Monday, 28 July 2014

ചികിത്സാശാസ്ത്രത്തിൽ ശ്രീ നാരായണ ഗുരുവിനുണ്ടായിരുന്ന സൂക്ഷ്മജ്ഞാനം

ശ്രീ നാരായണ ഗുരു ഗുരുസ്വാമിയുടെ ദേഹത്ത് ഒരു പരു. പരിചരിച്ച് നിന്ന ശിഷ്യരിൽ ഒരാളാണ് അത് ആദ്യം കണ്ടത്. അയാൾ വ്യസനഹൃദയനായി. ദിവസം ചെല്ലുംതോറും അതിന്റെ വലിപ്പം കൂടിവന്നു. ഒപ്പം നീരും വേദനയുമായി. ഡോക്ടർ വന്നു;

"ഓപ്പറേറ്റ് ചെയ്ത് കളയണം. അത് താനേ പൊട്ടുമെന്ന് തോന്നുന്നില്ല."

സ്വാമി അപ്പോഴും ഒന്നും മിണ്ടുന്നില്ല. സ്വാമിയെ എങ്ങനെയെങ്കിലും നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് ശിഷ്യർ തീരുമാനിച്ചു. അവർ ഓപ്പറേഷന്റെ തീയതിയും നിശ്ചയിച്ചു. അന്നേദിവസം ഗുരുവിനെ അനുനയിപ്പിച്ച് ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യവുമായി അവർ തൃപ്പാദസമക്ഷമെത്തി. സ്വാമി അവരിൽ ഒരാളെയും വിളിച്ച് തൊടിയിലേക്കിറങ്ങി. ഒരു സസ്യത്തിന്റെ തളിരിലകൾ പറിച്ചെടുത്തു. അതു കശക്കി പിഴിഞ്ഞ് തന്റെ പരുവിലേക്ക് നീരുവീഴ്ത്താൻ ആവശ്യപ്പെട്ടു. ശിഷ്യൻ അനുസരിച്ചു. ഒരു മണിക്കൂർ കഴിഞ്ഞതും പരുപൊട്ടി ദുഷിപ്പുകൾ പുറത്തേക്ക് ഒലിച്ചു. ശിഷ്യർക്ക് അതുകണ്ട് തൊഴുതുനില്ക്കാനേ കഴിഞ്ഞുള്ളൂ. പരുവിന്റെ പ്രശ്നവുമായി മുന്നിലെത്തിയ മറ്റൊരു രോഗിയിൽ ശിഷ്യൻ ഗോവിന്ദാനന്ദ സ്വാമി ഈ പച്ചിലമരുന്ന് പരീക്ഷിച്ചു, ഫലിച്ചില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഗുരുസ്വാമി ഇങ്ങനെ അരുൾ ചെയ്തു;

"ദേശഭേദം, സ്ഥലം, ഋതുഭേദം, ഇതൊക്കെ ഔഷധികൾക്ക് വ്യത്യാസംവരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈ ആയിട്ട് നില്ക്കുമ്പോഴും കായ്ച്ച് നിൽക്കുമ്പോഴും ഒരേ ഫലമല്ല. മനുഷ്യശരീരത്തിനു നമുക്കറിയാൻ കഴിയാത്ത പല വ്യത്യാസങ്ങൾ ഇല്ലേ? ചേര് (ഭല്ലാതകം) തൊട്ടാൽ പക (പൊള്ളൽ) ഉള്ളവരും ഉണ്ടല്ലോ. രോഗിയുടെ ശരീരസ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഇതൊക്കെ സൂക്ഷ്മമായി ചിന്തിക്കണം. ഒരു രോഗം ഒരു ഔഷധംകൊണ്ടുതന്നെ എപ്പോഴും മാറണമെന്നില്ല. അങ്ങനെയാണെങ്കിൽ ഒരു രോഗത്തിനുതന്നെ പല മരുന്നുകൾ വിധിക്കേണ്ടിയിരുന്നില്ലല്ലോ? "

ചികിത്സാശാസ്ത്രത്തിൽ ഗുരുവിനുണ്ടായിരുന്ന സൂക്ഷ്മജ്ഞാനത്തെക്കുറിച്ച് വിവരിക്കാനായി പണ്ഡിതർ ഈ കഥ ഉദ്ധരിച്ചുകാണാറുണ്ട്. ജഗത്തിന്റെ സൂക്ഷ്മതത്വത്തെ അന്വേഷിച്ച് ഗ്രഹിച്ച തൃപ്പാദങ്ങൾക്ക് എല്ലാറ്റിലും ഇതുപോലെ സൂക്ഷ്മത പുലർത്താൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം. പഠിതാവായ ഒരാൾ തൃപ്പാദസമക്ഷം എത്തിയാൽ അയാൾ പഠിക്കുന്ന വിഷയത്തെക്കുറിച്ചാവും ഗുരു ചോദിക്കുക. സംശയങ്ങൾ ചോദിച്ച് വിദ്യാർത്ഥിയെ പഠനകാര്യത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ച് ബോദ്ധ്യം വരുത്തിയിട്ട് അനുഗ്രഹിക്കും. മതപ്രചാരകർ എത്തിയാൽ അവരോടും സംശയരൂപേണ ചോദ്യങ്ങൾ ചോദിച്ച് അവരുടെ മതത്തിന്റെ പൊരുൾ എന്താണെന്ന് വെളിപ്പെടുത്താൻ ശ്രമിക്കും. ശരിയായ വിശ്വാസിയാണെങ്കിൽ അതുൾക്കൊണ്ട് സ്വന്തം മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കും.

ശാസ്ത്രമോ ചികിത്സാപഠനമോ ചരിത്രമോ ഭാഷയോ പഠിക്കാനിറങ്ങിയാലും സൂക്ഷ്മശ്രദ്ധ പുലർത്തണം. പൂർണസത്യത്തെയാണ് അന്വേഷിക്കേണ്ടത്. ദർശനമാലയെന്ന കൃതിയിൽ ഗുരു ഇക്കാര്യത്തെ കുറച്ചുകൂടി ഗൗരവതരമായി പ്രതിപാദിക്കുന്നുണ്ട്.

Courtesy ~ സജീവ് കൃഷ്ണൻ

No comments:

Post a Comment