Sunday, 2 November 2014

മന്ത്രവാദം രോഗ ചികിത്സയോ? - ഗുരു മുനി നാരായണ പ്രസാദ്

അപസ്മാരരോഗം ബാധിച്ച ഒരു പെൺകുട്ടിയെ രോഗവിമുക്തിക്കുവേണ്ടി മന്ത്രവാദത്തിന് വിധേയയാക്കിയതും അതിന്റെ ഭാഗമായി നടന്ന
പ്രഹരമേറ്റോ മറ്റോ കുട്ടി മരിക്കാനിടയായതും പത്രത്തിൽ വായിക്കുകയുണ്ടായി. അപസ്മാരരോഗം തലച്ചോറിനെ ബാധിക്കുന്ന ഒരു വൈകല്യം മൂലമുണ്ടാകുന്നതാണെന്ന് ഇന്ന് ഏവർക്കും അറിയാം. അതിന് ആധുനിക വൈദ്യശാസ്ത്രത്തിലും മറ്റ് സമ്പ്രദായങ്ങളിലും വേണ്ട ചികിത്സയുണ്ട്. അതിന് വിധേയയാക്കാതെ, കുട്ടിയെ മന്ത്രവാദത്തിന് വിധേയയാക്കിയതിന്റെ പിന്നിലുള്ള പ്രേരണാശക്തിയെന്താണ്?

ഏതോ പിശാച് കുട്ടിയെ ബാധിച്ചിരിക്കുന്നു എന്നും അതിനെ അടിച്ചു പുറത്താക്കണമെന്നും ഉള്ള വിശ്വാസമാണ് ഇതിന് പ്രേരിപ്പിച്ചിട്ടുള്ളത്. ഇത്തരം ദുഷ്ടദേവതകളും ശിഷ്ടദേവതകളും ഉണ്ടെന്നുള്ളത് പ്രത്യേക കാരണമൊന്നും കൂടാതെ മനുഷ്യമനസിൽ കടന്നു കൂടിയിട്ടുള്ള വിശ്വാസമാണ്. പണ്ടുമുതലേ ഇത് നിലനിൽക്കുന്നുമുണ്ട്. അലൗകികമായ ഇത്തരം ശക്തികളെപ്പറ്റിയുള്ള വിശ്വാസം മതത്തോടും ആദ്ധ്യാത്മികതയോടും ബന്ധപ്പെട്ടതുമാണ്. ദുഷ്ടദേവതകളുടെ ഉപദ്രവം ഒഴിവാക്കാനും ശിഷ്ടദേവതകളുടെ പ്രസാദം നേടാനുമുള്ള പ്രാർത്ഥനകളും കർമ്മങ്ങളും പണ്ടുമുതലേ നിലനിൽക്കുന്നുമുണ്ട്. ഇത്തരം ദേവതകളെല്ലാം അജ്ഞേയമായ പ്രപഞ്ചത്തിലെ അജ്ഞാതമായ ശക്തികളാണല്ലോ. ഈ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തിനും ഓരോ ദേവതയേയും സങ്കൽപ്പിച്ചിട്ടുണ്ട്. ഈ പ്രതിഭാസങ്ങളുടെ ഉറവിടം ആർക്കും അറിയില്ല. അവയെ മനുഷ്യന് സ്വന്തം ഇച്ഛയ്ക്കൊത്തു മാറ്റി മറിക്കാനുമാവില്ല. ആകെക്കൂടി മനുഷ്യന് സാധിക്കുന്നത് അവയ്ക്ക് വിധേയമായി ജീവിക്കുകയാണ്. അവയെ സ്വന്തം ഇച്ഛയ്ക്ക് വിധേയമാക്കാനുള്ള ശ്രമം വൃഥാവിലാണ്.

അതിനാൽ അങ്ങനെയുള്ള അപ്രമേയമായ പ്രപഞ്ചത്തിന്റെ ഭാഗമായി, അതിന് വിധേയമായി, ജീവിക്കാനുള്ള ഉൾവെളിവുണ്ടായി ജീവിതത്തിൽ സമാധാനം കണ്ടെത്താൻ വേണ്ടിയുള്ള പ്രാർത്ഥനകളാണ് വേദസൂക്തങ്ങളിൽ കാണുന്നത്. സ്വന്തം താത്പര്യസംരക്ഷണമാണ് അർത്ഥിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. എന്നാൽ ആഴത്തിലുള്ള അതിന്റെ അർത്ഥം വേറെയാണ്. ഉദാഹരണത്തിന് ശത്രുക്കളെയെല്ലാം സംഹരിച്ചുതരണേ എന്ന പ്രാർത്ഥനയിലുള്ളത് ആരും ശത്രുക്കളല്ല എന്ന് തോന്നാനുള്ള ഉൾവെളിവുണ്ടായി, അതുവഴി ശത്രുക്കൾ ഇല്ലാതാകണമേ എന്നാണ്. എന്നാൽ ശത്രുക്കളായിട്ടുള്ളവരെയെല്ലാം നശിപ്പിച്ചു തരണേയെന്നാണ് ഇതിന്റെ അർത്ഥമെന്നും അത് സാധിക്കുന്നതിന് ഇന്നയിന്ന കർമ്മങ്ങൾ ഈ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ചെയ്താൽ മതിയെന്നും പാവപ്പെട്ടവരെ ധനമോഹികളായ പുരോഹിതന്മാർ പറഞ്ഞു വിശ്വസിപ്പിക്കുകയും അത്തരം കർമ്മങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം മതത്തിന്റെ ഭാഗമായി പണ്ടേ തുടങ്ങിയതാണ്.

ഇതിൽ നിന്നൊക്കെയുള്ള അന്തിമമായ മോചനം ലഭിക്കുന്നത് ഇത്തരം ദേവസങ്കല്പങ്ങളുടെയെല്ലാം അർത്ഥം വേണ്ടതരത്തിൽ ഗ്രഹിക്കുന്ന ശുദ്ധമായ ആദ്ധ്യാത്മിക സംസ്കാരം ഉണ്ടാകുമ്പോൾ മാത്രമാണ്. വേദം എന്ന വാക്കിന്റെ അർത്ഥം പോലും അറിവ് എന്നാണ്. എല്ലാ വേദസൂക്തങ്ങളും ശുദ്ധമായ അറിവിലേക്ക് നയിക്കുന്നതാണ്. ഈ അറിവിന്റെ പരമകാഷ്ഠയാണ് ബ്രഹ്മവിദ്യ. ബ്രഹ്മവിദ്യയെ ആശ്രയിക്കുന്നവരിൽ മന്ത്രതന്ത്രാദികളൊന്നും വിലപ്പോവുകയില്ല എന്നത് താന്ത്രികന്മാർ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. അതായത് ജനങ്ങളുടെ അജ്ഞതയെയാണ് അവരൊക്കെ മുതലെടുക്കുന്നത്.

അറിവിന്റെ ഔന്നത്യത്തിലേക്ക് ഇത്തരത്തിൽ ഉയരാൻ എല്ലാവർക്കും സാധിക്കാറില്ല. സാധാരണക്കാർക്ക് ദേവതകളിൽ വിശ്വസിക്കുന്നതും അവയെ ആരാധിക്കുന്നതും ഒരാവശ്യമാണെന്ന് തോന്നാറുണ്ട്. ഈ ആവശ്യകതയെ നാരായണഗുരു തന്റെ ദൈവ ചിന്തനത്തിൽ അംഗീകരിക്കുന്നുമുണ്ട്. ദുഷ്ടദേവതകളുടെ ഉപദ്രവം ഒഴിവാക്കുന്നതിനുപോലും ജന്തുബലിയും ഹിംസയും ആഭിചാരകർമ്മങ്ങളും കൊണ്ട് അവയെ പൂജിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്, ശിഷ്ടദേവതകളെ സാത്വികമായ ആചാരങ്ങൾ കൊണ്ട് പൂജിക്കുന്നത് എന്ന് ഗുരു ഓർമ്മിപ്പിക്കുന്നു. കാരണം, ദുഷ്ടദേവതകളെക്കാൾ ശക്തിയുള്ളതാണ് ശിഷ്ടദേവതകൾ. അതുകൊണ്ട് ശിഷ്ടദേവതകളുടെ പ്രസാദമുണ്ടായാൽ ദുഷ്ടദേവതകളുടെ ഉപദ്രവം സ്വയം ഒഴിഞ്ഞുകൊള്ളും. മാത്രമല്ല, ശിഷ്ടദേവതകളെ ആരാധിക്കുന്നത് ബ്രഹ്മജ്ഞാനിയാകാനുള്ള വഴി തെളിച്ചുതന്നു എന്നും വരാം.

ദുർബലമനസുള്ള ചിലർ പ്രതികൂലസാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാനാകാതെ സമനില തെറ്റിയ മനസുള്ളവരായി തീരാറുണ്ട്. അങ്ങനെയുള്ളവർക്ക് ശുദ്ധവും പ്രസാദാത്മകവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുന്നതും മനസിന് പ്രത്യാശ ഉണ്ടാക്കിക്കൊടുക്കുന്നതും രോഗവിമുക്തികരമായിത്തീരാറുണ്ട്. നല്ലവരുമായുള്ള സംസർഗം ഭജനമിരിപ്പ് തുടങ്ങിയവ ഇത്തരത്തിലാണ് രോഗവിമുക്തിക്ക് സഹായിക്കുന്നത്. മനസും ശരീരവും രണ്ട് സത്യങ്ങളല്ല എന്നുള്ളതുകൊണ്ട്, പുതിയതായി ലഭിക്കുന്ന മാനസികാന്തരീക്ഷം തലച്ചോറിലെ തകരാറ് തുടങ്ങിയ ശാരീരികവൈകല്യങ്ങളെപ്പോലും മാറ്റിയെന്നുവരാം. ശുദ്ധമായ ദേവതാഭജനം മനഃപ്രസാദവും മനഃശുദ്ധിയും മനുഷ്യന് കൈവരുത്തുമെന്നിരിക്കേ, അതിനെ കേവലം അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാനും ആവില്ല. ഒരു മരുന്ന് ശരീരത്തിൽ പ്രവർത്തിച്ച് രോഗം മാറ്റുന്നത് എങ്ങനെയാണെന്ന് വൈദ്യശാസ്ത്രത്തിനുപോലും വ്യക്തമാക്കാൻ സാധിക്കാതിരിക്കെ, ഇത്തരം സാദ്ധ്യതകളെ തീരെ തള്ളിക്കളയേണ്ടതുമില്ല. എന്നാൽ ഇത്തരം അജ്ഞേയപ്രതിഭാസങ്ങൾ ധനമോഹികളായ പുരോഹിതന്മാർ കച്ചവടച്ചരക്കാക്കുകയും അത് സാധാരണ ജനങ്ങളുടെ അത്യാർത്തിയെ വളർത്താനിടയാക്കുകയും ചെയ്യുന്നിടത്താണ് ആപത്ത് കുടികൊള്ളുന്നത്. അജ്ഞേയതയെ അജ്ഞേയമായി അംഗീകരിക്കുകയും അതിനെ കച്ചവടചരക്കാക്കാൻ മതങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയുമാണ് വേണ്ടത്.


No comments:

Post a Comment