Thursday 28 January 2016

നടരാജന്‍ എന്ന തമ്പി - കെ.കെ മനോഹരന്‍ - ശിവഗിരി ചരിത്രം

ആശാനോട് എന്നപോലെ ഗുരുദേവന്‍ കൂടുതല്‍ താല്പര്യം കാട്ടിയ ഒരാളായിരുന്നു ഡോ.പല്‍പ്പുവിന്റെ നാലാമത്തെ മകനായ നടരാജന്‍. ഡോക്ടര്‍ക്ക് ഗംഗാധരന്‍, ആനന്ദ ലക്ഷ്മി, ദാക്ഷായണി, നടരാജന്‍, ഹരിഹരന്‍ എന്നിങ്ങനെ അഞ്ച് മക്കളായിരുന്നു. 1070 ലെ മകരമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ (1895 ഫെബ്രുവരി) യിലാണ് നടരാജ ഗുരുവിന്‍റെ ജനനം. ഗര്‍ഭിണിയായിരുന്ന ഭാര്യയേയും മറ്റു മക്കളേയും നാട്ടില്‍ ആക്കിയിട്ടാണ് ഡോക്ടര്‍ ബാക്ടീരിയോളജിയില്‍ പരിശീലനം നേടുന്നതിനായി യൂറോപ്പിലേക്ക് കപ്പല്‍ കയറിയത്. അദ്ധേഹം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മകന് രണ്ട് വയ്യസ്സുണ്ട്. കുട്ടിക്ക് മൂന്ന് വയസ്സ് ആയപ്പോള്‍ ഡോക്ടര്‍ കുട്ടിയേയും കൂട്ടി ഗുരുദേവനെ കാണുവാന്‍ വേണ്ടി അരുവിപ്പുറത്തേക്ക് എത്തി.സ്വാമികളുടെ മുന്‍പില്‍ കുട്ടിയെ നിര്‍ത്തിയശേഷം ഗുരുദേവനെ വണങ്ങുവാന്‍ ഡോക്ടര്‍ അവാശ്യപെട്ടുവെങ്കിലും കുട്ടി അത് അനുസരിച്ചില്ല. ഈ സമയം ഡോക്ടറുടെ മുഖത്തെ വിഷാദഭാവം ഗുരുദേവന്‍ ശ്രദ്ധിച്ചിരുന്നു. അത് കണ്ട ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു -" ഡോക്ടറുടെ മകനല്ലേ ? ആരെയും കുമ്പിടുവാന്‍ ഇഷ്ടമാല്ലായിരിക്കും? എന്നാണ്. (വര്‍ഷങ്ങളായി സ്വാമികള്‍ ഡോക്ടറുടെ വീട്ടില്‍ ചെല്ലുകയും,അവിടെ കിടന്നുറങ്ങുകയും, അവിടെ നിന്നും ഭക്ഷണം കഴിക്കുകയും, ഡോക്ടറുടെ അമ്മ ആവശ്യ പെടുന്ന പ്രകാരം കീര്‍ത്തനങ്ങള്‍ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ തന്നെ കണ്ടാല്‍ വന്ദനം പറയുന്നത് പോകട്ടെ, ഒരു വാക്ക് സംസാരിക്കുവാന്‍ പോലും ഡോക്ടര്‍ തയ്യാറായിട്ടില്ല. സംഘടനാ നിര്‍ദേശവുമായി ചെല്ലുന്ന കാലം മുതലാണ്‌ ഡോക്ടര്‍ സ്വാമികളെ കൈ എടുത്ത് വന്ദിച്ചിരുന്നത്.ഗുരുദേവന്‍റെ അടുത്ത് ആരും ഇരിക്കുമായിരുന്നില്ല. ഡോക്ടര്‍ സ്വാമികള്‍ പറഞ്ഞാല്‍ ഉടന്‍ തന്നെ അടുത്തിരിക്കുമായിരുന്നു. തന്നെ മറ്റുള്ളവര്‍ ആദരിക്കണമെന്നോ അനുസരിക്കണമെന്നോ ഗുരുദേവന്‍ ഒരിക്കലും ആഗ്രഹിചിരുന്നില്ലല്ലോ).

കുട്ടിക്ക് സ്വാമികള്‍ പ്രസാദം നല്‍കി തലയില്‍ കൈ വച്ച് അനുഗ്രഹിക്കുകയും, പുറത്തു തലോടുകയുമുണ്ടായി. തന്‍റെ പിന്‍വാഴ്ചക്കാരനെ ആ കൊച്ചു നിക്ഷേധിയില്‍ ഗുരുദേവന്‍ കണ്ടിരിക്കണം. (ഡോക്ടര്‍ പിന്നീട് പറഞ്ഞത് നടരാജനെ അന്നേ ഞാന്‍ സ്വാമിക്ക് കൊടുക്കുകയായിരുന്നു എന്നാണ്, തമ്പിയെ നമുക്ക് വേണം എന്ന് സ്വാമിയും ഡോക്ടറോട് പറഞ്ഞിരുന്നു). കാലം കഴിയുംതോറും കുട്ടി ഗുരുദേവനോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ അവനെക്കൊണ്ട്‌ സംസ്കൃതം, തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പറയിപ്പിക്കുകയും, ആശാന്‍റെ കവിതകള്‍ ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടി ചിത്രം വരയ്ക്കുമ്പോള്‍ അടുത്തുചെന്ന് അഭിപ്രായം പറഞ്ഞു പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഗുരുദേവന്‍ ഡോക്ടറുടെ വീട് സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ ഗുരുദേവന് വിശ്രമിക്കുവാനായി പ്രത്യേകം മുറി ഒരുക്കുമായിരുന്നു. പലപ്പോഴും ഗുരുദേവന്‍ നടരാജന്റെ മുറി പരിശോധിച്ചിരുന്നു. ഒരിക്കല്‍ കുട്ടിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഒരു ട്രെയിന്‍ യാത്രയില്‍ ഡോക്ടറുടെ കുടുംബത്തിനും, ആശാനും ഒപ്പം. അപ്പോള്‍ ആശാന്‍ ഒരു രണ്ടണ തുട്ടും, അര അണ തുട്ടും കാണിച്ചിട്ട് ചോദിച്ചു ഇതില്‍ ഏതു വേണം എന്ന്. (പിച്ചളയില്‍ ഒള്ള രണ്ടു നാണയങ്ങളും ഒരേ ആകൃതിയി ഒരേ പോലെയായിരുന്നു. അര അണയ്ക്ക് വലുപ്പം അല്പം കുറവായിരുന്നു.). കുട്ടി പറഞ്ഞു അര അണ മതിയെന്ന്. ഈ വിനോദം ശ്രദ്ധിച്ചുകൊണ്ട് ഇരുന്ന ഗുരുദേവന്‍ തമ്പിക്ക് അധിക പണം വേണമെന്ന മോഹമില്ല എന്ന് രസകരമായി പറഞ്ഞു. ആവശ്യത്തിന് വേണം പണം അത്രതന്നെ. (നടരാജ ഗുരുവിന്‍റെ ജീവിതത്തില്‍ ഇത് വളരെ ശരിയായിരുന്നു). ഏവരും ക്ട്ടിയെ തമ്പി എന്നാണ് വിളിച്ചിരുന്നത്‌.

ആരെയും പെട്ടന്ന് ആകര്‍ഷിക്കുന്ന ഒരു പ്രകൃതമായിരുന്നു തമ്പിക്ക്. ആശാന്റെ കവിതകള്‍ ചെറുപ്പം മുതലേ വായിക്കുകയും, അത് ഇംഗ്ലിഷ് ഭാഷയിലേക്ക് മാറ്റി എഴുതുന്നതും തമ്പിക്ക് വളരെ രസമായ ഒരു കാര്യം ആയിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് "വീണ പൂവ്" - A FALLEN FLOWER എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത്. സന്ദര്‍ഭം കിട്ടുമ്പോള്‍ എല്ലാം തമ്പി ഗുരുദേവനെ സന്ദര്‍ശിക്കുമായിരുന്നു, അപ്പോഴോക്കയും ഓരോ ഓരോ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. ഒരു വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു ചിലപ്പോള്‍ അടുത്ത വര്‍ഷമായിരിക്കും ഗുരുദേവനെ നേരില്‍ കാണുവാന്‍ അവസരം കിട്ടുക. അപ്പോള്‍ തലേ വര്‍ഷം പറഞ്ഞു നിര്‍ത്തിയിടത്ത് നിന്നുമാകും ഗുരുദേവന്‍ അടുത്ത ചര്‍ച്ച ആരംഭിക്കുക. ഗുരുദേവ കൃതികളിലെ സംശയമായിരിക്കും നടരാജന്‍ പലപ്പോഴും ഗുരുടെവനോട് ചോദിക്കുക. അതിനെല്ലാം മറുപടി നല്‍കിക്കൊണ്ടിരുന്നു ഗുരുദേവന്‍.ഒരിക്കല്‍ ശിവ ശതകത്തിലെ "മലയതിലുണ്ട് മരുന്നു മൂന്നു പാമ്പും" എന്ന് തുടങ്ങുന്ന ശ്ലോകത്തിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ "അത് മറ്റാരും അറിയേണ്ടതില്ല, നമ്മുടെ സ്വകാര്യമാണ്, പിന്നെ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ അര്‍ത്ഥം കണ്ടെത്തെട്ടെ" എന്ന് പറഞ്ഞുവത്രേ.

മറ്റൊരിക്കല്‍ ഗുരുദേവന്‍ ശിവഗിരിയിലെ വൈദികമഠത്തില്‍ വച്ച് ശങ്കരന്‍, മാധവന്‍, രാമാനുജന്‍ എന്നിവരുടെ ദര്‍ശനങ്ങളെ താരതമ്യം ചെയ്തു തമ്പിക്ക് പറഞ്ഞുകൊടുതുകൊണ്ടിരിക്കുകയായിരുന്നു. സ്വാമികള്‍ സോഫയില്‍ ചാരി കിടക്കുന്നു. തമ്പി ഒരു തടുക്കില്‍ അഭിമുഖമായി നിലത്തിരിക്കുന്നു. രംഗം വൈദികമഠത്തിന്‍റെ തിണ്ണയും. ഈ സമയം എസ്.എന്‍.ഡി.പി യോഗത്തിന്‍റെ രണ്ടു നേതാക്കള്‍ കയറി വന്നു. ഗുരുദേവന്‍ അവരെ ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു. തങ്ങളെ സ്വാമികള്‍ ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവര്‍ ഊട്ടുപുരയുടെ ഭാഗത്തേക്ക് പോയി. അധികം കഴിയും മുന്‍പ് ഉച്ച ഊണിന് മണി അടിച്ചു. പോയി ഉണ്ടിട്ടു വരുവാന്‍ സ്വാമികള്‍ തമ്പിയോട് നിര്‍ദേശിച്ചു. തമ്പി ഊട്ടുപുരയില്‍ ഉണ്ണാന്‍ ഇരുന്നപ്പോള്‍ ഈ നേതാക്കളും ഉണ്ണാനിരുന്നു. അവരോട് കൈ കഴുകെണ്ടേ എന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ "കൈ കഴുകിയാല്‍ എന്ത്, കഴുകാതെ ഇരുന്നാല്‍ എന്ത് ? എല്ലാം അദ്വൈതമല്ലേ ? എന്ന് നേതാക്കള്‍ പറയുകയുണ്ടായി. തമ്പി ഊണ് കഴിച്ചിട്ട് ചെല്ലുമ്പോള്‍ സ്വാമികള്‍ സംഭാഷണം തുടര്‍ന്നത് "കൈ കഴുകാതെ ഉണ്ണുന്നത് അദ്വൈതമല്ല, അത് അപരിഷ്കൃതവും അശുദ്ധവും ആണ്. വൃത്തിയാണ് പകുതി ഭക്തിയെന്ന് ഖുറാനും പറയുന്നു" ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഗുരുദേവന്‍ തമ്പിയോട് സംസാരം തുടങ്ങിയത്.

മേളകോലാഹലങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു രീതിയായിരുന്നു തമ്പിയുടേത്‌. തനിക്ക് ആഹിതമെന്നു തോന്നുന്നിടത്തും തന്നെ ഹിതമില്ലാത്തിടത്തും സഹകരിക്കാതെ, അഭിപ്രായം പറയാതെ ഒരു കാഴ്ചക്കാരനെപ്പോലെ മാറിനില്‍ക്കുവാനായിരുന്നു അദ്ധേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഗുരുദേവന്‍ നിര്‍ദേശിക്കും വിധം എന്നാല്‍ തികച്ചും തന്‍റെ നിയന്ത്രണത്തില്‍ ഒരു സ്ഥാപനമായിരുന്നു അദ്ധേഹം മനസ്സില്‍ രൂപം നല്‍കിയത്. അങ്ങനെയാണ് ഗുരുകുല പ്രസ്ഥാനം ഭാവനയില്‍ കണ്ടതും രൂപം നല്കിയതും. തമ്പിയെ ഇത്തരം ഒഴിഞ്ഞുമാറലുകളില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കുവാന്‍ പലപ്പോഴും ഗുരുദേവന്‍ തമ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം സുത്യര്‍ഹമായി തമ്പി ചെയ്തു തീര്‍ത്തിട്ടുണ്ട്. ദിവസങ്ങള്‍ കഴിയുംതോറും അദ്ധേഹം സ്വന്തം വീട്ടില്‍ നിന്നും അന്യനായിക്കൊണ്ടിരുന്നു. താന്‍ വീട്ടിലുണ്ടെങ്കില്‍ പോലും പൊതുചടങ്ങുകളില്‍ നിന്നും സ്വീകരണങ്ങളില്‍ നിന്നും അദ്ധേഹം സ്വയം ഒഴിഞ്ഞുമാറിനിന്നിരുന്നു. തന്‍റെ മുറിയില്‍ അടച്ചിരുന്നു വായിക്കുകയും ചിന്തിക്കുകയും പതിവായിരുന്നു. ഈ പോക്ക് അദ്ധേഹത്തെ തികച്ചും ഒരു നിരാപേക്ഷികനാക്കി മാറ്റുകയായിരുന്നു.

മെട്രിക്കുലേഷന്‍ ജയിച്ചു കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് സാഹിത്യത്തിലെ തലക്കനമുള്ള കൃതികള്‍ എല്ലാം തന്നെ വായിച്ച് ഗ്രഹിച്ചിരുന്നു. ഗുരുദേവന്‍റെ മാര്‍ഗ്ഗം കൈക്കൊണ്ട് വളരെ ചെറുപ്പത്തിലേ തമ്പി മദ്രാസിലും ബംഗ്ലോരിലും എല്ലാം ഹരിജന്‍ ചാളകളില്‍ പോയി ശുചീകരണം നടത്തുകയും അവരെ എഴുത്ത് പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. ഗാന്ധിജിയുടെ ഹരിജനോധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും ഒന്നര ദശകം മുന്‍പായിരുന്നു ഇത് എന്ന് നാം ഓര്‍ക്കണം.

മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പി.ജി ക്ക് പഠിക്കുന്ന തമ്പിക്ക് ഒപ്പം സതീര്‍ത്ഥ്യനായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണമേനോനും ഉണ്ടായിരുന്നു. അന്ന് ഒരു യൂണിവേര്‍സിറ്റിയില്‍ ഒരേ സമയം രണ്ടു പരീക്ഷകള്‍ക്ക് പഠിക്കുവാന്‍ അനുവദിച്ചിരുന്നു. തമ്പി എം.എ യ്ക്കും,എല്‍.ടി യ്ക്കും ഒരുമിച്ചു പഠിച്ചു പാസ്സായി. പരീക്ഷ പാസായപ്പോള്‍ ഒരു ജോലിക്ക് ശ്രമിക്കുവാന്‍ പലരും ഉപദേശിച്ചുകൊടുത്തു. അങ്ങനെ തമ്പി ജോലിക്കായി ശ്രമം തുടങ്ങി. തങ്ങള്‍ക്ക് വളരുവാനും നിലനില്‍ക്കുവാനും നല്ലത് കേരളക്കരയ്ക്ക് പുറത്തുള്ള നാട്ടുരാജ്യങ്ങള്‍ ആണെങ്കിലും തിരിവിതാം കൂറില്‍ തന്നെ നില്‍ക്കാം എന്ന് ഉദ്ദേശിച്ചുകൊണ്ട് സര്‍ക്കാരില്‍ ജോലിക്ക് അപേക്ഷിച്ചു. തന്‍റെ മുത്തശ്ച്ചന്‍ പദ്മനാഭന്‍ പ്ലീഡര്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ വേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിക്കൊണ്ട് പത്ത് രൂപ ഫീസ്‌ അടയ്ക്കുകയും
ചെയ്തു. എന്നാല്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിച്ചില്ല. പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അടച്ച ഫീസ്‌ തിരിച്ചുതരുവാന്‍ ആവശ്യപെട്ടുവെങ്കിലും അത് തിരികെ നല്‍കാതെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു. അച്ഛന്റെ ജ്യേഷ്ഠന്‍ വേലായുധന്‍ ബി.എ പരീക്ഷ പാസ്സായി ഒരു ജോലിക്ക് ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അപമാനിച്ചു. അച്ഛന്‍ പല്‍പ്പു മെഡിസിന് ചേരുവാന്‍ എല്ലാ ടെസ്റ്റ്‌കളും ജയിച്ച് അര്‍ഹത നേടിയെങ്കിലും പഠനാനുമതി ലഭിച്ചില്ല. മദ്രാസില്‍ പോയി പഠിച്ചുപാസ്സായി തിരികെയെത്തി ഇവിടെ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലിയില്‍ പ്രവേശിക്കുവാനായില്ല. ആ നിരാശകളുടെ, അപമാനത്തിന്റെയും ഫലമായി തന്നില്‍ ഏല്‍പ്പിച്ച മുറിവുകളുടെ പരിണിതഫലമാണ് ഇവിടെ ഉണ്ടായ നവോത്ഥാന പ്രസ്ഥാനം. ഡോക്ടര്‍ ചില പത്ര പംക്തികളില്‍ കൂടിയും മറ്റു ചില മഹാന്മാരെകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും എഴുതിപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത ലേഖന പരമ്പരകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ തിരുവിതാം കൂറിലെ ജാതി ചിന്തയുടേയും പറ്റി പറയിപ്പിച്ചതും ഭരണകര്‍ത്താക്കളുടെ ചെവികളില്‍ നിരന്തരം എത്തുന്നുണ്ടായിരുന്നു. ഇതെല്ലാം ഇവിടുത്തെ സര്‍ക്കാരിനെയും അവരുടെ ശിങ്കിടികളേയും ഡോക്ടറുടെ ശത്രുക്കള്‍ ആക്കി മാറ്റിയിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നും ഡോക്ടറെ ഒന്നും തന്നെ ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മകന്‍ നടരാജന്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍, ആ പഴയ സന്ദര്‍ഭങ്ങള്‍ അവരോക്കയും മുതലാക്കുകയായിരുന്നു. അതിനോക്കയും ഒരു ക്ഷമയെങ്കിലും അദ്ധേഹത്തെക്കൊണ്ട് പറയിപ്പിക്കുവാനും അല്ലങ്കില്‍ പിതാവ് പല്‍പ്പു ആവശ്യപ്പെടട്ടെ എന്നും തീരുമാനിച്ചു. പല്‍പ്പുവുണ്ടോ അതിനോക്കയും വഴങ്ങുന്നു ? ആ ജോലി വേണ്ട എന്ന് മകന്‍ എന്നേ തീരുമാനിച്ചിരുന്നു.....

No comments:

Post a Comment