Wednesday, 2 August 2017

എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത് ?, അഴിച്ചു വിടണം.!!

കൈകാലുകൾ ബന്ധിച്ചനിലയിൽ അവളെ ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ടുവരികയാണ്. ആശ്രമമുറ്റത്തെ ചാരുകസേരയിൽ ശ്രീ നാരായണഗുരു സ്വാമികള്‍ ഇരിക്കുന്നു.

ഗുരു: 'എന്താ? എവിടുന്നാ?. എന്തിനാണ് ആ പാവത്തിനെ കെട്ടിയിട്ടിരിക്കുന്നത്?, അഴിച്ചു വിടണം.' ഗുരു മൊഴിഞ്ഞു.

'അയ്യോ സ്വാമീ... അവൾ ഉപദ്രവിക്കും. ഉടുതുണി അഴിച്ചുകളയും. അതാ കെട്ടിയിട്ടിരിക്കുന്നത്.'


ഗുരു: 'അങ്ങനെ സംഭവിക്കില്ല. അഴിച്ചുവിടൂ.'

അവൾ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.

യുവതിയുടെ പിതാവ് മുന്നോട്ടുവന്ന് ഉപചാരക്കൈപിടിച്ച് പറഞ്ഞു.

'ചെറായിയിൽ നിന്നാണ് സ്വാമീ. ഇവൾ എന്‍റെ മകൾ. കുറേനാളായി ഇങ്ങനെയായിട്ട്. നിവൃത്തികെട്ടു. ഇനി മന്ത്രവും മരുന്നും ബാക്കിയില്ല. സൂര്യകാലടിമനയിലെ മാന്ത്രികൻ പറഞ്ഞു ഇവൾക്ക് ബാധോപദ്രവമാണെന്ന്. അവർ കയ്യൊഴിഞ്ഞു. ഇനി ഇവിടുന്നല്ലാതെ ഞങ്ങൾക്ക് മറ്റൊരു ആശ്രയമില്ല. രക്ഷിക്കണം...'

അഴിഞ്ഞുലഞ്ഞ് മുഖം പാതിമറച്ച് കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ തിളയ്ക്കുന്ന കണ്ണുകൾകൊണ്ട് ചുറ്റുപാടുകളെ നോക്കി വികൃതമായി തലയാട്ടുകയാണ് തെയ്യക്കുട്ടി.

ഗുരു അവളെ കരുണാർദ്രമായി നോക്കി. തിളച്ചുതൂവുന്ന മിഴികൾക്ക് ആ നോട്ടം താങ്ങാനായില്ല. അവൾ കൺപോളതാഴ്‌ത്തി.

ഗുരു അവളുടെ കണ്ണുകളിൽ നോക്കി. ദൃഷ്ടിക്കുമപ്പുറത്തേക്ക് കാഴ്ചയെ വലിച്ചുകൊണ്ട് ഒരു മാസ്‌മരതരംഗം സഞ്ചരിക്കുന്നതു പോലെയായിരുന്നു അത്. അവൾ ശാന്തമായി ഇരുന്നു.

ഗുരു അവളോട് വാത്‌സല്യത്തോടെ ചോദിച്ചു: 'ഭയമുണ്ടോ?'

അവള്‍ : 'ഉണ്ട് സ്വാമിൻ.'

ഗുരു : 'എന്തിന് ഭയപ്പെടണം? ഇവിടെ നീയല്ലാതെ മറ്റൊന്നില്ല. ദൈവവും പിശാചും നിന്നിൽ നിന്നന്യമല്ല. നീ എന്തിനെ സ്വീകരിക്കുന്നുവോ അതാണ് നിന്നിൽ നിറഞ്ഞു നിൽക്കുന്നത്. നീ ദൈവത്തെമാത്രം സ്വീകരിക്കുക. ആരും നിന്നെ ഭയപ്പെടുത്തില്ല. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് നടക്കുമ്പോൾ ഭയംതോന്നിയാൽ പിന്നിൽ ഒരു ചൂരൽ വീശുന്ന ശബ്ദം കേൾക്കും. അത് നാമായിരിക്കും. നീ പിന്തിരിഞ്ഞു നോക്കരുത്. ഭയപ്പെടുകയുമരുത്.'

എല്ലാം കണ്ട് അത്ഭുതാദരങ്ങളോടെ നില്ക്കുന്ന ബന്ധുജനങ്ങളോട് ഗുരു മൊഴിഞ്ഞു. 

"ഇവൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കൊണ്ടുപൊയ്‌ക്കൊള്ളൂ".

അവർ ഗുരുവിനെ സാഷ്ടാംഗം നമിച്ച് സന്തോഷത്തോടെ മടങ്ങി.

ദൈവത്തെ മാത്രം സ്വീകരിക്കാൻ ഗുരു മൊഴിഞ്ഞത് തെയ്യക്കുട്ടിയിൽ പരിവർത്തനങ്ങൾ വരുത്തി. അവൾ ദൈവത്തെ സ്വീകരിക്കാനായി മനസ് സ്വതന്ത്രമാക്കി വച്ചു. അതാ അവിടെ പരമാത്മസ്വരൂപനായി വന്ന് നിറഞ്ഞു നില്ക്കുന്നു ശ്രീനാരായണഗുരുസ്വാമി. അവൾ പരംപൊരുളിനെ ഗുരുസ്വരൂപത്തിൽ കണ്ട് ഭജിച്ചു. ധന്യമായിരുന്നു ആ ജീവിതം.

സഫലതയിൽ എത്തുംവരെ ലക്ഷ്യത്തെക്കുറിച്ചുള്ള ശ്രദ്ധകൈവിടാതിരിക്കുക. വഴിക്ക് പലരും ദുഷിച്ച ചിന്തകളാൽ സ്വാധീനിക്കാൻ ശ്രമിക്കും. വഴിപ്പെടരുത്. സ്വതന്ത്രബുദ്ധിയോടെ സാക്ഷാത്കാരത്തിലേക്ക് മാത്രം ലക്ഷ്യം വയ്ക്കുക. ആ മഹാ ഗുരുവിന്‍റെ മൊഴികൾ പിൻപറ്റിയവർ സ്വതന്ത്ര്യത്തെ അറിഞ്ഞു. ഇനിയും അറിയും.. അറിഞ്ഞുകൊണ്ടേ ഇരിക്കും...

വഴിതിരിഞ്ഞ് പോയവരുടെ തലമുറ വീണ്ടും ഇവിടെ ഭ്രാന്താലയമാക്കുന്നു. ഇനിയും നാം വൈകരുത് ... തെയ്യക്കുട്ടികളെ നമുക്ക് വീണ്ടും ഗുരുവിന്റെ അടുത്ത് എത്തിച്ചേ മതിയാകൂ.

മനസ്സ് ദുഷിക്കുമ്പോഴും അനീതി ചെയ്യുമ്പോഴും മഹാഗുരുവിന്‍റെ ആ ചൂരല്‍ വീശുന്ന ശബ്ദം നമ്മളെ നേര്‍വഴിക്കു നടത്തട്ടെ....

ഈ തെയ്യക്കുട്ടിയുടെ ചിത്രവും ഇപ്പോളത്തെ മറ്റുള്ള കുടുംബ വിവരങ്ങളും എന്‍റെ കൈവശം ഉണ്ട്.

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

AGNI- Association For Guru Narayana Inspiration- Bangalore. അഗ്നി

Monday, 17 July 2017

"വീശിയതു മതിയോ?"

ഒരികല് ശ്രീനാരായണ ഗുരുദേവ൯ ഒരു ഗൃഹസ്ഥന്റെ വീട്ടില് വിശ്രമിക്കുന്നു. നല്ല വേനല്ച്ചൂട്. ഗുരുദേവപ്രീതി സമ്പാദിക്കുവാനും തന്റെ ഭക്ത്യാദരവുകള് പ്രകടിപ്പിക്കാനും ഗൃഹസ്ഥ൯ ഗുരുവിനു വീശിക്കൊടുക്കുന്നു. കുറെനേരം കഴിഞ്ഞപ്പോള് അദ്ദേഹത്തിന്റെ കൈ കഴച്ചു. 


"വീശിയതു മതിയോ?" എന്നദ്ദേഹം ചോദിച്ചു. 

ഗുരുദേവ൯ - ആരെങ്കിലും വീശാ൯ പറഞ്ഞുവോ?


കേരള മണ്ണില്‍ ശ്രീ നാരായണഗുരുവിന്‍റെ രക്തരഹിത മഹാ വിപ്ളവം.

വിപ്ളവമെന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെ മാറ്റി എഴുതത്തക്ക രീതിയില്‍ നടക്കുന്ന സംഘടിതമായ ജനമുന്നേറ്റമാണ് എന്നാല്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ മിക്കവയും രക്തം ചിന്തിയുള്ളവയായിരിക്കും. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉടലെടുത്ത പല വിപ്ലവങ്ങളുടെയും ചരിത്രം എടുത്തു പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും. ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ വിപ്ളവം സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാഗാന്ധി നയിച്ച സമരങ്ങളായിരുന്നു എന്നതില്‍ സംശയമില്ല . തികഞ്ഞ അഹിംസാവാദി ആയിരുന്ന ഗാന്ധിജിയുടെ സമരങ്ങള്‍ പോലും പലപ്പോഴും രക്തപങ്കിലമായിട്ടുണ്ട്, ഗാന്ധിജിയുടെ അറിവോടെയല്ലെങ്കില്‍ പോലും. അവിടെയാണ് കേരള മണ്ണില്‍ ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിവച്ച സാമൂഹിക വിപ്ളവങ്ങളുടെ പ്രാധാന്യം നിലനില്‍ക്കുന്നത്. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ദുഷ്പ്രവണതകള്‍ക്കും, സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരായി ഒരു വലിയ വിപ്ളവം തന്നെ ശ്രീ നാരായണ ഗുരുദേവന്‍ നയിച്ചു. ഒരു തുള്ളി രക്തം ചിന്താതെ ആ വിപ്ളവത്തെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റെല്ലാ വിപ്ളവങ്ങളില്‍ നിന്നും ഗുരു തുടങ്ങിവച്ച വിപ്ളവത്തെ വ്യത്യസ്തമാക്കുന്നത്. 

സമൂഹത്തില്‍ എല്ലാ വിധ അവകാശങ്ങളുടെയും സംരക്ഷകര്‍ എന്ന് സ്വയം അവരോധിക്കപ്പെട്ട ഒരു ന്യൂനപക്ഷത്താല്‍ , ഭൂരിപക്ഷ ജനസഞ്ചയം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ ,ഈ സാമൂഹികതിന്മയെ ചെറുത്തുതോല്‍പ്പിച്ച് അടിച്ചമര്‍ത്തപ്പെട്ടവനില്‍ ആത്മബോധം വളര്‍ത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ഗുരുദേവന്‍ നടത്തിയ സാമൂഹിക വിപ്ളവം.

ഗുരുവിന്‍റെ ഈ വിപ്ളവങ്ങളുടെ തുടക്കം 1888 ലെ ശിവരാത്രി നാളില്‍ നെയ്യാറ്റിന്‍കരയുടെ തീരത്ത്‌ അരുവിപ്പുറത്തുനിന്നായിരുന്നു. സവര്‍ണ്ണ മേധാവിത്വത്തിന്റെ കരാളഹസ്തങ്ങളാല്‍ സഗുണാരാധന നിഷിദ്ധമായിരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കായി ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അന്നുവരെ നിലനിന്നിരുന്ന ആരാധന സമ്പ്രദായങ്ങളെ തിരുത്തിക്കുറിച്ചു ഗുരുദേവന്‍. സവര്‍ണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഗുരുദേവന്‍ നടത്തിയ ഈ ശിലാകര്‍മ്മം യാഥാസ്ഥിക മനസ്സുകളെ ചൊടിപ്പിച്ചു. വെല്ലുവിളിയുമായി തന്‍റെ അടുത്തേക്കുവന്ന അവരെ "നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെയാണ്" എന്ന വാക്കുകള്‍ കൊണ്ട് അവരെ നിശബ്ദരാക്കി തിരിച്ചയക്കുവാന്‍ ആ പരമഗുരുവിനല്ലാതെ വേറെ ആര്‍ക്കാണ് കഴിയുക.? എന്നാല്‍ ഇതേ കര്‍മ്മം ഇന്നാണ് നടക്കുന്നതെങ്കില്‍ എന്താകുമായിരിക്കും അവസ്ഥ ? സവര്‍ണ്ണനും , അവര്‍ണ്ണനും പരസ്പരം ഏറ്റുമുട്ടി , ആയിരങ്ങള്‍ മരിച്ചുവീഴുന്ന ഒരു യുദ്ധഭൂമിയായി മാറുമായിരുന്നില്ലേ കേരളം ? അവിടെയാണ് ശ്രീ നാരായണ ഗുരു എന്ന ഈശ്വരന്‍റെ മഹത്വം നമ്മള്‍ മനസ്സിലാകേണ്ടത് . ഗുരു എതിര്‍ത്തു തോല്‍പ്പിച്ചത് യാഥാസ്ഥിതികരെയല്ല മറിച്ച് യാഥാസ്തിതിക മനസ്സുകളെയാണ്. അതുകൊണ്ടുതന്നെയാണ് ഒരുതുള്ളി രക്തംപോലും വീഴാതെ തന്‍റെ ലക്ഷ്യപൂര്‍ത്തീകരണം സാധിക്കുവാന്‍ ഗുരുവിനു കഴിഞ്ഞത്. 

തന്‍റെ ലക്ഷ്യങ്ങളെ എതിര്‍ക്കുന്നവരോട് ഗുരു ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല. അവരെയൊക്കെ സൌമ്യമായ ഭാവത്തോടെ ഗുരു സ്വീകരിച്ചു. വിമര്‍ശനങ്ങള്‍ക്ക് തന്‍റെ ശൈലിയില്‍ ആരെയും വേദനിപ്പിക്കാതെ മറുപടി നല്‍കി. ഇപ്രകാരം ശത്രുവിനെപോലും മിത്രമാക്കി മാറ്റിയെടുത്ത് താന്‍ നയിക്കുന്ന വിപ്ളവത്തിന്‍റെ മൂര്‍ച്ചകൂട്ടുവാന്‍ ശ്രീ നാരായണ ഗുരുവിന് സാധിച്ചു. ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന സത്യവ്രത സ്വാമികളുടെ ജീവിതം തന്നെ ഇതിന്‍റെ സാക്ഷ്യപത്രമാണ്‌. 

യാഥാസ്ഥിതിക നായര്‍ കുടുംബത്തില്‍ ജനിച്ച കുഞ്ഞുപിള്ള എന്ന സത്യവ്രത സ്വാമികള്‍ തികഞ്ഞ സവര്‍ണ്ണ ചിന്ത വച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ കുഞ്ഞുപിള്ള ആ പരമഗുരുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് ആ സന്നിധിയിലേക്ക് വന്നത്. എന്നാല്‍ ഗുരുവിനെ കണ്ടമാത്രയില്‍ തന്നെ കുഞ്ഞുപിള്ള ആ മഹത്മാവില്‍ ആകൃഷ്ടനാവുകയും, ഗുരുവിന്‍റെ വാക്കുകളില്‍ സത്യത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്‍റെ അടുത്തഷിന്യായി സത്യവ്രതസ്വാമികള്‍ എന്ന പേരില്‍ ഗുരുവചനങ്ങളുടെ പ്രവാചകനായി മാറുകയും ചെയ്തു. അനവധി അധ:കൃതരെ തച്ചുകൊന്ന ആ കൈകള്‍ കൊണ്ട് അവിടുത്തെ പാദപൂജ ചെയ്യിച്ചു എന്നത് ശ്രീനാരായണ പരമ ഗുരുവിന് മാത്രം അവകാശപ്പെടാവുന്നതാണ്. ഇപ്രകാരം ശാന്തത കൈവിടാതെ എതിര്‍പ്പിന്റെ കൂര്‍ത്തമുനകളെ പൂവുപോലെ മൃദുവാക്കി, ശത്രുവിനെപ്പോലും തന്നിലേക്കടുപ്പിച്ചു, താന്‍ ചുവടുവച്ച ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഒരുതുള്ളി രക്തം പോലും വീഴിക്കാതെ ഫലപ്രാപ്തിയില്‍ എത്തിച്ചു എന്നത് ശ്രീ നാരായണ ഗുരുവിന് മാത്രം അവകാശപ്പെടാവുന്ന മഹത്വമാണ്. ആ മഹത്വം ഒന്ന് തന്നെയാണ് കേരള ചരിത്രമാകെ മാറ്റിമറിച്ച വ്പിളവ വീഥികള്‍ രക്തരഹിതമാകുന്നതിന്റെ രഹസ്യവും. 

ആ മഹത്വത്തെ അറിയുവാന്‍ നാം ഇനിയും വൈകി കൂടാ............

“എന്ത് ?!!! പരിഹസിയ്ക്കുന്നോ ?? പരീക്ഷ വല്ലതും കാണണോ?“

ചെങ്ങന്നൂരില്‍ വച്ച് ഒരു സ്ഥലത്ത് ശ്രീ നാരായണ ഗുരുസ്വാമികൾ വിശ്രമിയ്ക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ഉറഞ്ഞ് തുള്ളി ഗുരുവിന്‍റെ അരികിലെത്തി. അനേകം ആ‍ളുകള്‍ അടുത്തുകൂടി. 

കോമരം സ്വാമിയോട് ചോദിച്ചു: “ഞാന്‍ ആരാണെന്ന് അറിയാമോ??" 

സ്വാമി: "കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു" 

കോമരം: “എന്ത്?!!!  പരിഹസിയ്ക്കുന്നോ ?? പരീക്ഷ വല്ലതും കാണണോ?" 

സ്വാമി : (ചിരിച്ച്കൊണ്ട് ) “ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം" 

കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി. ഇത്തരം പല്ലില്ലാത്ത കോമരങ്ങളെ ചിരിപ്പിച്ച്, അമ്പലത്തിലെ പ്രതിഷ്ടയ്ക്കു പകരം കണ്ണാടി വച്ച്കൊടുത്ത്, ഒരുജാതിയൊരുമതമൊരുദൈവം എന്നു പറഞ്ഞ് “ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ, ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്ന് കേട്ടുകൊണ്ട് ശ്രീനാരായണ ഗുരു സ്വാമികൾ പോയി.

 കോമരങ്ങള്‍ വീണ്ടും ഉറഞ്ഞ് തുള്ളുകയാണ്. ആളും കൂടുന്നുണ്ട്. തമാശതന്നെ. അതിങ്ങനെ തുള്ളിക്കൊണ്ടേയിരിയ്ക്കും. ആളു കൂടിക്കൊണ്ടേയിരിയ്ക്കും.