Sunday, 22 March 2015

ഒരു അസാധാരണ സമ്മേളനം - സ്വാമി മുനി നാരായണ പ്രസാദ്

ഇക്കഴിഞ്ഞ മെയ്‌ 25ന് വര്‍ക്കല നാരായണഗുരുകുലത്തില്‍ അസാധാരണമായ ഒരു സമ്മേളനം ചേര്‍ന്നു. അങ്ങനെയൊന്നും നടക്കാന്‍ പോകുന്നു എന്ന്, അതില്‍ പങ്കെടുക്കുന്നവരല്ലാതെ ആരും അറിഞ്ഞിരുന്നില്ല. പത്രവാര്‍ത്തകള്‍ ഒന്നുമുണ്ടായിരുന്നില്ല. 

കാലത്തു പത്തു മണി ആയപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ വകവെക്കാതെ അറുന്നൂറോളം പേര്‍ ബ്രഹ്മവിദ്യാമന്ദിരം ഹാളില്‍ ഒത്തുകൂടി. ഹാള്‍ നിറഞ്ഞിട്ടു ആളുകള്‍ക്ക് വരാന്തയില്‍ നില്‍ക്കേണ്ടി വന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരയുള്ള ഭാഗ‌‌ങ്ങളില്‍ നിന്നു വന്നുചേര്‍ന്ന ഇവരില്‍ 6-ം സ്റ്റാന്‍ഡേര്‍ഡില്‍‌ പഠിക്കുന്നവര്‍ മുതല്‍ 84 വയസ്സ് പ്രായമായവര്‍ വരെ ഉണ്ടായിരുന്നു. എല്ലാവരും ഒരു പരീക്ഷയില്‍ പങ്കെടുത്തവര്‍. നാരായണ ഗുരുകുലത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ എന്ന പുസ്തകത്തെ ആധാരമാക്കി നടത്തിയ പരീക്ഷയില്‍ പങ്കെടുത്തവര്‍ ആയിരുന്നു എല്ലാവരും. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിച്ചവര്‍ക്കും സ്കോളര്‍ഷിപ്പുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കാനും, ആ പുസ്തകത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ഗ്രന്ഥകര്‍ത്താവിനോട് തന്നെ ചോദിച്ചു പരിഹരിക്കാനും വേണ്ടിയുള്ളതായിരുന്നു സമ്മേളനം.

അറിവിന്‌ ആദ്യവും അവസാനവും ഇല്ലെന്നാണ് നാരായണ ഗുരു പഠിപ്പിക്കുന്നതും, വേദാന്തത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നതും അപ്പോള്‍ ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ എന്ന പേര്‍ എങ്ങനെ പുസ്തകത്തിനിട്ടു. ഇതൊരു കുട്ടിയുടെ സംശയമാണ്. അറിവ്‌ ആദ്യവും അവസാനവും ഇല്ലാത്തതാണെന്ന് അറിയുന്നതും ഒരു അറിവാണല്ലോ. ആ അറിവിലേക്ക് കടക്കാനുള്ള ആദ്യ പടവുകളാണ് ഈ പുസ്തകത്തിലെ പാഠങ്ങള്‍.

ഇമ്മാതിരിയുള്ളതാണ് കുട്ടികളുടെ ചോദ്യങ്ങള്‍. എന്നാല്‍ മുതിര്‍ന്നവര്‍ ചോദിക്കുമ്പോള്‍ പുസ്തകത്തിലെ പഠനവിഷയതിന്‍റെ പുറത്തുള്ള ചോദ്യങ്ങളും കടന്നുവരുകയുണ്ടായി. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സമയം കിട്ടിയില്ല .

ഈ സംരംഭത്തിന്‍റെ മൂല്യം എത്ര മാത്രമാണെന്ന് വ്യക്തമാക്കികൊണ്ട് സ്വാമി ത്യഗീശ്വരന്‍, ശിവഗിരി മടത്തിലെ സ്വാമി ധര്‍മചൈതന്യ, ശ്രി. എസ്.രാധാകൃഷ്ണന്‍, സ്വാമി ശാന്താനന്ദ തീര്‍ഥ, സ്വാമിനി ജ്യോതിര്‍മയി ഭാരതി, ശ്രി. ആര്‍.സുഭാഷ് എന്നിവരും സംസാരിച്ചു.

ഭാരതീയരായി ഭാരതത്തിലും പുറത്തും കഴിയുന്ന ജനകോടികളില്‍ മിക്കവര്‍ക്കും ഭാരതീയ സംസ്കാരത്തെപ്പറ്റി കാര്യമായ വിവരമൊന്നും ഇല്ല എന്നതാണ് വസ്തുത. നമ്മുടെ വിദ്യാഭ്യാസ രീതിയിലും ജീവിതത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടിലുമൊക്കെ ഉണ്ടായ സമൂലമായ പരിവര്‍ത്തനമാണ് ഇതിനൊരു മുഖ്യകാരണം എന്ന് പറയാം. ഏകദേശം ഒരു നൂറ്റാണ്ട് കാലം മുന്‍പ് ഇവിടെ വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.എന്നാലും അതിലേക്കു പ്രവേശിക്കുന്നവരോട്, ‘പഠനം ഏതുവരെ ആയി’ എന്ന് ചോദിച്ചാല്‍ കിട്ടാറുള്ള മറുപടി ‘രഘുവംശം വരെ ആയി, അല്ലെങ്കില്‍ ശാകുന്തളം വരെ ആയി’ എന്നൊക്കെ ആയിരിക്കും. ഇപ്പോഴാകട്ടെ ബി.ടെക് വരെ ആയി അഥവാ ബി.ബി.എ വരെയായി എന്നൊക്കെ ആയിരിക്കും കിട്ടുന്ന മറുപടികള്‍. ഈ വ്യത്യാസം സൂചിപ്പികുന്നത്, പഠിക്കുന്ന വിഷയങ്ങളുടെ കാര്യത്തിലും, എന്തിനു പഠിക്കുന്നു എന്നതിലും ഉണ്ടായ മാറ്റമാണ്. ഓരോ വ്യക്തിയിലേയും മനുഷ്യത്വത്തെ പൂര്‍ണവളര്‍ച്ചയിലെത്തിച്ച് അവനെ സംസ്കൃത ചിത്തനാക്കി തീര്‍ക്കുക എന്നതായിരുന്നു അന്നത്തെ വിദ്യാഭ്യാസ ലക്ഷ്യം. ഒരു മകന്‍ സഭയില്‍ മുഖ്യസ്ഥാനത്തിരിക്കുന്നത് കാണാന്‍ ഇടയാവുക എന്നതാണ് അച്ഛന് ജീവിതത്തില്‍ ഏറ്റവും നിര്‍വൃതി നല്കുന്നത് എന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ ഇന്ന് ബി.ടെക്, ബി.ബി.എ, എം.ബി.എ. എന്നിങ്ങനെയുള്ള ഡിഗ്രീകള്‍ക്ക് വേണ്ടി പഠിക്കുന്നവരുടെ ലക്ഷ്യം ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുക എന്നതാണ്. അങ്ങനെ പണം ഉണ്ടാക്കി വലിയ ബാങ്ക് ബാലന്‍സ് ഉള്ളവനായി മകന്‍ ജീവിക്കുന്നത് കാണുന്നതാണ് പിതാവിന് നിര്‍വൃതി നല്‍കുന്നത് എന്നതാണ് ഇന്നത്തെ അവസ്ഥ. പണം ജീവിക്കാന്‍ വേണ്ടിയുള്ളതാണ്, ജീവിതം പണത്തിനുവേണ്ടിയുള്ളതല്ല എന്ന കാര്യം രക്ഷാകര്‍ത്താക്കളോ വിദ്യാര്‍ത്ഥികളോ ഓര്‍ക്കാറില്ല. ഇതെല്ലാം മുഖാന്തരം സാംസ്കാരികമായ വലിയ ഒരു അധഃപതനം മനുഷ്യര്‍ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്നു. പണമുണ്ടാക്കി തിന്നും കുടിച്ചും രസിച്ചും കഴിയുന്നതാണ് ജീവിതം എന്ന് അവര്‍ കരുതി വശാകുന്നു. സാംസ്കാരികമായ വളര്‍ച്ച വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മനുഷ്യന് ഉണ്ടാകാത്തത് മുഖാന്തരം വന്നുചേര്‍ന്ന പതനമാണിത്. 

മനുഷ്യനെ സംസ്കൃത ചിത്തനാക്കിത്തീര്‍ക്കുന്നതിനു എല്ലാ ജനതകളുടെയും സംസ്കാരത്തില്‍ ഒരു പ്രത്യേക സ്ഥാനം എന്നുമു ണ്ടായിരുന്നു. അതിന് ഓരോ ജനതയും സ്വീകരിച്ചിരുന്ന രീതി വ്യത്യസ്തമായിരുന്നെങ്കിലും, അന്തിമമായി അവര്‍ ലക്ഷ്യമാക്കിയിരുന്നത്‌ ഒന്ന് തന്നെയാണ്. അങ്ങനെയുള്ള എല്ലാ സാംസ്കാരിക പശ്ചാത്ത ലങ്ങളുടെയും രീതി ഒരേസമയം എല്ലാവര്‍ക്കും അവലംബിക്കാനാവുകയില്ല. അതുകൊണ്ട് സംസ്കൃത ചിത്തരായി തീരുന്നതിനു സ്വീകരിക്കാവുന്ന ഏറ്റവും നല്ല വഴി അവരവരുടെ സാംസ്കാരിക പശ്ചാത്തലത്തിന്‍റെ രീതി സ്വീകരിക്കുകയാണ്. അതുകൊണ്ട് ഭാരതീയര്‍ക്കു ഭാരതീയസംസ്കാരത്തെ പറ്റിയും അതിന്‍റെ രീതികളെ പറ്റിയും ബോധമുണ്ടായിരിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. 

ഇങ്ങനെയൊരു ബോധം ഇളം തലമുറയ്ക്ക് ഉണ്ടാക്കികൊടുക്കുന്നതിനും വേണ്ടി രചിക്കപെട്ടതാണ് ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ എന്ന പുസ്തകം. ഭാരതീയ സംസ്കാരത്തിന്‍റെ മൌലിക സ്വഭാവവും, അത് അധ്യാത്മികതയില്‍ ഉറച്ചു നില്കുന്നതാണ് എന്നുള്ളതും വ്യക്തമാക്കുകയും, അതിന്‍റെ സാര്‍വലൌകികമായ വീക്ഷണം വെളിപെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഈ പുസ്തകത്തിന്‍റെ രചന. ഒരു കുട്ടിയും ഗുരുവും തമ്മിലുള്ള സംവാദ രൂപത്തിലുള്ള ഇത്, കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവും.

ഭാരതത്തിലെ ആദ്ധ്യാത്മിക സംസ്കാരത്തിന്‍റെ അത്യുന്നതതലത്തെ തൊട്ടുകാണിക്കുന്നവയാണ് ഉപനിഷത്തുകള്‍. അതിന്‍റെ ഏറ്റവും ചെറിയവയില്‍ ഒന്നായ ഈശാവാസ്യോപനിഷത്തിന്‍റെ ഉള്ളിലേക്ക് കടന്നുപോയുള്ള ഒരു പരിശോധനയും ഈ സംവാദത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. ഈ ഉപനിഷത്ത് നാരായണഗുരു കാരുണ്യപൂര്‍വ്വം മലയാളത്തിലേക്ക് തര്‍ജ്ജമ്മ ചെയ്തു തരികയും ചെയ്തിട്ടുണ്ട്. അതു പഠിച്ച് പരീക്ഷയില്‍ പങ്കെടുത്തവര്‍, വെറും ഒരു പരീക്ഷക്കു വെണ്ടിയാണിത് ചെയ്തതെന്നു തോന്നിയതേയില്ല. അതിന്‍റെ അന്തഃസാരം ഉള്‍കൊള്ളാനും സംശയ നിവൃത്തി വരുത്താനും എല്ലാവരും കാണിച്ച താല്പര്യം അത്രയ്ക്ക് വലുതായിരുന്നു. ഇമ്മാതിരി രചനകള്‍ വളര്‍ന്നു വരുന്ന തലമുറയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ അവര്‍ പൂര്‍ണ്ണമനസ്സോടെ അത് സ്വംശികരിക്കുക തന്നെ ചെയ്യും എന്നുള്ളത് വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ സമ്മേളനം. എന്നാല്‍ അത് അവരുടെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരം ഇന്ന്‍ തീരയില്ല. അങ്ങനെ ഒന്ന് ആവശ്യമാണെന്ന് ഉത്തമബോധ്യം വന്ന ഒരൊറ്റ ആളാണ് ഈ വലിയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. നാരായണഗുരുകുലത്തില്‍ ഉള്ള ആരും തന്നെ അതറിഞ്ഞിരുന്നുമില്ല. ആകപ്പാടെ ഞങ്ങള്‍ക്ക് അറിയാമായിരുന്നത് അദ്ദേഹം പുസ്തകത്തിന്‍റെ കൂടുതല്‍ കോപ്പികള്‍ വാങ്ങികൊണ്ടുപോകുന്നു എന്നതുമാത്രമാണ്. രണ്ടാം വര്‍ഷമാണ് അദ്ദേഹം അത് ഞങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നത്. ഞങ്ങളും അപ്പോള്‍ അതിന് വേണ്ടത്ര പ്രോത്സാഹനം നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യാനായി ഞാന്‍ കോട്ടയത്ത് പോയിരുന്നു. കോട്ടയത്ത് താമസിക്കുന്ന ശ്രീ പി.കെ ശിവപ്രസാദാണ് (PH: 9446776066) ഇതിനു മുന്‍കൈ എടുക്കാന്‍ ഇടയായത്. ഈ നല്ല സംരംഭത്തിനുവേണ്ടി തന്‍റെ വരുമാനത്തിന്‍റെ വലിയൊരംശം അദ്ദേഹം നീക്കിവെക്കുകയും ചെയ്തിരുന്നു. ഇത്തവണ സ്കോളര്‍ഷിപ്പ്‌ പദ്ധതികുടി അതില്‍ ഉള്‍പെടുത്തി. 13 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 880 പേരോളം പങ്കെടുത്തു. അടുത്തകൊല്ലം അത് ഇതിനേക്കാള്‍ വ്യാപകമാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇത് ഒരൊറ്റ ആളിന്‍റെ കഴിവില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തതാണെന്നു കണ്ട്‌ പലരും ഇപ്പോള്‍ സാമ്പത്തികമായും അല്ലാതെയും സഹായത്തിനെത്തുന്നുണ്ട്.


ഒരു അന്‍പത് അറുപത് വര്‍ഷം മുന്‍പ്‌ അക്ഷരാഭ്യാസം ഉള്ളവരുടെ വീടുകളിലെല്ലാം സന്ധ്യാസമയത്തു രാമായണം, മഹാഭാരതം തുടങ്ങിയ അമൂല്യ ഗ്രന്ഥങ്ങള്‍ എല്ലാവരും ചേര്‍ന്നിരുന്ന്‍ വായിക്കുന്ന പതിവുണ്ടായിരുന്നു. അതിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ടവരില്‍ അധികം പേരൊന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവരെല്ലാം ഭാരതീയരായി ജീവിക്കുന്നുവെങ്കിലും ഭാരതീയ സംസ്കാരത്തെപ്പറ്റി തികച്ചും ആജ്ഞരാണ്. അതുകൊണ്ട് ആധുനിക കാലത്തെ മനുഷ്യന്‍റെ ചിന്താഗതിക്ക് ഇണങ്ങുന്ന തരത്തില്‍ ഭാരതീയ സംസ്കാരത്തിന്‍റെ അന്തഃസാരമെന്തന്നു പരിചയപ്പെടുത്താനുള്ള മാധ്യമങ്ങള്‍ ഇന്ന് ആവശ്യമാണ്. അതിന് ഉപകരിക്കുന്നതാണ് ‘അറിവിന്‍റെ ആദ്യപാഠങ്ങള്‍’ പോലെയുള്ള ഗ്രന്ഥങ്ങള്‍. പുസ്തകം ഇതുതന്നെയാകണമെന്നില്ല. ഇമ്മാതിരി പുതിയ രചനകള്‍ ഉണ്ടാവുകയും ആധുനികകാലത്ത് ജനങ്ങളെ പരിചയിപ്പിക്കുകയും ചെയ്യേണ്ടത് ഭാരതീയ സംസ്കാരത്തിന്‍റെ നിലനില്‍പിന്‌ ഒഴിവാക്കാനാവാത്തതാണ്. അല്ലെങ്കില്‍ സംഭവിക്കുന്നത്‌ ഭാരതത്തില്‍ ജീവിക്കുകയും സാംസ്കാരികമായി അമേരിക്കക്കാരായി തീരുകയും ചെയ്യുന്ന തരത്തിലുള്ള ഒരു പതനമായിരിക്കും. അതു സംഭവിക്കാതിരിക്കട്ടെ എന്നതാണ് ഞങ്ങള്‍ ആശിക്കുന്നത്.

No comments:

Post a Comment