Tuesday, 19 August 2014

ഗുരു മുനി നാരായണ പ്രസാദ്‌ - ഗുരുസാഗരത്തിലെ മൗനസഞ്ചാരി

ദുഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്‌പൃഹഃ
വീത രാഗ ഭയ ക്രോധഃ
സ്ഥിതധിര്‍ മുനിരുച്യതേ.
(ഭഗവദ്‌ഗീത: സംഖ്യായോഗം 56)

ദുഃഖങ്ങളില്‍ ഇളകാത്ത മനസ്സോടു കൂടിയും സുഖങ്ങളില്‍ ആഗ്രഹമില്ലാതെയും രാഗം, ഭയം, ക്രോധം എന്നിവയില്ലാതെയും വര്‍ത്തിക്കുന്ന മുനിയെ സ്ഥിതധീ എന്നു വിളിക്കാം.


ഭഗവദ്‌ ഗീതയില്‍ കൃഷ്‌ണന്‍ അര്‍ജുനനോടു പറയുന്നു. ”അര്‍ജുനാ, ഇവിടെ പറയുന്ന മനോഭാവം ആരിലാണോ ഉറച്ചുകഴിഞ്ഞിട്ടുള്ളത്‌ അയാള്‍ തന്റെ ആത്മസന്തുഷ്‌ടിയെപ്പറ്റി ലോകരോട്‌ പറഞ്ഞ്‌ നടക്കാനിഷ്‌ടപ്പെടുകയില്ല. മറിച്ച്‌ മൗനമായിരിക്കാനാണ്‌ ഇഷ്‌ടപ്പെടുക. മൗനം ശീലമായിട്ടുള്ളവനാണ്‌ മുനി.”

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ്‌ ഗുരു മുനി നാരായണ പ്രസാദ്‌. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത്‌ ശ്രീനിവാസപുരത്താണ്‌. അവിടെയുള്ള നാരായണ ഗുരുകുലമാണ്‌ ഗുരുമുനി നാരായണ പ്രസാദ്‌ എന്ന സംന്യാസി വര്യന്‍ തന്റെ നൂറോളം പുസ്‌തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്‌. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്‌ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക്‌ ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു.

അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ്‌ പ്രൊഫസറായും സഞ്ചരിക്കുന്ന മുനി നാരായണ പ്രസാദിന്റെ മുന്നില്‍ അങ്ങയെക്കുറിച്ച്‌ ആളുകള്‍ അറിയുംവിധം എഴുതാന്‍ താത്‌പര്യമുണ്ടെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ എഴുതി ഉണ്ടാക്കുന്ന പ്രശസ്‌തിയൊന്നും എനിക്കുവേണ്ട.”


ഇന്നു ജീവിച്ചിരിക്കുന്നവരിലാരും ഇത്രയും പുസ്‌തകങ്ങള്‍ എഴുതിയിട്ടില്ല. അങ്ങയെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കുന്നതും അറിയിക്കുന്നതും ഒരു പുണ്യപ്രവൃത്തിയാണ്‌. അതു കേള്‍ക്കെ അദ്ദേഹം മൗനത്തിലാണ്ടു. ‘എന്നെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തെഴുതാനാണ്‌ ‘ എന്ന ഭാവം അദ്ദേഹത്തിന്റെ മുഖഭാവത്തിലുണ്ടായിരുന്നു.

സമുദായ സംഘടനകളുടെ ബിംബവത്‌കരണത്തില്‍ നിന്ന്‌ മുക്തനാവാനും അത്തരം ആളുകളെ അകറ്റി നിര്‍ത്താനും ശ്രമിച്ച ഗുരുവാണ്‌ ശ്രീനാരായണഗുരു. ലക്ഷോപലക്ഷം ജനങ്ങളും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും തന്റെ കാല്‍പാദങ്ങളില്‍ ഭക്ത്യാദരപൂര്‍വം നമിക്കുമ്പോഴും ശ്രീനാരായണഗുരു ഉള്ളാലെ ദുഃഖിതനായിരുന്നു. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ‘നമുക്കാരുമില്ലല്ലോ‘ തന്റെ ജ്ഞാനമാര്‍ഗം പിന്തുടരാന്‍ ആരുമില്ലെന്ന്‌ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു ഡോക്ടര്‍ പല്‌പുവിന്റെ മകനായ നടരാജനെ തന്റെ പിന്‍ഗാമിയായി കണ്ടു. ‘തമ്പീ, നമുക്കാരുമില്ലല്ലോ‘. എന്ന നാരായണ ഗുരുവിന്റെ ദീനവിലാപമറിഞ്ഞത്‌ നടരാജന്‍ മാത്രമായിരുന്നു. നടരാജന്‍ പിന്നീട്‌ ലോകമെങ്ങും അറിയപ്പെടുന്ന നടരാജഗുരുവായി എഴുപത്തി ഒന്‍പതാം വയസ്സില്‍ അദ്ദേഹം സമാധിയാകുന്നതുവരെ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ലോകം മുഴുവനും പ്രചരിപ്പിക്കുകയായിരുന്നു. നാരായണഗുരു സ്വന്തം ചെലവില്‍ നടരാജനെ യൂറോപ്പിലേക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചു. നാരായണ ഗുരുവിന്റെ സങ്കല്‌പത്തിനപ്പുറം നടരാജന്‍ വളര്‍ന്നു. പാരീസിലെ സെര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ എടുക്കുന്നത്‌ തന്നെ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ നാലുവരികളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌. സോക്രട്ടീസിന്‌ പ്ലാറ്റോയെന്ന ശിഷ്യന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ്‌ നാരായണ ഗുരുവും നടരാജഗുരുവും തമ്മിലുള്ള ആത്മബന്ധം. നടരാജഗുരു നേടിയ ഉന്നത വിദ്യാഭ്യാസവും പാണ്ഡിത്യവുമെല്ലാം നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകമെങ്ങുമുള്ള ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ആദ്യമായി ഊട്ടിയില്‍ 1923-ല്‍ നാരായണ ഗുരുകുലം സ്ഥാപിച്ചുകൊണ്ടാണ്‌ അദ്ദേഹം നാരായണ ഗുരുകുല പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌.

ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത്‌ സാമുദായിക പ്രമാണിമാരുടെ വഴിവിട്ട പ്രവര്‍ത്തനം കണ്ട്‌ മനസ്സുമടുത്ത ഗുരുതന്നെ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. ഇനി എനിക്ക്‌ ശ്രീനാരായണ പരിപാലന സംഘവുമായി യാതൊരു ബന്ധവുമില്ല. ശ്രീനാരായണ ഗുരു തമിഴിലും, സംസ്‌കൃതത്തിലും മലയാളത്തിലുമായി അറുപതോളം കൃതികള്‍ രചിച്ചു. എന്നാല്‍ ശ്രീനാരായണീയരെന്ന്‌ അഭിമാനിക്കുന്നവര്‍ക്കും സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നാരായണ ഗുരുവിനെയോ ഗുരുവിന്റെ കൃതികളെയോ അറിയില്ല എന്നുള്ളതാണ്‌ സത്യം. ഇവിടെയാണ്‌ നാരായണ ഗുരുകുലങ്ങളുടെ പ്രസക്തി.

നാരായണ ഗുരുകുലം തുടങ്ങിവെച്ച നടരാജഗുരുവിന്റെ പരമ്പരയില്‍ പ്രശസ്‌തരായ പലരുമുണ്ടായിരുന്നു. ഏകലോക പൗരന്‍ ഗാരിഡേവിഡ്‌, ജോണ്‍ സ്‌പിയേഴ്‌സ്‌, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി, ഇപ്പോഴത്തെ ഗുരുവായി മുനിനാരായണ പ്രസാദ്‌..

നാരായണഗുരുവിന്റെ കൃതികളൊന്നാകെയും ആഴത്തിലുള്ള പഠനങ്ങളാണ്‌ നാരായണഗുരുകുലം ഏറ്റെടുത്തിട്ടുള്ളത്‌. നടരാജഗുരുവും നിത്യചൈതന്യയതിയും മുനിനാരായണപ്രസാദും ഈ രംഗത്ത്‌ വളരെ വലിയ സംഭാവനകള്‍ നല്‍കിയവരാണ്‌. നടരാജഗുരുവിന്റെ ആത്മകഥ വായിക്കുമ്പോള്‍ അദ്ദേഹം കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിക്കാണാം. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും പശുവിനെ നോക്കിയും കൃഷിപ്പണികള്‍ ചെയ്‌തും ജീവിക്കുന്ന നടരാജഗുരു കടുത്ത ദാരിദ്ര്യം അനുഭവിക്കുമ്പോഴും തന്റെ അടുത്തേക്ക്‌ വരുന്നവര്‍ക്ക്‌ നാരായണഗുരുവിന്റെ അപാരമായ അറിവ്‌ പകര്‍ന്നു നല്‍കുവാനാണ്‌ ശ്രമിച്ചിരുന്നത്‌. അചഞ്ചലനായ ആ ഗുരുവിന്റെ ആദര്‍ശപരമായ ലക്ഷ്യം തന്നെയാണ്‌ ഗുരു മുനി നാരായണപ്രസാദിലും കാണാവുന്നത്‌.

കാന്‍സര്‍ രോഗം പിടിപെട്ട്‌ കാലുകള്‍ തളര്‍ന്ന്‌ നടക്കാന്‍ കഴിയാതെ വരുമ്പോഴും അദ്ദേഹത്തിന്റെ ആകുലത നാരായണഗുരുവിന്റെ സമ്പൂര്‍ണ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നത്‌ മുടങ്ങുമോ എന്നായിരുന്നു. ഒരുപക്ഷേ, ഇനിയും അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത്‌ തനിക്ക്‌ ഒരുപാടു വെളിപാടുകള്‍ നടത്താനുണ്ടെന്ന മനസ്സിന്റെ കഠിനമായ അഭിലാഷത്താലായിരിക്കും ഗുരു മുനി നാരായണ പ്രസാദ്‌ കാന്‍സര്‍രോഗത്തില്‍നിന്ന്‌ മുക്തനായത്‌. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കുന്നവര്‍ക്കും ശിഷ്യന്മാര്‍ക്കും എന്തെന്നില്ലാത്ത ആനന്ദമാണ്‌ നല്‍കുന്നത്‌. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട്‌ ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്‌തകങ്ങളായും അന്വേഷികള്‍ക്ക്‌ സര്‍വാത്മനാ സമ്മാനിക്കുന്നു.


വിറകുവെട്ടിയും വെള്ളം കോരിയും കൃഷിപ്പണി ചെയ്‌തും തന്റെ ദിനചര്യകള്‍ തുടങ്ങുന്ന മുനി നാരായണ പ്രസാദ്‌ നാരായണ ഗുരുകുലത്തിലെ എക്കാലത്തെയും മാതൃകാപുരുഷനാണ്‌. മറ്റുള്ളവരെന്തുചെയ്യണം എന്നു തീരുമാനിക്കാതെ മറ്റുള്ളവര്‍ക്ക്‌ മാതൃകയാവുകയായിരുന്നു ഗുരുവിന്റെ വഴികള്‍. ക്ലിഷ്‌ടമായ ഗുരുകുല ജീവിതത്തിലൂടെ അറിവിനെ ഉപാസിക്കുമ്പോഴും തന്റെ ഓരോ നിമിഷവും ഒട്ടും നഷ്‌ടപ്പെടുത്താതെ ദാര്‍ശനികമായ അനുഭവമാക്കി മാറ്റുകയാണ്‌. അലസതയും മടിയുമാണ്‌ സംന്യാസിയുടെ സംഭാവനയെന്ന്‌ പറയുന്ന ചില പുരോഗമന വാദികളുണ്ട്‌. അലസതയും മടിയുമായി എത്തുന്നവരെ ഗുരു മുനി നാരായണപ്രസാദ്‌ ഒരിക്കലും അംഗീകരിച്ചിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നവര്‍ കര്‍മത്തിലും ജ്ഞാനത്തിലും എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്‌. അല്ലാത്തവരോട്‌ പൊട്ടിത്തെറിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത്‌ അദ്ദേഹത്തിനവര്‍ നിരന്തരം അസഹനീയത ഉണ്ടാക്കുമ്പോഴാണ്‌. വെറുതെ സമയം കൊല്ലുവാന്‍ ഗുരുകുലത്തിലെത്തുന്നവര്‍ക്ക്‌ ഒരിക്കലും അദ്ദേഹം സ്വീകാര്യനായിരുന്നില്ല.

1938-ല്‍ ജനിച്ച ഗുരുമുനി നാരായണപ്രസാദ്‌ 1970-ല്‍ എന്‍ജിനീയര്‍ ഉദ്യോഗം രാജിവെച്ചാണ്‌ സംന്യാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്‌. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികള്‍. ഡി.സി. ബുക്‌സ്‌, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.കെ., നാഷണനല്‍ ബുക്ക്‌ ട്രസ്റ്റ്‌ തുടങ്ങിയ പ്രസാധകര്‍ ഗുരുവിന്റെ പ്രധാന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

മുനി നാരായണപ്രസാദ്‌ എഴുതിയ ‘ഒരു ഗുരു ശിഷ്യ ബന്ധം‘ എന്ന പുസ്‌തകത്തില്‍ പറയുന്നു, ‘ഉള്ളില്‍ സമാധാനം അനുഭവിക്കുന്ന മനുഷ്യന്‍ ലോകത്തുണ്ടാകുമ്പോള്‍ ലോകസമാധാനം കൈവരുന്നു എന്ന്‌.’ ഗുരു മുനിനാരായണപ്രസാദ്‌ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ കഴിയുന്നതില്‍ അദ്ദേഹത്തിന്റെ അച്ഛന്‌ അല്‌പം വിഷമമുണ്ടായിരുന്നു. 1970-ല്‍ നവംബര്‍ ഒന്നു മുതല്‍ പതിനൊന്നുവരെ പയ്യന്നൂരിനടുത്തുള്ള ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌, കുപ്രസിദ്ധമായ നാഗരൂര്‍ കുമ്മിള്‍ കൊലക്കേസ്‌ നടക്കുന്നത്‌. ഒരു മാന്യന്റെ തല വെട്ടിയെടുത്ത്‌ നക്‌സലൈറ്റുകള്‍ റോഡില്‍ കൊണ്ടുവെച്ചു. രോഗശയ്യയില്‍ കിടക്കുന്ന ഗുരുവിന്റെ അച്ഛന്‍ ആ കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. ”എന്റെ നാട്ടുകാര്‍ ആളുകളുടെ തലവെട്ടി റോഡില്‍ കൊണ്ടുവെക്കുമ്പോള്‍ എന്റെ മോന്‍ ലോകസമാധാനത്തിനുവേണ്ടി കഷ്‌ടപ്പെടുന്നു.”

ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌ ഗുരു മുനിനാരായണ പ്രസാദിന്റെ അച്ഛന്‌ സീരിയസ്സാണ്‌ എന്നറിയിച്ചുകൊണ്ടുള്ള കമ്പി വരുന്നത്‌. പക്ഷേ, അദ്ദേഹം അതിനും മുന്‍പ്‌ വീട്ടുകാരെ അറിയിച്ചിരുന്നു. അച്ഛനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എനിക്ക്‌ എത്തിച്ചേരാന്‍ കഴിയില്ല എന്ന്‌. ലോകസമാധാനത്തിനുവേണ്ടിയുള്ള ഈ ആത്മാര്‍പ്പണമാണ്‌ നാരായണഗുരുകുലത്തെ വേറിട്ടുനിര്‍ത്തുന്നത്‌. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ വേറിട്ട്‌ പഠിപ്പിക്കുന്ന ഒരിടമായി നാരായണഗുരുകുലം നിലകൊള്ളുന്നു. അതിന്റെ മാര്‍ഗദര്‍ശിയായി ജ്ഞാനദര്‍ശനത്തിന്റെ ശാന്തി സന്ദേശവുമായി ഒരു ഗുരുവും.

1 comment:

  1. മുനി നാരായണ പ്രസാദദിനെ ക്കുറിച്ച് എഴുതിയത് വളരെ സത്യമായി തോന്നി. അദ്ദേഹത്തിൻ്റെ അഭിമുഖങ്ങളും പല പ്രാവശ്യം കേട്ടിരുന്നു.ശ്രീ നാരായണ ഗുരു സമ്പൂർണകൃതികളുടെ വ്യാഖ്യാനം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

    ReplyDelete