Wednesday, 24 September 2014

"എന്റെ ഗുരുനാഥന്‍...." - ഡോ കെ ജെ യേശുദാസ്

"ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്"


എന്റെ ജീവിതത്തിലെ വലിയൊരു കാല്‍വയ്പ്പ് ശ്രീനാരായണ ഗുരുദേവന്റെ ഈ മഹാകാവ്യം പാടിക്കൊണ്ടായിരുന്നു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യങ്ങളിലൊന്നായി കാണുന്നത്. 'കാല്‍പ്പാടുകള്‍' എന്ന സിനിമക്കായി ഞാന്‍ ആദ്യം പാടിയതും ഇപ്പോഴും എപ്പോഴും പാടാന്‍ ആഗ്രഹിക്കുന്നതും ഈ നാലുവരികളാണ്. ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം എന്നതിലുപരി ആ വരികളിലൂടെ ഗുരു കാട്ടിത്തന്ന മഹാതത്വമാണ് എനിക്കു പ്രിയപ്പെട്ടത്. എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വരികളാണിത്. ഗുരുദേവന്‍ എനിക്കും ജീവിത ഗുരുവാകുന്നതും അതുകൊണ്ടാണ്.

മതജാതികള്‍ ഏറെയുള്ള നമ്മുടെ സമൂഹത്തിന് ഇത്രത്തോളം ലളിത സുന്ദരമായി ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു തന്ന മറ്റൊരു ഗുരുവും വരികളുമുണ്ടോ എന്നു സംശയമാണ്. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത സുന്ദര സ്ഥാനം എന്ന് ഗുരു പറഞ്ഞത് കേരളമാവാം, ഇന്ത്യയാവാം, ഈ ലോകം തന്നെയാവാം. അതൊരു സുന്ദരമായ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് നാം അടുത്തോ അകന്നോ എന്നത് ഗുരുദേവന്റെ ഈ സമാധി ദിനത്തില്‍ നാം സ്വയം വിലയിരുത്തേണ്ടതാണ്. ഈ നാലു വരികള്‍ സിനിമക്കായി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥ വ്യപ്തിയെന്തെന്ന് അത്രത്തോളം ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് അത് ഉള്‍ക്കൊണ്ടപ്പോഴാണ് എനിക്കു കൈവന്ന നിയോഗത്തെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയത്. ആ വരികളുടെ സത്ത സ്വന്തം ജീവിത്തില്‍ കഴിയാവുന്നിടത്തോളം പകര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്.

പല ഭാഷകളിലും ദേശങ്ങളിലും മഹാതത്വങ്ങള്‍ പറയുന്ന മഹാകാവ്യങ്ങളും ഉപനിഷത്തുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ ആ വലിയ തത്വങ്ങളെയെല്ലാം ഏതു സാധാരണക്കാരന്റേയും ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന തരത്തില്‍ ചെറിയ വാക്കുകളിലൂടെ ലളിതമായി പറയുകയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹം ജനങ്ങളോട് പറഞ്ഞ ഓരോ വാക്യങ്ങളിലും കുറിച്ച വരികളിലും ആ ലാളിത്യവും ആഴവും കാണാം.

ഈഴവ സമുദായത്തിന്റെയല്ല, മാനവ ജാതിയുടെ തന്നെ ഗുരുവാണ് അദ്ദേഹം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്നും ജാതി ചോദിക്കരുത് പറയരുത് എന്നും പറഞ്ഞ മഹാനായ ഗുരുവിനെ ഒരു ജാതിയുടെ ഗുരുവായി കാണുക എന്നതാണ് ആ മഹാത്മാവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ നിന്ദയും വിവരക്കേടും. അസാമാന്യമായ ജീവിത ജ്ഞാനമായിരുന്നു ഗുരുദേവന്റേത്. അതുകൊണ്ടാണ് ജനങ്ങളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ജാതി ചിന്തയ്ക്കും അയിത്തത്തിനും മറ്റ് അനാചാരങ്ങള്‍ക്കുമെതിരെ ഗുരു കാട്ടിക്കൊടുത്ത മാതൃകകളും നടത്തിയ മുന്നേറ്റങ്ങളും കേരള സമൂഹത്തിന്റെ മനസാക്ഷിയെയാണ് മുന്നോട്ടു നയിച്ചത്. ശ്രീനാരായണ ഗുരുദേവന്‍ ഈ നാടിന്റെയാകെ ഗുരുവാകുന്നതും അതുകൊണ്ടാണ്.

ഓണക്കാലക്കിനു പിന്നാലെയാണ് ഗുരുദേവന്റെ സമാധി ദിനം വരുന്നത്. അത് മറ്റൊരു വലിയ ചിന്തയ്ക്കു വഴിവയ്ക്കുന്നുണ്ട്. കാരണം നമ്മുടെ നാട്ടില്‍ ഏറ്റവും അധികം മദ്യം വിറ്റും കുടിച്ചും തീര്‍ക്കുന്നൊരു കാലമാണ് മാവേലി നാടുകാണാനെത്തുന്ന ഓണക്കാലം. ഏതൊക്കെ നാട്ടുകാരാണ് കുടിയില്‍ റെക്കോര്‍ഡ് ഇട്ടതെന്ന കണക്കുകള്‍ ഉടന്‍ പുറത്തു വരും.

കുടിയുടെ റെക്കോര്‍ഡുള്‍ അഭിമാനത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും. അറിയാതെ, ഗുരുദേവന്‍ പറഞ്ഞത് മനസിലേക്കെത്തും. മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, കഴിക്കരുത് എന്നാണ് ഗുരു പറഞ്ഞത്. ഈ ലഹരി എക്കാലവും വ്യക്തിയേയും കുടുംബത്തേയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന തത്വം മനസിലാക്കി തന്നെയാവണം ഗുരു അങ്ങനെ അരുള്‍ ചെയ്തത്. അത് എത്ര ശരിയാണെന്ന് ഓരോ സംഭവങ്ങളുണ്ടാവുമ്പോഴും നാം അറിയുന്നു. ഗുരുദേവനെ വണങ്ങുന്നവരെല്ലാം ഗുരുപറഞ്ഞ ഈ വാക്യം എത്രത്തോളം സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ ഒരു ഗുരുവാക്യമെങ്കിലും എല്ലാവരും സ്വന്തം ജീവിത്തില്‍ പാലിച്ചിരുന്നെങ്കില്‍ തന്നെ നമ്മുടെ സാമൂഹ്യ അന്തരീക്ഷത്തില്‍ എന്തു വലിയ മാറ്റംഉണ്ടാവുമായിരുന്നു....!

കുടിക്കുന്ന സാധാരണക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജീവിതത്തില്‍ യാതനകളും സങ്കടങ്ങളുമുള്ളവര്‍ അതെല്ലാം മറക്കാനും അതിജീവിക്കാനും ലഹരിയില്‍ അഭയം പ്രാപിക്കുകയാണ്. അതിനുള്ള സൗകര്യമൊരുക്കി സര്‍ക്കാര്‍ തന്നെ നാടുനീളെ മദ്യവില്‍പ്പന ശാലകള്‍ തുറന്നിട്ടുമുണ്ട്. ഇതാണത്രേ സര്‍ക്കാറിന്റെ വരുമാന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം. ലോകത്തിനു തന്നെ മാതൃകയായ ഗുരുദേവന്‍ പിറന്ന നാട്ടിലെ സ്ഥിതിയാണിത്. പാവങ്ങളുടെയും അവരുടെ കുടുംബങ്ങളുടേയും സമാധാനം നശിപ്പിച്ചിട്ടുള്ള കണ്ണീര്‍ പണമാണ് സര്‍ക്കാര്‍ ഇങ്ങനെ ഖജനാവിലേക്ക് വമ്പോടെ സ്വരുക്കൂട്ടുന്നത്.

ഇങ്ങനെയുള്ള സമ്പത്ത് വേണമോ എന്ന് അധികാരികള്‍ ചിന്തിക്കണം. സര്‍ക്കാറിന് ഖജനാവിലേക്ക് നേരുള്ള പണം സ്വരൂപിക്കാന്‍ വേറെ എത്രയോ മാര്‍ഗം കണ്ടെത്താനാവും....! ജനങ്ങളുടെ ക്ഷേമത്തിനാവണം ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ലഹരിയില്‍ മുക്കി കിട്ടുന്ന പണം കൊണ്ട് ക്ഷേമം നടപ്പാക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയൊരു പുനര്‍ ചിന്തയുണ്ടായാല്‍ അതായിരിക്കും ഗുരുദേവന് സമര്‍പ്പിക്കാവുന്ന വലിയൊരു ആദരം.

സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒരു ഗുരുവിനെ പോലെ പിന്തുടര്‍ന്ന മഹാത്മാ ഗാന്ധിയ്ക്കും ഗുരുവായിരുന്നു നമ്മുടെ ഗുരുദേവന്‍. അതുകൊണ്ടാണ് അദ്ദേഹം ഗുരുവിനെ ഇവിടെയെത്തി കണ്ട് വണങ്ങിയതും ചര്‍ച്ച നടത്തിയതും. മഹാനായ ഗുരുവും മഹാത്മായ ഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച സമൂഹത്തിനുനല്‍കിയ സന്ദേശവും വലുതാണ്. ഗുരുദേവ വചനങ്ങള്‍ എത്രത്തോളം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനായി എന്നതാവട്ടെ ഈ ഗുരുദേവ സമാധി ദിനത്തില്‍ ഓരോ ഗുരുദേവ ശിഷ്യരുടേയും ചിന്താവിഷയം. ആ ചിന്ത ജീവിതത്തില്‍ പുതിയൊരുവെളിച്ചം പകരുമെങ്കില്‍ അതാണ് ഏറ്റവും വലിയ ഗുരുപൂജ.

No comments:

Post a Comment