Monday, 17 July 2017

വേദാന്തിയെക്കാള്‍ താന്ത്രികനായ ശ്രീനാരായണ മഹാഗുരു!!

കുണ്ടലിനിപ്പാട്ട് അദ്വൈത വേദാന്ത ചിന്തകള്‍ ധാരാളം പാടിയ ശ്രീ നാരായണ മഹാഗുരുവിന്റെ ‍ഒരു മോഹന സൃഷ്ടി - മലയാളികളുടെ അധികം ചിന്തകള്‍ക്ക് വിധേയം ആവാത്തതെന്നു എനിക്ക് തോന്നിയ ഒരു സൃഷ്ടിയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. ചിന്തിച്ചവര്‍ പലരും ഇതൊരു പാമ്പ് പാട്ട് ആണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുകയുമാണ്. എന്നാല്‍ അദ്വൈത വേദാന്തത്തെക്കാള്‍ അല്പം വിഭിന്നമായ പാതയായ തന്ത്രമാര്‍ഗത്തെ പറ്റിയുള്ള ഒരു കവിത ആണ് കുണ്ടലിനിപ്പാട്ട്. പരമആത്മാവിലെ മായാവിനോദം ആയി സൃഷ്ടിയെ കാണുന്ന ഒരു രീതിയാണ് അദ്വൈത വേദാന്തം ചെയ്യുന്നത്. പരമാത്മാവ് എന്ന സത്തയില്‍ മായ എന്ന അസത്തു കലരുമ്പോള്‍ ആണ് സൃഷ്ടി എന്ന് അത് പറയുന്നു. എന്നാല്‍ പരമാത്മാവ് (ശിവന്‍) എന്ന സത്തയോട് പരാശക്തി എന്ന സത്ത (ശക്തി - പാര്‍വതി) ചേരുമ്പോള്‍ സംഭവിക്കുന്ന ശിവ-ശക്ത്യാത്മകതയാണ് സര്‍വവും എന്ന് തന്ത്രം പറയുന്നു. പൂര്‍ണനായ പരമ ആത്മാവിനോട് ചേരാന്‍ പൂര്‍ണമായ ഒരു സത്തയ്ക്കെ കഴിയൂ എന്നര്‍ത്ഥം. അതിനെ മായ എന്നല്ല. മായയ്ക്കും അധിപതിയായ മഹാമായ എന്ന് തന്ത്രം വിളിക്കുന്നു. പൂര്‍ണമദ പൂര്‍ണമിദം എന്ന് തുടങ്ങുന്ന മന്ത്രത്തിന്റെ ഗഹനത ശിവ-ശക്ത്യാത്മകതയ്ക്കെ പൂര്‍ണമായി വ്യക്തമാക്കാന്‍ കഴിയൂ ( വിശദമായി വേറൊരു ബ്ലോഗ്ഗില്‍ ഇതിനെ പറ്റി എഴുതാന്‍ ശ്രമിക്കാം.)

മനുഷ്യനില്‍ കുടികൊള്ളുന്ന പരാശക്തിയുടെ പ്രതിനിധിയെ കുണ്ടലിനി എന്ന് വിളിക്കുന്നു. മൂന്നരച്ചുറ്റായി നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന (മയങ്ങിക്കിടക്കുന്ന) ഒരു പെണ്സര്‍പ്പം ആയി ഇതിനെ ചിത്രീകരിക്കുന്നു. സുഷുമ്നാ നാഡിയും അതിന്റെ ഇടതും വലതും ഉള്ള ഇഡ, പിങ്ഗള എന്നീ നാഡികളും പരസ്പരം സന്ധിക്കുന്ന നാഡീ കേന്ദ്രങ്ങളെ ചക്രം എന്നു വിളിക്കുന്നു. സാധകന്റെ വികാസം അനുസരിച്ച് ഏറ്റവും താഴെ നിന്നു മുകളിലേക്ക് വിവിധ ചക്രങ്ങളിലൂടെ (മൂല ആധാരം, സ്വാധിഷ്ടാനം എന്നിങ്ങനെയുള്ള) സംഭവിക്കുന്ന ഊര്‍ജ്ജപ്രവാഹം വ്യതസ്ത ബോധതലങ്ങളിലെക്കുള്ള ആധ്യാത്മിക യാത്രയാണ്. നിഷ്ടയോടെയുള്ള സാധനയിലൂടെ തലച്ചോറിലേക്ക് ഈ ഊര്ജപ്രവാഹത്തെ എത്തിക്കുകയും അവിടെ നിലനിര്‍ത്തുകയും ചെയ്യുന്ന യോഗിയെ തന്ത്രം ശിവന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. അതായത് ശക്തിയെ പൂര്‍ണമായി അറിയുന്ന ആത്മാവ് ആണ് ശിവന്‍ എന്ന് വിളിക്കപ്പെടുന്നത്. ശിവശക്തി ലയം തിരിച്ചറിയുന്ന അത്തരം യോഗികള്‍ക്ക് ശ്രീ നാരായണ മഹാഗുരുവിനെപ്പോലെ മനുഷ്യപ്രകൃതിക്ക് അതീതമായ കഴിവുകളും ഉണ്ടായിരിക്കും.

(അതിബൃഹത്തായ ഒരു മേഖലയാണ് കുണ്ടലിനി, ചക്രങ്ങള്‍ ഇവയെല്ലാം. അതിനെ പറ്റി കുറച്ചു ബ്ലോഗ്ഗുകളിലൂടെ ഘട്ടം ഘട്ടമായി പരിശോധിക്കാം) നിലനില്പിന്റെ ഭൌതിക സമരങ്ങളില്‍ പെട്ടുഴലുന്ന വികാരവിവശന്‍ ആയ സാമാന്യ മനുഷ്യനെ പശു (മൃഗം എന്ന അര്‍ത്ഥത്തില്‍ ) എന്നും ശവം (ചേതനയറ്റത് എന്ന അര്‍ത്ഥത്തില്‍) എന്നുമെല്ലാം ആണ് തന്ത്രം വിളിക്കുന്നത്‌. ഇങ്ങനെയുള്ള ശവത്തില്‍ നിന്നു ശിവനിലേക്ക് യാത്ര ചെയ്യാന്‍ ഉള്ള ഋഷി കല്പിത പദ്ധതിയാണ് തന്ത്രം. ആഗ്രഹങ്ങള്‍ കൊണ്ടു പശു ആയവരും, ശക്തിയില്ലാതെ ശവമായവരും ലോകത്തെ മായ എന്ന് പറയുന്നത് അവര്‍ കൂടുതല്‍ മായാബന്ധിതര്‍ ആവാനേ ഉപകരിക്കൂ. മായയും ശക്തിയുടെ ലീല എന്ന തിരിച്ചറിവില്ലാതെ, വെളിച്ചവും ശക്തിയും ബോധവും ആത്മാവും എല്ലാം നഷ്ടപ്പെട്ട്, ഗീതാ ജ്ഞാനയജ്ഞവും അന്നദാന യജ്ഞവും മാത്രം (ഇവകള്‍ രണ്ടും അതി മഹത്തരം തന്നെ, എന്നാല്‍ ഇവ മാത്രമാണോ സനാതന ധര്‍മം? ) ജീവിതമാക്കി നടക്കുന്ന ഹിന്ദുവിന്റെ ശക്തി വീണ്ടെടുക്കാന്‍, ശക്തി ഉപാസനയിലെക്കെത്തിക്കുവാന്‍, എല്ലാവരുടെയും ശ്രദ്ധ ആ മഹാശക്തിയെ പരിചയപ്പെടുത്തുന്ന കുണ്ടലിനിപ്പാട്ടിലേക്ക് ക്ഷണിക്കുന്നു....

ആടുപാമ്പേ! പുനം തേടു പാമ്പേ! യരു... ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! ഉപാസകനിലെ ശക്തിയുടെ ഉയര്‍ച്ചയെ സര്‍പ്പരൂപിയായി കാണുന്നുവെന്നത് തന്ത്രത്തിലെ ഒരു രീതി ആണെന്ന് കണ്ടുവല്ലോ. അത് തന്നെ ആണിവിടുത്തെ പ്രമേയം. നിലനില്പിനെ പറ്റിയുള്ള ഭയം, കാമനകള്‍, അഹം ഇവയെല്ലാം ഊര്‍ജം ഏറ്റവും താഴെ മാത്രം കേന്ദ്രീകൃതമായിട്ടുള്ള ഒരു ജീവനില്‍ അധികമായിരിക്കും. ഉപാസനയിലൂടെ സംസ്കരിക്കപ്പെടുന്ന ഒരു ഭക്തനില്‍ ഈ ഭയ, വികാരങ്ങള്‍ ഒഴിഞ്ഞു പോകുന്നു. ശിവനിലെക്കുള്ള യാത്രയുടെ അന്ത്യഘട്ടത്തില്‍ ഊര്‍ജം തലച്ചോറില് (സഹസ്രാരം എന്ന് തന്ത്രഭാഷ്യം) ‍ എത്തുമ്പോള്‍ പരാശക്തിയുടെ സ്വന്തമായ ആനന്ദാനുഭവം (ഇന്ദ്രിയ ആനന്ദത്തിന്റെ അനേക ആയിരം മടങ്ങെന്നു ഗുരുക്കന്മാര്‍) സ്വായത്തമാകുന്നു. ശക്തിയെ പൂര്‍ണമായി തിരിച്ചറിയുന്ന ആ ഉപാസകന്‍ ശിവന്‍ തന്നെയാണ്. അത്തരത്തില്‍ ശിവന്‍ തന്നെയായിരുന്ന ഗുരു ഉപാസകര്‍ക്കായി തന്ന ഒരു സമ്മാനമാണ് ഈ പാട്ട്. ആ പരാശക്തിയുടെ നൃത്തം, സ്വന്തം അഭയ സ്ഥാനം തേടുന്ന ഒരു പാമ്പിന്റെ ആട്ടമായി ഗുരു ഉപമിക്കുന്നു. ആത്മാവിനെ തിരിച്ചറിയുന്ന ആനന്ദം ഒരു കൂത്ത് തന്നെ........മഹാ ഗുരുവേ പ്രണാമം.....!! തിങ്കളും കൊന്നയും ചൂടുമീശന്‍പദ- പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ! ചന്ദ്രനേയും കൊന്നപ്പൂവിനെയും ധരിച്ചിരിക്കുന്ന ഭഗവന്‍ ശ്രീ പരമേശ്വരന്റെ പാദം ചേര്‍ന്ന് നിന്നാടുന്ന പാമ്പ് - സര്‍പ്പ രൂപിണിയായ കുണ്ടലിനി നൃത്തമാടുന്നത് മൂലാധാരം അടിസ്ഥാനപ്പെടുത്തിയാണ്.

പാദം മുതല്‍ തല വരെയാണല്ലോ ഒരു ശരീരം അസ്തിത്വപ്പെടുന്നത്. കുണ്ടലിനീ ശക്തി പൂര്‍ണമായി ഉണരുമ്പോള്‍ ജീവന്‍ ശിവനായി മാറുമ്പോള്‍ ജീവന്റെ മൂല ആധാരം (ഗുദ മൂലം ) ശിവന്റെ പാദം ആയി ഗണിക്കാം. ഗുരുവേ പ്രണാമം!! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! വെണ്ണീരണിഞ്ഞ തിരുമേനി ശിവന്‍ ആണ്. ഒഴുകുന്ന കണ്ണീരോ? അത്യാനന്ദത്തിന്റെ കണ്ണീര്‍ ആണ്. പരമാത്മാവ് പരാശക്തിയോടുള്ള ചേര്ച്ചയിലൂടെ ആനന്ദത്തെ അറിയുംപോളും പരാശക്തി സാക്ഷീ ഭാവത്തോടെ നിലകൊള്ളുന്നു. എന്നാല്‍ മാത്രം അല്ലെ ആ ആനന്ദക്കണ്ണീര്‍ കാണാന്‍ ഈ പരാശക്തി പ്രതിനിധിയായ കുണ്ടലിനീ ഭഗവതിക്ക് പറ്റൂ? അമ്മെ നാരായണ..... സദ്‌ഗുരുഭ്യോ നമ: ആയിരം കോടി അനന്തന്‍ നീ ആനന്ദ- മായിരവും തുറന്നാടു പാമ്പേ! അനന്ത ആനന്ദം ആണ് കുണ്ടലിനീ ഭഗവതിയുടെ പരമമായ സ്വഭാവം. അതിനെ വര്‍ണിച്ചിരിക്കുന്നു. ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ! ഓംകാരത്തില്‍ തുടങ്ങി എണ്ണമറ്റ മന്ത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയുടെയെല്ലാം പൊരുള്‍ വഹിച്ച ഭഗവതിയാണ് കുണ്ടലിനി. പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ- ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ! പുള്ളിപ്പുളിത്തോല് പുതച്ച പൂമേനി ശിവന്‍ ആണ് (പരമാത്മാവ്). ആ ശിവനെ ഉള്ളില്‍ ആക്കിയിട്ടു കളിക്കുകയാണ് ഭഗവതി. പരാശക്തിയെന്ന തത്ത്വത്തിന്റെ അജയ്യത ഗുരു വിളിച്ചോതുന്ന ഒരു സന്ദര്‍ഭം. അമ്മെ നാരായണ!! പേയും പിണവും പിറക്കും ചുടുകാട് മേയും പരമ്പൊരുളാടു പാമ്പേ! പ്രേത പിശാചുക്കളുടെ ചുടുകാടിനെല്ലാം അധിപതിയായ പരമ്പൊരുള്‍ ആരാണ്? സംഹാര രൂപിയായ ശിവന്‍ തന്നെ.... ആ പരമ്പൊരുള്‍ ആടൂ - എന്ന് പറഞ്ഞാല്‍ ആ പരംപൊരുളുമായി കുണ്ടലിനി ഭേദമില്ലാതെ നിലകൊള്ളുന്നു എന്ന് അര്‍ത്ഥം സിദ്ധിക്കുന്നു. അതായത് ശിവ-ശക്തി സംഗമ സ്വരൂപമാണ് ഇവിടെ ഗുരു പറഞ്ഞിട്ടുള്ളത് എന്ന് അനുമാനിക്കാം.......

പൂമണക്കുംകുഴലാളകം‌പൂകുമാ- കോമളമേനി കണ്ടാടു പാമ്പേ! പൂമണക്കും കുഴലാള്‍ മഹാ ഭഗവതിയാണ്. ആ ഭഗവതിയുടെ ഹൃദയത്തില്‍ വസിക്കുന്ന ശ്രീ പരമേശ്വരന്റെ കോമള രൂപം എന്നത് പരാശക്തിയേകിയ ആനന്ദത്തില്‍ അധിവസിക്കുന്ന പരമാത്മാവെന്നു കരുതാം. അതിനെ കണ്ടു കൊണ്ടു ആടൂ - എന്നത് പരസ്പര പൂരകങ്ങളായ പരം തത്ത്വങ്ങളുടെ ലയത്തിന്റെ സൌന്ദര്യം സൂചിപ്പിക്കാന്‍ വേണ്ടിയുള്ള ഗുരുവിന്റെ വാക്കുകള്‍ ആയി കരുതാം. നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു പാമ്പേ! നമശ്ശിവായ എന്ന നാദത്തിന്റെ പൊരുള്‍ അറിഞ്ഞാല്‍ എല്ലാമായി. ആദിയായ പൊരുള്‍ അത് തന്നെ. ആ പൊരുള്‍ അറിഞ്ഞവന് മാത്രമേ ഈ കുണ്ടലിനീ ആട്ടത്തിനുള്ള യോഗ്യതയുള്ളൂ..... എല്ലാം ശിവ-ശക്ത്യത്മകം......... ശിവ-ശക്ത്യോഹം!! (ഞാന്‍ ശിവ ശക്തി സംഗമം ആകുന്നു ) പൂമലരോനും തിരുമാലുമാരും പൊന്‍- പൂമേനി കണ്ടില്ലെന്നാടു പാമ്പേ! തിരുമാള് എന്നത് വിഷ്ണുവിന്റെ ഒരു പേര് ആണ്. പൂമലരില്‍ ഇരിക്കുന്നത് ബ്രഹ്മാവും. ഒരാള്‍ സൃഷ്ടിയുടെ പാലകന്‍. ഒരാള്‍ സൃഷ്ടി ചെയ്യുന്നയാള്‍. രണ്ടും കര്‍മ ബന്ധിതമായ കാര്യങ്ങള്‍. പരമ ആത്മ സ്വരൂപിയായ ശിവനെ പുല്‍കാന്‍ കര്‍മ ബന്ധിതരായ ആര്‍ക്കും സാധ്യമല്ല എന്ന തത്ത്വം മനസ്സില്‍ ആക്കുന്ന ഒരു കഥയുണ്ടല്ലോ നമുക്കു. ശിവന്റെ തുടക്കവും ഒടുക്കവും കണ്ടെത്താന്‍ കഴിയാതിരുന്ന ബ്രഹ്മ-വിഷ്ണുമാരുടെ കഥ. ആ കഥയെ ആണ് ഗുരു ഇവിടെ പറയുന്നത്.

കര്‍മ കാലങ്ങള്‍ക്ക് അതീതമായ പരമാത്മ തത്ത്വ ഗ്രഹണം സിദ്ധമായവര്‍ക്ക് മാത്രമല്ലേ പരാശക്തിയെ സിദ്ധിക്കൂ? ജയ് ജയ് ജയ് ഭവാനി.... കാമനെച്ചുട്ട കണ്ണുള്ള കാലാരി തന്‍ നാമം നുകര്‍ന്നുനിന്നാടു പാമ്പേ! കാമനെ ചുട്ടത് ശിവന്റെ മൂന്നാം കണ്ണ് ആണല്ലോ. തപസ്സു കൊണ്ടു സിദ്ധമാകുന്ന ജ്ഞാനദൃഷ്ടി കാമത്തെ ജയിക്കുന്നു എന്നത് തത്ത്വം. ആ ശിവന്‍ "കാലാരി" യും ആണ്. (കാലന്റെ അരി കാലത്തിന്റെയും അരി ആണല്ലോ). കാലത്തെ നശിപ്പിക്കുന്നവന്‍ അല്ലെ കാലത്തിന്റെ ശത്രു? ശിവന്‍ കാലത്തെ നശിപ്പിക്കുന്നതെങ്ങനെ? പരമ ആത്മാവില്‍ ലയിക്കാത്തവര്‍ക്കെ കാലം ഉള്ളൂ എന്ന തത്വം ആണ് ഇവിടെ ഗ്രഹിക്കേണ്ടത്. പരമ ആത്മാവിനെ അറിഞ്ഞു കൊണ്ടിരുന്നാല്‍ കാലം അവര്‍ക്ക് അനുഭവവേദ്യം അല്ല തന്നെ.....ആ ശിവനെ അറിഞ്ഞു കൊണ്ടു ആടൂ കുണ്ടലിനീ ഭഗവതീ.. വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു‌‌- ളുള്ളില്‍കളിക്കുമെന്നാടു പാമ്പേ! വെള്ളിമല - കൈലാസം. വേദപ്പൊരുളായ ഭഗവാനെ ഉള്ളില്‍ ആക്കി കളിക്കുന്ന ഭഗവതിയെ വീണ്ടും സ്മരിച്ചിരിക്കുന്നു..... അമ്മെ നാരായണ..... എല്ലാമിറക്കിയെടുക്കുമേകന്‍ പദ- പല്ലവം പറ്റി നിന്നാടു പാമ്പേ! എല്ലാം ഇറക്കുകയും പിന്നെ എടുക്കുകയും ചെയ്യുന്ന ഏകന്‍ സാക്ഷാല്‍ ശിവന്‍ തന്നെ. ആ ശിവന്റെ പാദങ്ങള്‍ ചേര്‍ന്ന് നിന്നാടിയാലും ഭഗവതീ........... തിങ്കളും കൊന്നയും എന്ന് തുടങ്ങുന്ന വരികളോട് സാമ്യമുള്ള അര്‍ത്ഥം തന്നെ ഇവിടെയും.... എല്ലായറിവും വിഴുങ്ങി വെറും വെളി- യെല്ലയിലേറി നിന്നാടു പാമ്പേ! എല്ലാ അറിവും വിഴുങ്ങിയ അവസ്ഥ എന്നത് - എല്ലാത്തിനും ഉപരിയായ അവസ്ഥയാണ്. എല്ലാ തത്വങ്ങള്‍ക്കും ഉപരിയായ തത്വ പ്രതിനിധിയായ കുണ്ടലിനീ ഭഗവതീ, ആട്ടം തുടരുക!! എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ! എല്ലാം വിഴുങ്ങി എതിരറ്റതു എന്ന് പറഞ്ഞാല്‍ - എല്ലാത്തിനും മുകളില്‍ നില്കുന്നത് എന്നര്‍ത്ഥം. അങ്ങനെയുള്ള ആ പരമ വാണിയുടെ (പ്രണവ നാദമായ ഓംകാരം, ദേവീ ബീജമായ ഈംകാരം ഇവകള്‍ ഏതുമാകാം) തലത്തില്‍ നിന്നു കൊണ്ടു നൃത്തം തുടരുക പാമ്പേ........... ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌- ളെല്ലയിലേറി നിന്നാടു പാമ്പേ! എല്ലാ ചൊല്ലുകളെയും (നാദങ്ങളേയും) ഉണ്ണുക എന്ന് പറഞ്ഞാല്‍ - എല്ലാ നാദങ്ങളേയും ഭക്ഷണം ആക്കിയത്, അഥവാ എല്ലാ നാദങ്ങളുടെയും ഊര്‍ജത്തെ ഉള്‍ക്കൊണ്ടതു എന്നാണ്. കോടി മന്ത്രങ്ങളെ സൃഷ്ടിച്ച ഓംകാരത്തെ പറ്റി നേരത്തെ തന്നെ ഗുരു പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പ്രകാശരൂപിയായ (ചുടര് എന്നാല്‍ പ്രകാശം, അഗ്നി എന്നെല്ലാം അര്‍ത്ഥം ) സത്യം ( പൊരുള്‍) ഉണ്ടെങ്കില്‍ അത് ഓംകാരരൂപിയായ പരമ ആത്മാവ് (ശിവന്‍) ആണ്. ആ ശിവനില്‍ ഏറി നിന്നു കൊണ്ടു നൃത്തം തുടരുക മഹാഭഗവതീ........... നാടും നഗരവുമൊന്നായ് നാവില്‍നി- ന്നാടു നിന്‍ നാമമോതീടു പാമ്പേ! നാടും നഗരവും എല്ലാം ഭിന്നത്ത്വങ്ങളെ കുറിക്കുന്നു. കുണ്ടലിനിയുടെ ഔന്നത്ത്യത്തില്‍ (നാവില്‍) ആടുന്നത് ഭിന്നത്വങ്ങളുടെ ശബ്ദം അല്ല. മറിച്ച്‌, ഏകത്വത്തിന്റെ ശബ്ദമായ ഭഗവതീനാമം ആണ്. വേറൊരു രീതിയില്‍ ചിന്തിച്ചാല്‍ സമസ്ത സൃഷ്ടി ജാലവും കുണ്ടലിനീപ്രാപ്തിക്കായി ചെയ്യേണ്ടതിത്ര മാത്രം. ഭഗവതീ നാമ ജപം. അങ്ങനെ ചെയ്യുമ്പോള്‍ ഭിന്ന ഭാവനകള്‍ താനേ അപ്രത്യക്ഷമായിക്കോളും. കുണ്ടലിനീ ജാഗരനത്തിന്റെ ആദ്യപടിയില്‍ നില്‍കുന്ന സാധകര്‍, എല്ലാം എകമെന്നുള്ള ഭാവനയിലെക്കെത്തിയാല്‍ മാത്രമേ മാനുഷിക ചക്രങ്ങള്‍ വിട്ടു മണിപൂരകത്തിലെക്കും അവിടുന്നങ്ങോട്ട് തലച്ചോര്‍ വരെയുള്ള ഊര്‍ജ പ്രവാഹം സാദ്ധ്യം ആകുകയുള്ളൂ എന്നും അര്‍ത്ഥം കല്പിക്കാം. ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു- മേകനുമുണ്ടറിഞ്ഞീടു പാമ്പേ! ദേഹവും ദേഹിയും ഒന്നാണെന്നും അവകള്‍ പരമാത്മാവില്‍ പരാശക്തി സൃഷ്ടിച്ച പ്രതിബിംബങ്ങള്‍ മാത്രമാണെന്നും ഉള്ള തത്വഗ്രഹണം സിദ്ധിച്ചാല്‍ മാത്രമേ ഈ പാമ്പിനെ കിട്ടൂ. അങ്ങനെ ഉള്ളവരിലെ ഭഗവതി പൂര്‍ണമായി ഉണരൂ.

പേരിങ്കല്‍നിന്നു പേരുവെളിയെന്നല്ല പാരാദി തോന്നിയെന്നാടു പാമ്പേ! ആദിമ ശിവശക്തി സംഗമത്തിന്റെ സങ്കല്‍പം കൊണ്ടു തന്നെ (പേര് ചിന്തിക്കുമ്പോള്‍ തന്നെ) ഭൂമിയും ആകാശവും എല്ലാം രൂപം കൊണ്ടെന്നു തോന്നിക്കുന്ന മായ ഇവിടെ രൂപം കൊണ്ടു. നാമം (ശബ്ദം) സൃഷ്ടിക്കു നിദാനമായി എന്ന തത്വം ആണ് പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ സൃഷ്ടി മുഴുവന്‍ മായ എന്ന് കരുതുന്ന ഉത്തമ സാധകര്‍ക്ക് മാത്രം ലഭിക്കുന്ന ഭഗവതീ, നൃത്തം തുടരുക!! ചേര്‍ന്നുനില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു നേര്‍ന്നുപോമ്മാറു നിന്നോടു പാമ്പേ! ചേര്‍ന്ന് നില്ക്കുന്ന സമസ്ത അറിവുകളും വസ്തുക്കളും എല്ലാമെല്ലാം ഹൃദയ പദ്മത്തില്‍ ലയിച്ചു നിഷ്കാമ - നിസ്സംഗ ഭാവനയിലെക്കെത്താന്‍ സാധകരെ ഉപദേശിച്ചിരിക്കുന്നു. അത്തരത്തില്‍ ഉള്ള ആത്മാക്കള്‍ക്ക് മാത്രം സിദ്ധിക്കുന്ന മഹാ ഭഗവതിക്ക് പ്രണാമം!! സമസ്ത പ്രപഞ്ച സാരവും വഹിക്കുന്ന ഒരു മഹാ കാവ്യസൃഷ്ടി ആണിത്. ഇതിനപ്പുറം ഒരു തത്വവും ഇല്ല. എഴുതിയതോ മനസ്സിലാക്കിയതോ ഒന്നും തന്നെ പൂര്‍ണമല്ല. അനുഭവവും പൂര്‍ണമല്ല..... എന്നിരുന്നാലും ഈ മഹാ സൃഷ്ടി ഒരു പാമ്പാട്ടിച്ചിന്തു ആണെന്ന് ചിന്തിക്കുന്ന പലരും ഉണ്ട്. അവരെ തിരുത്താന്‍ ഈ രചന ഉപകരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

മഹാ ഭഗവതിയുടെ ഉപാസനയിലൂടെ മാത്രമേ ഉയരാന്‍ കഴിയൂ, എന്ന ഗുരുവചനത്തെ മനസ്സിലാക്കി, ഭുക്തിയും (ലൌകിക സുഖങ്ങളും) മുക്തിയും തരുന്ന ആ പരാശക്തി പാദം പുല്‍കാന്‍ എല്ലാ ചിന്തിക്കുന്ന ഹിന്ദുക്കളും മുന്നോട്ടു വരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.... നമസ്കാരം......... 

Courtesy-Jagath Guru

No comments:

Post a Comment