Sunday 22 March 2015

ഓർക്കാൻ സമയമില്ല! - മുനി നാരായണ പ്രസാദ്

ഒരു മനുഷ്യൻ കാണാൻ വന്നു. പരിചയപ്പെടുത്തി. നാട്ടിൽ പേരുള്ള സി.ബി.എസ്.ഇ സ്കൂൾ നടത്തുന്നയാളാണ്.

''എന്താണ് വരവിന്റെ ഉദ്ദേശം?""

''മാനസികമായി വലിയ പ്രശ്നങ്ങൾ നേരിടുന്നു സ്വാമീ!""

'' എന്താണ് പ്രശ്നം?""

''ഞാൻ നടത്തുന്ന സ്കൂൾ വളരെ നല്ല നിലവാരമുള്ളതാണ്. പക്ഷേ അതു നടത്തിക്കൊണ്ടു പോകാൻ വളരെ പ്രയാസങ്ങളനുഭവിക്കേണ്ടിവരുന്നു. പ്രയാസങ്ങൾ അധികമാകുമ്പോൾ സഹികെട്ടു പോകുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.""

''എന്തിനാണ് ഈ സ്കൂൾ തുടങ്ങിയത്?""

''നല്ലൊരു വരുമാനമാർഗമാകും, നാട്ടിന് ഉപകാരവുമാകും എന്നു കരുതി തുടങ്ങിയതാണ്.""

''ഇപ്പോഴത് കൊക്കിലൊതുങ്ങാതായി, അല്ലേ?""

''അതേ.""

''വരുമാനത്തിനു വേണ്ടിയായാലും, നാടിന്റെ നന്മയ്ക്കു വേണ്ടിയായാലും, എന്തിനും ഇറങ്ങിപ്പുറപ്പെടാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇമ്മാതിരി കുഴിയിൽ ചെന്നു വീഴും.""

''എന്താണ് ഇതിനൊരു പോംവഴി?""

രണ്ടുതരം പോംവഴികളാണ് ഉള്ളത്.

ഒന്ന്, കുഴിയിൽ കിടന്നുകൊണ്ടുതന്നെ ആശ്വാസം കണ്ടെത്താനുള്ള വിദ്യകൾ കണ്ടെത്തി പ്രയോഗിക്കുക. അത് എന്റെ കൈവശമില്ല. രണ്ട്, കുഴിയിൽ നിന്ന് കരകയറുക. അതിനുവേണ്ടത് ധൈര്യപൂർവം ഇതൊക്കെ ഉപേക്ഷിക്കുകയാണ്. സ്കൂൾ നടത്തിപ്പിന്റെ കാര്യത്തിൽ അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണ ബിസിനസാണെങ്കിൽ എപ്പോൾ വേണമെങ്കിലും വേണ്ടെന്നുവെയ്ക്കാം. സ്കൂൾ അങ്ങനെ നിറുത്തിക്കളയാൻ പറ്റില്ലല്ലോ. എന്നാലും സഹജമായ സ്വന്തം സ്വഭാവത്തിനു ചേരാത്തതും, നിരന്തരം മനഃസമാധാനം കെടുത്തുന്നതുമാണ് പ്രവർത്തനരംഗമെങ്കിൽ അത് ഉപേക്ഷിക്കാനാണ് ഞാൻ ഉപദേശിക്കാറ്. ജീവിതത്തിൽ പണവും സ്ഥാനമാനങ്ങളുമല്ല, സ്വസ്ഥതയും സന്തോഷവുമാണ് വലുത്. അത് ഉറപ്പുവരുത്താൻവേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകണമെന്നാണ് ഗുരുക്കന്മാർ പഠിപ്പിക്കുന്നത്. സഹജസ്വഭാവത്തിനു ചേർന്ന പ്രവർത്തനരംഗത്തെയാണ് സ്വധർമ്മമെന്നു വിളിക്കുന്നത്. ചേരാത്തത് പരധർമ്മമാണ്. സ്വധർമ്മം കണ്ടെത്തി ജീവിക്കുമ്പോൾ ദാരിദ്ര്യം മാത്രമല്ല, മരണം വരെ ഉണ്ടായാലും ശ്രേയസ്‌കരമാണ്. പക്ഷെ പരധർമ്മം സ്വീകരിക്കരുതെന്ന് ഗീതാചാര്യൻ പഠിപ്പിക്കുന്നു. പരധർമ്മം ഭയാവഹമാണ്. പരധർമ്മമാകുന്ന കുഴിയിൽ ചെന്നു ചാടാതെ, മുൻകരുതലോടുകൂടി പ്രവർത്തനരംഗം തിഞ്ഞെടുക്കണമെന്ന ഉപദേശമാണ് ഗുരുക്കന്മാർ നൽകുന്നത്. രോഗചികിത്സയെക്കാൾ എത്രയോ നല്ലതാണ് രോഗ നിവാരണം!

പണത്തിനോടും പ്രതാപത്തോടുമുള്ള മനുഷ്യന്റെ അത്യാർത്തിയാണ് തങ്ങളെ ദുഃഖക്കുഴിയിൽ ചാടിക്കുന്നതെന്നുള്ള വസ്തുതയും ഈ തെരക്കിനിടയിൽ ഓർക്കാൻ മനുഷ്യർക്ക് സമയമില്ല.

No comments:

Post a Comment