Tuesday, 19 August 2014

ഗുരു മുനി നാരായണ പ്രസാദ്‌ - ഗുരുസാഗരത്തിലെ മൗനസഞ്ചാരി

ദുഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്‌പൃഹഃ
വീത രാഗ ഭയ ക്രോധഃ
സ്ഥിതധിര്‍ മുനിരുച്യതേ.
(ഭഗവദ്‌ഗീത: സംഖ്യായോഗം 56)

ദുഃഖങ്ങളില്‍ ഇളകാത്ത മനസ്സോടു കൂടിയും സുഖങ്ങളില്‍ ആഗ്രഹമില്ലാതെയും രാഗം, ഭയം, ക്രോധം എന്നിവയില്ലാതെയും വര്‍ത്തിക്കുന്ന മുനിയെ സ്ഥിതധീ എന്നു വിളിക്കാം.


ഭഗവദ്‌ ഗീതയില്‍ കൃഷ്‌ണന്‍ അര്‍ജുനനോടു പറയുന്നു. ”അര്‍ജുനാ, ഇവിടെ പറയുന്ന മനോഭാവം ആരിലാണോ ഉറച്ചുകഴിഞ്ഞിട്ടുള്ളത്‌ അയാള്‍ തന്റെ ആത്മസന്തുഷ്‌ടിയെപ്പറ്റി ലോകരോട്‌ പറഞ്ഞ്‌ നടക്കാനിഷ്‌ടപ്പെടുകയില്ല. മറിച്ച്‌ മൗനമായിരിക്കാനാണ്‌ ഇഷ്‌ടപ്പെടുക. മൗനം ശീലമായിട്ടുള്ളവനാണ്‌ മുനി.”

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ്‌ ഗുരു മുനി നാരായണ പ്രസാദ്‌. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത്‌ ശ്രീനിവാസപുരത്താണ്‌. അവിടെയുള്ള നാരായണ ഗുരുകുലമാണ്‌ ഗുരുമുനി നാരായണ പ്രസാദ്‌ എന്ന സംന്യാസി വര്യന്‍ തന്റെ നൂറോളം പുസ്‌തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്‌. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്‌ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക്‌ ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു.

അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ്‌ പ്രൊഫസറായും സഞ്ചരിക്കുന്ന മുനി നാരായണ പ്രസാദിന്റെ മുന്നില്‍ അങ്ങയെക്കുറിച്ച്‌ ആളുകള്‍ അറിയുംവിധം എഴുതാന്‍ താത്‌പര്യമുണ്ടെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ എഴുതി ഉണ്ടാക്കുന്ന പ്രശസ്‌തിയൊന്നും എനിക്കുവേണ്ട.”


ഇന്നു ജീവിച്ചിരിക്കുന്നവരിലാരും ഇത്രയും പുസ്‌തകങ്ങള്‍ എഴുതിയിട്ടില്ല. അങ്ങയെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കുന്നതും അറിയിക്കുന്നതും ഒരു പുണ്യപ്രവൃത്തിയാണ്‌. അതു കേള്‍ക്കെ അദ്ദേഹം മൗനത്തിലാണ്ടു. ‘എന്നെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തെഴുതാനാണ്‌ ‘ എന്ന ഭാവം അദ്ദേഹത്തിന്റെ മുഖഭാവത്തിലുണ്ടായിരുന്നു.

സമുദായ സംഘടനകളുടെ ബിംബവത്‌കരണത്തില്‍ നിന്ന്‌ മുക്തനാവാനും അത്തരം ആളുകളെ അകറ്റി നിര്‍ത്താനും ശ്രമിച്ച ഗുരുവാണ്‌ ശ്രീനാരായണഗുരു. ലക്ഷോപലക്ഷം ജനങ്ങളും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും തന്റെ കാല്‍പാദങ്ങളില്‍ ഭക്ത്യാദരപൂര്‍വം നമിക്കുമ്പോഴും ശ്രീനാരായണഗുരു ഉള്ളാലെ ദുഃഖിതനായിരുന്നു. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ‘നമുക്കാരുമില്ലല്ലോ‘ തന്റെ ജ്ഞാനമാര്‍ഗം പിന്തുടരാന്‍ ആരുമില്ലെന്ന്‌ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു ഡോക്ടര്‍ പല്‌പുവിന്റെ മകനായ നടരാജനെ തന്റെ പിന്‍ഗാമിയായി കണ്ടു. ‘തമ്പീ, നമുക്കാരുമില്ലല്ലോ‘. എന്ന നാരായണ ഗുരുവിന്റെ ദീനവിലാപമറിഞ്ഞത്‌ നടരാജന്‍ മാത്രമായിരുന്നു. നടരാജന്‍ പിന്നീട്‌ ലോകമെങ്ങും അറിയപ്പെടുന്ന നടരാജഗുരുവായി എഴുപത്തി ഒന്‍പതാം വയസ്സില്‍ അദ്ദേഹം സമാധിയാകുന്നതുവരെ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ലോകം മുഴുവനും പ്രചരിപ്പിക്കുകയായിരുന്നു. നാരായണഗുരു സ്വന്തം ചെലവില്‍ നടരാജനെ യൂറോപ്പിലേക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചു. നാരായണ ഗുരുവിന്റെ സങ്കല്‌പത്തിനപ്പുറം നടരാജന്‍ വളര്‍ന്നു. പാരീസിലെ സെര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ എടുക്കുന്നത്‌ തന്നെ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ നാലുവരികളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌. സോക്രട്ടീസിന്‌ പ്ലാറ്റോയെന്ന ശിഷ്യന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ്‌ നാരായണ ഗുരുവും നടരാജഗുരുവും തമ്മിലുള്ള ആത്മബന്ധം. നടരാജഗുരു നേടിയ ഉന്നത വിദ്യാഭ്യാസവും പാണ്ഡിത്യവുമെല്ലാം നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകമെങ്ങുമുള്ള ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ആദ്യമായി ഊട്ടിയില്‍ 1923-ല്‍ നാരായണ ഗുരുകുലം സ്ഥാപിച്ചുകൊണ്ടാണ്‌ അദ്ദേഹം നാരായണ ഗുരുകുല പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌.

ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത്‌ സാമുദായിക പ്രമാണിമാരുടെ വഴിവിട്ട പ്രവര്‍ത്തനം കണ്ട്‌ മനസ്സുമടുത്ത ഗുരുതന്നെ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. ഇനി എനിക്ക്‌ ശ്രീനാരായണ പരിപാലന സംഘവുമായി യാതൊരു ബന്ധവുമില്ല. ശ്രീനാരായണ ഗുരു തമിഴിലും, സംസ്‌കൃതത്തിലും മലയാളത്തിലുമായി അറുപതോളം കൃതികള്‍ രചിച്ചു. എന്നാല്‍ ശ്രീനാരായണീയരെന്ന്‌ അഭിമാനിക്കുന്നവര്‍ക്കും സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നാരായണ ഗുരുവിനെയോ ഗുരുവിന്റെ കൃതികളെയോ അറിയില്ല എന്നുള്ളതാണ്‌ സത്യം. ഇവിടെയാണ്‌ നാരായണ ഗുരുകുലങ്ങളുടെ പ്രസക്തി.

നാരായണ ഗുരുകുലം തുടങ്ങിവെച്ച നടരാജഗുരുവിന്റെ പരമ്പരയില്‍ പ്രശസ്‌തരായ പലരുമുണ്ടായിരുന്നു. ഏകലോക പൗരന്‍ ഗാരിഡേവിഡ്‌, ജോണ്‍ സ്‌പിയേഴ്‌സ്‌, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി, ഇപ്പോഴത്തെ ഗുരുവായി മുനിനാരായണ പ്രസാദ്‌..

നാരായണഗുരുവിന്റെ കൃതികളൊന്നാകെയും ആഴത്തിലുള്ള പഠനങ്ങളാണ്‌ നാരായണഗുരുകുലം ഏറ്റെടുത്തിട്ടുള്ളത്‌. നടരാജഗുരുവും നിത്യചൈതന്യയതിയും മുനിനാരായണപ്രസാദും ഈ രംഗത്ത്‌ വളരെ വലിയ സംഭാവനകള്‍ നല്‍കിയവരാണ്‌. നടരാജഗുരുവിന്റെ ആത്മകഥ വായിക്കുമ്പോള്‍ അദ്ദേഹം കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിക്കാണാം. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും പശുവിനെ നോക്കിയും കൃഷിപ്പണികള്‍ ചെയ്‌തും ജീവിക്കുന്ന നടരാജഗുരു കടുത്ത ദാരിദ്ര്യം അനുഭവിക്കുമ്പോഴും തന്റെ അടുത്തേക്ക്‌ വരുന്നവര്‍ക്ക്‌ നാരായണഗുരുവിന്റെ അപാരമായ അറിവ്‌ പകര്‍ന്നു നല്‍കുവാനാണ്‌ ശ്രമിച്ചിരുന്നത്‌. അചഞ്ചലനായ ആ ഗുരുവിന്റെ ആദര്‍ശപരമായ ലക്ഷ്യം തന്നെയാണ്‌ ഗുരു മുനി നാരായണപ്രസാദിലും കാണാവുന്നത്‌.

കാന്‍സര്‍ രോഗം പിടിപെട്ട്‌ കാലുകള്‍ തളര്‍ന്ന്‌ നടക്കാന്‍ കഴിയാതെ വരുമ്പോഴും അദ്ദേഹത്തിന്റെ ആകുലത നാരായണഗുരുവിന്റെ സമ്പൂര്‍ണ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നത്‌ മുടങ്ങുമോ എന്നായിരുന്നു. ഒരുപക്ഷേ, ഇനിയും അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത്‌ തനിക്ക്‌ ഒരുപാടു വെളിപാടുകള്‍ നടത്താനുണ്ടെന്ന മനസ്സിന്റെ കഠിനമായ അഭിലാഷത്താലായിരിക്കും ഗുരു മുനി നാരായണ പ്രസാദ്‌ കാന്‍സര്‍രോഗത്തില്‍നിന്ന്‌ മുക്തനായത്‌. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കുന്നവര്‍ക്കും ശിഷ്യന്മാര്‍ക്കും എന്തെന്നില്ലാത്ത ആനന്ദമാണ്‌ നല്‍കുന്നത്‌. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട്‌ ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്‌തകങ്ങളായും അന്വേഷികള്‍ക്ക്‌ സര്‍വാത്മനാ സമ്മാനിക്കുന്നു.


വിറകുവെട്ടിയും വെള്ളം കോരിയും കൃഷിപ്പണി ചെയ്‌തും തന്റെ ദിനചര്യകള്‍ തുടങ്ങുന്ന മുനി നാരായണ പ്രസാദ്‌ നാരായണ ഗുരുകുലത്തിലെ എക്കാലത്തെയും മാതൃകാപുരുഷനാണ്‌. മറ്റുള്ളവരെന്തുചെയ്യണം എന്നു തീരുമാനിക്കാതെ മറ്റുള്ളവര്‍ക്ക്‌ മാതൃകയാവുകയായിരുന്നു ഗുരുവിന്റെ വഴികള്‍. ക്ലിഷ്‌ടമായ ഗുരുകുല ജീവിതത്തിലൂടെ അറിവിനെ ഉപാസിക്കുമ്പോഴും തന്റെ ഓരോ നിമിഷവും ഒട്ടും നഷ്‌ടപ്പെടുത്താതെ ദാര്‍ശനികമായ അനുഭവമാക്കി മാറ്റുകയാണ്‌. അലസതയും മടിയുമാണ്‌ സംന്യാസിയുടെ സംഭാവനയെന്ന്‌ പറയുന്ന ചില പുരോഗമന വാദികളുണ്ട്‌. അലസതയും മടിയുമായി എത്തുന്നവരെ ഗുരു മുനി നാരായണപ്രസാദ്‌ ഒരിക്കലും അംഗീകരിച്ചിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നവര്‍ കര്‍മത്തിലും ജ്ഞാനത്തിലും എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്‌. അല്ലാത്തവരോട്‌ പൊട്ടിത്തെറിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത്‌ അദ്ദേഹത്തിനവര്‍ നിരന്തരം അസഹനീയത ഉണ്ടാക്കുമ്പോഴാണ്‌. വെറുതെ സമയം കൊല്ലുവാന്‍ ഗുരുകുലത്തിലെത്തുന്നവര്‍ക്ക്‌ ഒരിക്കലും അദ്ദേഹം സ്വീകാര്യനായിരുന്നില്ല.

1938-ല്‍ ജനിച്ച ഗുരുമുനി നാരായണപ്രസാദ്‌ 1970-ല്‍ എന്‍ജിനീയര്‍ ഉദ്യോഗം രാജിവെച്ചാണ്‌ സംന്യാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്‌. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികള്‍. ഡി.സി. ബുക്‌സ്‌, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.കെ., നാഷണനല്‍ ബുക്ക്‌ ട്രസ്റ്റ്‌ തുടങ്ങിയ പ്രസാധകര്‍ ഗുരുവിന്റെ പ്രധാന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

മുനി നാരായണപ്രസാദ്‌ എഴുതിയ ‘ഒരു ഗുരു ശിഷ്യ ബന്ധം‘ എന്ന പുസ്‌തകത്തില്‍ പറയുന്നു, ‘ഉള്ളില്‍ സമാധാനം അനുഭവിക്കുന്ന മനുഷ്യന്‍ ലോകത്തുണ്ടാകുമ്പോള്‍ ലോകസമാധാനം കൈവരുന്നു എന്ന്‌.’ ഗുരു മുനിനാരായണപ്രസാദ്‌ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ കഴിയുന്നതില്‍ അദ്ദേഹത്തിന്റെ അച്ഛന്‌ അല്‌പം വിഷമമുണ്ടായിരുന്നു. 1970-ല്‍ നവംബര്‍ ഒന്നു മുതല്‍ പതിനൊന്നുവരെ പയ്യന്നൂരിനടുത്തുള്ള ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌, കുപ്രസിദ്ധമായ നാഗരൂര്‍ കുമ്മിള്‍ കൊലക്കേസ്‌ നടക്കുന്നത്‌. ഒരു മാന്യന്റെ തല വെട്ടിയെടുത്ത്‌ നക്‌സലൈറ്റുകള്‍ റോഡില്‍ കൊണ്ടുവെച്ചു. രോഗശയ്യയില്‍ കിടക്കുന്ന ഗുരുവിന്റെ അച്ഛന്‍ ആ കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. ”എന്റെ നാട്ടുകാര്‍ ആളുകളുടെ തലവെട്ടി റോഡില്‍ കൊണ്ടുവെക്കുമ്പോള്‍ എന്റെ മോന്‍ ലോകസമാധാനത്തിനുവേണ്ടി കഷ്‌ടപ്പെടുന്നു.”

ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌ ഗുരു മുനിനാരായണ പ്രസാദിന്റെ അച്ഛന്‌ സീരിയസ്സാണ്‌ എന്നറിയിച്ചുകൊണ്ടുള്ള കമ്പി വരുന്നത്‌. പക്ഷേ, അദ്ദേഹം അതിനും മുന്‍പ്‌ വീട്ടുകാരെ അറിയിച്ചിരുന്നു. അച്ഛനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എനിക്ക്‌ എത്തിച്ചേരാന്‍ കഴിയില്ല എന്ന്‌. ലോകസമാധാനത്തിനുവേണ്ടിയുള്ള ഈ ആത്മാര്‍പ്പണമാണ്‌ നാരായണഗുരുകുലത്തെ വേറിട്ടുനിര്‍ത്തുന്നത്‌. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ വേറിട്ട്‌ പഠിപ്പിക്കുന്ന ഒരിടമായി നാരായണഗുരുകുലം നിലകൊള്ളുന്നു. അതിന്റെ മാര്‍ഗദര്‍ശിയായി ജ്ഞാനദര്‍ശനത്തിന്റെ ശാന്തി സന്ദേശവുമായി ഒരു ഗുരുവും.

Friday, 8 August 2014

പുന൪ജന്മം ഉണ്ടോ ? ശ്രീ നാരായണഗുരു സ്വാമികള്‍

ഒരു യുക്തിവാദി ശ്രീനാരായണ ഗുരുവിനോട് : പുന൪ജന്മം ഉണ്ടോ ?

ഗുരു : നിങ്ങളുടെ വിശ്വാസം എന്താണ് ?

യുക്തിവാദി : എന്റെ വിശ്വാസം ഇല്ലെന്നാണ്.

ഗുരു : പിന്നെ എന്താണു സംശയം ?

- ഗുരുദേവ൯ മാസിക, ഏപ്രില് 1987

3-Year-Old Remembers Past Life & Identifies His Murderer

ശ്രീ നാരായണ ഗുരുദേവന്‍ മാധവനാചാരിയുമായി നടത്തിയ സംഭാഷണം

ഗുരുദേവന്‍; എന്താണ്.. ?

മാധവനാചാരി; സ്വാമിയെ ഒന്ന് കാണാന്‍ വന്നതാണ് ?

ഗുരുദേവന്‍ ; കയ്യില്‍ ഇരിക്കുന്നതെന്തു ?

മാധവനാചാരി; ഇതൊരു മുഴക്കൊലാണ്.

ഗുരുദേവന്‍ ; ആഹാ, ഇതു ഒരു മുഴമാണോ ?.

മാധവനാചാരി ;അല്ല രണ്ടു മുഴം വരും, രണ്ടു മുഴമാണ്.

ഗുരുദേവന്‍; ഓഹോ ,അത് രണ്ടു മുഴക്കൊലാണോ? എന്നിട്ടാണോ നമ്മോടു പറഞ്ഞത് രണ്ടു മുഴക്കോലാണെന്നു ?.

(മാധവനാചാരി മറുപടി പറയാനാവാതെ പരുങ്ങിനില്‍ക്കുന്നു)

ഗുരുദേവന്‍ വീണ്ടും ,അളവ് തുടങ്ങുന്നത് എവിടെ നിന്നാണ് ?

മാധവനാചാരി ; (എന്ത് പറയണമെന്നറിയാതെ കുഴങ്ങി ) ഞങ്ങള്‍ ത്രസരേണു മുതല്‍ക്കാണ് തുടങ്ങുന്നതു....."

ഗുരുദേവന്‍; ഓഹോ, നിങ്ങള്‍ക്ക് പ്രത്യേക കണക്കാണല്ലേ? (ചിരിച്ചു കൊണ്ട്) അളവ് തുടങ്ങുന്നതു അണു മുതല്‍ക്കാണല്ലേ?"

“എന്ത് ?!!! പരിഹസിയ്ക്കുന്നോ ?? പരീക്ഷ വല്ലതും കാണണോ?“

ചെങ്ങന്നൂരില്‍ വച്ച് ഒരു സ്ഥലത്ത് ശ്രീനാരായണഗുരുസ്വാമികൾ വിശ്രമിയ്ക്കുമ്പോള്‍ പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ഉറഞ്ഞ് തുള്ളി അദ്ദേഹത്തിന്റെ അരികിലെത്തി. 

അനേകം ആ‍ളുകള്‍ അടുത്തുകൂടി. 

കോമരം സ്വാമിയോട് ചോദിച്ചു:  “ഞാന്‍ ആരാണെന്ന് അറിയാമോ??"

സ്വാമി: "കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു"

കോമരം: “എന്ത്?!!! പരിഹസിയ്ക്കുന്നോ ?? പരീക്ഷ വല്ലതും കാണണോ?"

സ്വാമി : (ചിരിച്ച്കൊണ്ട് ) “ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം"

കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി.

ഇത്തരം പല്ലില്ലാത്ത കോമരങ്ങളെ ചിരിപ്പിച്ച്, അമ്പലത്തിലെ പ്രതിഷ്ടയ്ക്കു പകരം കണ്ണാടി വച്ച്കൊടുത്ത്, ഒരുജാതിയൊരുമതമൊരുദൈവം എന്നു പറഞ്ഞ് “ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ, ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം” എന്ന് കേട്ടുകൊണ്ട് ശ്രീനാരായണ ഗുരു സ്വാമികൾ   പോയി. 

കോമരങ്ങള്‍ വീണ്ടും ഉറഞ്ഞ് തുള്ളുകയാണ്. ആളും കൂടുന്നുണ്ട്. തമാശതന്നെ. അതിങ്ങനെ തുള്ളിക്കൊണ്ടേയിരിയ്ക്കും. ആളു കൂടിക്കൊണ്ടേയിരിയ്ക്കും.

Thursday, 7 August 2014

നാരായണഗുരുകുലവും പീതാംബരസൗഹൃദവും ഗുരുകുല സ്റ്റഡീസര്‍ക്കിളും

നാരായണഗുരുകുലം

പ്രാതസ്മരണീയനും ലോകാചാര്യനുമായ നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി പൂജ്യപാദരായ നടരാജഗുരു 1923-ല്‍ നാരായണഗുരുകുലം സംസ്ഥാപനം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിന് അനുമതി നല്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നാരായണ ഗുരു തന്റെ സച്ഛിഷ്യനായ നടരാജഗുരുവിനോട് വ്യക്തമാക്കിയിരുന്നു. 

(1) വിവാഹം തടയരുത്. 

(2) ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെയുള്ള ഉപരിതനമായൊരു വേഴ്ചയില്‍ ബന്ധപ്പെട്ട് ജീവിക്കുന്നതായിരിക്കണം ഗുരുകുലം. 

(3) ലോകം മുഴുവനും ഗുരുകുലമായിത്തീരണം. 


ഈ വാക്കുകളെ മാനിച്ച് ഗുരുകുലത്തിലെ അന്തേവാസികളാകുവാന്‍ ആഗ്രഹിക്കുന്നവരോട് അവിവാഹിതരായി കഴിയാനോ, വിവാഹിതരാണെങ്കില്‍ വിവാഹബന്ധം ഉപേക്ഷിക്കുവാനോ ആരും നിര്‍ബന്ധിക്കാറില്ല. ന്യൂജര്‍സി, ബല്‍ജിയം എന്നീ ഗുരുകുലങ്ങളിലെ അധിപന്മാര്‍ വിവാഹിതരാണ്. എന്നിരുന്നാലും നാരായണഗുരുകുലം ഹിന്ദു മതത്തിലെ മഠം, ആശ്രമം എന്നെല്ലാം പറഞ്ഞുപോരുന്നതിനോട് സമമായിരിക്കുകയാല്‍ ഗുരുകുലത്തിന്റെ ഭരണപരമായ ആവശ്യത്തിനും, അദ്ധ്യാത്മജ്ഞാനത്തിന്റെ അനുസ്യൂതമായ നിലനില്പിനും സഹായകമായിരിക്കുന്നതിനുവേണ്ടി ഗുരുവിന്റെ പരമ്പരയെ തെരെഞ്ഞെടുക്കുന്നത് എപ്പോഴും ലൗകികബന്ധം ഉപേക്ഷിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചിട്ടുള്ള ത്യാഗികളില്‍ നിന്നായിരിക്കും. ഇതു നാരായണഗുരു രചിച്ച ആശ്രമം എന്ന കൃതിയില്‍ ഗുരുതന്നെ എടുത്തു പറഞ്ഞിട്ടുള്ളതായി കാണാവുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ശ്രീ. ജോണ്‍സ്‌പീയേഴ്‌സ്, സ്വാമി മംഗലാനന്ദ, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരെ നടരാജഗുരു അനുക്രമം തന്റെ ശിഷ്യപരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചു ഗുരുകുലത്തിന്റെ ഭാവി ഭരണത്തിന് അധികാരവും അവകാശവുമുള്ളവരാക്കിത്തീര്‍ത്തത്.



1923-ല്‍ എല്ലാ കുടുംബബന്ധങ്ങളും ഉപേക്ഷിച്ചു ത്യാഗിയായി വന്നു നീലഗിരിയില്‍ ഗുരുകുലം സ്ഥാപിച്ചു നടത്തിപ്പോന്ന നടരാജ ഗുരുവിന്റെ ത്യാഗത്തെ അംഗീകരിച്ചുകൊണ്ട് 1926-ല്‍ നാരായണഗുരു അദ്ദേഹത്തിനു പീതാംബരം നല്കുകയുണ്ടായി. ഗുരുകുലത്തിന്റെ സ്ഥാപനത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞു തൃശ്ശൂരില്‍വച്ച് രജിസ്റ്റര്‍ ചെയ്ത സന്ന്യാസി സംഘമായ ശ്രീനാരായണ ധര്‍മ്മ സംഘമുണ്ടാക്കിയപ്പോള്‍ നടരാജഗുരുവിനെ ടി സംഘത്തിന്റെ ഉപദേഷ്ടാവായിക്കൂടി നാരായണഗുരു ഉദ്ദേശിച്ചിരുന്നു. നാരായണഗുരു വിഭാവനം ചെയ്തിരുന്ന ഏകലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി ആധുനികമായ ശാസ്ത്രവിജ്ഞാനം നേടുവാനും, അദ്ധ്യയന സമ്പ്രദായം മനസ്സിലാക്കുവാനും വേണ്ടി നാരായണഗുരുതന്നെ പണവും അനുഗ്രഹവും നല്കി നടരാജഗുരുവിനെ പാരീസിലുള്ള സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനായി അയച്ചിരുന്നു. നടരാജഗുരു പാരീസില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1928 സെപ്റ്റംബര്‍ മാസത്തില്‍ നാരായണഗുരു മഹാസമാധി പ്രാപിച്ചത്. അതിനുശേഷം സൊര്‍ ബോണില്‍ നിന്നും 'ഡിലിറ്റ്' ബിരുദം നേടി ഇന്‍ഡ്യയില്‍ മടങ്ങി വന്ന നടരാജഗുരു ഇന്‍ഡ്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും, നാരായണഗുരുവിന്റെ തത്ത്വചിന്തയെ ഇംഗ്ലീഷില്‍ ഭാഷ്യം ചെയ്തും വ്യാഖ്യാനിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗുരുനാരായണ ദാര്‍ശനിക സാഹിത്യം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.



നാരായണഗുരുകുലത്തിന്റെ കേന്ദ്രം വര്‍ക്കല ശ്രീനിവാസപുരത്തു സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ ഫേണ്‍ഹില്‍, ബൊളാരെ (ബാംഗ്ലൂര്‍) ചെറുവത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഈറോഡ്, എരിമയൂര്‍, ആലത്തൂര്‍, വൈത്തിരി, തോല്‍പ്പെട്ടി, പെരിയ, തലശ്ശേരി, പെരിങ്ങത്തൂര്‍, മലയാറ്റൂര്‍, മുറിഞ്ഞകല്‍, മദ്രാസ്, ഓച്ചിറ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പാലക്കാഴി (മണ്ണാര്‍കാട്) കൊട്ടേക്കാട് (പാലക്കാട്) എന്നിവിടങ്ങളിലും ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്ള പ്രധാന ഗുരുകുലങ്ങള്‍ അമേരിക്കയിലെ പോര്‍ട്ട്‌ലണ്ട്, വാഷിങ്ങ്ടണ്‍ ഫിജി എന്നിവിടങ്ങളിലാണ്.

ഗുരുശിഷ്യപാരമ്പര്യം

അദ്ധ്യാത്മജ്ഞാനം പരമ്പരയാ പകര്‍ന്നുകൊടുക്കുന്നതു ലോകത്തെവിടെയും ആദ്ധ്യാത്മിക രംഗത്തു സര്‍വ്വസാധാരണമാണ്. ആദിനാരായണന്‍, പത്മഭവന്‍, വസിഷ്ഠന്‍, ശക്തി, പരാശരന്‍, വ്യാസന്‍, ശുകന്‍, ഗൗഡപാദന്‍, ഗോവിന്ദന്‍ എന്നിങ്ങനെ ഒട്ടനേകം വിഖ്യാതമായ അദ്ധ്യാത്മ പരമ്പരകള്‍ ഇന്‍ഡ്യയില്‍ നിലനിന്നു പോരുന്നുണ്ട്. ശിഷ്യനില്ലാത്തപക്ഷം ഒരു ഗുരുവിന്റെ മഹത്തായ ദര്‍ശനം ഭാവിലോകത്തിനുപകരിക്കാതെ എന്നെന്നേക്കുമായി നശിച്ചുപോകുന്നു. സദ്ഗുരുലാഭം ലഭിക്കാത്ത ഒരു ശിഷ്യന് ആജീവനാന്തം സത്യപിപാസകനായി ചുറ്റിത്തിരിയേണ്ടിവരും. അതുകൊണ്ട് ഗുരുശിഷ്യപരമ്പര നിലനിറുത്തിപ്പോരേണ്ടതത്യാവശ്യമാണ്. ഈ വസ്തുത യാജ്ഞവല്ക്യസ്മൃതിയില്‍ വിവരിച്ചിട്ടുണ്ട്. ഈ ആവശ്യത്തെ ആദരിച്ചുകൊണ്ട് നാരായണഗുരു തന്റെ വില്‍പത്രത്തില്‍ പരമ്പരയുടെ മാതൃക കാണിച്ചുകൊടുക്കുകയും അതിനെ എക്കാലവും നിലനിറുത്താന്‍ ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു. 

അദ്ധ്യാത്മ മൂല്യങ്ങളുടെ വിലയറിയാത്ത സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നിയമജ്ഞന്മാരും നാരായണഗുരുവിന്റെ വില്പത്രത്തേയും അതുവച്ചുകൊണ്ടു സംസ്ഥാപിക്കപ്പെട്ട ഗുരുശിഷ്യപരമ്പരയേയും അവഗണിച്ചു തല്‍സ്ഥാനത്തു ഭൂരിപക്ഷാഭിപ്രായപ്രകാരം ഭരണാധിപന്മാരെ തെരെഞ്ഞെടുക്കുന്ന സമ്പ്രദായം കൊണ്ടുവരുന്നതു കണ്ടപ്പോള്‍ ആ തെറ്റിനു മൂകസാക്ഷിയായി നില്ക്കാതെ നാരായണഗുരുവിനു ഏറ്റവും ആവശ്യമായി തോന്നിയിരുന്ന ഗുരുശിഷ്യ പരമ്പര നടരാജഗുരു പുനഃസ്ഥാപിക്കുകയും അതു തുടര്‍ന്നു പോകുവാന്‍ അനുജ്ഞ നല്കുകയും ചെയ്തു. 

സര്‍വ്വാത്മനാ നാരായണഗുരുവിനായി സര്‍വ്വസ്വവും സന്ത്യജിച്ചിട്ടുള്ള നാലുപേര്‍ എപ്പോഴും പരമ്പരയിലുണ്ടായിരിക്കും. അതില്‍ ഒന്നാമത്തേതു നാരായണഗുരുവിന്റെ ദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്ന ഗുരുവും മറ്റു മൂന്നുപേര്‍ ആ പരമ്പരയിലെ സച്ഛിഷ്യന്മാരുമായിരിക്കും. നാലാമത്തെയാളെ മറ്റു മൂന്നുപേര്‍ എപ്പോഴും മനസ്സില്‍ സങ്കല്പിച്ചിരിക്കണം. ഇപ്രകാരം നിലനിറുത്തിപ്പോരുന്ന പരമ്പരയിലേക്ക് അതാതു കാലത്തിരിക്കുന്ന ഗുരുക്കന്മാര്‍ തെരഞ്ഞെടുക്കുന്ന ശിഷ്യന്മാരുടെ യോഗ്യത അവരുടെ നിഷ്‌കളങ്കമായ ത്യാഗവും, സത്യദീക്ഷയും, അചഞ്ചലമായ ശ്രദ്ധയും ഗുരുകുലത്തോട് അവര്‍ കാട്ടുന്ന സേവനസന്നദ്ധതയും മാത്രമാണ്. 

ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, സ്ത്രീപുരുഷഭേദം എന്നിവയൊന്നും ഒരിക്കലും കണക്കിലെടുക്കുന്നതായിരിക്കയില്ല. പരമ്പരയില്‍ ഉള്‍പ്പെടുത്തുവാന്‍ യോഗ്യതയുള്ളവരായി കണക്കാക്കപ്പെടുന്നവരില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ നാരായണഗുരു ''ആശ്രമ''മെന്ന തന്റെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. ഈ പരിഗണനയ്ക്ക് അര്‍ഹനായിരിക്കുന്നയാള്‍ വിദ്വാനും മുനിയും ഉദാരചിത്തനും സമദൃഷ്ടിയുള്ളയാളും ശാന്തഗംഭീരനും ജിതേന്ദ്രിയനും പരോപകാരിയും ദീനദയാലുവും സത്യവാനും സമര്‍ത്ഥനും സദാചാരതല്പരനും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനും മടിയില്ലാത്തവനും ആയിരിക്കണമെന്ന് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. പരമ്പരയിലേക്ക് വരുന്നവര്‍ സാമൂഹ്യ ബന്ധങ്ങള്‍ പൂര്‍ണ്ണമായി വെടിഞ്ഞ് സന്ന്യാസം സ്വീകരിച്ചവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സന്ന്യാസം സ്വീകരിച്ചതിനുശേഷം സന്ദര്‍ഭവശാല്‍ ഗുരുതരമല്ലാതെ അയോഗ്യത കാണിച്ചാല്‍ ഒരു പ്രാവശ്യം അവര്‍ക്ക് മാപ്പു കൊടുക്കണമെന്നു നാരായണഗുരു പറഞ്ഞതായറിയാം.

ഗുരുകുലത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും,

അദൈ്വതവേദാന്തമെന്നറിയപ്പെടുന്ന ബ്രഹ്മവിദ്യാദര്‍ശനം ഏവര്‍ക്കും ലഭിക്കുമാറ് ഗുരുമുഖത്തുനിന്ന് ശ്രവണം ചെയ്യുവാനും, മനനനിദിധ്യാസനങ്ങള്‍കൊണ്ട് അതിനെ സാക്ഷാല്ക്കരിക്കുവാനും ഏവര്‍ക്കും സൗകര്യമുണ്ടാക്കിക്കൊടുക്കുന്നതാണ് ഗുരുകുലത്തിന്റെ മുഖ്യമായ ഉദ്ദേശ്യം. ഗുരുകുലം സര്‍വ്വാദരണീയനും അനുകരണീയനുമായി ആദരിച്ചുപോരുന്ന നാരായണഗുരുവിന്റെ മാതൃകാജീവിതം ഗുരുകുലത്തിലെ ശിഷ്യന്മാരുടെ സ്വജീവിതചര്യയാലും ആദര്‍ശങ്ങളാലും ഏവര്‍ക്കും പരിചിതമാക്കുന്നതിനും ശ്രദ്ധ വയ്ക്കുന്നതാണ്. അഹിംസയും സാഹോദര്യവും ഇപ്രകാരമുള്ള ജീവിതത്തിന്റെ മുഖ്യപ്രേരണകളായിരിക്കും. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യം എപ്പോഴും ഗുരുകുലത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതാണ്.

ഗുരുകുലത്തിന്റെ സ്വത്തുക്കള്‍

ദക്ഷിണയായിട്ടോ സ്വയാര്‍ജ്ജിതമായിട്ടോ, എന്തെല്ലാം സ്വത്തുക്കള്‍ ഗുരുകുലത്തിലുണ്ടായിരിക്കുന്നുവോ അതെല്ലാം അതാതു കാലത്ത് ജീവിച്ചിരിക്കുന്ന ഗുരുവിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയിലും അവകാശത്തിലും, അധികാരത്തിലും ഇരിക്കുന്നതാണ്. ഒരു ഗുരുവിന്റെ കാലശേഷം പരമ്പരയിലെ ഒന്നാമത്തെ ശിഷ്യന്‍ ഗുരുവായിത്തീരുകയും, തന്റെ ഗുരുവിന്റെ അധീനതയിലിരുന്ന സകല സ്വത്തുക്കള്‍ക്കും പൂര്‍ണ്ണമായി അധികാരിയായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരമുള്ള സ്വത്തുക്കളില്‍ ഗുരുവിന്റെ ചാര്‍ച്ചക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ആ നിലയില്‍ യാതൊരവകാശവുമുണ്ടായിരിക്കുന്നതല്ല.

ഗുരുകുലവും ഇന്ത്യന്‍ ഭരണഘടനയും

ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 (1) നാരായണ ഗുരുകുലത്തിന് താത്ത്വികവും നിയമപരവുമായ പരിരക്ഷണം നല്കുന്നതാണ്. ഇതിനോട് ചേര്‍ത്ത് ഭരണഘടനയിലെ 25, 26 എന്നീ ആര്‍ട്ടിക്കിളുകള്‍കൂടി വായിക്കേണ്ടതാണ്. (പൂര്‍ണ്ണവിവരണത്തിനു ഗുരുകുല ഫൗണ്ടേഷന്റെ പ്രോസ്‌പക്ടസ് നോക്കുക.)

പീതാംബര സൗഹൃദം

ത്യാഗികളായ സന്ന്യാസികള്‍ക്കു മാത്രമേ ഗുരുകുലം പ്രയോജനപ്പെടുകയുള്ളു എന്നു കരുതേണ്ടതില്ല. സഹജമായ ലൗകികബന്ധങ്ങള്‍ നിലനിറുത്തിക്കൊണ്ടുതന്നെ സ്വധര്‍മ്മ നിര്‍വ്വഹണം ചെയ്തുപോരുന്ന സത്യാന്വേഷികളായ ഏവര്‍ക്കും ഗുരുകുലത്തോടും ഗുരുവിനോടും ബന്ധപ്പെടുവാനും സഹകരിക്കുവാനും കഴിയണമെന്നുദ്ദേശിച്ചാണ് വിശാല ഗുരുകുലം വ്യവസ്ഥ ചെയ്തിരിക്കുന്നത്. വിശാലഗുരുകുലത്തില്‍ സഹകരിക്കുന്ന ശിഷ്യഭാവമുള്ളവരുടെ സംഘത്തെ പീതാംബരസൗഹൃദം (Yellow fellowship) എന്നു വിളിച്ചു പോരുന്നു. ഗുരുകുലസ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളൊഴിച്ചു ദാര്‍ശനികവും ആദ്ധ്യാത്മികവുമായ എല്ലാ കാര്യങ്ങളിലും ഗുരുകുല ശിഷ്യന്മാര്‍ക്ക് ലഭിക്കുന്ന പരിഗണന തന്നെ പീതാംബരസൗഹൃദത്തിലുള്ളവര്‍ക്കും ലഭിക്കുന്നതാണ്. ഇവര്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ഗുരുകുല കണ്‍വെന്‍ഷനില്‍ നേരിട്ട് പങ്കെടുക്കാനായി ഗുരുകുലത്തിന്റെ തലസ്ഥാനമായ വര്‍ക്കല നേരിട്ടുവന്നോ അല്ലാതെയോ ഗുരുവിലുള്ള ശ്രദ്ധയെ വ്യക്തമാക്കേണ്ടതാണ്. ആ അവസരത്തില്‍ പീതാംബരസൗഹൃദത്തിലേക്ക് ഒരു ഗുരുദക്ഷിണ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പീതാംബര സൗഹൃദത്തിന്റെ ഒരു രജിസ്റ്റര്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ സൂക്ഷിക്കുന്നതാണ്.

ഗുരുകുല സ്റ്റഡിസര്‍ക്കിള്‍

നാരായണഗുരുകുലത്തിലെ ശിഷ്യന്മാര്‍ക്കും പീതാംബര സൗഹൃദത്തിലെ അംഗങ്ങള്‍ക്കും നാരായണഗുരു അവരുടെ മുഖ്യമായ മാതൃകയായിരിക്കുന്നുവെങ്കിലും ഗുരുകുല സ്റ്റഡിസര്‍ക്കിളിലെ അംഗങ്ങള്‍ അപ്രകാരമുള്ള ഒരു മാതൃക സ്വീകരിക്കണമെന്നു നിര്‍ബന്ധമില്ല. 'എന്നാല്‍ എനിക്കെതിരില്ലാത്തവര്‍ എന്നോടൊപ്പമാണ്' എന്ന ബൈബിള്‍ വാക്യം ഓര്‍ത്തുകൊണ്ട്, വെളിയിലുള്ളവരോടു സംവാദ സമീപന സാദ്ധ്യതകള്‍ നിഷേധിക്കപ്പെടുന്നില്ല. അദ്ധ്യാത്മജ്ഞാനം കൊണ്ടു ലഭിക്കുന്ന നിത്യതയും ഈശ്വരസാക്ഷാത്കാരം കൊണ്ടുളവാകുന്ന നിരതിശയമായ ആനന്ദവും, സത്യത്തി ന്റെ സമ്യഗ്ദര്‍ശനംകൊണ്ട് സുലഭമായിത്തീരുന്ന സ്വാതന്ത്ര്യവും, ശാസ്ത്രത്തിന്റെ അവധാനം കൊണ്ടു കൈവരുന്ന ആന്വീക്ഷികസൗഷ്ഠവവും, പ്രാമാണികമായ യുക്തിവിചാരംകൊണ്ടും ഊഹാപോഹപരമായ ഉഭയാംഗ സമന്വയത്താലും ബുദ്ധിക്കുണ്ടാകുന്ന തീരുമാനവും ദൃഢതയും എക്കാലത്തും മനുഷ്യവര്‍ഗ്ഗത്തെ വശീകരിച്ചിട്ടുള്ള ലക്ഷ്യങ്ങളോ മാര്‍ഗ്ഗങ്ങളോ ആണ്. ഇവയെല്ലാം തന്നെയോ, അല്ലെങ്കില്‍ ഏതെങ്കിലുമോ, ആഗ്രഹിക്കുന്നവര്‍ക്കു വര്‍ഗ്ഗപരമോ, ഭാഷാപരമോ, രാഷ്ട്രീയമോ ആയ യാതൊരു വിവേചനവും കൂടാതെ സ്റ്റഡിസര്‍ക്കിളില്‍ അംഗങ്ങളായിരിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ലക്ഷ്യം കൈവരുത്തുവാന്‍ ഇന്‍ഡ്യയില്‍ സമാദരിച്ചു പോരുന്ന ചില ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവ. തെന്നാട്ടിലെ അദ്ധ്യാത്മപാരമ്പര്യത്തെ കണക്കിലെടുക്കുമ്പോള്‍ തിരുക്കുറള്‍, തേവാരം, തിരുമുറൈ, തിരുവാചകം, തിരുമന്തിരം, ശിവപുരാണം, അരുള്‍പ്പാ എന്നിങ്ങനെ സുപ്രസിദ്ധങ്ങളായ തമിഴ് കൃതികളും പ്രത്യേകം സ്മരിക്കേണ്ടതാണ്. ബുദ്ധമതപശ്ചാത്തലത്തില്‍ സത്യദര്‍ശനം കാംക്ഷിക്കുന്നവര്‍ ത്രിപിടകകള്‍, ധര്‍മ്മപദം, മിളിന്ദപ്രശ്‌നം, ലങ്കാവതാരസൂത്രം, പ്രജ്ഞാപാരമിതസൂത്രം മുതലായവ ഓര്‍ക്കേണ്ടതാണ്. യഹൂദന്മാരുടെ കാബാലയും, ക്രിസ്ത്യാനികളുടെ സുവിശേഷങ്ങളും കൂടാതെ സെന്റ് അഗസ്തീന്‍, സെന്റ് തോമസ് അക്വിനോസ്, അബലാര്‍ഡ്, ഡണ്‍സ്‌കോട്ടസ്, ഫ്രാന്‍സിസ് ഓഫ് അസീസി, സെന്റ് തെരീസ എന്നിവരുടെ കൃതികളും ശ്രദ്ധേയങ്ങളാണ്. യൂറോപ്പിലെ അക്രൈസ്തവ ദാര്‍ശനികരുടെ ഗ്രന്ഥങ്ങള്‍ പഠിക്കുമ്പോള്‍ പ്ലേറ്റോയുടെ ഡയലോഗുകള്‍, അരിസ്റ്റോട്ടില്‍, മാര്‍ക്കസ് ഒറീലിയസ്, ഡൈനോസ്സിസ് ആരിയോപഗേറ്റ് എന്നിവരുടെ കൃതികളും പ്ലോട്ടീനസ്സ്, പോര്‍ഫിറി ഹൈപ്പേഷ്യാ എന്നിവരുടെ ഗ്രന്ഥങ്ങളും ശ്രദ്ധയില്‍ പെടുന്നു. ഇന്‍ഡ്യയിലെ ഭാഷ്യകാരന്മാര്‍, ആധുനികാചാര്യന്മാര്‍ എന്നിവരുടെ കൃതികളെപ്പോലെ തന്നെ സുപ്രധാനങ്ങളാണു ശാസ്ത്രജ്ഞരായ ആധുനിക ദാര്‍ശനികന്മാര്‍ നല്കിയിട്ടുള്ള പുതിയ വിജ്ഞാനീയം. ഇവയെല്ലാം ക്രോഡീകരിക്കുന്ന ദാര്‍ശനിക സാഹിത്യമാണ് അയ്യായിരത്തോളം പേജ് വരുന്ന നടരാജഗുരു കൃതികള്‍. ഇപ്രകാരം സാര്‍വ്വദേശീയമായ ഒരു പഠനപദ്ധതിയാണു ഗുരുകുലസ്റ്റഡിസര്‍ക്കിള്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വയ്ക്കുന്നത്.

ഇതില്‍ പങ്കുകൊള്ളുന്നവര്‍ ഏതെങ്കിലും ഒരു മതത്തിന്റെയോ സഭയുടെയോ സംഘത്തിന്റെയോ ഗുരുവിന്റേയോ നേതാവിന്റേയോ അനുയായികളായിരിക്കണമെന്നില്ല. എന്നാല്‍ ഗുരുകുലത്തിന്റെ ആധാരശിലയായിരിക്കുന്ന ഗുരുവിനും അവിടുന്ന് പ്രതിനിധാനം ചെയ്യുന്ന തത്ത്വത്തിനും അവര്‍ വിരോധമില്ലാത്തവരായി ഇരിക്കേണ്ടതാകുന്നു. തുറന്ന മനസ്സോടുകൂടിയ സര്‍ഗ്ഗാത്മകതയായിരിക്കണം അവരുടെ ലക്ഷണം. ശ്രദ്ധിച്ചു കേള്‍ക്കണം, സൂക്ഷിച്ചു വായിക്കണം, തുറന്ന മനസ്സുവേണം. സംശയമുന്നയിക്കാം, വിഷയത്തെ വിശകലനം ചെയ്തു നോക്കാം, പ്രമാണങ്ങളുടെ പ്രസക്തി വിലയിരുത്താം, സിദ്ധാന്തത്തെ സ്വീകരിക്കാം, ത്യജിക്കാം, പുതിയ കാഴ്ചപ്പാടുന്നയിക്കാം എത്രതന്നെ വിഭിന്നമായ അഭിപ്രായമുണ്ടായിരിക്കുമ്പോഴും അടിസ്ഥാനപരമായ മനുഷ്യ സൗഹൃദത്തിനുടവു തട്ടരുതെന്നു മാത്രം. മാനവസമുദായത്തിന്റെ ഏകത യെ ഭഞ്ജിക്കാതിരിക്കുന്നിടത്തോളം സ്റ്റഡിസര്‍ക്കിളില്‍ അംഗമായിരിക്കാവുന്നതാണ്. പ്രസ്ഥാനത്തോടു പ്രകടമായ വിരോധമില്ലെ ന്നു സ്വയം സമ്മതിക്കുന്നവര്‍ക്കും, മൗനാനുവാദം കൊണ്ടു സമ്മതം പ്രകടിപ്പിക്കുന്നവര്‍ക്കും തത്ത്വപരമായി അംഗങ്ങളായിരിക്കാവുന്നതാണ്. ഒരു ഗുരുവിനെ സ്വീകരിക്കുന്ന ശിഷ്യന്മാര്‍ തമ്മിലുള്ള ബന്ധം ഏറ്റവും കുറഞ്ഞതും ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഏറ്റവും കൂടിയതുമായിരിക്കണം.

നിര്‍വ്വാഹകസമിതി

സ്റ്റഡിസര്‍ക്കിളിന്റെ നിര്‍വ്വാഹക സമിതി ഗുരുവിനോടും ഗുരുകുലത്തോടും, ആത്മീയമായോ തത്ത്വപരമായോ, ബുദ്ധിപരമായോ വേഴ്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉത്തരവാദിത്വമുള്ള നാലോ അഞ്ചോ ഭ്രാതാക്കള്‍ (Elders) ഒരു കാര്യദര്‍ശി, നാലിലധികമാകാത്ത സഹകാരികള്‍, രണ്ടോ മൂന്നോ ആതിഥേയകള്‍ എന്നിവരായിരിക്കും. ഭൂരിപക്ഷാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പില്ല. കാര്യദര്‍ശിയെ നിയമിക്കുന്നതു ഗുരുവായിരിക്കും. കാര്യദര്‍ശിക്ക് ഒത്തു പ്രവര്‍ത്തിക്കുവാന്‍ ഏറ്റവും സഹായകമായി തോന്നുന്ന സഹകാരികളെ നിശ്ചയിക്കാം. അവരുടെ പേരുകള്‍ ഗുരുവിനു അയച്ചുകൊടുത്തു അനുമതി വാങ്ങണം. കാര്യദര്‍ശിക്കും സഹകാരികള്‍ക്കും പ്രയോജനകരമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കുവാന്‍ സഹായിച്ചേക്കാവുന്നവരെ ഗുരു നേരിട്ടു നിര്‍ദ്ദേശിക്കുകയോ, കാര്യദര്‍ശിയുടെ ശുപാര്‍ശപ്രകാരം ഗുരു സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്. കാര്യദര്‍ശിയും ഭ്രാതാക്കളും, സഹകാരികളും കൂടി സര്‍വ്വസമ്മതപ്രകാരം രണ്ടോ മൂന്നോ ആതിഥേയകളെക്കൂടി സമിതിയിലേക്കെടുക്കാവുന്നതാണ്. ആതിഥേയകള്‍ കുടുംബിനികളായിരിക്കുന്നതു നന്നായിരിക്കും; നിര്‍ബന്ധമില്ല.

ഭ്രാതാക്കള്‍

കാര്യദര്‍ശിയുടെ എല്ലാ തീരുമാനങ്ങളും ഭ്രാതാക്കളോടാലോചിച്ച് അവരുടെ പൂര്‍ണ്ണസമ്മതത്തോടുകൂടി മാത്രമേ നടപ്പില്‍ വരുത്താവൂ. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അതു വ്യക്തമായ ഭാഷയില്‍ ഗുരുവിനെ അറിയിക്കുകയും ഗുരുവിന്റെ തീരുമാനം കാര്യദര്‍ശിയും ഭ്രാതാക്കളും നിര്‍വ്വാഹകസമിതിയിലെ മറ്റംഗങ്ങളും സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സമിതിയിലെ എല്ലാക്കാര്യങ്ങളും നയിക്കുവാനും നിയന്ത്രിക്കുവാനും ഭ്രാതാക്കള്‍ ചുമതലപ്പെട്ടവരാണ്.

കാര്യദര്‍ശി

ചര്‍ച്ചായോഗങ്ങള്‍ വിളിച്ചുകൂട്ടുക, ഗുരുകുല സ്റ്റഡിസര്‍ക്കിളിനെ പ്രതിനിധാനംചെയ്തു സന്ദര്‍ശനങ്ങള്‍ നടത്തുക, സംഭാഷണം ചെയ്യുക, ഗുരുകുലകേന്ദ്ര ആഫീസിലേക്ക് റിപ്പോര്‍ട്ടയയ്ക്കുക, ഗുരുവിനോട് സമ്പര്‍ക്കം പുലര്‍ത്തുക, പഠിയ്ക്കാനുള്ള പുസ്തകങ്ങള്‍ നിശ്ചയിക്കുക, പുസ്തകങ്ങള്‍ വരുത്തി പഠിതാക്കള്‍ക്കു കൊടുക്കുക, തിരികെ വാങ്ങുക, പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സൂക്ഷിക്കുക, ലോഗു ബുക്കുകള്‍ വയ്ക്കുക, പണമോ മറ്റു വസ്തുക്കളോ സംബന്ധിച്ചുള്ള ഉത്തരവാദിത്വമേല്‍ക്കുക തുടങ്ങി സ്റ്റഡിസര്‍ക്കിളിനു വേണ്ടതെല്ലാം നടത്തേണ്ടതു കാര്യദര്‍ശിയാണ്. എല്ലാ കാര്യവും കാര്യദര്‍ശി സമിതിയിലുള്ളവരോടോ, ചുരുങ്ങിയതു ഭ്രാതാക്കളോടോ ആലോചിച്ചു തീരുമാനമെടുക്കേണ്ടതാണ്. ഗുരുകുലത്തിന്റെ ആദര്‍ശം, സ്ഥാപനം, സ്വത്ത്, മുതലായവയെ സ്‌പര്‍ശിക്കുന്ന എല്ലാ കാര്യവും ഗുരുവിനോടാലോചിച്ച് അദ്ദേഹത്തിന്റെ അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുള്ള പൂര്‍ണ്ണവും വ്യക്തവുമായ അനുമതിയോടുകൂടി മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ.

സഹകാരികള്‍

കാര്യദര്‍ശിയോടു സഹകരിച്ചു സമിതിക്കു നേരിടേണ്ടിവരുന്ന എല്ലാ ചുമതലകളും സ്വധര്‍മ്മമായിക്കരുതി ഏറ്റെടുത്തു സ്റ്റഡിസര്‍ക്കിളിനെ പ്രയോജനപ്പെടുത്തുന്ന ജോലിയാണ് സഹകാരികള്‍ക്കുള്ളത്. ഉണര്‍ന്ന മനസ്സോടുകൂടി സദാസമയവും പ്രകാശം തേടുകയും മറ്റുള്ളവര്‍ക്ക് അതു നല്കുകയും ചെയ്യുവാന്‍ ജാഗരൂകമായിരിക്കുന്ന സഹകാരികള്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ മാത്രം കാത്തിരിക്കുന്നവരാകാതെ മേധാവികളായി സദാസമയവും സ്റ്റഡിസര്‍ക്കിളിനെ സജീവമാക്കുവാന്‍ ശ്രദ്ധയുള്ളവരായിരിക്കണം. ഏതെങ്കിലും ഒരു സഹകാരി ഏതെങ്കിലും കാരണത്താല്‍ തന്റെ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റു സഹകാരികള്‍ അയാളെ കുറ്റപ്പെടുത്താതെ ആ ചുമതലകള്‍കൂടി സസന്തോഷം സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്.

ആതിഥേയ

ഒരു കുടുംബത്തില്‍ എപ്രകാരമാണോ, ഒരമ്മയോ മൂത്ത സഹോദരിയോ കുടുംബത്തിന്റെ സുഖത്തിനും സംതൃപ്തിക്കും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അവര്‍ക്ക് സഹജമായ ത്യാഗബുദ്ധിയോടുകൂടി എല്ലാവരുടേയും ഹിതങ്ങളറിഞ്ഞു ശ്രേയസ്‌കരമായിട്ടുള്ളതിനെ ചെയ്യുവാന്‍ സഹായിക്കുന്നത്, അതുപോലെ സ്റ്റഡിസര്‍ക്കിളിന്റെ ക്ലാസ്സുകള്‍ സംവിധാനം ചെയ്യുന്നതിനും അവര്‍ക്കു ലഘുഭക്ഷണം കൊടുക്കുന്നതിനും അതിഥികളെ സ്വീകരിക്കുന്നതിനും, പഠിക്കാന്‍ വരുന്ന സ്ത്രീജനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രത്യേക സൗകര്യങ്ങള്‍ അറിഞ്ഞു ചെയ്തുകൊടുക്കുന്നതിനുമെല്ലാം ആതിഥേയകള്‍ സമിതിയെ സഹായിക്കേണ്ടതാണ്. ഇതു പ്രായോഗികമാക്കാന്‍ പ്രയാസമുള്ളപക്ഷം ആതിഥേയകള്‍ വേണമെന്നില്ല.

അംഗത്വം

15 വയസ്സിനു മുകളിലുള്ള ഏതൊരാള്‍ക്കും സ്ത്രീപുരുഷവ്യത്യാസമെന്യേ സ്റ്റഡിസര്‍ക്കിളില്‍ അംഗമായി ചേരാവുന്നതാണ്. സ്റ്റഡിസര്‍ക്കിളിന്റെ തൃപ്തികരവും വിജയപ്രദവുമായ പ്രവര്‍ത്തനത്തിനാവശ്യമായ മറ്റെല്ലാ കാര്യങ്ങളും നിര്‍വ്വാഹകസമിതി വേണ്ടവിധത്തില്‍ ആലോചിച്ചു ചെയ്യേണ്ടതാണ്.

യോഗങ്ങള്‍, ചര്‍ച്ചകള്‍

യോഗങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ചേരുമ്പോഴെല്ലാം ഒന്നിച്ചു പത്തുമിനിട്ടു മൗനം ദീക്ഷിക്കേണ്ടതും അഥവാ ഒരു പ്രാര്‍ത്ഥന ചെയ്യുന്നെങ്കില്‍ എല്ലാവര്‍ക്കും സമ്മതമായ അനുകമ്പാദശകം ചൊല്ലാവുന്നതുമാകുന്നു.

അംഗീകാരപത്രം

അനധികൃതമായി നാരായണഗുരുകുലത്തോടു ബന്ധപ്പെടാത്ത സ്ഥാപനങ്ങളുണ്ടാക്കി ആളുകള്‍ക്കു തെറ്റിദ്ധാരണയുണ്ടാക്കാതിരിക്കാനായി ഗുരുകുല സ്റ്റഡിസര്‍ക്കിളുകള്‍ അംഗീകാരപത്രം നാരായണഗുരുകുലത്തിന്റെ കേന്ദ്രസ്ഥാനമായ വര്‍ക്കല നാരായണഗുരുകുലത്തില്‍ നിന്നു വാങ്ങുകയും വര്‍ഷംതോറും ഗുരുകുല കണ്‍വെന്‍ഷന്റെ അവസാനദിവസം അതു പുതുക്കി വാങ്ങി ഫ്രെയിം ചെയ്തു സ്റ്റഡിസര്‍ക്കിള്‍ ഓഫീസിന്റെ പ്രധാനസ്ഥാനത്ത് പ്രദര്‍ശി പ്പിക്കുകയും ശരിപ്പകര്‍പ്പ് കേന്ദ്ര ആഫീസ് ഫയലില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. വൈകാരികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുവാന്‍ ഇടയാക്കുന്നവര്‍ സ്റ്റഡിസര്‍ക്കിളില്‍ നിന്നും വിട്ടുപോകുവാന്‍ ഭ്രാതാക്കള്‍ ഉപദേശിച്ചാല്‍ അവര്‍ അപ്രകാരം ചെയ്യേണ്ടതാണ്.

സ്വത്തുക്കള്‍

ഏതെങ്കിലും കാരണത്താല്‍ ഒരു സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തിക്കാതെ വരികയോ, നിന്നുപോകുകയോ ചെയ്യാനിടയായാല്‍ അതിന്റെ എല്ലാവിധ സ്ഥാവരജംഗമസ്വത്തുക്കളും ഗുരുവിന്റെ തീരുമാനമനുസരിച്ച് സൈപ്രസ്സ് ലാ പ്രകാരം ഏകദേശമെങ്കിലും അതേ ഉദ്ദേശമുള്ള ഒരു സ്ഥാപനത്തിന് ആ സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ഉപയോഗപ്പെടുത്തുകയോ, നാരായണഗുരുകുലത്തിന്റെ കേന്ദ്ര ആഫീസില്‍ ലയിപ്പിക്കുകയോ ചെയ്യുന്നതാണ്.

പരമാധികാരം

യാതൊരു പ്രകാരത്തിലും ഗുരുകുലത്തിന്റെ പ്രധാന ആദര്‍ശങ്ങള്‍ക്കും, താത്പര്യങ്ങള്‍ക്കും അനുകൂലമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ സ്റ്റഡിസര്‍ക്കിള്‍ ഏര്‍പ്പെടുവാന്‍ പാടില്ലാത്തതാകുന്നു. ഈ വ്യവസ്ഥകളില്‍ നിന്ന് വ്യതിചലിക്കുന്നതായി തോന്നിയാല്‍ വേണ്ടവിധം തിരുത്തുന്നതിന് എപ്പോഴും ഗുരുവിനു അധികാരമുണ്ടായിരിക്കുന്നതും ആകുന്നു.

പരമ്പര

1973-ല്‍ നടരാജഗുരു മഹാസമാധി പ്രാപിച്ചതിനെ തുടര്‍ന്ന് ഗുരു നിത്യചൈതന്യയതി ഗുരുവായി. അദ്ദേഹം 1999-ല്‍ മഹാസമാധി പ്രാപിച്ചു. തുടര്‍ന്ന് സ്വാമി മുനി നാരായണപ്രസാദ് ഗുരുവായി. സ്വാമി ത്യാഗീശ്വരന്‍, സ്വാമി തന്മയ, ബ്രഹ്മചാരി രാമകൃഷ്ണന്‍ എന്നിവരെയാണ് വില്‍പ്പത്രപ്രകാരം പരമ്പരയില്‍ വരേണ്ടതായി നിശ്ചയിച്ചിട്ടുള്ളത്. നാലാമത്തെയാളായി ഇപ്പോള്‍ മനസ്സില്‍ കണ്ടിട്ടുള്ളത് സ്വാമി മന്ത്രചൈതന്യയെയാണ്.

"വീശിയതു മതിയോ ഗുരൂ ?"

ഒരികല്‍ ശ്രീനാരായണ ഗുരുദേവ൯ ഒരു ഗൃഹസ്ഥന്റെ വീട്ടില് വിശ്രമിക്കുന്നു. നല്ല വേനല്ച്ചൂട്. ഗുരുദേവപ്രീതി സമ്പാദിക്കുവാനും തന്റെ ഭക്ത്യാദരവുകള്‍ പ്രകടിപ്പിക്കാനും ഗൃഹസ്ഥ൯ ഗുരുവിനു വീശിക്കൊടുക്കുന്നു. 

കുറെനേരം കഴിഞ്ഞപ്പോള് അദ്ദേഹത്തിന്റെ കൈ കഴച്ചു. 

"വീശിയതു മതിയോ?" എന്നദ്ദേഹം ചോദിച്ചു.

ഗുരുദേവ൯ - ആരെങ്കിലും വീശാ൯ പറഞ്ഞുവോ?

നടരാജഗുരുവിന്‍റെ ഗീതാ യജ്ഞത്തിലെ അധ്യക്ഷപദവി

12 ദിവസം നീണ്ടുനിന്ന ഒരു ഗീതാ യജ്ഞം ബോംബയിലെ ഏറ്റവും വലിയ മൈതാനത്ത് നടക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ പണ്ഡിതന്മാര്‍ വന്ന് ഗീതാ ക്ലാസ്സ് നടത്തി. ഗ്വാളിയര്‍ മഹാറാണിയാണ് അതുനടത്തിപ്പിച്ചത്. മഹാറാണി മുന്‍പില്‍ തന്നെയിര്യ്ക്കുന്നുണ്ട്. ബോംബയിലെ ഗവര്‍ണ്ണര്‍, മഹാരാജാക്കന്മാര്‍, പൂര്‍വ്വ പ്രഭാഷകര്‍ എല്ലാവരും മുന്‍സീറ്റില്‍ത്തന്നെ ഇരിയ്ക്കുന്നുണ്ട്.

ആ ഗീതായജ്ഞത്തിലെ ഏറ്റവും അവസാന ദിനം, ഏറ്റവും അവസാന പ്രസംഗമായിരുന്നു നടരാജ ഗുരുവിന്റേത്. ഗുരു എന്തെങ്കിലും പിടിയ്ക്കാത്തത് പറഞ്ഞുകളയുമെന്നു എല്ലാവര്‍ക്കും ഭയമുണ്ട്. അതുകൊണ്ടു സംഘാടകരില്‍ ഒരാള്‍ ചെന്ന് ഗുരുവിന്‍റെചെവിയില്‍ പറഞ്ഞു, അഞ്ചുമിനിറ്റ് സംസാരിച്ചാല്‍ മതിയെന്ന്. 

അപ്പോള്‍ ഗുരു സദസ്യരോട് പറഞ്ഞു: "ഞാന്‍ ഈ യോഗത്തിന്‍റെ അധ്യക്ഷനാണ്. ഞാന്‍ ഗുരുവുമാണ്. അധ്യക്ഷന് ഒന്നും പറയേണ്ട ആവശ്യമില്ല. ഗുരുവിന്‍റെ ഭാഷ മൌനവുമാണ്. ഈ രണ്ടു കാരണങ്ങളാലും ഈ അഞ്ചുമിനിട്ടും എനിയ്ക്കാവശ്യമില്ല. നിങ്ങള്‍ ദയവായി എനിയ്ക്ക് അഞ്ചുമിനിട്ട് തന്നല്ലോ? അതും എനിയ്ക്ക് ആവശ്യമില്ല. അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നാല്‍മതി. ഗുരു എന്ന നിലയില്‍ ഒട്ടും സംസാരിയ്ക്കേണ്ട. എന്റെ മൌനംകൊണ്ടുതന്നെ നിങ്ങള്‍ ച്ഛിന്നസംശയരായി പോകേണ്ടതാണ്. "ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ച്ഛിന്നസംശയാ":

"എന്നാലും ഇത്രയും സന്നാഹങ്ങളൊക്കെ ഇവിടെ നടത്തവേ, ഇത്രയും പ്രസംഗങ്ങള്‍ ഇവിടെ ചെയ്യുകയും ചെയ്തതുകൊണ്ട് മഹാറാണീ, ഞാന്‍ നിങ്ങളോട് ഒരുവാക്കുചോദിയ്ക്കുന്നു. നിങ്ങളാണല്ലോ ഇതിന്‍റെ നടത്തിപ്പുകാരി.നിങ്ങളുടെ മകന്റെ കൈയിലൊരു തോക്കുകൊടുത്തിട്ടു അവനെ ട്യൂഷന്‍ പഠിപ്പിച്ച ട്യൂഷന്‍മാസ്റ്ററെ വെടിവയ്ക്കാന്‍ പറഞ്ഞാല്‍, അമ്മേ, ഞാന്‍ വെടിവയ്ക്കുകയില്ല; ഇതെന്‍റെ ട്യൂട്ടറാണെന്നു പറഞ്ഞാല്‍, അപ്പോള്‍ നിങ്ങള്‍ അവനെ ഭീരു എന്നുവിളിയ്ക്കുമോ മടയനെന്നു വിളിയ്ക്കുമോ വേറെ ആരെങ്കിലും അങ്ങനെ വിളിയ്ക്കുമോ? ഇത്രയേ എനിയ്ക്ക് ചോദിയ്ക്കാനുള്ളൂ. ഞാന്‍ ഇരിയ്ക്കട്ടെ". 

ആളുകള്‍ വിളിച്ചുപറഞ്ഞു: "അങ്ങനെ ഇരുന്നുകളയരുത്. ഇതിന്‍റെ ശരിയായ ഉത്തരം ഞങ്ങള്‍ക്ക് പറഞ്ഞുതരണം". 

"ശ്രീകൃഷ്ണന്‍ യുദ്ധം ചെയ്യാന്‍ പറഞ്ഞതു തെറ്റായിപ്പോയോ?" 

ഗുരു പറഞ്ഞു: "ആദ്യം മനസ്സിലാക്കേണ്ടത് അര്‍ജ്ജുനന്‍ തെറ്റുപറഞ്ഞില്ല എന്നതാണ്. ഭഗവാന്‍ ബുദ്ധന്റെ വാക്കാണ് അര്‍ജ്ജുനന്‍ പറഞ്ഞിട്ടുള്ളത്. ഈ വിരോധമെല്ലാം വച്ചുകൊണ്ട് ആയുധമെടുത്തുകൊണ്ടു വന്ന് അവരെന്നെ കൊന്നാലും ഞാന്‍ അവരെ കൊല്ലുകയില്ല എന്നുപറയുന്നത് ഭഗവാന്‍ ബുദ്ധന് ഇണങ്ങുന്ന വാക്കാണ്‌. അതുപറഞ്ഞ അര്‍ജ്ജുനന്‍ മാത്രം എങ്ങനെ മടയനാകും"? 

എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നു: അര്‍ജ്ജുനന്‍ പറഞ്ഞതു ശരി." 

അപ്പോള്‍ കൃഷ്ണനോ?". ആളുകള്‍ എല്ലാവരുംകൂടി വിളിച്ചുചോദിച്ചു. 

ഗുരു പറഞ്ഞു: "അതിനേക്കാള്‍ ശരി". 

"ഇത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല" എന്ന് സദസ്യര്‍ പറഞ്ഞു. 

"നിങ്ങള്‍ പന്ത്രണ്ടു ദിവസം രാവിലെ മുതല്‍ രാത്രി വരെ ഭഗവത്ഗീത പണ്ഡിതന്‍മാരില്‍നിന്നും കേട്ടിട്ട്, ഈ പിരിയാന്‍ പോകുന്ന സമയത്ത് മനസ്സിലായില്ല എന്ന് പറഞ്ഞാണ് പോകുനതെന്കില്‍ ഇതൊക്കെ എന്തിനു നടത്തി?" 

ആ മൈതാനംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ജനം ഒറ്റ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു: "അങ്ങ് ഇത് പറഞ്ഞിട്ടേ ഇന്നുപോകാവൂ". 

"എനിയ്ക്ക് അഞ്ചുമിനിട്ടാണ് നല്‍കിയിരിയ്ക്കുന്നത്. സാക്ഷാല്‍ ഭഗവാന്‍ തന്നെ വന്നിട്ട് പതിനേഴു അധ്യായങ്ങള്‍ വേണ്ടിവന്നു. അത് ഞാന്‍ എങ്ങനെ നിങ്ങളോട് അഞ്ചുമിനിട്ടില്‍ പറയും?" 

ആളുകള്‍ വിളിച്ചുപറഞ്ഞു: " ഈ രാത്രി മുഴുവന്‍ നിന്നുപറയാം. ഞങ്ങള്‍ പോകില്ല"

ഗുരു പറഞ്ഞു: "അര്‍ജ്ജുനന് തെറ്റുപറ്റിയെന്നു വിചാരിയ്ക്കുന്നത് തെറ്റ്. ശ്രീകൃഷനറെ വലിയ ശരി (അറിവിലുമേറിയ അറിവ്) അര്‍ജ്ജുനന്റെ ശരിയുടെ മുകളില്‍ വയ്ക്കേണ്ട ഒരു ശരിയാണ്. ആ ശരി അര്‍ജ്ജുനനെ പഠിപ്പിയ്ക്കുന്നതിനുവേണ്ടിയാണ് പിന്നെ പതിനേഴു അധ്യായങ്ങള്‍ ഭഗവാന്‍ പറയേണ്ടിവന്നത്. അര്‍ജ്ജുനാ, നീ പറയുന്നത് ശരിതന്നെ... അര്‍ജുനനോടു കൃഷ്ണന്‍ പറഞ്ഞോ നീ മടയന്മാരുടെ വാക്കാണ്‌ പറയുന്നതെന്ന്?".

ഭഗവാന്‍ പറഞ്ഞു:

"അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസുനഗതാസും ശ്ച നാനുശോചന്തി പണ്ഡിതാ:"

(നീ ദുഖിയ്ക്കേണ്ടാത്തവര്‍ക്കുവേണ്ടി ദുഖിയ്ക്കുന്നു. വിവേകികളുടെ വാക്കിനെയും പറയുന്നു. പ്രാണന്‍ പോയവരെക്കുറിച്ചും പ്രാണന്‍ പോയിട്ടില്ലാത്തവരെക്കുറിച്ചും അറിവുള്ളവര്‍ ദുഖിയ്ക്കുന്നില്ല.)

അല്ലയോ അര്‍ജ്ജുനാ, നീ ജ്ഞാനികളുടെ വാക്കുപറയുന്നു (പ്രജ്ഞാവാദാംശ്ച ഭാഷസേ) എന്ന് തുടര്‍ന്ന് പറഞ്ഞു അങ്ങോട്ട്‌ പ്രകീര്‍ത്തിയ്ക്കുകയാണ് ചെയ്യുന്നത്." 

തുടര്‍ന്ന് അര്‍ജ്ജുനന്റെ വ്യാവഹാരികബുദ്ധിയുടെ അഭിപ്രായങ്ങളെ ഭഗവാന്‍ യോഗബുദ്ധികൊണ്ടു മൂല്യനവീകരണം ചെയ്തു അവതരിപ്പിച്ചിരിയ്ക്കുന്നത് എങ്ങനെയെന്നു വിവരിച്ചു സദസ്യരെ സംതൃപ്തരാക്കി.

(സ്വാമി ചിദംബര തീര്ഥ രചിച്ച 'ഭഗവത്ഗീതാദര്‍ശനം: നടരാജഗുരുവിന്റെ ഗീതാഭാഷ്യത്തനിമ' എന്ന പുസ്തകത്തില്‍ നിന്നും)

എടോ നാണു തന്‍റെ പേരിനു എന്തെങ്കിലും അര്‍ഥം ഉണ്ടോടോ?

ഒരിക്കല്‍ ശ്രീനാരായണ ഗുരുദേവന്‍ വരണപ്പള്ളിയില്‍ പഠനം നടത്തുന്ന സമയം. വളരെ യുക്തിയോടുകൂടി കാര്യങ്ങള്‍ സംസാരിക്കുകയും മറ്റുള്ളവരോട് പെരുമാറുകയും ചെയ്തിരുന്ന ഗുരുദേവനോട് ജാതിയില്‍ എന്തോ കൂടുതല്‍ ഉണ്ടെന്നു വിചാരിച്ചിരുന്ന ചിലര്ക്ക് ഒരു അസൂയ. ബുദ്ധിയിലും യുക്തിയിലും മുന്നിലുള്ള “നാണു” വിനോട് വലിയവനെന്നു വിചാരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സാധാരണമായ ഒരു അസൂയ. അതുകൊണ്ട് “നാണു”വിനെ ഒന്ന് കളിയാക്കി വിടാന്‍ അവര്‍ തീരുമാനിച്ചു. ഒരുത്തന്‍ ചോദിച്ചു. 

എടൊ നാണു തന്‍റെ പേരിനു എന്തെങ്കിലും അര്‍ഥം ഉണ്ടോടോ? 

നാണു എന്ന പേരിനു എന്തര്ത്ഥം? ജാതിയില്‍ മുന്തിയവര്ക്ക് മാത്രമേ അന്ന് ദൈവങ്ങളുടെ പേരുകളും, അര്ത്ഥമുള്ള പേരുകളും പാടുള്ളൂ എന്നാണല്ലോ. അപ്പോള്‍ അതുപയോഗിച്ചു ഒന്ന് കളിയാക്കിയതാണ്. പക്ഷെ ഗുരുദേവന്‍റെ മറുപടി ഉടന്‍ വന്നു. 

അര്ഥം ഉണ്ടല്ലോ, “ന” “അണു” അതായത് - ന (അല്ല) അണു (ചെറുത്) – ചെറുതല്ലാത്തത് അല്ലെങ്കില്‍ വലിയവന്‍ എന്നര്ത്ഥം. തന്‍റെ പേരിന് സംസ്കൃതത്തില്‍ പിരിച്ചു പറഞ്ഞാല്‍ വലിയവന്‍ എന്നാണ് അര്ഥം എന്ന് ഗുരുദേവന്‍ വളരെ ഭംഗിയായി ജാതിക്കൊമാരങ്ങള്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കളിയാക്കാന്‍ വന്നവര്‍ തലതാഴ്ത്തി.

ജന്തു ബലി - ശ്രീനാരായണ ഗുരു സ്വാമികൾ

(ശ്രീനാരായണ ഗുരു സ്വാമികൾ ജന്തു ബലി നടത്തി വന്നിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹികളോട് സംസാരിയ്ക്കുന്നതാണ് ഇത്)

സ്വാമി: “ക്ഷേത്രത്തില്‍ ഹിംസ പാടില്ല. അതു പാപമാണ്“

ഭക്തന്‍: “ഹിംസ നിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല“

സ്വാമി: “പിന്നെ ആര്‍ക്കാണ് വിരോധം?“

ഭക്തര്‍: “ക്ഷേത്ര ഭാരവാഹികള്‍ക്ക്. അവര്‍ എത്ര പറഞ്ഞാലും സമ്മതിയ്ക്കുന്നില്ല“

സ്വാമി: “നിങ്ങള്‍ കോഴിയേയും മറ്റും കൊടുക്കാതിരുന്നാല്‍ മതിയല്ലോ? ക്ഷേത്ര “ഭാരവാഹികള്‍ക്ക്“ സമ്മതവും വിസമ്മതവും ഉണ്ടാകില്ല. അവര്‍ തൂണുകളല്ലേ“..

ഭക്തന്‍: “കോഴിയ്ക്കു പകരം എന്ത് ബലികഴിച്ചാല്‍ കൊള്ളാമെന്നറിഞ്ഞ് കൂടാ“

ഒരു അന്തേവാസി: “ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാണ് ഉപയോഗിയ്ക്കാറ്. അതു മതിയാവുമെന്ന് തോന്നുന്നു.“

സ്വാമി: “വേണ്ടാ... കോഴിവെട്ടുന്നവന്റെ മകനെ കൊടുത്താലെന്താണ്!!!!“

“ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?“- ശ്രീനാരായണ ഗുരു സ്വാമികൾ

ബര്‍മ്മയില്‍ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് ശ്രീ നാരായണ ഗുരു സ്വാമി ചോദിച്ചു:

സ്വാമി: “ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ടോ?“

ശിഷ്യന്‍: “ഹിന്ദു ക്ഷേത്രങ്ങളിലുമുള്ളലിലധികം വിഗ്രഹങ്ങളുണ്ട്“

സ്വാമി: “അത് മുടി വെട്ടുന്നത് പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും.. വിഗ്രഹം പാടില്ലെന്ന് നിര്‍ബന്ധിച്ചത് കൊണ്ടായിരിയ്ക്കും ഇത്ര വര്‍ദ്ധിച്ചത്“

Sunday, 3 August 2014

ഗുരുസ്തവം - മഹാകവി കുമാരനാശാന്‍

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!


ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!


അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനക്കൊച്ചയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരുനാരായണമൂർത്തേ!


അന്യർക്കു ഗുണംചെയ്‌വതിനായുസ്സും വപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലിചെയ്‌വു
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ!


വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടൂം
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ!


മോഹാകുലരാം ഞങ്ങളെ അങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ
ആഹാബഹുലക്ഷം ജനമങ്ങേതിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ!


അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കും ശുഭം ചേർത്തീടുമീ ഞങ്ങടെയോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ-
മങ്ങാതെ ചിരം നിൻപുകൾപോൽ ശ്രീ ഗുരുമൂർത്തേ!


നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!