Monday 18 April 2016

"എനിക്കെന്തിനാണ്‌ എസ്‌ എൻ ഡി പി യോഗത്തോട്‌ ഇത്രയും വിരോധം?"

നടരാജഗുരു ചോദിച്ചു : "എനിക്കെന്തിനാണ്‌ എസ്‌ എൻ ഡി പി യോഗത്തോട്‌ ഇത്രയും വിരോധം?". ഞാൻ ഉത്തരം പറഞ്ഞില്ല. ഗുരുതന്നെ ഉത്തരവും പറഞ്ഞു. "അവർ എന്റെ ഗുരുവിനെ കരയിപ്പിച്ചവരാണ്‌".
...........................................................................................................

ശ്രീ നാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ നടരാജഗുരു അദ്ദേഹത്തിന്റെ ശിഷ്യനായ മുനി നാരായണ പ്രസാദുമായി എസ്‌ എൻ ഡി പി യോഗത്തെക്കുറിച്ച്‌ നടത്തിയ സംസാരം മുനി നാരായണ പ്രസാദ്‌ അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇങ്ങനെ ഓർക്കുന്നു.


'യോഗത്തെപ്പറ്റിയുള്ള നാരായണഗുരുവിന്റെ സങ്കൽപം ഇങ്ങനെയായിരുന്നു.

"യോഗം മനുഷ്യ സമുദായത്തിന്റെ നാനാമുഖങ്ങളായ നന്മയ്ക്കുതകത്തക്കവണ്ണം അതിന്റെ ആദർശ്ശങ്ങളും പരിധിയും വികസിപ്പിക്കണം".

എന്നാൽ ഗുരുവിന്റെ ഈ ലക്ഷ്യത്തിൽ നിന്ന് യോഗം അമ്പേ അകന്നു പോയി. അതിനാൽ യോഗത്തോട്‌ ഗുരുവിനു വിടപറയേണ്ടിത്തന്നെ വന്നു. ഗുരു ഇങ്ങനെ ഒരു കത്തു പോലും ഡോ. പൽപുവിന്‌ എഴുതി.

അദ്വൈതാശ്രമം.
1916 മെയ്‌ 22

"ഡോ.പൽപു എൽ എം എസ്‌ ഡി പി എച്ച്‌ അവർക്കൾക്ക്‌,

യോഗത്തിന്റെ നിശ്ചയങ്ങൾ നാമറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതു കൊണ്ടും മുമ്പൊക്കെ മനസ്സിൽ നിന്നു വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു." 

എന്ന് നാരായണഗുരു (ഒപ്പ്‌).

ജാത്യാഭിമാനം യോഗത്തിൽ കൊടികുത്തി വാഴുക മാത്രമല്ല , ഒരു പ്രത്യേക ജാതി വിഭാഗത്തിന്റെ ഗുരുവെന്ന നിലയിൽ ഗുരുവിനെ ഒരു ചെറിയ വൃത്തത്തിന്റേതായ അറയ്ക്കുള്ളിൽ തളച്ചിട്ട്‌ അവർ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു.അതിന്റെ തിക്തമായ അനന്തരഫലങ്ങൾ ഗുരുവിന്റെ കാര്യത്തിൽ ഇന്നും അനുഭവപ്പെടുന്നു. എന്നു മാത്രമല്ല, ഈ സങ്കുചിതമായ പ്രവണത ഇന്ന് യോഗത്തിന്റെ പ്രവർത്തനത്തിൽ കൂടുതൽ ശക്തമാകുകയും ചെയ്തിരിക്കുന്നു.

മനുഷ്യരാശിയുടെ നന്മയിൽ തൽപരനായ ജഗദ്ഗുരുവെന്ന നിലയിൽ , ഗുരുവിനെ ഏൽപ്പിക്കുന്ന സ്വത്ത്‌ പൊതുജന നന്മയ്ക്ക്‌ പ്രയോജനപ്പെടുമെന്ന ധാരണയിൽ പലരും പലയിടങ്ങളിൽ ഗുരുവിനു ഭൂസ്വത്തുക്കൾ ദാനം ചെയ്തു. ഈ സ്വത്തുക്കളെല്ലാം യോഗത്തിന്‌ അവകാശപ്പെട്ടതാണെന്ന വാദവുമായി , തന്റെ ജീവിതാന്ത്യത്തിൽ അവർ ഗുരുവിനെ വളരെയധികം മാനസികമായി പീഢിപ്പിച്ചു. ഇക്കാര്യം നേരിട്ടു സംസാരിക്കാൻ വന്ന ഒരു യോഗനേതാവിനെ ഗുരു, ഗോവിന്ദാനന്ദ സ്വാമിയെക്കൊണ്ട്‌ പുറത്താക്കിക്കുകയും "തറവാടിത്തമുള്ളവർ വരട്ടെ നമ്മോട്‌ സംസാരിക്കുവാൻ" എന്നു ഗുരു പറയുകയും ചെയ്തു. ഈ വാക്കുകളുടെ അർത്ഥം വ്യക്തമാണല്ലോ. തനിക്കു ലഭിച്ച സ്വത്തുക്കൾ ത്യാഗധനന്മാരായ സന്യാസിശിഷ്യന്മാർ വേണം കൈകാര്യം ചെയ്യേണ്ടത്‌ എന്നായിരുന്നു ഗുരുവിന്റെ സങ്കൽപം.

ഇങ്ങനെ കേരളത്തിൽ നില നിൽക്കുന്ന അന്തരീക്ഷം തന്നെ ശ്വാസം മുട്ടിക്കുന്നു എന്നുള്ളത്‌ കൊണ്ട്‌, ഗുരു തന്റെ രണ്ടാം സിലോൺ യാത്ര കഴിഞ്ഞ്‌ മടങ്ങി വരുമ്പോൾ, "ഇനി നാം കേരളത്തിലേക്കില്ല " എന്നു പറഞ്ഞുകൊണ്ട്‌ മധുരയ്ക്ക്‌ സമീപമുള്ള തിരുപുറം കുണ്ട്രത്തു താമസമായി. ഇതറിഞ്ഞ്‌ കേരളത്തിൽ നിന്ന് എ കെ ഗോവിന്ദ ദാസിന്റെ (ആലും മൂട്ടിൽ ചാന്നാർ) നേതൃത്വത്തിലുള്ള ഒരു സംഘം അവിടെയെത്തി. ഗുരുവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു വരികയായിരുന്നു. എന്തിനേറെ ഗുരുവിന്റെ മഹാസമാധിക്കു ശേഷം നടക്കേണ്ട മോക്ഷദീപം എന്ന ചടങ്ങിനു വേണ്ട എല്ലാ ഒരുക്കങ്ങളും സന്യാസിമാരുടെ നേതൃത്വത്തിൽ പൂർത്തിയായ ഘട്ടത്തിൽ, അതിന്റെ തലേദിവസം കോടതിയിൽ നിന്നുള്ള നിരോധന ഉത്തരവു സമ്പാദിച്ച്‌, ആ ചടങ്ങ്‌ മുടക്കുക വരെ ചെയ്തു. സന്യാസിമാർ അതു ചെയ്താൽ ഗുരുവിന്റെ സ്വത്തിന്‌ അവർക്ക്‌ ധാർമ്മികമായ അവകാശമുണ്ടായിപ്പോകും എന്ന ഭയമാണ്‌ യോഗത്തെക്കൊണ്ട്‌ ഈ ഗുരുനിന്ദ ചെയ്യിച്ചത്‌.

എന്റെ ആത്മകഥയിൽ ഇതൊക്കെ എന്തിനു പറയുന്നു എന്നു സംശയിക്കുന്നവർ ഉണ്ടായേക്കാം. എന്റെ ജീവിതത്തിൽ സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം നടന്നത്‌ ഇതിന്റെ പശ്ചാത്തലത്തിലാണ്‌ എന്നുള്ളതുകൊണ്ടാണ്‌ ഇതൊക്കെ സൂചിപ്പിക്കേണ്ടി വന്നത്‌. പയ്യന്നൂരിൽ നിന്ന് വർക്കലയിലേക്കുള്ള യാത്രാവേളയിൽ ഈ ഒരൊറ്റക്കാര്യം മാത്രമാണ്‌ എത്രയോ പ്രാവശ്യം ആവർത്തിച്ച്‌ നടരാജ ഗുരു എന്നോട്‌ സംസാരിച്ചു കൊണ്ടിരുന്നത്‌. 

തുടക്കത്തിൽ ഗുരു ചോദിച്ചു : "എനിക്കെന്തിനാണ്‌ എസ്‌ എൻ ഡി പി യോഗത്തോട്‌ ഇത്രയും വിരോധം?". 
ഞാൻ ഉത്തരം പറഞ്ഞില്ല. ഗുരുതന്നെ ഉത്തരവും പറഞ്ഞു. "അവർ എന്റെ ഗുരുവിനെ കരയിപ്പിച്ചവരാണ്‌".

ഗുരുവിനെ സ്വന്തം ഗുരുവായിക്കരുതിയ സമുദായത്തിന്റെ തനി സ്വഭാവത്തിൽ നാരായണഗുരു കണ്ട നാലു ദോഷങ്ങൾ നാരായണഗുരുതന്നെ വിരലുകൾ ഒന്നൊന്നായി മടക്കി എണ്ണിക്കൊണ്ട്‌ ഒരിക്കൽ പറഞ്ഞു. നടരാജ ഗുരു അത്‌ എന്നോടും പറഞ്ഞു.

1.കള്ളിന്റെയും മീനിന്റെയും മട്ടി ഈ ജനതയുടെ രക്തത്തിൽനിന്നു മാറിയിട്ടില്ല.
2.സോപ്പുകഴുകി അതിന്റെ പത ഇല്ലാതാക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌ അവരുടെ ജാതി ചിന്ത ഇല്ലാതാക്കാൻ ശ്രമിക്കുന്നത്‌.
3.കടപ്പുറത്തെ മണൽപോലെയാണവർ. തമ്മിൽ ഒട്ടുകയില്ല.
4.ചാണകത്തിനു തീപ്പിടിച്ച പോലെയാണ്‌ അവർ ചെയ്യുന്ന കാര്യങ്ങൾ. കത്തുകയുമില്ല, അണയുകയുമില്ല.

(ആത്മായനം:ആത്മകഥാഭാഗങ്ങൾ -5 ,പച്ചക്കുതിര മാസിക,2015 ജൂലൈ).

No comments:

Post a Comment