Monday, 28 July 2014

ചികിത്സാശാസ്ത്രത്തിൽ ശ്രീ നാരായണ ഗുരുവിനുണ്ടായിരുന്ന സൂക്ഷ്മജ്ഞാനം

ശ്രീ നാരായണ ഗുരു ഗുരുസ്വാമിയുടെ ദേഹത്ത് ഒരു പരു. പരിചരിച്ച് നിന്ന ശിഷ്യരിൽ ഒരാളാണ് അത് ആദ്യം കണ്ടത്. അയാൾ വ്യസനഹൃദയനായി. ദിവസം ചെല്ലുംതോറും അതിന്റെ വലിപ്പം കൂടിവന്നു. ഒപ്പം നീരും വേദനയുമായി. ഡോക്ടർ വന്നു;

"ഓപ്പറേറ്റ് ചെയ്ത് കളയണം. അത് താനേ പൊട്ടുമെന്ന് തോന്നുന്നില്ല."

സ്വാമി അപ്പോഴും ഒന്നും മിണ്ടുന്നില്ല. സ്വാമിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് ശിഷ്യർ തീരുമാനിച്ചു. അവർ ഓപ്പറേഷന്റെ തീയതിയും നിശ്ചയിച്ചു. അന്നേദിവസം ഗുരുവിനെ അനുനയിപ്പിച്ച് ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യവുമായി അവർ തൃപ്പാദസമക്ഷമെത്തി. സ്വാമി അവരിൽ ഒരാളെയും വിളിച്ച് തൊടിയിലേക്കിറങ്ങി. ഒരു സസ്യത്തിന്റെ തളിരിലകൾ പറിച്ചെടുത്തു. അതു കശക്കി പിഴിഞ്ഞ് തന്റെ പരുവിലേക്ക് നീരുവീഴ്ത്താൻ ആവശ്യപ്പെട്ടു. ശിഷ്യൻ അനുസരിച്ചു. ഒരു മണിക്കൂർ കഴിഞ്ഞതും പരുപൊട്ടി ദുഷിപ്പുകൾ പുറത്തേക്ക് ഒലിച്ചു. ശിഷ്യർക്ക് അതുകണ്ട് തൊഴുതുനില്ക്കാനേ കഴിഞ്ഞുള്ളൂ. പരുവിന്റെ പ്രശ്നവുമായി മുന്നിലെത്തിയ മറ്റൊരു രോഗിയിൽ ശിഷ്യൻ ഗോവിന്ദാനന്ദ സ്വാമി ഈ പച്ചിലമരുന്ന് പരീക്ഷിച്ചു, ഫലിച്ചില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഗുരുസ്വാമി ഇങ്ങനെ അരുൾ ചെയ്തു;

"ദേശഭേദം, സ്ഥലം, ഋതുഭേദം, ഇതൊക്കെ ഔഷധികൾക്ക് വ്യത്യാസംവരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈ ആയിട്ട് നില്ക്കുമ്പോഴും കായ്ച്ച് നിൽക്കുമ്പോഴും ഒരേ ഫലമല്ല. മനുഷ്യശരീരത്തിനു നമുക്കറിയാൻ കഴിയാത്ത പല വ്യത്യാസങ്ങൾ ഇല്ലേ? ചേര് (ഭല്ലാതകം) തൊട്ടാൽ പക (പൊള്ളൽ) ഉള്ളവരും ഉണ്ടല്ലോ. രോഗിയുടെ ശരീരസ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഇതൊക്കെ സൂക്ഷ്മമായി ചിന്തിക്കണം. ഒരു രോഗം ഒരു ഔഷധംകൊണ്ടുതന്നെ എപ്പോഴും മാറണമെന്നില്ല. അങ്ങനെയാണെങ്കിൽ ഒരു രോഗത്തിനുതന്നെ പല മരുന്നുകൾ വിധിക്കേണ്ടിയിരുന്നില്ലല്ലോ? "

ചികിത്സാശാസ്ത്രത്തിൽ ഗുരുവിനുണ്ടായിരുന്ന സൂക്ഷ്മജ്ഞാനത്തെക്കുറിച്ച് വിവരിക്കാനായി പണ്ഡിതർ ഈ കഥ ഉദ്ധരിച്ചുകാണാറുണ്ട്. ജഗത്തിന്റെ സൂക്ഷ്മതത്വത്തെ അന്വേഷിച്ച് ഗ്രഹിച്ച തൃപ്പാദങ്ങൾക്ക് എല്ലാറ്റിലും ഇതുപോലെ സൂക്ഷ്മത പുലർത്താൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം. പഠിതാവായ ഒരാൾ തൃപ്പാദസമക്ഷം എത്തിയാൽ അയാൾ പഠിക്കുന്ന വിഷയത്തെക്കുറിച്ചാവും ഗുരു ചോദിക്കുക. സംശയങ്ങൾ ചോദിച്ച് വിദ്യാർത്ഥിയെ പഠനകാര്യത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ച് ബോദ്ധ്യം വരുത്തിയിട്ട് അനുഗ്രഹിക്കും. മതപ്രചാരകർ എത്തിയാൽ അവരോടും സംശയരൂപേണ ചോദ്യങ്ങൾ ചോദിച്ച് അവരുടെ മതത്തിന്റെ പൊരുൾ എന്താണെന്ന് വെളിപ്പെടുത്താൻ ശ്രമിക്കും. ശരിയായ വിശ്വാസിയാണെങ്കിൽ അതുൾക്കൊണ്ട് സ്വന്തം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കും.

ശാസ്ത്രമോ ചികിത്സാപഠനമോ ചരിത്രമോ ഭാഷയോ പഠിക്കാനിറങ്ങിയാലും സൂക്ഷ്മശ്രദ്ധ പുലർത്തണം. പൂർണസത്യത്തെയാണ് അന്വേഷിക്കേണ്ടത്. ദർശനമാലയെന്ന കൃതിയിൽ ഗുരു ഇക്കാര്യത്തെ കുറച്ചുകൂടി ഗൗരവതരമായി പ്രതിപാദിക്കുന്നുണ്ട്.

Courtesy ~ സജീവ് കൃഷ്ണൻ

മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത് - ശ്രീനാരായണഗുരു

മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്. കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില എന്നിവ ചിത്തഭ്രമം ഉണ്ടാക്കുന്നതിനാല്‍ മദ്യത്തിന്‍റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.

ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന് കുഷ്ഠമുണ്ടായാല്‍, ദേഹം മുഴുവന്‍ അതു ദുഷിപ്പിക്കുന്നതുപോലെ ചിലര്‍ ചെത്തുന്നതുമൂലം സമുദായം മുഴുവന്‍ കെട്ടുപോകുന്നു. 

ചെത്തുകാരെ സമുദായത്തില്‍നിന്ന് വേര്‍പെടുത്തണം. അവരുമായി കൂടിക്കഴിയരുത്. ചെത്ത് ഒരു മഹാപാപമാണ്. ചെത്തുന്നവരെക്കൊണ്ട് തേങ്ങയിടുവിക്കാമല്ലോ. 

ചെത്തിനുള്ള കത്തി നാലാക്കിയാല്‍ ഒരോ കഷ്ണം കൊണ്ട് മുടി വടിക്കാനുള്ള ഒരോ കത്തിയുണ്ടാക്കാം. അതും കൊണ്ടുനടക്കുന്നതായിരിക്കും ചെത്തിനെക്കാള്‍ മാനം. നല്ല ആദായവും ഉണ്ടാവും.

-ശ്രീനാരായണഗുരു

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്ന സംഭാഷണം

1925 മാര്‍ച്ച് മാസം 12 ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി. ശ്രീ.എന്‍ കുമാരന്‍: ശ്രീ നാരായണഗുരുസ്വാമികളുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു.

ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ? 

സ്വാമികള്‍: ഇല്ല. 

ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ, വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ? 

സ്വാമികള്‍: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്.അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല. 

ഗാന്ധിജി: അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ, എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം? 

സ്വാമികള്‍: അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല. നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം. 

ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ്? 

സ്വാമികള്‍: ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല. 

ഗാന്ധിജി: ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ? 

സ്വാമികള്‍: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല. 

ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ? 

സ്വാമികള്‍: മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല. 

ഗാന്ധിജി: ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ? 

സ്വാമികള്‍: അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ? 

ഗാന്ധിജി: അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം? 

സ്വാമികള്‍:; ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്. 

ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ. ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ? 

സ്വാമികള്‍: ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല. 

ഗാന്ധിജി: ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ? 

സ്വാമികള്‍: അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും. 

ഗാന്ധിജി: (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്‌കാലത്തില്‍ത്തന്നെ അത് സഫലമാകുമെന്നാണ് എന്റെ വിശ്വാസം. അധഃകൃതവര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരം ഉണ്ടല്ലൊ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ? 

സ്വാമികള്‍: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു. ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്. 

ഗാന്ധിജി: വളരെ സന്തോഷം. 

അനന്തരം തിരുവനന്തപുരത്തുവെച്ചു കൂടിയ മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി; 

"മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണഗുരുസ്വാമികളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു. ഗുരുസ്വാമിയുടെ മഹാത്മ്യത്തെക്കുറിച്ച് റീജന്റ് മഹാറാണി തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി".

Saturday, 19 July 2014

ശ്രീനാരായണ ഗുരു ഈയിടെ നാടുനീളെ കല്ലു നാട്ടുന്നതായി കേട്ടല്ലോ !!!.

ശ്രീനാരായണ ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിനോട് ഒരദ്വൈതി എന്ന നിലയില് വാഗ്ഭടാനന്ദ ഗുരുദേവന് (കുഞ്ഞികണ്ണന്) എതി൪പ്പുണ്ടായിരുന്നു.

അദ്വൈതവും വിഗ്രഹാരാധനയും ഒത്തുപോവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഒരിക്കൽ അദ്ദേഹം ഗുരുവിനോടു ചോദിച്ചു:

ഗുരുദേവ൯ ഈയിടെ നാടുനീളെ കല്ലുനാട്ടുന്നതായി കേട്ടല്ലോ.

ഗുരു : (വാഗ്ഭടാനന്ദന്റെ കാതിലുള്ള കല്ലുവച്ച കടുക്ക൯ ഉദ്ദേശിച്ച്)

നാം കല്ലു നാട്ടുന്നതല്ലേ ഉള്ളു? കുഞ്ഞികണ്ണ൯ അതു ചുമന്നുകൊണ്ടു നടക്കുന്നല്ലോ.

- തറമ്മല് കൃഷ്ണ൯