Thursday, 21 January 2016

കുട്ടിച്ചാത്തന്‍റെ അനുസരണ

ഒരു ദിവസം ചാത്തന്‍റെ ഉപദ്രവമുള്ള ഒരു സ്ത്രീയെ അവരുടെ കൂട്ടര്‍ സ്വാമിയുടെ അടുക്കല്‍ (അരുവിപ്പുറം) കൂട്ടികൊണ്ടുവന്നു.

ഗുരുദേവന്‍ : എന്താണ് ഉപദ്രവം 

സന്ദര്‍ശകര്‍ : കല്ലേറാണ്.എറിയുന്ന കല്ലുകള്‍ വലിയ ഊക്കോട്കൂടി വരും.തട്ടുകയില്ല. കല്ലുകള്‍ ശരീരത്തില്‍ മുട്ടിയെന്നു തോന്നത്തക്കവിധത്തില്‍ അടുത്ത് വന്നു വീഴും. ഇങ്ങനെ രണ്ടും മൂന്നും തവണ ഇടവിട്ട്‌ കല്ലുകള്‍ വീഴുന്നുണ്ട്‌.

ഗുരുദേവന്‍ : ഇനി കല്ലെറിയുമ്പോള്‍ ആവട്ടെ. ഇങ്ങനെ പറഞ്ഞു കുറെ സമയം കഴിഞ്ഞപ്പോള്‍ ഒരുകല്ല് ആ സ്ത്രീയുടെ തലയില്‍ തട്ടി താഴെ വീണു. ആ കല്ലിനു ഉദ്ദേശം ഒരു റാത്തലില്‍ (453.5 ഗ്രാം) കൂടുതല്‍ ഭാരം വരും.സ്വാമികള്‍ തെക്കേ കെട്ടിടത്തിന്‍റെ അരമതിലില്‍ ഇരിക്കുകയാണ്. മറ്റുള്ളവരും ആ സ്ത്രീയും അടുത്ത് മുറ്റത്ത്‌ നില്‍ക്കുന്നു. കല്ല്‌ വീഴുന്നതും സ്വാമിജിയും കണ്ടു.

ഗുരുദേവന്‍ ഇങ്ങനെ കല്പ്പിച്ചു: " ആ കല്ലിന്‍റെ വലുപ്പത്തിലുള്ള മറ്റൊരുകല്ലെടുത്തു അതിന് ചുണ്ണാമ്പുകൊണ്ട് ഒന്ന് വരച്ച് ആറ്റിന്റെ പടിഞ്ഞാറ്കരയിലുള്ള വന്‍ കാട്ടില്‍ വീഴത്തക്ക വിധത്തില്‍ ശക്തിയുള്ള ആരെങ്കിലും എറിയട്ടെ.

ക്ഷേത്രത്തിലെ ഒരു പരിചാരകന്‍ ഈ കല്പനയനുസരിച്ച് ചെയ്തു.

ഗുരുദേവന്‍ : ചാത്തനാണ് എറിയുന്നതെങ്കില്‍ ഈ ചുണ്ണാമ്പു പുരട്ടിയ കല്ല്‌ എറിയണം. കുറേനേരം കഴിഞ്ഞപ്പോള്‍ - എന്തൊരത്ഭുതം !!! ആ കല്ല്‌ തന്നെ സ്ത്രീയുടെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ വന്നുവീണു.

ഗുരുദേവന്‍ : ആ കല്ല്‌ തന്നെ എറിഞ്ഞല്ലോ. കൊള്ളാം ചാത്തന്‍ പറഞ്ഞാല്‍ കേള്‍ക്കുമല്ലോ. എന്നാല്‍ ഇനി എറിയരുത്.

എന്നിട്ട് ആ സ്ത്രീയെ കൂട്ടികൊണ്ട് പൊയ്ക്കൊള്ളുവാന്‍ ഗുരുദേവന്‍ കല്പ്പിച്ചു. എങ്കിലും സംശയ നിവര്‍ത്തിക്കായിട്ടും ക്ഷേത്രത്തിലെ ദീപാരാധന കണ്ടുതൊഴുവാനും മറ്റുമായി അവര്‍ അവിടെ താമസിച്ചു. പിറ്റേദിവസം സന്തോഷകരമായി ആ കുടുംബം ക്ഷേത്രത്തിലേക്ക് കുറച്ചു സംഭാവനകളും മറ്റും നല്‍കി അവരുടെ വീട്ടിലേക്ക് തിരികെപോയി.

കടപ്പാട് : ശ്രീനാരായണഗുരു സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവചരിത്രം 
കോട്ടുക്കൊയിക്കല്‍ വേലായുധന്‍

മൂര്‍ക്കോത്ത് കുമാരന്‍ :നാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം.

No comments:

Post a Comment