Saturday, 6 September 2014

ശ്രീനാരായണ ഗുരുദേവന്‍ എന്നും യുവമനസ്സുകള്‍ക്കൊപ്പം~

ലോകത്തിന്റെ സമസ്ത കോണുകളിലേക്കും മനസ്സിന്റെ ജാലകം തുറന്നുവയ്ക്കുന്ന സ്വതന്ത്രചിന്തയാണ് യുവത്വത്തിന്റെ പ്രതീകം. അവന്റെ മുന്നില്‍ വിശ്വാസങ്ങളും ആചാരങ്ങളും വേലികെട്ടിത്തിരിക്കുന്നില്ല. അവന്റെ പ്രണയത്തിനുപോലും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും വേലക്കെട്ടുകളില്ല. നവ മാധ്യമ സംസ്കാരത്താല്‍ നയിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് ഇതൊക്കെ ഏതൊരു യുവാവിനും കൈയെത്തും ദൂരെ മാത്രമിരിക്കുന്ന സ്വാതന്ത്യ്രക്കനികളാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു ഇരുണ്ടകാലം നമ്മുടെ അധികം പഴകാത്ത ഭൂതകാലത്തില്‍ ഉണ്ട്. ദേശവും മതവും ജാതിയും വേലികെട്ടിത്തിരിച്ച പന്തീരാണ്ടുസഭയുടെ ഭരണകാലം. അന്ന് വിശാലമായ ലോകത്തിന്റെ പ്രാണവായു നുകരാന്‍ കൊതിച്ച ഒരു പറ്റം ചെറുപ്പക്കാര്‍ ആശ്രയം തേടിയെത്തിയത് അവരേക്കാള്‍ പ്രായത്തില്‍ വളരെ മുമ്പിലല്ലാത്ത ഒരു മഹാതപസ്വിയുടെ അടുത്തായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുവായിരുന്നു ആ പ്രതീക്ഷയുടെ തണല്‍ വൃക്ഷം.

അരുവിപ്പുറത്ത് നവസ്വാതന്ത്യ്രബോധത്തിന്റെ കാഹളം ഉണര്‍ത്തുമ്പോള്‍ ശ്രീനാരായണഗുരുവിന് വയസ് 32. യുവത്വം അതിന്റെ സകലധീരതയോടുംകൂടി ശരീരത്തിനു താങ്ങായി നില്‍ക്കുന്ന കാലം. ഹൃദയത്തില്‍ വിശാലതയ്ക്ക് ഇടംകൊടുക്കാന്‍ ആഗ്രഹിച്ചവരൊക്കെയും അക്കാലം ഭൂഗോളത്തിന്റെ സ്പന്ദനമറിയാന്‍ അരുവിപ്പുറത്തേക്ക് യാത്രപുറപ്പെട്ടു. അവര്‍ക്കിടയില്‍നിന്ന് വിശ്വമാനവികതയ്ക്ക് താന്‍ നല്‍കുന്ന പുതിയ നിര്‍വചനത്തിന് അപ്പോസ്തലന്‍മാരെ തേടുകയായിരുന്നില്ല ഗുരുദേവന്‍. സ്വന്തം ബുദ്ധിയെ ഉണര്‍ത്തി ചിത്തപ്രസാദംവരുത്തി അവനവനിലൂടെ സ്വയം ലോകത്തെ കണ്ടെത്താന്‍ എല്ലാവര്‍ക്കും അവസരം നല്‍കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശിഷ്യഗണങ്ങളോടുപോലും അദ്ദേഹം അനുവര്‍ത്തിച്ച നയം ഇതായിരുന്നു. സ്വയംവളരാന്‍ ആ യുവാവ് ഒരുക്കിക്കൊടുത്ത പ്ളാറ്റ്ഫോമില്‍നിന്ന് ലോകത്തെ എത്തിപ്പിടിച്ച നിരവധി ചെറുപ്പക്കാരെ പിന്നീട് സമൂഹം അറിഞ്ഞു. കായിക്കരയിലെ ഒരു ദരിദ്രകുടുംബത്തില്‍ പകര്‍ച്ചവ്യാധിയില്‍ ജീവന്‍പൊലിഞ്ഞുപോകുമോ എന്ന് മരണഭീതിയോടെ കൌമാരം ചെലവിട്ട കായിക്കര കുമാരവില്‍ നിന്ന് ആധുനികമലയാളകവിത്രയങ്ങളില്‍ ഒന്നാമനായ കുമാരനാശാനെ സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുവിന്റെ അവസരോചിതമായ ഇടപെടലാണ്. കുമാരന്റെ മേധാശക്തിയെ അതിരുകളില്ലാത്ത ലോകത്തേക്ക് വളരാന്‍വിടുകയായിരുന്നു ഗുരുദേവന്‍. ബാംഗ്ളൂരും ബംഗാളും കായിക്കര കുമാരുവിലെ കുമാരനാശാന്‍ എന്ന നവോത്ഥാന നായകനെ പരുവപ്പെടുത്തി. സംസ്കൃതവും തമിഴും പഠിച്ചുറച്ച ആശാന്റെ വിദ്യാസമ്പത്തിന്് ഇംഗ്ളീഷ് ഭാഷയിലൂടെ ലോകജാലകം തുറന്നിട്ടതിലൂടെ ഗുരുദേവന്‍ ഒരു നേട്ടം ലക്ഷ്യംകണ്ടു. ശൃംഗാര കവിതകള്‍ക്കായി പേറ്റുനോവറിഞ്ഞു തളര്‍ന്ന മലയാളഭാഷയ്ക്ക് നവകവിതയുടെ പുതുശോഭ ലഭിച്ചു എന്നതായിരുന്നു ആ നേട്ടം.

പഠിക്കാന്‍ ബുദ്ധിയും കഴിവുമുണ്ടായിട്ടും സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ പഠനം മുടങ്ങുമെന്ന അവസരത്തിലാണ് സഹോദരന്‍ അയ്യപ്പനെന്ന കെ. അയ്യപ്പനെ ഗുരുദേവന്‍ കാണുന്നത്. അയ്യപ്പന്റെ പഠനം ഏറ്റെടുത്തുകൊണ്ട് ഗുരു കുമാരനാശാന് കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ പറഞ്ഞു. " അയ്യപ്പന് പണം നല്‍കുക . ആ പണം വിദ്യയാകും. അത് പിന്നെ സാമൂഹസേവനമാകും" എന്ന്. "മതംവേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളക്കരയാകെ മനുഷ്യത്വത്തിന്റെ മഹനീയത പ്രചരിപ്പിച്ച് അയ്യപ്പന്‍ നിറഞ്ഞുനിന്നു. അയ്യപ്പന് വിദ്യനല്‍കിക്കൊണ്ട് ഗുരു നമ്പൂതിരിസമുദായത്തിലും പരോക്ഷമായി ഇടപെട്ടത് ചരിത്രം അവലോകനം ചെയ്യുമ്പോള്‍ ബോധ്യമാകും. നമ്പൂതിരിസമുദായത്തിലെ യുവതലമുറയെ തളച്ചിട്ട അനാചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വി. ടി. ഭട്ടതിരിപ്പാടിന് പ്രചോദനമായത് സഹോദരന്‍ അയ്യപ്പനുമായുണ്ടായിരുന്ന കൂട്ടുകെട്ടാണ്.

എം. എയും എല്‍. റ്റിയും ഒരുമിച്ച് ജയിച്ച വാര്‍ത്തയുമായി വീട്ടിലെത്തിയപ്പോഴാണ് ഡോക്ടര്‍ പല്പുവിന്റെ മകന്‍ നടരാജന് ഗുരുവിന്റെ വിളിയുണ്ടായത്. അന്ന് ഗുരുവിനൊപ്പം ജീവിതം ഉഴിഞ്ഞുവച്ചിറങ്ങിയ നടരാജനാണ് ലോകംമുഴുവന്‍ ഗുരുധര്‍മ്മം പ്രചരിപ്പിച്ച് പ്രശസ്തനായ നടരാജഗുരുവായി മാറിയത്. നടരാജനെ തന്റെ ഒപ്പം ശുശ്രൂഷാദികള്‍ക്ക് നിര്‍ത്താതെ അറിവിന്റെ വിശാലലോകത്തേക്ക് യാത്രയാക്കി ഗുരു. പാരീസിലെ സെര്‍ബോണ്‍ സര്‍വകലാശാലയിലേക്കാണ് അയച്ചത്. തന്നോടൊപ്പം ശിഷ്യത്വം കൊതിച്ചെത്തിയ ഓരോ യുവാവിലും അയാളുടെ വാസനയ്ക്ക് അനുസരിച്ചുളള വിദ്യാഭ്യാസം നല്‍കാന്‍ ഗുരു യത്നിച്ചിരുന്നു. ഇങ്ങനെ എത്രയോ കഥകള്‍ എടുത്തുപറയാം.

പരവൂര്‍ സ്വദേശിയായ കരുണാകരന്‍ ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയി അക്കാലത്ത്. അവിടെവച്ച് മാര്‍ഗരറ്റ് എന്ന ജര്‍മ്മന്‍ യുവതിയുമായി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഈ വിവാഹത്തെ എതിര്‍ത്തു. രക്ഷതേടി അവര്‍ എത്തിയത് ശിവഗരിക്കുന്നില്‍. "രണ്ടു സംസ്കാരങ്ങള്‍ ഒന്നാകുന്ന കാര്യമല്ലേ നമുക്ക് നടത്തിക്കളയാം" എന്നായിരുന്നു ഗുരുവിന്റെ നിലപാട്. കടല്‍താണ്ടിയുളള യാത്രപോലും നിഷിധമായിരുന്ന കാലത്താണ് ഗുരുവിന്റെ ഈ നിലപാടുകള്‍ എന്നോര്‍ക്കണം. ശിവഗിരിയിലെ ശാരദാക്ഷേത്രത്തിനുമുന്നില്‍ അവര്‍ ഗുരുവിന്റെ കാര്‍മ്മികത്വപുണ്യം നുകര്‍ന്ന് ജീവിത പങ്കാളികളായി. സംന്യാസം എന്നാല്‍ കാവിചുറ്റിയ പ്രഹസനമല്ലെന്ന് പറയാന്‍ ധൈര്യംകാട്ടിയ ഋഷിവര്യനായിരുന്നു ഗുരുദേവന്‍. അരുവിപ്പുറത്തും ആലുവയിലും സംസ്കൃതസ്കൂളുകള്‍ സ്ഥാപിച്ച ഗുരുദേവന്‍ തന്റെ ആസ്ഥാനമായ ശിവഗിരിയില്‍ തുടങ്ങിയത് ഇംഗ്ളീഷ് സ്കൂളായിരുന്നു. ഇത് സ്ഥാപിക്കാന്‍ ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാമൂര്‍ത്തിയായ ഗുരു നേരിട്ട് വെയിലേറ്റ് പരിവിനിറങ്ങിയ അനുഭവങ്ങള്‍ ഏതു യൌവനത്തെയും പുളകിതമാക്കുന്ന കഥകളാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസമാണ് ലോകത്തെ അറിയാന്‍ നല്ലതെന്ന് ഗുരു പറഞ്ഞത് പില്‍ക്കാല സമൂഹം ശരിവച്ചു.

ഇസങ്ങള്‍ക്ക് അടിയവറവയ്ക്കാത്ത സ്വതന്ത്ര യുവത്വത്തിന് ഇന്നും ധൈര്യം പകരുന്ന സാന്നിദ്ധ്യമാണ് ഗുരുദേവന്‍. ആ ദര്‍ശനഗരിമയിലൂടെ സഞ്ചരിച്ചാല്‍ ലോകം കൈക്കുമ്പിളിലെന്നപോലെ തെളിഞ്ഞുവരും. ലോകയുവജനത ഇന്ന് ഗുരുവിന്റെ വഴി തിരിച്ചറിയുന്നു എന്നതിന് ഉദാഹരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വെബ്ലോകത്തും കാണുന്നുണ്ട്. ഗുരുവിന്റെ ചിന്തകള്‍ ഷെയര്‍ ചെയ്യാനായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകള്‍ ലോകത്താകമാനമുളള ഗുരുദേവവിശ്വാസികളായ യുവജനതയെ തമ്മിലിണക്കുന്നുണ്ട്. ഫേസ് ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. ഗുരുദര്‍ശനത്തെ പുതിയ കാഴ്ചപ്പാടില്‍ കാണാനും അവതരിപ്പിക്കാനും നവ മാധ്യമലോകത്ത് അവര്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തെ ആശ്രയിച്ചാണ് ഇനി നവലോകത്തിന്റെ നിലനില്‍പ്പ്.

(കേരളകൌമുദിയുടെ 2011ലെ ശിവഗിരി തീര്‍ത്ഥാടന സ്പെഷ്യല്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം)

No comments:

Post a Comment