മാനത്തുമൂഴിയിലുമാഴിയിലും പ്രകാശ-
മാനസ്വരൂപമൊടുകൂടി നിറഞ്ഞുനിത്യം
ആനന്ദപൂര്‍ണ്ണനില പൂണ്ടരുളും വിഭോ! നിന്‍
ധ്യാനത്തിലെന്റെ ഹൃദയം ലയമാര്‍ന്നിടട്ടെ.
പ്രത്യക്ഷമായ തവശക്തിയെ മായമാറാ-
നത്യന്തഭക്തിയൊടു വാഴ്ത്തുക മര്‍ത്ത്യധര്‍മ്മം
നിത്യം ഭവച്ചരണ സേവനമെന്റ സര്‍വ്വ-
കൃത്യങ്ങളില്‍ പ്രഥമമായ് വരണേ കൃപാലോ.
എന്നാലുപദ്രവമൊരുത്തനുമൊന്നുകൊണ്ടും
എന്നാളുമേല്‍ക്കരുതു ഞാന്‍ കരുതാതെ കണ്ടും
നന്നായി വരട്ടെ മമ വൈരി ജനങ്ങള്‍പോലു-
മെന്നാകണം മമ മനസ്സു ജഗത്സ്വരൂപ!.
ഏതാകിലും മമ ഫലേച്ഛപെടാതെ നിത്യം
ഗീതാവചസ്സുകളിലെന്റെ മനസ്സുമുങ്ങി
ജാതാദരം സകലകര്‍മ്മവുമാചരിപ്പാന്‍
ഭൂതാഥിനാഥ! മതിയില്‍ സ്ഥിതിചെയ്യണം നീ.
ശോകാദി ചിന്തകളില്‍ നിന്തുടുമന്തരംഗ-
മേകാഗ്രമാക്കിയലയേറ്റ്ഴുമാഴിപോലെ
ശോകപ്രാജിഭജനം വിജനത്തിലെന്നു-
മാകാനെനിയ്ക്കു തരമെന്നിനിവന്നിടുന്നു?.
ഈ വാസനാ നദിയിലെന്‍ മതിവഞ്ചിതെറ്റി
പ്പോവാതെ നല്ലവഴിയില്‍ കരപറ്റിടാനും
ദേവാദിദേവ ദശതന്‍ ദുരിതം കെടാനും
സേവാമൃതം ഹൃദിച്ചുയരുന്നതെന്നാം.
ഗാനം പൊഴിച്ചു കളിയാടി കിളിക്കിടാങ്ങള്‍
ആനന്ദമാത്മാവശമെന്നറിയിച്ചീടുന്നു.
ജ്ഞാനസ്വരൂപ തവചിന്തയൊടന്തരംഗം
ആനന്ദ നന്ദന വനത്തില്‍ വസിച്ചിടട്ടെ.
കൈവല്യമായ വഴികാട്ടി വിശിഷ്ടഭക്തി
കൈവന്നിവന്നു പൊരുളാമിരുളാകെ നീക്കാന്‍
ദൈവത്തിനൊത്ത ഗുരുവര്യനെയും വരിച്ചു
വൈവശ്യമാകെയകലാനിടയാകണം മേ.
ഈലോകയാത്രയിലിടയ്ക്കു മുടക്കമോരോ-
ന്നാലോചിയാതെ വരുമെങ്കിലുമെന്റ ചിത്തം
ആലോലമാകരുതു പിന്‍തിരിയാതെ നിന്റെ
കാലോര്‍ത്തു കാലമിവനങ്ങു കഴിച്ചിടട്ടെ.
നിന്നംശമാണൊരണു ജീവിയുമെന്ന ബോധം
എന്നന്തരംഗമതിലെന്നു വളര്‍ന്നു കാണും
എന്നല്ല ഞാന്‍ കളിയിലും കളവോതിടാതെ-
യെന്നക്ഷയം സുകൃതമാര്‍ന്നു കൃതാര്‍ത്ഥനാകും?.
ക്ലേശാദിയാമൊരുവനത്തിനു വഹ്നിയായു-
മാശാപിശാചിനൊരു മാരണമന്ത്രമായും
ഈശാനുഷംഗമരുളും പൊരുളായുമാളും
‘ഓം ശാന്തി’യെന്നറിവെഴുന്നതുമേതുകാലം.
എന്നുള്ളമാണുലകിലീസുഖ ദുഃഖമൂല-
മെന്നുള്ള നല്ലുപനിഷത്തിലെഴുന്ന തത്ത്വം
എന്നും ധരിച്ചു ജഗദീശ! മനസ്സിളക്ക-
മൊന്നും വരാതെ വരുവാന്‍ വരമേകിടേണം.
‘ഓം ശാന്തി’ യെന്നറിവെഴുന്ന മഹത്വമന്ത്രം
ഞാന്‍ ശാന്തിയാര്‍ന്നുരുകഴിപ്പു സുഖേന നിത്യം
ആശാദിവൈരികളെ വെന്നു മനസ്സുമാധൌ
പേശാതിരിപ്പതിന്നു സംഗതി വന്നിടേണം.
രാഗാദിദോഷമകലെക്കളവാനുമെന്റെ
രോഗാദിയൊക്കെയുമകന്നു സുഖം വരാനും
യോഗേശ്വ! നിന്‍ കൃപലഭിച്ചു വിശിഷ്ടരാജ-
യോഗാലിവന്റെ മനമെന്നു ലയിച്ചിടുന്നു.
കുംഭിച്ചിരുന്നു മനമെങ്ങുമയച്ചിടാതെ
വമ്പിച്ച രേചകമതില്‍ സ്ഥിരബുദ്ധിപൂര്‍വ്വം
അംഭോജമൊട്ടു നിറമൊത്ത ഭവത്സ്വരൂപം
ശംഭോ നിനപ്പതിനു സംഗതിവന്നിടേണം.
എന്‍ മാനസത്തില്‍ വിലസുന്ന വിശേഷ ജീവന്‍
നിന്‍മേനിയോര്‍ത്തു നിയതം നിധിയെന്നപോലെ
പൊന്നേ വസിപ്പതിനു സംഗതി വന്നുവെന്നാ-
ലന്നാണ് ഞാന്‍ സുകൃതിഹേ! സുകൃതാംബുരാശേ!.
വന്മോഹവാരിധിയില്‍വീണുവലഞ്ഞിടുമ്പോള്‍
നിന്മേനി നിന്നടിമയെ കരകേറ്റിടേണം
വന്മത്സരം, ചതി, യസൂയ, യതീവകാമം
നന്മായ ബന്ധമിവയൊക്കെ നശിച്ചിടട്ടെ!.
നിത്യം ശിവന്റെ തിരുനാമമുരപ്പവന്നു
സത്യം പുനര്‍ജ്ജനനമില്ലിതു നിര്‍വിവാദം
മുക്തിക്കു മറ്റു വഴിയെന്തിനു തേടിടുന്നു
ഭക്ത്യാഭജിക്ക കരണത്രയ ശുദ്ധിപൂര്‍വ്വം.
മംഗളം ഭവതു മംഗളം സദാ
മംഗളം ദിശതു മംഗളന്‍ പരന്‍
മംഗളം സ്തുതി പഠിപ്പവര്‍ക്കു സ-
ത്മംഗളം സകല പാപനാശനം
– ബോധാനന്ദസ്വാമി
No comments:
Post a Comment