ഒരിക്കല്‍ ശ്രീനാരായണ ഗുരുദേവന്‍ വരണപ്പള്ളിയില്‍ പഠനം നടത്തുന്ന സമയം. വളരെ യുക്തിയോടുകൂടി കാര്യങ്ങള്‍ സംസാരിക്കുകയും മറ്റുള്ളവരോട് പെരുമാറുകയും ചെയ്തിരുന്ന ഗുരുദേവനോട് ജാതിയില്‍ എന്തോ കൂടുതല്‍ ഉണ്ടെന്നു വിചാരിച്ചിരുന്ന ചിലര്ക്ക് ഒരു അസൂയ. ബുദ്ധിയിലും യുക്തിയിലും മുന്നിലുള്ള “നാണു” വിനോട് വലിയവനെന്നു വിചാരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന സാധാരണമായ ഒരു അസൂയ. അതുകൊണ്ട് “നാണു”വിനെ ഒന്ന് കളിയാക്കി വിടാന്‍ അവര്‍ തീരുമാനിച്ചു. ഒരുത്തന്‍ ചോദിച്ചു.
എടൊ നാണു തന്‍റെ പേരിനു എന്തെങ്കിലും അര്‍ഥം ഉണ്ടോടോ?
നാണു എന്ന പേരിനു എന്തര്ത്ഥം? ജാതിയില്‍ മുന്തിയവര്ക്ക് മാത്രമേ അന്ന് ദൈവങ്ങളുടെ പേരുകളും, അര്ത്ഥമുള്ള പേരുകളും പാടുള്ളൂ എന്നാണല്ലോ. അപ്പോള്‍ അതുപയോഗിച്ചു ഒന്ന് കളിയാക്കിയതാണ്. പക്ഷെ ഗുരുദേവന്‍റെ മറുപടി ഉടന്‍ വന്നു.
അര്ഥം ഉണ്ടല്ലോ, “ന” “അണു” അതായത് - ന (അല്ല) അണു (ചെറുത്) – ചെറുതല്ലാത്തത് അല്ലെങ്കില്‍ വലിയവന്‍ എന്നര്ത്ഥം. തന്‍റെ പേരിന് സംസ്കൃതത്തില്‍ പിരിച്ചു പറഞ്ഞാല്‍ വലിയവന്‍ എന്നാണ് അര്ഥം എന്ന് ഗുരുദേവന്‍ വളരെ ഭംഗിയായി ജാതിക്കൊമാരങ്ങള്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കളിയാക്കാന്‍ വന്നവര്‍ തലതാഴ്ത്തി.
No comments:
Post a Comment