ശ്രീ.പന്നിശ്ശേരി നാണുപിള്ള മദ്ധ്യതിരുവിതാംകൂറിലെ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു മാന്യനായിരുന്നു. ചിലകാര്യങ്ങളാല്‍ മറ്റു പ്രദേശങ്ങളിലും അദ്ധേഹം അറിയപ്പെട്ടിട്ടുണ്ട്. പണ്ഡിതനും കവിയും വാഗ്മിയും താര്‍ക്കികനും ആയിരുന്ന ശ്രീ.പന്നിശ്ശേരി നാണുപിള്ള ചില വിലപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ ഈ മാന്യന്‍ എനിക്ക് വളരെ പരിചിതനായിരുന്നു. ഒരു സാഹിത്യ ചര്‍ച്ചയില്‍ വച്ച് കുമാരനാശാന്‍റെ "വിചിത്ര വിജയം" നാടകം വായിച്ചു ശ്രീ.പന്നിശ്ശേരി നാണുപിള്ള ഏവരെയും രസിപ്പിച്ചുകൊണ്ടിരുന്നു. "സ്ത്രീകളുടെ രഹസ്യ സംഭാഷണം ഒളിവില്‍ നിന്ന് കേള്‍ക്കുന്നത് വിഹിതമല്ല"ന്നുള്ള നായകന്‍ ദീര്‍ഘബാഹുവിന്‍റെ ആത്മഗതം വായിച്ചിട്ട് ഹോ, ആശാന്‍ കാളിദാസനെ വിജയിച്ചിരിക്കുന്നു എന്ന് ശ്രീ.പന്നിശ്ശേരി നാണുപിള്ള ഉത്ഘോഷിച്ചു. ശാകുന്തളം നാടകത്തില്‍ ദുഷ്യന്തന്‍ ശകുന്തളയുടെയും തോഴിമാരുടേയും സംഭാഷണം ഒളിവില്‍നിന്നു കേള്‍ക്കുന്നത് നായകന് വിഹിതമല്ലാത്ത കൃത്യമായിപ്പോയി എന്നാണ് വിവക്ഷ.ആശാനെപ്പറ്റി അസാധാരണ മതിപ്പായിരുന്നു ശ്രീ.പന്നിശ്ശേരി നാണുപിള്ളയ്ക്ക്.
ശ്രീ.പന്നിശ്ശേരി നാണുപിള്ളയ്ക്ക് തൃപ്പാദങ്ങളെ കാണണമെന്ന് താല്‍പര്യമുണ്ടായി.എന്‍റെ സഹായത്തിന് ആവശ്യപ്പെട്ടു.തൃപ്പാദങ്ങള്‍ വര്‍ക്കലയില്‍ ഒള്ള വിവരം ഞാന്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ളയെ അറിയിച്ചു. ഞങ്ങള്‍ വര്‍ക്കലയില്‍ എത്തി. അദ്ധേഹത്തെ ശിവഗിരി മഠത്തില്‍ ഒരു സ്ഥലത്ത് ഇരുത്തിയിട്ട് ഞാന്‍ തൃപ്പാദങ്ങളെ പോയികണ്ടു വണങ്ങി. തൃപ്പാദങ്ങള്‍ വൈദികമഠത്തില്‍ പുറം തിണ്ണയില്‍ (വരാന്തയില്‍) വിശ്രമിക്കുകയായിരുന്നു. ഒരു നാലുമണി കഴിഞ്ഞ സമയം പലതും ചോദിച്ചു. എങ്കിലും പതിവിലാത്തവിധം "എന്താ വിശേഷം" എന്നൊരു ചോദ്യം ഉണ്ടായി.
ഞാന്‍ പറഞ്ഞു "ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമൊരുമിച്ചാണ് വന്നത് "അദ്ദേഹത്തിന് തൃപ്പാദങ്ങളെ കാണണമെന്ന് വളരെ ആഗ്രഹമാണ്".
"വരാമല്ലോ,എവിടെ ? ",
ഞാന്‍ ഇവിടെത്തന്നെ വന്നിട്ടുണ്ട്.
"ഓ!! ജാതിയുള്ള ആളാണന്ന് കേട്ടിട്ടുണ്ടല്ലോ".
ഞാന്‍ -"അതിപ്പോള്‍ വളരെ മാറിയിട്ടുണ്ട്".
"ഓ വളരെ മാറ്റം വന്നിട്ടുണ്ട് ഇല്ലേ ,കൂട്ടിക്കൊണ്ടു വരൂ",
എന്ന് ആജ്ഞാപിച്ചു. ഞങ്ങള്‍ ഒരുമിച്ചുചെന്നു. ശ്രീ.പന്നിശ്ശേരി നാണുപിള്ള ആദരവായി തൊഴുതു. അദ്ദേഹത്തിന് ഇരിക്കുവാന്‍ ഒരു മാന്‍ തോല്‍ തൃപ്പാദങ്ങള്‍ തന്നെ നീക്കിയിട്ട് കൊടുത്തു. അദ്ധേഹം ഇരുന്നു. ഇരുവരുമായി ഏറെനേരം സംസാരിച്ചു. സംഭാഷണം എന്തെന്ന് എനിക്ക് മനസിലാക്കുവാന്‍ സാധിച്ചില്ല. അദ്വൈത വേദാന്തത്തെക്കുറിച്ചായിരുന്നു എന്ന് മാത്രം അറിയാം. അതിനെക്കുറിച്ചുള്ള സംജ്ഞകളും പ്രയോഗങ്ങളും ഉദ്ധരണികളും സംസ്കൃത വാക്യങ്ങളും ധാരാളം കൈകാര്യം ചെയ്തു.ഒടുവില്‍ എനിക്കും കൂടി മനസിലാകത്തക്ക വിധത്തില്‍ സംഭാഷണം ഇങ്ങനെ തിരിഞ്ഞു.
ഇടതു കൈയിലെ ചൂണ്ടുവിരല്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ളയുടെ നേര്‍ക്ക് ചൂണ്ടി
"ഉള്ളി തോലിക്കുന്നത് കണ്ടിട്ടുണ്ടോ ?" എന്ന് ചോദിച്ചു.
കുറേക്കൂടി ലളിതമായ മാര്‍ഗ്ഗം അവിടുന്ന് കൈകാര്യത്തിനു എടുത്തു.ചോദ്യം ചെന്നപ്പോള്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ള ഒന്നുവല്ലാതെയായി. ഉത്തരം പറയുന്നതിന് മുന്‍പ് വിരല്‍ ചൂണ്ടിക്കൊണ്ട് തന്നെ, ആദ്യത്തെ തോലിയെടുക്കണം, പിന്നെ രണ്ടാമത്തെ തോലിയെടുക്കണം, പിന്നെ മൂന്നാമത്തെ തോലിയെടുക്കണം. അവസാനം മൂര്‍ത്ത വസ്തു എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ ശ്രീ.പന്നിശ്ശേരി നാണുപിള്ള എണീറ്റ് ഉത്തരീയം താഴോട്ടിറക്കി വയര്‍ മറച്ചു ചുറ്റി അല്പം മുന്‍പോട്ടു ചാഞ്ഞ് ആദരവോടുകൂടി നിന്നു. അദ്ദേഹം പിന്നീട് ഇരുന്നില്ല. ഇരിക്കുവാന്‍ പറഞ്ഞതുമില്ല. പിന്നെയും ഇരുവരും വളരെനേരം സംസാരിച്ചു. സംഭാഷണശേഷം അന്ന് അവിടെ താമസിക്കണം എന്ന് തൃപ്പാദങ്ങള്‍ താല്‍പര്യമായിപറഞ്ഞു.
"ഇവിടെ സൌകര്യമുണ്ട് താമസിക്കാം. വേലായുധന്‍ എല്ലാം അന്വേഷിക്കുമല്ലോ. വേലായുധാ, വേണ്ടവിധം അന്വേഷിച്ച് അടുത്തദിവസം യാത്ര അയച്ചാല്‍മതി"
എന്ന് കല്പ്പിച്ചു.
ശ്രീ.പന്നിശ്ശേരി നാണുപിള്ള അന്ന് അവിടെ താമസിച്ചു. രാവിലെ ഞങ്ങള്‍ വര്‍ക്കല ജനാര്‍ദനക്ഷേത്രത്തിലും ഒക്കയും പോയിവന്ന് അദ്ധേഹത്തെ അയച്ചു. രാവിലെ മുതല്‍ പത്തുമണിക്ക് പിരിയുന്നത് വരെ അദ്ധേഹം ത്രിപ്പാടങ്ങളെ ക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉള്ളി പൊളിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന ശൂന്യഭാവം വേദാന്ത വിഷയമായി അതി പ്രധാന ഒരു സംഗതിയാണ്. ഗുരുദേവന്‍റെ അദ്വൈത ദീപികയില്‍ ഈ വാദം ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.ശ്ലോകം 13.
"ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു-
വേറാക്കിയാലുലകമില്ല വിചിത്രമത്രേ
വേറാകുമീയവയങ്ങളും മേവമങ്ങോ
ട്ടാരായ്കിലില്ലഖിലവും നിജബോധ മാത്രം."
പ്രപഞ്ചത്തെ പിരിച്ച് പരിച്ചെദിച്ചാല്‍ ഒടുവില്‍ വസ്തുക്കളെപ്പറ്റിയുള്ള ബോധം - അറിവ് ശേഷിക്കുന്നു.ആ അറിവാണ് സത്യവസ്തു.
കടപ്പാട് : ശ്രീനാരയണഗുരു-സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവചരിത്രം
കോട്ടുക്കൊയിക്കല്‍ വേലായുധന്‍
No comments:
Post a Comment