Tuesday, 24 June 2014

വിളിച്ചുവരുത്തിയിട്ട് നിരാശപ്പെടുത്തരുത്‌! - സജീവ് കൃഷ്ണൻ

ആയിരംതെങ്ങ് പാട്ടത്തിൽ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്നു. തൃപ്പാദങ്ങളും ഒരു സഹായിയും ശ്രീകോവിലിനുള്ളിലുണ്ട്. മണി മുഴങ്ങി, നടതുറന്നു. സ്വാമിതൃപ്പാദങ്ങൾ പുറത്തേക്കിറങ്ങി. ഭക്തർ ആനന്ദാശ്രുക്കൾ പൊഴിച്ചു. സ്വാമി അവരോട് മൊഴിഞ്ഞു:

'നമ്മോടൊപ്പം ഒരു സർവേയർ ഉണ്ട്. അയാൾ സർവേ നടത്തി. നാം കല്ലിടീൽ നടത്തി. എന്നാൽ ഇതിനകത്ത് ഇപ്പോൾ നാം ഇട്ട കല്ലേ ഉള്ളൂ. മറ്റൊന്നും അതിനകത്തില്ല. നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?"
'പത്തുദിവസത്തെ ഉത്‌സവം ഭംഗിയായി നടത്തിക്കൊള്ളാം." ഭക്തർ പറഞ്ഞു.

'അതുകൊണ്ടായില്ല. ക്ഷണിച്ചു വരുത്തിയിട്ട് നിരാശ പ്പെടുത്തരുത്. നിങ്ങളിൽത്തന്നെ ഒരാൾ രാവിലെ കുളികഴിഞ്ഞ് നാഴി അരിവറ്റിച്ചതും കുറച്ചു പുഷ്പങ്ങളും ജലവുമായി അകത്തുകടക്കണം. വെള്ളം തളിച്ച് ശുദ്ധിവരുത്തി പുഷ്പങ്ങൾ ഇട്ടശേഷം ചോറ് ഒരു ഇലയിൽ അവിടെവച്ചിട്ട് അത് എടുത്ത് അയാൾതന്നെ ഭക്ഷിച്ചുകൊള്ളണം. നിത്യവും ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് നന്മയായിരിക്കും. പൂജാ കർമ്മങ്ങൾ അറിഞ്ഞു ചെയ്യണം. പൂജാക്രമങ്ങൾ നാം പഠിപ്പിക്കാം. നാം അങ്ങിനെ പഠിപ്പിക്കുന്നുണ്ട്. ഒരാൾ വന്നാൽ പഠിപ്പിക്കാം. ശാന്തിക്കാരെയും മറ്റും തെരഞ്ഞുനടന്നു കഷ്ടപ്പെടരുത്."

അക്കാലത്ത് ഗുരുദേവൻ ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്നതിനെ വിമർശിച്ചുകൊണ്ട്, 'തെക്കുനിന്നൊരാൾ സർവേക്കല്ലുകൾ നാട്ടിവരുന്നു"ണ്ടെന്ന് വാഗ്ഭടാനന്ദ ഗുരു പരിഹസിച്ചിരുന്നു. അതിന് സരസവും ആന്തരാർത്ഥസമ്പന്നവുമായ മറുപടിയാണ് ആയിരംതെങ്ങിൽ പ്രതിഷ്ഠനടത്തിക്കൊണ്ട് തൃപ്പാദങ്ങൾ അരുളിയത്. തൃപ്പാദങ്ങളുടെ ഈ വാക്കുകൾക്കുള്ളിലേക്ക് ഭക്തിപൂർവം കടന്നുചെന്നാൽ അവയിൽ ഒളിഞ്ഞിരിക്കുന്ന വലിയ സത്യം വെളിപ്പെടുന്നതുകാണാം. അതിങ്ങനെയാണ്: 'സർവേക്കല്ലുകൾ നാട്ടണമെങ്കിൽ സർവേയർ വേണം. താൻ സർവേയർ അല്ല. പക്ഷേ, തന്നോടൊപ്പം ഒരു സർവേയർ ഉണ്ടെന്നാണ് തൃപ്പാദങ്ങൾ മൊഴിഞ്ഞത്. സർവേയർ ഇംഗ്ലീഷ് വാക്കാണ് - ഉയരത്തിൽനിന്ന് നിരീക്ഷിച്ച് വ്യാപ്തി അളക്കുന്നവൻ. എല്ലാറ്റിന്റെയും വ്യാപ്തി അളക്കുന്നവൻ ദൈവമാണ്. സർവേയർ സർവേ നടത്തിയ ഇടത്താണ് നാം കല്ലിടീൽ നടത്തിയതെന്നു പറഞ്ഞാൽ ദൈവം നിശ്ചയിക്കുന്ന സ്ഥലങ്ങളിലാണ് നാം പ്രതിഷ്ഠനടത്തുന്നതെന്ന് സാരം." അത് വാഗ്ഭടാനന്ദഗുരുവിനുള്ള മറുപടിയാണ്. അടുത്ത വാക്യം ശ്രദ്ധിക്കൂ: 'എന്നാൽ ഇതിനകത്ത് ഇപ്പോൾ നാം ഇട്ട കല്ലേ ഉള്ളൂ. മറ്റൊന്നും അതിനകത്തില്ല. നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?" എന്താണിതിന് അർത്ഥം? 'ദൈവം നിശ്ചയിച്ച ഇടത്ത് നാം വച്ച കല്ലുമാത്രമേയുള്ളൂ. അതിനകത്ത് ചൈതന്യം ഇല്ല. അതിന് നിങ്ങൾക്ക് മാത്രമേ പരിഹാരം കാണാൻ സാധിക്കൂ." അതായത്, നിങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളാണ് ഈ ശിലയെ ദൈവമാക്കുന്നത്. അത് നിർവഹിക്കപ്പെടണം. അതിനായി ഉത്‌സവം നടത്താം എന്നാണ് ഭക്തർ പറഞ്ഞത്. ഉത്‌സവങ്ങളും കെട്ടുകാഴ്ചയും ബഹളവും നടത്തിയാൽ ഈശ്വരസാന്നിദ്ധ്യം ഉണ്ടാവില്ല. അത് ഈശ്വരനെ വിളിച്ചുവരുത്തിയിട്ട് നിരാശപ്പെടുത്തിവിടുന്നതിന് തുല്യമാണ്. നല്ല ശുദ്ധാചാരങ്ങളോടും ഭക്തിയോടുംകൂടി ദിവസവും ഒരാൾവീതം വന്ന് ക്ഷേത്രം ശുദ്ധമാക്കി അന്നം തിളപ്പിച്ചുണ്ടാക്കി പൂക്കൾ അർപ്പിച്ച് അത് നിവേദിക്കണം. എന്നിട്ട് അയാൾ തന്നെ അത് ഭക്ഷിക്കണം. മറ്റുള്ളവർക്കായി ഉണ്ടാക്കുമ്പോഴാണ് നിവേദ്യത്തിൽ എലിവാൽ വീഴുന്നത്. തനിക്ക് അനുഭവിക്കേണ്ടതായതിനാൽ വൃത്തിയായി പാകം ചെയ്യും. എന്നുവച്ചാൽ ഫലം താൻ തന്നെയാണ് അനുഭവിക്കുന്നതെന്ന ബോദ്ധ്യത്തോടെ കർമ്മം ചെയ്യണമെന്ന് സാരം.

ഒന്നോർത്താൽ ജഗത്തിന്റെ സ്ഥിതി നിയന്താവ് നിർണയിക്കുന്ന ഇടങ്ങളിൽ പ്രതിഷ്ഠകൾപോലെ ഉടലെടുക്കുന്നവരാണ് നമ്മൾ. അവയിൽ ജഗന്നിയന്താവ് ജീവനെ പ്രതിഷ്ഠിക്കുന്നു. പക്ഷേ ആ ജീവനിൽ ജീവാത്മാവ് നിറഞ്ഞുവിളങ്ങണം. ആത്മാവിനെ ശരീരത്തിൽ വിളങ്ങാൻ അനുവദിക്കണമെങ്കിൽ ദേഹ, മനഃശുദ്ധികൾ നേടണം. ഭക്തിയോടെ സ്വയം സമർപ്പിച്ച് കർമ്മം ചെയ്യണം. അതിന്റെ ഫലം എന്തായാലും താൻതന്നെ ഏറ്റുവാങ്ങണം. അതാണ് ശരിയായ ഉപാസന. ഇതുതന്നെയാണ് ജീവിതവും. ഉപാസനാനിർഭരമായ ജീവിതത്തിന് ചില ക്രമങ്ങളും നിഷ്ഠകളും വേണം. തന്നിലേക്ക് അടുക്കുന്നവരെ താൻതന്നെ അതുപഠിപ്പിക്കുമെന്നാണ് ഗുരുസ്വാമി മൊഴിയുന്നത്. ദൈവത്തിനും ഭക്തർക്കുമിടയിൽ പൂജാരി അല്ലെങ്കിൽ വൈദികൻ എന്ന ഒരു മദ്ധ്യവർത്തിയെ ആവശ്യമില്ല. നേരിട്ട് ദൈവത്തെ അറിയാൻ എല്ലാവരും പ്രാപ്തരാവുകയാണ് വേണ്ടത്. സർവേക്കല്ലുകൾ സാമൂഹിക അച്ചടക്കത്തിനുവേണ്ടിയാണ് സ്ഥാപിക്കുന്നത്. ക്ഷേത്രപ്രതിഷ്ഠ നടത്തുന്നത് ജീവിതത്തിൽ അച്ചടക്കം നിലനിറുത്താനും.

അവനവനിലേക്ക് സ്വയം തിരഞ്ഞുതേറുന്നവന് അച്ചടക്കവും നിഷ്ഠയും നൽകി ദിശാസൂചകമായി നില്‌ക്കേണ്ട സർവേക്കല്ലുകളാണ് തന്റെ പ്രതിഷ്ഠകൾ എന്നാണ് ഭക്തരോടും വിമർശകരോടും ലോകത്തോടുതന്നെയും ഗുരുസ്വാമി ഉണർത്തിച്ചത്. ആരെയും തിരികെ വിമർശിക്കാതെ വിമർശകൻ ഉപയോഗിച്ച പദംകൊണ്ടുതന്നെ തന്നിലെ ആശയ ഗാംഭീര്യത്തെയും നിശ്ചയദാർഢ്യത്തെയും ബോദ്ധ്യപ്പെടുത്തുകയാണ് ഗുരുസ്വാമി. ജഗത്‌സത്യത്തെ അറിഞ്ഞ് അതിൽ ഉറച്ചിരുന്നുകൊണ്ട് കർമ്മം ചെയ്യുന്ന പരമാചാര്യനുമാത്രമേ ഇങ്ങനെ സ്വയം വിശദമാക്കിക്കൊണ്ട് വിമർശകരെപ്പോലും തന്നോടൊപ്പം ചേർത്തുപിടിച്ച് സഞ്ചരിക്കാൻ സാധിക്കൂ. എന്താണ് സ്വയം തിരഞ്ഞുതേറിടേണ്ട ആ ജഗത്‌സത്യം എന്ന് ആത്‌മോപദേശ ശതകത്തിന്റെ രണ്ടാം പദ്യത്തിൽ ഭഗവാൻ വ്യക്തമാക്കുന്നുണ്ട്:

'കരണവുമിന്ദ്രിയവും കളേബരംതൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻതൻ
തിരുവുരുവാണു തിരഞ്ഞുതേറിടേണം."

കരണമെന്നാൽ മനസ് എന്നർത്ഥം. മനസും ഇന്ദ്രിയങ്ങളും നമ്മുടെ ദേഹവും അതിലിരുന്നുകൊണ്ട് നാം അറിയുന്ന ഈ ജഗത്തും എല്ലാം പരമമായ അറിവായി പ്രകാശിക്കുന്ന പരമാത്മസൂര്യന്റെ ദിവ്യശരീരമാണ്. അതാണ് മനുഷ്യൻ സ്വയം അന്വേഷിച്ച് ബോദ്ധ്യപ്പെടേണ്ട സത്യം. ഈ സത്യത്തിലധിഷ്ഠിതരായി ജീവിക്കുമ്പോൾ തന്നിൽനിന്ന് ഒന്നും അന്യമല്ല എന്നു ബോദ്ധ്യമാകും. എതിർക്കുന്നവനിലും അനുകൂലിക്കുന്നവനിലും താൻതന്നെയാണ് നിറഞ്ഞിരിക്കുന്നത്. സ്വന്തം ബോദ്ധമണ്ഡലത്തെ സദാതെളിച്ചുവച്ചാൽ എതിർപ്പുകളും അനുകൂലനങ്ങളും അവിടെ സമരരസപ്പെടുന്നതുകാണാം. അതാണ് യാഥാർത്ഥ്യബോധമെന്നു പറയുന്നത്. യാഥാർത്ഥ്യബോധമുണർത്തുന്ന ഉപാസനയും ജീവിതനിഷ്ഠകളുമാണ് ശരീരത്തോടെയിരിക്കുമ്പോൾ നാം അനുഷ്ഠിക്കേണ്ടത്. ഗുരുസ്വാമിയിൽ അഭയം പ്രാപിക്കുന്നവർക്ക് അതെങ്ങനെ വേണമെന്ന് സമയാസമയങ്ങളിൽ അവിടുന്നുതന്നെ പഠിപ്പിച്ചുതരും. അവിടുന്ന് അരുളുന്ന മാർഗത്തിൽ ജീവിച്ചാൽ മാത്രംമതി. അങ്ങനെയല്ലാതെ ജീവിച്ചാൽ ഈശ്വരനാകുന്ന സർവേയർ അളന്നുകുറ്റിയടിച്ച ഭൂവിഭാഗത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശരീരമാകുന്ന സർവേക്കല്ലിലേക്ക് ജീവാത്മാവിനെ വിളിച്ചുവരുത്തിയിട്ട് നിരാശപ്പെടുത്തി വിടുകയാവും ഫലം.

No comments:

Post a Comment