഇടയാവുക എന്നതാണ് അച്ഛന് ജീവിതത്തില്‍ ഏറ്റവും നിര്‍വൃതി നല്കുന്നത് എന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ ഇന്ന് ബി.ടെക്, ബി.ബി.എ, എം.ബി.എ. എന്നിങ്ങനെയുള്ള ഡിഗ്രീകള്‍ക്ക് വേണ്ടി പഠിക്കുന്നവരുടെ ലക്ഷ്യം ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുക എന്നതാണ്. അങ്ങനെ പണം ഉണ്ടാക്കി വലിയ ബാങ്ക് ബാലന്‍സ് ഉള്ളവനായി മകന്‍ ജീവിക്കുന്നത് കാണുന്നതാണ് പിതാവിന് നിര്‍വൃതി നല്‍കുന്നത് എന്നതാണ് ഇന്നത്തെ അവസ്ഥ. പണം ജീവിക്കാന്‍ വേണ്ടിയുള്ളതാണ്, ജീവിതം പണത്തിനുവേണ്ടിയുള്ളതല്ല എന്ന കാര്യം രക്ഷാകര്‍ത്താക്കളോ വിദ്യാര്‍ത്ഥികളോ ഓര്‍ക്കാറില്ല. ഇതെല്ലാം മുഖാന്തരം സാംസ്കാരികമായ വലിയ ഒരു അധഃപതനം മനുഷ്യര്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്നു. പണമുണ്ടാക്കി തിന്നും കുടിച്ചും രസിച്ചും കഴിയുന്നതാണ് ജീവിതം എന്ന് അവര്‍ കരുതി വശാകുന്നു. സാംസ്കാരികമായ വളര്‍ച്ച വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മനുഷ്യന് ഉണ്ടാകാത്തത് മുഖാന്തരം വന്നുചേര്‍ന്ന പതനമാണിത്. 

മനുഷ്യനെ സംസ്കൃത ചിത്തനാക്കിത്തീര്‍ക്കുന്നതിനു എല്ലാ ജനതകളുടെയും സംസ്കാരത്തില്‍ ഒരു പ്രത്യേക സ്ഥാനം എന്നുമു ണ്ടായിരുന്നു. അതിന് ഓരോ ജനതയും സ്വീകരിച്ചിരുന്ന രീതി വ്യത്യസ്തമായിരുന്നെങ്കിലും, അന്തിമമായി അവര്‍ ലക്ഷ്യമാക്കിയിരുന്നത്‌ ഒന്ന് തന്നെയാണ്. അങ്ങനെയുള്ള എല്ലാ സാംസ്കാരിക പശ്ചാത്ത ലങ്ങളുടെയും രീതി ഒരേസമയം എല്ലാവര്‍ക്കും അവലംബിക്കാനാവുകയില്ല. അതുകൊണ്ട് സംസ്കൃത ചിത്തരായി തീരുന്നതിനു സ്വീകരിക്കാവുന്ന ഏറ്റവും നല്ല വഴി അവരവരുടെ സാംസ്കാരിക പശ്ചാത്തലത്തിന്‍റെ രീതി സ്വീകരിക്കുകയാണ്. അതുകൊണ്ട് ഭാരതീയര്‍ക്കു ഭാരതീയസംസ്കാരത്തെ പറ്റിയും അതിന്‍റെ രീതികളെ പറ്റിയും ബോധമുണ്ടായിരിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. 

ഇങ്ങനെയൊരു ബോധം ഇളം തലമുറയ്ക്ക് ഉണ്ടാക്കികൊടുക്കുന്നതിനും വേണ്ടി രചിക്കപെട്ടതാണ് ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ എന്ന പുസ്തകം. ഭാരതീയ സംസ്കാരത്തിന്‍റെ മൌലിക സ്വഭാവവും, അത് അധ്യാത്മികതയില്‍ ഉറച്ചു നില്കുന്നതാണ് എന്നുള്ളതും വ്യക്തമാക്കുകയും, അതിന്‍റെ സാര്‍വലൌകികമായ വീക്ഷണം വെളിപെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഈ പുസ്തകത്തിന്‍റെ രചന. ഒരു കുട്ടിയും ഗുരുവും തമ്മിലുള്ള സംവാദ രൂപത്തിലുള്ള ഇത്, കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവും.

ഭാരതത്തിലെ ആദ്ധ്യാത്മിക സംസ്കാരത്തിന്‍റെ അത്യുന്നതതലത്തെ തൊട്ടുകാണിക്കുന്നവയാണ് ഉപനിഷത്തുകള്‍. അതിന്‍റെ ഏറ്റവും ചെറിയവയില്‍ ഒന്നായ ഈശാവാസ്യോപനിഷത്തിന്‍റെ ഉള്ളിലേക്ക് കടന്നുപോയുള്ള ഒരു പരിശോധനയും ഈ സംവാദത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. ഈ ഉപനിഷത്ത് നാരായണഗുരു കാരുണ്യപൂര്‍വ്വം മലയാളത്തിലേക്ക് തര്‍ജ്ജമ്മ ചെയ്തു തരികയും ചെയ്തിട്ടുണ്ട്. അതു പഠിച്ച് പരീക്ഷയില്‍ പങ്കെടുത്തവര്‍, വെറും ഒരു പരീക്ഷക്കു വെണ്ടിയാണിത് ചെയ്തതെന്നു തോന്നിയതേയില്ല. അതിന്‍റെ അന്തഃസാരം ഉള്‍കൊള്ളാനും സംശയ നിവൃത്തി വരുത്താനും എല്ലാവരും കാണിച്ച താല്പര്യം അത്രയ്ക്ക് വലുതായിരുന്നു. ഇമ്മാതിരി രചനകള്‍ വളര്‍ന്നു വരുന്ന തലമുറയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ അവര്‍ പൂര്‍ണ്ണമനസ്സോടെ അത് സ്വംശികരിക്കുക തന്നെ ചെയ്യും എന്നുള്ളത് വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ സമ്മേളനം. എന്നാല്‍ അത് അവരുടെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരം ഇന്ന്‍ തീരയില്ല. അങ്ങനെ ഒന്ന് ആവശ്യമാണെന്ന് ഉത്തമബോധ്യം വന്ന ഒരൊറ്റ ആളാണ് ഈ വലിയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. നാരായണഗുരുകുലത്തില്‍ ഉള്ള ആരും തന്നെ അതറിഞ്ഞിരുന്നുമില്ല. ആകപ്പാടെ ഞങ്ങള്‍ക്ക് അറിയാമായിരുന്നത് അദ്ദേഹം പുസ്തകത്തിന്‍റെ കൂടുതല്‍ കോപ്പികള്‍ വാങ്ങികൊണ്ടുപോകുന്നു എന്നതുമാത്രമാണ്. രണ്ടാം വര്‍ഷമാണ് അദ്ദേഹം അത് ഞങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത്. ഞങ്ങളും അപ്പോള്‍ അതിന് വേണ്ടത്ര പ്രോത്സാഹനം നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യാനായി ഞാന്‍ കോട്ടയത്ത് പോയിരുന്നു. കോട്ടയത്ത് താമസിക്കുന്ന ശ്രീ പി.കെ ശിവപ്രസാദാണ് (PH: 9446776066) ഇതിനു മുന്‍കൈ എടുക്കാന്‍ ഇടയായത്. ഈ നല്ല സംരംഭത്തിനുവേണ്ടി തന്‍റെ വരുമാനത്തിന്‍റെ വലിയൊരംശം അദ്ദേഹം നീക്കിവെക്കുകയും ചെയ്തിരുന്നു. ഇത്തവണ സ്കോളര്‍ഷിപ്പ്‌ പദ്ധതികുടി അതില്‍ ഉള്‍പെടുത്തി. 13 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 880 പേരോളം പങ്കെടുത്തു. അടുത്തകൊല്ലം അത് ഇതിനേക്കാള്‍ വ്യാപകമാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇത് ഒരൊറ്റ ആളിന്‍റെ കഴിവില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തതാണെന്നു കണ്ട്‌ പലരും ഇപ്പോള്‍ സാമ്പത്തികമായും അല്ലാതെയും സഹായത്തിനെത്തുന്നുണ്ട്.


ഒരു അന്‍പത് അറുപത് വര്‍ഷം മുന്‍പ്‌ അക്ഷരാഭ്യാസം ഉള്ളവരുടെ വീടുകളിലെല്ലാം സന്ധ്യാസമയത്തു രാമായണം, മഹാഭാരതം തുടങ്ങിയ അമൂല്യ ഗ്രന്ഥങ്ങള്‍ എല്ലാവരും ചേര്‍ന്നിരുന്ന്‍ വായിക്കുന്ന പതിവുണ്ടായിരുന്നു. അതിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ടവരില്‍ അധികം പേരൊന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരെല്ലാം ഭാരതീയരായി ജീവിക്കുന്നുവെങ്കിലും ഭാരതീയ സംസ്കാരത്തെപ്പറ്റി തികച്ചും ആജ്ഞരാണ്. അതുകൊണ്ട് ആധുനിക കാലത്തെ മനുഷ്യന്‍റെ ചിന്താഗതിക്ക് ഇണങ്ങുന്ന തരത്തില്‍ ഭാരതീയ സംസ്കാരത്തിന്‍റെ അന്തഃസാരമെന്തന്നു പരിചയപ്പെടുത്താനുള്ള മാധ്യമങ്ങള്‍ ഇന്ന് ആവശ്യമാണ്. അതിന് ഉപകരിക്കുന്നതാണ് ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ പോലെയുള്ള ഗ്രന്ഥങ്ങള്‍. പുസ്തകം ഇതുതന്നെയാകണമെന്നില്ല. ഇമ്മാതിരി പുതിയ രചനകള്‍ ഉണ്ടാവുകയും ആധുനികകാലത്ത് ജനങ്ങളെ പരിചയിപ്പിക്കുകയും ചെയ്യേണ്ടത് ഭാരതീയ സംസ്കാരത്തിന്‍റെ നിലനില്‍പിന്‌ ഒഴിവാക്കാനാവാത്തതാണ്. അല്ലെങ്കില്‍ സംഭവിക്കുന്നത്‌ ഭാരതത്തില്‍ ജീവിക്കുകയും സാംസ്കാരികമായി അമേരിക്കക്കാരായി തീരുകയും ചെയ്യുന്ന തരത്തിലുള്ള ഒരു പതനമായിരിക്കും. അതു സംഭവിക്കാതിരിക്കട്ടെ എന്നതാണ് ഞങ്ങള്‍ ആശിക്കുന്നത്.

ഗുരുവിന്‌ പണിയിച്ച കട്ടില്‍

തണ്ണീര്‍മുക്കത്ത്‌ ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത്‌ എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന്‌ വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത്‌ അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട്‌ പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന്‌ ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.

പതിവുപോലെ തണ്ണീര്‍മുക്കത്ത്‌ വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന്‌ ആദ്യം ഗുരു എത്തിയത്‌ കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്‌. ഗുരുവിന്‌ കുടിക്കാനുള്ള പാല്‍ കറക്കാന്‍ ജന്മി തന്റെ ഭാര്യയോട്‌ കുളിച്ച്‌ ശുചിയായി വരാന്‍ പറഞ്ഞു. അവര്‍ അങ്ങനെ പാല്‍ കറന്നു. എന്നാല്‍ അത്‌ ഏത്‌ പാത്രത്തില്‌ കാച്ചു എന്നായി ആശങ്ക. അതിന്‌ ഗുരു പരിഹാരവുമുണ്ടാക്കി. "മച്ചിന്റെ മുകളില്‍ വൈദ്യരുടെ ഭാര്യ ഒരു പാണ്ടിച്ചട്ടി വാങ്ങിവച്ചിട്ടുണ്ട്‌. അതിലാകാം" എന്ന്‌ ഗുരു കല്‌പിച്ചു.

ഭക്ഷിപ്പാന്‍ എന്തുനല്‌കും എന്ന്‌ ശങ്കിച്ച വീട്ടുകാരോട്‌ ഗുരു കല്‌പിച്ചു. "ചീരുവിന്റെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മരച്ചീനി മാറ്റിയിട്ടിട്ടുണ്ട്‌. അത്‌ പുഴുങ്ങി കൊണ്ടുവരാന്‍" ആവശ്യപ്പെട്ടു.

ഗുരുവിനോട്‌ തന്റെ ഭവനം കൂടി സന്ദര്‍ശിക്കണമെന്ന്‌ പറയാന്‍ വന്നുനിന്ന ചെമ്മനത്തുകരയിലെ അച്യുതന്‍ വൈദ്യരുടെ മനസ്സ്‌ അറിഞ്ഞ്‌ ഗുരു "എന്താ നമുക്കു പോകാം" എന്ന്‌ വൈദ്യരോട്‌ പറഞ്ഞത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അങ്ങനെ ഗുരു അച്യുതന്‍ വൈദ്യരുടെ ഭവനവും സന്ദര്‍ശിച്ചു. അന്ന്‌ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും അവര്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നു. 

(കടപ്പാട്‌ : കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി)

ഓർക്കാൻ സമയമില്ല! - മുനി നാരായണ പ്രസാദ്

ഒരു മനുഷ്യൻ കാണാൻ വന്നു. പരിചയപ്പെടുത്തി. നാട്ടിൽ പേരുള്ള സി.ബി.എസ്.ഇ സ്കൂൾ നടത്തുന്നയാളാണ്.

''എന്താണ് വരവിന്റെ ഉദ്ദേശം?""

''മാനസികമായി വലിയ പ്രശ്നങ്ങൾ നേരിടുന്നു സ്വാമീ!""

'' എന്താണ് പ്രശ്നം?""

''ഞാൻ നടത്തുന്ന സ്കൂൾ വളരെ നല്ല നിലവാരമുള്ളതാണ്. പക്ഷേ അതു നടത്തിക്കൊണ്ടു പോകാൻ വളരെ പ്രയാസങ്ങളനുഭവിക്കേണ്ടിവരുന്നു. പ്രയാസങ്ങൾ അധികമാകുമ്പോൾ സഹികെട്ടു പോകുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.""

''എന്തിനാണ് ഈ സ്കൂൾ തുടങ്ങിയത്?""

''നല്ലൊരു വരുമാനമാർഗമാകും, നാട്ടിന് ഉപകാരവുമാകും എന്നു കരുതി തുടങ്ങിയതാണ്.""

''ഇപ്പോഴത് കൊക്കിലൊതുങ്ങാതായി, അല്ലേ?""

''അതേ.""

''വരുമാനത്തിനു വേണ്ടിയായാലും, നാടിന്റെ നന്മയ്ക്കു വേണ്ടിയായാലും, എന്തിനും ഇറങ്ങിപ്പുറപ്പെടാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇമ്മാതിരി കുഴിയിൽ ചെന്നു വീഴും.""

''എന്താണ് ഇതിനൊരു പോംവഴി?""

രണ്ടുതരം പോംവഴികളാണ് ഉള്ളത്.

ഒന്ന്, കുഴിയിൽ കിടന്നുകൊണ്ടുതന്നെ ആശ്വാസം കണ്ടെത്താനുള്ള വിദ്യകൾ കണ്ടെത്തി പ്രയോഗിക്കുക. അത് എന്റെ കൈവശമില്ല. രണ്ട്, കുഴിയിൽ നിന്ന് കരകയറുക. അതിനുവേണ്ടത് ധൈര്യപൂർവം ഇതൊക്കെ ഉപേക്ഷിക്കുകയാണ്. സ്കൂൾ നടത്തിപ്പിന്റെ കാര്യത്തിൽ അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണ ബിസിനസാണെങ്കിൽ എപ്പോൾ വേണമെങ്കിലും വേണ്ടെന്നുവെയ്ക്കാം. സ്കൂൾ അങ്ങനെ നിറുത്തിക്കളയാൻ പറ്റില്ലല്ലോ. എന്നാലും സഹജമായ സ്വന്തം സ്വഭാവത്തിനു ചേരാത്തതും, നിരന്തരം മനഃസമാധാനം കെടുത്തുന്നതുമാണ് പ്രവർത്തനരംഗമെങ്കിൽ അത് ഉപേക്ഷിക്കാനാണ് ഞാൻ ഉപദേശിക്കാറ്. ജീവിതത്തിൽ പണവും സ്ഥാനമാനങ്ങളുമല്ല, സ്വസ്ഥതയും സന്തോഷവുമാണ് വലുത്. അത് ഉറപ്പുവരുത്താൻവേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകണമെന്നാണ് ഗുരുക്കന്മാർ പഠിപ്പിക്കുന്നത്. സഹജസ്വഭാവത്തിനു ചേർന്ന പ്രവർത്തനരംഗത്തെയാണ് സ്വധർമ്മമെന്നു വിളിക്കുന്നത്. ചേരാത്തത് പരധർമ്മമാണ്. സ്വധർമ്മം കണ്ടെത്തി ജീവിക്കുമ്പോൾ ദാരിദ്ര്യം മാത്രമല്ല, മരണം വരെ ഉണ്ടായാലും ശ്രേയസ്‌കരമാണ്. പക്ഷെ പരധർമ്മം സ്വീകരിക്കരുതെന്ന് ഗീതാചാര്യൻ പഠിപ്പിക്കുന്നു. പരധർമ്മം ഭയാവഹമാണ്. പരധർമ്മമാകുന്ന കുഴിയിൽ ചെന്നു ചാടാതെ, മുൻകരുതലോടുകൂടി പ്രവർത്തനരംഗം തിഞ്ഞെടുക്കണമെന്ന ഉപദേശമാണ് ഗുരുക്കന്മാർ നൽകുന്നത്. രോഗചികിത്സയെക്കാൾ എത്രയോ നല്ലതാണ് രോഗ നിവാരണം!

പണത്തിനോടും പ്രതാപത്തോടുമുള്ള മനുഷ്യന്റെ അത്യാർത്തിയാണ് തങ്ങളെ ദുഃഖക്കുഴിയിൽ ചാടിക്കുന്നതെന്നുള്ള വസ്തുതയും ഈ തെരക്കിനിടയിൽ ഓർക്കാൻ മനുഷ്യർക്ക് സമയമില്ല.