പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ.പല്പു (പത്മനാഭൻ) എന്ന വിദഗ്ദ്ധ ഭിക്ഷഗ്വരന്റെ രണ്ടാമത്തെ മകനായി 1895 ഇൽ ബാംഗ്ലൂരിൽ നടരാജ ഗുരു ജനിച്ചു. തിരുവനന്തപുരത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാൻഡി (ശ്രീലങ്ക) യിൽ നിന്നു മെട്രിക്കുലേഷൻ ചെയ്തു.മദ്രാസ് പ്രസിഡൻസി കോളെജിൽ നിന്നു ഭൂമിശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടി.മദ്രാസ് സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അദ്ദേഹം ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.
അദ്ദേഹം നാരായണഗുരുവിനെ ആദ്യമായി കാണുന്നത് ബാംഗ്ലൂരിലെ തന്റെ ഭവനത്തിൽവെച്ചാണ്. പഠനത്തിനു ശേഷം അദ്ദേഹം ശ്രീനാരായണ ഗുരുവിനെ കണ്ട് ഗുരുവിന്റെ ആശ്രമത്തിൽ ചേരുവാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ശ്രീനാരായണ ഗുരു സന്യാസത്തിന്റെ ത്യാഗവും കഷ്ടതകളും പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടരാജ ഗുരുവിന്റെ ആത്മാർത്ഥതയിൽ ബോദ്ധ്യം വന്നപ്പോൾ അദ്ദേഹത്തെ ആശ്രമത്തിലെ അന്തേവാസിയായി സ്വീകരിച്ചു. ആലുവയിലെ അദ്വൈത ആശ്രമത്തിലും വർക്കല ശിവഗിരിയിലെആശ്രമത്തിലും അദ്ദേഹം തന്റെ സന്യാസത്തിന്റെ ആദ്യകാലം ചിലവഴിച്ചു. ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വർക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂർണാർപ്പണവും സ്കൂൾ നടത്തിപ്പിലെ അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരിൽനിന്നും എതിർപ്പുകൾ ക്ഷണിച്ചു വരുത്തി.
ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേൺ ഹില്ലിൽ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വർഷത്തോളം കുട്ടികളെ പഠിപ്പിക്കുവാൻ ചിലവഴിച്ചു. ശ്രീനാരായണ ഗുരു ഒരിക്കൽ ഫേൺ ഹിൽ സന്ദർശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പിൽ വിലപ്പെട്ട ഉപദേശങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാരണം നാരായണ ഗുരുകുലം 1927 ഇൽ അടച്ചു പൂട്ടേണ്ടി വന്നു.
നടരാജ ഗുരു വർക്കലയിൽ തിരിച്ചു പോയി ശ്രീനാരായണ ഗുരുവുമൊത്ത് ഏതാനും മാസങ്ങൾ ചിലവഴിച്ചു. ശ്രീ നാരായണ ഗുരുവിന്റെ ആരോഗ്യം മോശമാവുകയും അദ്ദേഹത്തെ ചികത്സക്കായി പല സ്ഥലങ്ങളിലും കൊണ്ടുപോവുകയും വേണ്ടിവന്ന ഈ കാലഘട്ടം ആയിരുന്നു അത്. ഈ യാത്രകളിൽ നടരാജ ഗുരു ശ്രീനാരായണ ഗുരുവിനെ അനുഗമിക്കുകയും ഇരുവരും ആശയങ്ങൾ കൈമാറുകയും ശ്രീനാരായണ ഗുരു നടരാജ ഗുരുവിന്റെ പല സംശയങ്ങളും നിവാരണം ചെയ്യുകയും ചെയ്തു. തന്റെ വിപുലമായ ശിഷ്യഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ ആവാതെ ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ ഉപരിപഠനത്തിനായി യൂറോപ്പിലേക്ക് അയച്ചു.
ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയിൽ നിന്നു യാത്ര തിരിച്ചതെങ്കിലും മാർഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സർലാന്റിലെ ജനീവയിൽ കപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകൾക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തിൽ ജോലി ലഭിച്ചു. ഇവിടെ ഊർജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം ഫ്രഞ്ച് ഭാഷ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായപാരീസിലെ സോർബോൺ സർവകലാശാലയിൽ ഡോക്ടറേറ്റിനു ചേർന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്രി ബെർഗ്ഗ്സൺ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനായ ഷാൺ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങൾ നാരായണ ഗുരുവിനെ സ്വാധീനിച്ചു. അഞ്ചു വർഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരിൽ തന്റെ പ്രബന്ധം സമർപ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ധത്തെ സോർബോണിലെ പ്രബന്ധ കമ്മിറ്റി സഹർഷം അംഗീകരിക്കുകയും ഏറ്റവും ഉയർന്ന മാർക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് സമ്മാനിക്കുകയും ചെയ്തു. ജനീവയിൽ വെച്ച് സൂഫി ചതുർവാർഷികം എന്ന പ്രസിദ്ധീകരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ൻ റോളണ്ട് ഉൾപ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകൾ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവിന്റെ വാക്ക്” എന്ന പ്രശസ്ത ഗ്രന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയിൽ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി.
നടരാജ ഗുരു 1933 ഇൽ ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവൻ രണ്ടു വർഷത്തോളം സഞ്ചരിച്ചു. അർഹമായ ഒരു ജോലിയുടെ അഭാവത്തിൽ അദ്ദേഹം ഊട്ടിയിൽ തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവിൽ ജോൺ സ്പീർസ് എന്ന സ്കോട്ട്ലാന്റുകാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.