May 14- 16th Samadhi Year of Guru Nithya chaithanya Yathi...
മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും. അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവും കൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ? അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത്? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല, അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'.
നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.
നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: "എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു. ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല. ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്. പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു. ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ. ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
No comments:
Post a Comment