Monday, 9 June 2014

തട്ട് കിട്ടും മുമ്പേ തലകുനിക്കണം ~സജീവ് കൃഷ്ണൻ

ഇന്റർമീഡിയറ്റ് കഴിഞ്ഞ് അമ്മയുടെ വീട്ടിൽ താമസത്തിനെത്തിയതായിരുന്നു നടരാജഗുരു. നാട്ടിൻപുറത്തെ കാഴ്ചകളിൽ മനം കുളിർത്തു നടക്കുമ്പോഴാണ് ആ ദൃശ്യം കണ്ണിൽപ്പെട്ടത്. മുട്ടിപ്പുല്ലുകൾക്കും കാട്ടുപൂച്ചെടികൾക്കുമിടയിലൂടെ വയലിന്റെ വക്കിലൊഴുകി ക്കൊണ്ടിരിക്കുന്ന നീരൊഴുക്കിൽ ഗുരു കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെയിൽ നന്നായി ഉറച്ചിട്ടുണ്ട്. സമീപത്ത് സുമുഖനായ ഒരു യുവാവ് ഗുരുവിന്റെ വസ്ത്രങ്ങൾ അടിച്ചു നനച്ച് തൂവെള്ളയാക്കി വിരിച്ചു കൊടുക്കുന്നു. ഗുരുവും ശിഷ്യനും തമ്മിലുള്ള വിശുദ്ധമായ സ്നേഹാദരത്തിന്റെ ഒരു സുന്ദര ദൃശ്യമായിരുന്നു അത്. പില്ക്കാലത്ത് നാരായണ ഗുരുകുലം സ്ഥാപിക്കാനുള്ള പ്രചോദനമായി ആ കാഴ്ച.

ജനിച്ച പഞ്ചായത്തിനപ്പുറം ലോകമുണ്ടോ എന്നറിയാതെ അന്ധവിശ്വാസികളായിക്കിടന്ന ഒരു സമുദായത്തിൽനിന്ന് പുരോഗമന ചിന്താഗതിക്കാരായ അച്ഛന്റെയും ഗുരുവിന്റെയും പ്രേരണയാൽ ലോകത്താകമാനം സഞ്ചരിക്കാനും ആധുനിക ചിന്തകളും കാഴ്ചപ്പാടും ഉണ്ടാക്കാൻ സാധിച്ച ഭാഗ്യജന്മമായിരുന്നു നടരാജഗുരുവിന്റേത്. എന്നിട്ടും സ്വന്തമായി ഒരു സ്‌കൂൾ തുടങ്ങണമെന്നുതോന്നിയപ്പോൾ കുട്ടിക്കാലത്തുകണ്ട ഗുരുശിഷ്യ പാരസ്പര്യത്തെക്കുറിച്ചാണ് അദ്ദേഹത്തിന് ഓർമ്മവന്നത്. എന്തുകൊണ്ട് ആധുനിക ഇംഗ്ലീഷ് സ്‌കൂൾ തുടങ്ങുന്നതിനു പകരം പ്രാചീനരീതിയിൽ ഗുരുകുലം തുടങ്ങി എന്നതിന് നടരാജഗുരു നല്കിയ വിശദീകരണം ഇതായിരുന്നു:'ജ്ഞാനമെന്ന അനാദിവിളക്കുതൂക്കിയിട്ടിരിക്കുന്ന ചങ്ങലയിലെ മർമ്മപ്രധാനമായ രണ്ടുകണ്ണികളാണ് ഗുരുവും ശിഷ്യനും. ഇതിൽ രണ്ടുകണ്ണികളും ഒരുപോലെ അനിവാര്യമാണ്. ഈ ജ്ഞാനദീപത്തിന്റെ വെളിച്ചം കണ്ടാണ് മനുഷ്യർ യുഗയുഗാന്തരങ്ങളായി ജീവിതത്തെ മുന്നോട്ടു നയിച്ചുപോന്നിട്ടുള്ളത്. ഗുരുവിലെ ജ്ഞാനരഹസ്യത്തെ കളങ്കമേൽക്കാതെ കൈമാറി എക്കാലവും നിലനിറുത്തുമ്പോൾ അത് സമസ്തമനുഷ്യരുടെയും ഉത്കൃഷ്ടമായ പൂർവാർജ്ജിത സമ്പത്തായി തീരുന്നു. ശുദ്ധമായ അദ്വൈതബോധമാണ് ഗുരുവിൽ നിറഞ്ഞിരിക്കുന്ന ജ്ഞാനം. ഗുരുവിൽനിന്ന് ആ ജ്ഞാനം ശിഷ്യനിലേക്ക് ഒഴുകണമെങ്കിൽ ശിഷ്യൻ അത് ശ്രദ്ധാപൂർവം ഉൾക്കൊള്ളാൻ മാനസികമായ കഴിവ് നേടിയിട്ടുണ്ടാവണം. അതിനുള്ള കടമ്പയാണ് ഗുരുകുലവിദ്യാഭ്യാസം.'

ഈ ഗുരുശിഷ്യപാരസ്പര്യം സംഭവിക്കുന്നത് ശിഷ്യൻ ഗുരുവിനെ ശ്രദ്ധാപൂർവം പരിചരിച്ചു തുടങ്ങുമ്പോഴാണ്. ഇന്നത്തെക്കാലത്താണെങ്കിൽ ഗുരു ശിഷ്യനെക്കൊണ്ട് വിടുപണി ചെയ്യിക്കുന്നു എന്നോ പാദസേവ നടത്തിക്കുന്നു എന്നോ ആരോപണമുയർന്നേക്കാം. ആധുനികവിദ്യാഭ്യാസത്താൽ നല്ല ഡോക്ടർമാരും എൻജിനിയർമാരും ഐ.ടി പ്രൊഫഷണലുകളും മാനേജ്‌മെന്റ് വിദഗ്ദ്ധരും ഉണ്ടാകുന്നുണ്ട്. എന്നാൽ നല്ല മനുഷ്യർ ഉണ്ടാകാതെ പോകുന്നതിന്റെ കാരണം ഈ ചിന്താഗതിയാണ്. അദ്ധ്യാപനം എന്നത് നല്ല ശമ്പളംകിട്ടുന്ന തൊഴിലും അവകാശസമരങ്ങളാൽ നേടിയെടുക്കാവുന്ന ആനുകൂല്യങ്ങളുടെ വിളനിലവുമാണിന്ന്. വിദ്യാഭ്യാസം തൊഴിൽ നേടാനുള്ള മാർഗവും. അതിനിടയിൽ ഗുരുശിഷ്യ പാരസ്പര്യം എന്തിന്? തലമുറകൈമാറി സൂക്ഷിക്കേണ്ട രഹസ്യവിദ്യയൊന്നുമല്ല സർവകലാശാലകളിൽ പഠിപ്പിക്കുന്നത്.

ഓരോകാലത്തിനും ഭൗതികമായി ഇണങ്ങുന്ന പദാർത്ഥബോധം മാത്രമാണ് പാഠ്യവിഷയം. പണംകൊടുത്തുവാങ്ങുന്ന വിദ്യയുപയോഗിച്ച് പണമുണ്ടാക്കുക എന്നതാണ് നമ്മു‌ടെ രീതി. അറിവുള്ളവർ സമൂഹത്തിൽ ആദരിക്കപ്പെട്ടിരുന്ന കാലം അസ്തമിച്ചു കഴിഞ്ഞു. ഏതെങ്കിലും രീതിയിൽ പണമുണ്ടാക്കിയവർ ആദരിക്കപ്പെടുന്ന സമൂഹമാണിന്നുള്ളത്. അറിവ് നേടിക്കോളൂ പക്ഷേ, അതുപയോഗിച്ച് പണവും ഉണ്ടാക്കണം എന്നതാണ് ആപ്തവാക്യം. ഇങ്ങനെയൊരുകാലം മുന്നിൽക്കണ്ടുകൊണ്ടാവാണം ഗുരുദേവന്റെ ജ്ഞാനസരണിയെ കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കുന്ന ഒരു ഗുരുകുലംവേണമെന്ന് നടരാജഗുരുവിന് തോന്നിയത്. ഒരുവിഭാഗം ഭൗതികതയിൽമുങ്ങി ഒരു വശത്തുകൂടി പായുമ്പോൾ മനുഷ്യകുലത്തെ നിലനിറുത്തുന്ന ജ്ഞാനസരണിയുമായി മറുഭാഗത്തുകൂടി സഞ്ചരിക്കുന്നവരും ഭൂമിയിൽ ഉണ്ടാകണം. സ്‌കൂളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ ചോറെടുക്കാൻ മറന്നുപോയ കുട്ടിക്ക് പിന്നാലെ അമ്മചോറ്റുപാത്രവുമായി ഓടുന്നതുപോലെയൊരു പ്രക്രിയയാണിത്.

വിദഗ്ദ്ധനായ ഡോക്ടറുടെ കഴിവിൽ വിശ്വസിച്ച് ശരീരം കീറുമുറിക്കാൻ ഏല്പിച്ചിട്ട് രോഗി ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുമ്പോൾ ഡോക്ടർ സർജറിപഠിപ്പിച്ച അദ്ധ്യാപകനെയല്ല പ്രാർത്ഥിക്കുന്നത്, ദൈവത്തെയാണ്. രോഗിയെ സംബന്ധിച്ച് വൈദ്യശാസ്ത്രമാണ് വലുത്. അതിനാൽ ഡോക്ടറിൽ വിശ്വസിക്കുന്നു. ഡോക്ടർക്കാവട്ടെ താൻ പഠിച്ച ശാസ്ത്രത്തിന്റെ പരിമിതി അറിയാം. അതിനാൽ ദൈവത്തിൽ വിശ്വസിക്കുന്നു. എല്ലാറ്റിലും നിറഞ്ഞിരിക്കുന്നതെന്തെന്ന് അറിയാത്ത അറിവ് പൂർണമല്ല. ജഗത്തിലാകെ നിറഞ്ഞുനില്ക്കുന്ന ആ അറിവാണ് ദൈവമെന്ന് ഗുരുദേവൻ വ്യക്തമാക്കുന്നു. ദൈവത്തെ അറിയാൻ എന്തുചെയ്യണമെന്ന് ആത്‌മോപദേശശതകത്തിലെ ഒന്നാം പദ്യത്തിൽ ഗുരുസ്വാമി മൊഴിയുന്നുണ്ട്:

'അറിവിലുമേറിയറിഞ്ഞിടുന്നവൻത-
ന്നുരുവിലുമൊത്തുപുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.'

പുറമേ അനുഭവിച്ചറിയാൻ കഴിയുന്ന അനുഭവതലത്തിനുമപ്പുറം അറിവിനെ അറിഞ്ഞ് സ്വയം അതായി വിളങ്ങുന്നവനാണ് പൂർണനായ ഗുരു. അവിടുത്തെ ഉള്ളിലും പുറത്തും ജ്വലിച്ചുനില്ക്കുന്ന അറിവിനെ എല്ലാ ഇന്ദ്രിയാനുഭവങ്ങളെയും ത്യജിച്ചുകൊണ്ട് നിരന്തരം വീണുവണങ്ങി പ്രാർത്ഥിച്ചാൽ മാത്രമേ ആത്മവിദ്യ സ്വായത്തമാകൂ. ഇന്ദ്രിയങ്ങൾ പകർന്ന ജീവിതാനുഭവത്തെ ത്യജിക്കുമ്പോൾ ഞാനെന്ന ഭാവം വെടിയും. ശിഷ്യൻ ഗുരുവിന്റെ ശുശ്രൂഷയിൽ ബദ്ധശ്രദ്ധനാകുമ്പോൾ കൈവരുന്നത് ശ്രദ്ധയും സമർപ്പണവുമാണ്. തന്നിൽ ശിഷ്യൻ അർപ്പിക്കുന്ന ശ്രദ്ധയും സമർപ്പണവും അറിവാകുന്ന ദൈവത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ഗുരു. അപ്പോൾ ശിഷ്യൻ ലക്ഷ്യത്തിലെത്താൻ സ്വയം സജ്ജീകരിക്കപ്പെടുന്നു. ഇതാണ് നടരാജഗുരു പറയുന്ന ഗുരുശിഷ്യ പാരസ്പര്യം. അവിടെയാണ് ഗുരുവും ശിഷ്യനും അനാദിയായ ജ്ഞാനവിളക്കിന്റെ കണ്ണികളാവുന്നത്. പൂർണസമർപ്പണമാണ് വിദ്യനേടാനും ദൈവാനുഭവം നേടാനും വേണ്ടുന്ന ആദ്യപാഠം.

കുട്ടിക്കാലത്തൊരിക്കൽ അരുവിപ്പുറത്തുവച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഗുരുദേവനെ കാൽക്കൽവീണ് വന്ദിച്ചപ്പോൾ കുഞ്ഞു നടരാജൻമാത്രം അങ്ങനെ ചെയ്യാതെ മാറി നിന്നു. 'ഡോക്ടറുടെ മകനല്ലേ, ആരുടെ മുന്നിലും തല കുനിക്കില്ല' എന്ന് ഗുരുസ്വാമി നർമ്മമധുരമായി മൊഴിഞ്ഞു. ഗുരുവിന്റെ ഈ വാക്കുകൾ നടരാജനിൽ വലിയ സ്വാധീനമുണ്ടാക്കി.കുന്നിൻമുകളിലെ പാറക്കഷണം നദിയുടെ ഒഴുക്കിൽവീണാൽ കാലക്രമേണ മിനുത്ത വെള്ളാരം കല്ലുകളാകും. ഒരു പാറക്കല്ലിനെ സ്വയം പരുവപ്പെടാനായി നദിയിലേക്ക്  തട്ടിയിടുന്നതു പോലെയായിരുന്നു ഗുരുവിന്റെ ഈ വാക്കുകൾ. കാലക്രമത്തിൽ സ്വന്തം ജീവിതം തന്നെ ഗുരുവിന് അർപ്പിച്ചുകൊണ്ട് തൃപ്പാദങ്ങളിൽ തെരുതെരെ വീണ് വണങ്ങിയോതുന്ന ശിഷ്യനായി നടരാജൻ. അങ്ങനെ അദ്ദേഹം ആത്മവിദ്യയ്ക്ക് അധികാരിയായി. നമ്മുടെയെല്ലാം ഉള്ളിൽ പരമാത്മസ്വരൂപനായിരുന്ന് അനുഭവങ്ങളാകുന്ന ചില തട്ടുകൾ ഗുരുദേവൻ നൽകാറുണ്ട്. നാം സ്വയം പരുവപ്പെടാനായി ഭഗവാൻ നടത്തുന്ന ഇത്തരം ദൈവികമായ ഇടപെടൽ ശരിയായി ഉൾക്കൊള്ളാൻ അഹന്തയും അറിവില്ലായ്മയും കാരണം നമ്മിൽ പലർക്കും സാധിക്കാതെ പോകുന്നു. അറിവിനെയും അറിവുള്ളവനെയും വണങ്ങിയോതാൻ മടികാട്ടുന്നതിനാലാണ് നാം പ്രാരാബ്ധദുഃഖങ്ങളിൽപ്പെട്ട് വലഞ്ഞ് ലക്ഷ്യത്തിലെത്താതെ പോകുന്നത്.

No comments:

Post a Comment