Wednesday, 2 August 2017

എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത് ?, അഴിച്ചു വിടണം.!!

കൈകാലുകൾ ബന്ധിച്ചനിലയിൽ അവളെ ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ടുവരികയാണ്. ആശ്രമമുറ്റത്തെ ചാരുകസേരയിൽ ശ്രീ നാരായണഗുരു സ്വാമികള്‍ ഇരിക്കുന്നു.

ഗുരു: 'എന്താ? എവിടുന്നാ?. എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്?, അഴിച്ചു വിടണം.' ഗുരു മൊഴിഞ്ഞു.

'അയ്യോ സ്വാമീ... അവൾ ഉപദ്രവിക്കും. ഉടുതുണി അഴിച്ചുകളയും. അതാ കെട്ടിയിട്ടിരിക്കുന്നത്.'


ഗുരു: 'അങ്ങനെ സംഭവിക്കില്ല. അഴിച്ചുവിടൂ.'

അവൾ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.

യുവതിയുടെ പിതാവ് മുന്നോട്ടുവന്ന് ഉപചാരക്കൈപിടിച്ച് പറഞ്ഞു.

'ചെറായിയിൽ നിന്നാണ് സ്വാമീ. ഇവൾ എന്‍റെ മകൾ. കുറേനാളായി ഇങ്ങനെയായിട്ട്. നിവൃത്തികെട്ടു. ഇനി മന്ത്രവും മരുന്നും ബാക്കിയില്ല. സൂര്യകാലടിമനയിലെ മാന്ത്രികൻ പറഞ്ഞു ഇവൾക്ക് ബാധോപദ്രവമാണെന്ന്. അവർ കയ്യൊഴിഞ്ഞു. ഇനി ഇവിടുന്നല്ലാതെ ഞങ്ങൾക്ക് മറ്റൊരു ആശ്രയമില്ല. രക്ഷിക്കണം...'

അഴിഞ്ഞുലഞ്ഞ് മുഖം പാതിമറച്ച് കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ തിളയ്ക്കുന്ന കണ്ണുകൾകൊണ്ട് ചുറ്റുപാടുകളെ നോക്കി വികൃതമായി തലയാട്ടുകയാണ് തെയ്യക്കുട്ടി.

ഗുരു അവളെ കരുണാർദ്രമായി നോക്കി. തിളച്ചുതൂവുന്ന മിഴികൾക്ക് ആ നോട്ടം താങ്ങാനായില്ല. അവൾ കൺപോളതാഴ്‌ത്തി.

ഗുരു അവളുടെ കണ്ണുകളിൽ നോക്കി. ദൃഷ്ടിക്കുമപ്പുറത്തേക്ക് കാഴ്ചയെ വലിച്ചുകൊണ്ട് ഒരു മാസ്‌മരതരംഗം സഞ്ചരിക്കുന്നതു പോലെയായിരുന്നു അത്. അവൾ ശാന്തമായി ഇരുന്നു.

ഗുരു അവളോട് വാത്‌സല്യത്തോടെ ചോദിച്ചു: 'ഭയമുണ്ടോ?'

അവള്‍ : 'ഉണ്ട് സ്വാമിൻ.'

ഗുരു : 'എന്തിന് ഭയപ്പെടണം? ഇവിടെ നീയല്ലാതെ മറ്റൊന്നില്ല. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്. നീ ദൈവത്തെമാത്രം സ്വീകരിക്കുക. ആരും നിന്നെ ഭയപ്പെടുത്തില്ല. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഭയംതോന്നിയാൽ പിന്നിൽ ഒരു ചൂരൽ വീശുന്ന ശബ്ദം കേൾക്കും. അത് നാമായിരിക്കും. നീ പിന്തിരിഞ്ഞു നോക്കരുത്. ഭയപ്പെടുകയുമരുത്.'

എല്ലാം കണ്ട് അത്ഭുതാദരങ്ങളോടെ നില്ക്കുന്ന ബന്ധുജനങ്ങളോട് ഗുരു മൊഴിഞ്ഞു. 

"ഇവൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കൊണ്ടുപൊയ്‌ക്കൊള്ളൂ".

അവർ ഗുരുവിനെ സാഷ്ടാംഗം നമിച്ച് സന്തോഷത്തോടെ മടങ്ങി.

ദൈവത്തെ മാത്രം സ്വീകരിക്കാൻ ഗുരു മൊഴിഞ്ഞത് തെയ്യക്കുട്ടിയിൽ പരിവർത്തനങ്ങൾ വരുത്തി. അവൾ ദൈവത്തെ സ്വീകരിക്കാനായി മനസ് സ്വതന്ത്രമാക്കി വച്ചു. അതാ അവിടെ പരമാത്മസ്വരൂപനായി വന്ന് നിറഞ്ഞു നില്ക്കുന്നു ശ്രീനാരായണഗുരുസ്വാമി. അവൾ പരംപൊരുളിനെ ഗുരുസ്വരൂപത്തിൽ കണ്ട് ഭജിച്ചു. ധന്യമായിരുന്നു ആ ജീവിതം.

സഫലതയിൽ എത്തുംവരെ ലക്ഷ്യത്തെക്കുറിച്ചുള്ള ശ്രദ്ധകൈവിടാതിരിക്കുക. വഴിക്ക് പലരും ദുഷിച്ച ചിന്തകളാൽ സ്വാധീനിക്കാൻ ശ്രമിക്കും. വഴിപ്പെടരുത്. സ്വതന്ത്രബുദ്ധിയോടെ സാക്ഷാത്കാരത്തിലേക്ക് മാത്രം ലക്ഷ്യം വയ്ക്കുക. ആ മഹാ ഗുരുവിന്‍റെ മൊഴികൾ പിൻപറ്റിയവർ സ്വതന്ത്ര്യത്തെ അറിഞ്ഞു. ഇനിയും അറിയും.. അറിഞ്ഞുകൊണ്ടേ ഇരിക്കും...

വഴിതിരിഞ്ഞ് പോയവരുടെ തലമുറ വീണ്ടും ഇവിടെ ഭ്രാന്താലയമാക്കുന്നു. ഇനിയും നാം വൈകരുത് ... തെയ്യക്കുട്ടികളെ നമുക്ക് വീണ്ടും ഗുരുവിന്റെ അടുത്ത് എത്തിച്ചേ മതിയാകൂ.

മനസ്സ് ദുഷിക്കുമ്പോഴും അനീതി ചെയ്യുമ്പോഴും മഹാഗുരുവിന്‍റെ ആ ചൂരല്‍ വീശുന്ന ശബ്ദം നമ്മളെ നേര്‍വഴിക്കു നടത്തട്ടെ....

ഈ തെയ്യക്കുട്ടിയുടെ ചിത്രവും ഇപ്പോളത്തെ മറ്റുള്ള കുടുംബ വിവരങ്ങളും എന്‍റെ കൈവശം ഉണ്ട്.

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

AGNI- Association For Guru Narayana Inspiration- Bangalore. അഗ്നി