Sunday, 30 November 2014

ശ്രീ നാരായണ ഗുരുദേവന്‍റെ ശിവനും ശിവപ്രതിഷ്ഠകളും..!

തനിക്ക് സ്വയം ചെയ്യുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സാധിച്ചു തരുവാന്‍ കഴിവുള്ള ഒരു ശക്തി, അല്ലെങ്കില്‍ ഈ കാണുന്ന പ്രപഞ്ചത്തിനു മുഴുവന്‍ സൃഷ്ടികര്‍ത്താവായ ഒരു ശക്തി ഉണ്ട് എന്ന തോന്നല്‍ ആണ് മനുഷ്യനില്‍ ദൈവം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം എന്ന് പറയാം. ഈ സങ്കല്പം ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ എന്ന് ചോദിച്ചാല്‍ അല്ല, ആദിമ കാലം മുതല്‍ക്കേ അതായത് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ഇങ്ങനെ ഒരു സങ്കല്പം മനുഷ്യനില്‍ ഉണ്ടായിരുന്നിരിക്കണം. എന്തുകൊണ്ട് മഴ പെയ്യുന്നു, കാറ്റടിക്കുന്നു, സൂര്യന്‍ ഉദിക്കുന്നു, അസ്തമിക്കുന്നു, രാത്രിയും പകലും ഉണ്ടാകുന്നു എന്നിങ്ങനെ അക്കാലത്ത് മനുഷ്യന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എല്ലാം തന്നെ മനുഷ്യന്‍ ഈശ്വരന്റെ ലീലകള്‍ ആയി കാണുവാന്‍ തുടങ്ങിയിരിക്കണം. അതിന്റെ ഫലമായി ഭൂമിയില്‍ വിവിധ പ്രദേശങ്ങളില്‍ ഉള്ള മനുഷ്യര്‍ അവരുടെ സംസ്കാരത്തിന് അനുസരിച്ച് ദൈവത്തിനു നിര്‍വ്വചനങ്ങള്‍ കൊടുത്തു, ചിലര്‍ രൂപം കൊടുത്തു. ഏതെല്ലാം ശക്തികള്‍ക്ക് മുന്നില്‍ മനുഷ്യന്‍ അശക്തനാണോ, ആ ശക്തികളെ അവന്‍ ദൈവത്തിന്റെ അടിമകള്‍ ആണെന്ന് സങ്കല്‍പ്പിച്ചു, അങ്ങിനെ വരുമ്പോള്‍ ദൈവത്തെ ആരാധിക്കുന്ന അവനു ആ ശക്തികളെ ഭയക്കെണ്ടതില്ലല്ലോ.

രൂപവും വേഷഭൂഷാദികളും സങ്കല്പവും വച്ച് നോക്കിയാല്‍ ആദിമ കാലം മുതല്‍ക്കേ ഭാരതീയര്‍ ആരാധിച്ചു പോരുന്ന ഈശ്വര സങ്കല്പമാണ് ശിവന്‍ എന്ന് മനസ്സിലാക്കാം. മനുഷ്യന്‍ ഭയപ്പെട്ടിരുന്ന പുലിയെയും ആനയെയും വധിച്ച് അതിന്റെ തുകല്‍ വസ്ത്രമായി അണിയുന്നവനും, ഒരു നിമിഷം കൊണ്ട് അവനെ കൊന്നു കളയാന്‍ ശേഷിയുള്ള സര്‍പ്പത്തെ ഭയക്കാതെ കഴുത്തില്‍ അണിയുന്നവനും, അവനു അപ്രാപ്യമായ അമ്പിളി അമ്മാവനെ ശിരസ്സില്‍ ആഭരണമായി അണിയുന്നവനും ആരോഗ്യവും സൗന്ദര്യവും ഉള്ളവനുമായ ശിവന്‍ അങ്ങിനെ ആദിമ മനുഷ്യരുടെ ഈശ്വരന്‍ ആയിത്തീര്‍ന്നു. ഭാരതത്തില്‍ ബുദ്ധ, ജൈന, ബ്രാഹ്മണ-വൈദിക മതങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ്, ആദി കാലം മുതല്‍ക്കേ ശിവന്‍ എന്ന ഈശ്വര സങ്കല്പം ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. അതിനു തെളിവുകള്‍ നല്‍കുന്ന നിരവധി ശിലാലിഖിതങ്ങളും ശിലാചിത്രങ്ങളും ചരിത്ര ഗവേഷകര്‍ക്ക് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ വിദേശികളായ ആര്യന്മാരുടെ കുടിയേറ്റത്തിനു മുന്പ് ദ്രാവിഡരുടെ പ്രധാന ആരാധനാമൂര്‍ത്തി ശിവന്‍ തന്നെയായിരുന്നു എന്ന് വ്യക്തമാണ്. ഇന്നും ദ്രാവിഡരുടെ ഇടയില്‍ ശിവനും ശക്തിക്കും ശിവപുത്രന്മാര്‍ക്കും ഉള്ള സ്വാധീനം ഇന്നും മറ്റു ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് ഇല്ല എന്നത് ശ്രദ്ധേയമാണ്, തമിഴ് നാട്ടിലും മറ്റും വൈഷ്ണവ സങ്കല്പങ്ങള്‍ പിന്തുടരുന്നത് കൂടുതലും ബ്രാഹ്മണ വിഭാഗങ്ങള്‍ ആണ് എന്നതാണ് സത്യം.

പ്രാദേശീയരായ ദ്രാവിഡരുടെ ഇടയില്‍ വളരെയേറെ സ്വാധീനം ഉണ്ടായിരുന്ന ശിവനെ ഒഴിവാക്കാന്‍ ഇവിടെ കുടിയേറിയ ആര്യന്മാര്‍ക്ക് കഴിഞ്ഞില്ല, ശിവനെ കൂടി ഉള്‍പ്പെടുത്തി അവര്‍ രചിച്ച കൃതികളില്‍ ചിലതിലെല്ലാം ശിവനെക്കാള്‍ വലിയ സ്ഥാനം വിഷ്ണുവിന് കല്‍പ്പിക്കുന്നത് കാണാം. ഒരുപക്ഷെ ആര്യന്മാരും ദ്രാവിഡരും തമ്മില്‍ ഉണ്ടായിരുന്ന മത്സരം മൂലം ആയിരുന്നിരിക്കണം ചില കൃതികളില്‍ ശിവന് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റു ചിലതില്‍ വിഷ്ണുവിന് പ്രാധാന്യം നല്‍കുന്നത് കാണാം. വ്യാസന്‍ തന്നെ എഴുതി എന്ന് പറയപ്പെടുന്ന വ്യത്യസ്ത ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണുന്ന വൈരുദ്ധ്യങ്ങള്‍ സത്യത്തില്‍ വിരോധാഭാസമാണ് എന്ന് മാത്രമല്ല, അങ്ങിനെ വരുമ്പോള്‍ അത് എഴുതിയത് ഒരാള്‍ തന്നെയാണോ എന്ന സംശയവും ജനിപ്പിക്കുന്നു. ശിവനെ സ്വീകരിക്കാന്‍ ബ്രാഹ്മണര്‍ സ്വയം തയ്യാറായതാണോ, അതോ ആ സങ്കല്‍പ്പത്തിന് മുന്നില്‍ അവര്‍ പരാജയപ്പെട്ടതാണോ എന്നറിയില്ല, പതിയെ ശിവനും അവരുടെ കുത്തകയായി മാറി. ശിവന്‍ ബ്രാഹ്മണന്‍ ആണെന്നും ശിവനെ പ്രതിഷ്ടിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അധികാരം ഉള്ളൂ എന്നുമുള്ള വിശ്വാസങ്ങള്‍ അവര്‍ മറ്റുള്ളവരില്‍ അടിച്ചേല്പ്പിച്ചു. പകരം മഹാദേവന്റെ ഭൂതഗണങ്ങളില്‍ പെടുന്ന ഗുളികന്‍ മാടന്‍ മുതലായ ദേവതകളെ മാത്രം ആരാധിക്കാന്‍ ഉള്ള അവകാശം മറ്റുള്ളവര്‍ക്ക് നല്‍കി. ബ്രാഹ്മണരുടെ ദേവതകളെ മറ്റുള്ളവര്‍ പൂജിച്ചാല്‍ ഈശ്വരകോപം ഉണ്ടാകുമെന്ന് രാജാക്കന്മാര്‍ പോലും ഭയന്നിരിക്കും. ഉദാഹരണമായി കാണിക്കുവാന്‍ രാമായണത്തില്‍ ശംഭുകന്റെ കഥയും ഉണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ, നമുക്ക് ഗുരുദേവന്റെ ശിവപ്രതിഷ്ഠകള്‍ എങ്ങിനെ ഉണ്ടായി എന്ന് പരിശോധിക്കാം.

മുകളില്‍ പറഞ്ഞ പ്രകാരം ആയിരക്കണക്കിന് വര്‍ഷങ്ങളോളം അവര്‍ണ്ണരെന്നു മുദ്രകുത്തി പിന്തള്ളപ്പെട്ട ജനവിഭാഗത്തെ ഒരൊറ്റ ദിവസം കൊണ്ട് പരമമായ അറിവിലേക്ക് നയിക്കുക എന്നത് ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല എന്ന് ഗുരുദേവന്‍ മനസ്സിലാക്കിയിരിക്കണം. അജ്ഞാനിയായ ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ മനസ്സിന് ധ്യാനിക്കുവാന്‍ ഒരു രൂപമോ ഈശ്വര സങ്കല്‍പ്പമോ എന്നും നല്ലത് തന്നെയാണ്, അതേ സമയം തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ഇല്ലാതെ അതില്‍ തന്നെ ഊഞ്ഞാലാടി നില്‍ക്കുന്ന മനുഷ്യന്റെ ഗതി ചിന്തനീയവുമാണ്. സമൂഹത്തില്‍ ധാരാളം അന്ധവിശ്വാസങ്ങളും ബലി പോലെയുള്ള അനാചാരങ്ങളും കൊടികുത്തി വാണിരുന്ന ഒരു കാലത്താണ് ശ്രീനാരായണ ഗുരുദേവന്‍ അവതരിച്ചത്. അജ്ഞാനികള്‍ ആയ മനുഷ്യരെ അവര്‍ പിന്തുടരുന്ന അന്ധവിശ്വാസങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നത് ഏറ്റവും വിഷമകരമായ കാര്യമാണ് എന്ന് മനസ്സിലാക്കിയ ഗുരുദേവന്‍ വിഗ്രഹ പ്രതിഷ്ഠയിലൂടെ സത്യത്തില്‍ അവരുടെ മാര്‍ഗ്ഗത്തിലേക്ക് പിന്തിരിഞ്ഞു നടക്കുകയാണ് ചെയ്തത്. ബലിയും കൊഴിവെട്ടും ആടുവെട്ടും ആയി നടന്നിരുന്ന വലിയൊരു സമൂഹത്തെ വളരെ വേഗത്തില്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം അവരുടെ രീതിയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുക എന്നതായിരുന്നു. അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവപ്രതിഷ്ഠകള്‍ നടത്തി.

ശിവനെ പ്രതിഷ്ഠിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പറഞ്ഞു വന്ന ബ്രാഹ്മണരോട് ഗുരുദേവന്‍ പറഞ്ഞത്, "നാം പ്രതിഷ്ടിച്ചത് നിങ്ങളുടെ ശിവനെ അല്ല, നമ്മുടെ ശിവനെ ആണെന്നാണ്‌". ഗുരുദേവന്റെ ഈ വാക്കുകളുടെ ആഴം അളക്കുവാന്‍ മാത്രം നാം ആരുമല്ല. പലര്‍ക്കും പല രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കാം. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അനുസരിച്ച് വൈദികമതക്കാരായ പേര്‍ഷ്യക്കാരുടെ അധിനിവേശത്തിനു മുന്‍പ് തന്നെ ശിവന്‍ ആദിമ ദ്രാവിഡരുടെ കുലദൈവം ആയിരുന്നു എന്നതിനാല്‍ ആണ് ഗുരുദേവന്‍ ശിവനെ പ്രതിഷ്ടിച്ചത്. മാത്രമല്ല, പ്രപഞ്ച ബോധം അഥവാ Universal Consciousness എന്ന തത്വവുമായി ഏറ്റവും അധികം ലയിച്ചു നില്‍ക്കുന്ന ഒന്നാണ് ശിവതത്വം. ഇനി അത് എങ്ങിനെ ആണെന്ന് നോക്കാം

ശ്മശാന വാസിയാണ് ശിവന്‍. നാം എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഒരു ദിവസം ശ്മശാനത്തില്‍ എത്തിച്ചേരും എന്നത് ഒരു സത്യം തന്നെയാണ്. ഭാര്യയും ഭര്‍ത്താവും മക്കളും ബന്ധുക്കളും നമ്മെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പോകുകയും ചെയ്യും. അങ്ങിനെ നാം സ്നേഹിച്ച എല്ലാവരും നമ്മെ ഉപേക്ഷിക്കുന്ന സമയത്ത്, നാം നമ്മുടെ സ്വത്വത്തില്‍ അതായത് ശിവനില്‍ അഥവാ പ്രപഞ്ചബോധത്തില്‍ എത്തിച്ചേരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. "തൃഗുണമയം തിരുനീറണിഞ്ഞൊരീശന്നകമലരിട്ടു വണങ്ങിയക്ഷമാറി സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍ മഹിമയുമറ്റു മഹസ്സിലാണിടേണം" എന്ന് തുടങ്ങുന്ന ആത്മോപദേശ ശതകത്തിലെ വരികള്‍ ശ്രദ്ധിക്കുക. ജീവിച്ചിരിക്കെ തന്നെ ആ സ്വത്വത്തില്‍ അഥവാ പ്രപഞ്ചബോധമാകുന്ന ശിവനില്‍ എത്തിച്ചേരാന്‍ ആണ് ഗുരുദേവന്‍ നമ്മോടു ആ വരികളിലൂടെ ഉപദേശിക്കുന്നത്.

ഭസ്മം, ഗംഗ, മൂന്നാം തൃക്കണ്ണ്‍. , ഡമരു, ചന്ദ്രക്കല എന്നിവ യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഈ പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തെ ശിവന്‍ ധരിക്കുന്നു, അഥവാ ഇവ ശിവനെ ആശ്രയിച്ചു നിലനില്‍ക്കുന്നു; എന്നാല്‍ ശിവന്‍ അവയില്‍ ഒന്നിലും തന്നെ ഇല്ല തന്നെ. അപ്രകാരം പഞ്ചഭൂത നിര്‍മ്മിതമായ നമ്മുടെ ശരീരത്തെ അറിവ് അഥവാ ബോധം ധരിച്ചിരിക്കുന്നു. "നാം ശരീരമല്ല, അറിവാകുന്നു" എന്ന ഗുരുദേവ വചനങ്ങള്‍ തന്നെ ഉദാഹരണം.

തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. വിശ്വ, തൈജസ പ്രാജ്ഞന്മാര്‍ ആകുന്ന മൂന്നു ജീവാവസ്ഥകള്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി അറിവിനെ, അഥവാ ബോധത്തെ ഏകാഗ്രമായി ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു, അഥവാ ഒന്നിച്ചു പ്രകടമാകുന്നു. ആ സമയം ബോധാമാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങിനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...! "പരഗതി അരുളീടുക നീ, പുരഹരാ ഭഗവാനിതാണ് കര്‍ത്തവ്യം" എന്ന ഗുരുദേവ വാണികള്‍ ഓര്‍മ്മ വരുന്നുണ്ടോ..?

ഇനി മുതല്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠ കാണുമ്പോള്‍ ഗുരുദേവന്‍ തൃക്കരങ്ങള്‍ കൊണ്ട് സ്പര്‍ശിച്ച കല്ല്‌ കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായതില്‍ നമുക്ക് സന്തോഷിക്കാം, പക്ഷെ ശിവന്‍ അവിടെയല്ല അഥവാ അവിടെ മാത്രമല്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു വിലസുന്ന ബോധം അഥവാ അറിവ് തന്നെയാണ് ശിവന്‍. നമ്മുടെ ബുദ്ധിശക്തി തന്നെയാണ് ശക്തി. ആരുടെ ബോധത്തില്‍ ബുദ്ധി ലയിക്കുന്നുവോ അഥവാ ശിവനില്‍ ശക്തി ലയിക്കുന്നുവോ അവനില്‍ ജ്ഞാനം ജനിക്കുന്നു അതായത് മുരുകന്‍ (ജ്ഞാനപ്പഴം നീയേ മുരുകാ - ഗുരുദേവന്റെ സുബ്രഹ്മണ്യ കീര്‍ത്തനം വായിക്കുക). അങ്ങിനെ ജ്ഞാനികള്‍ ആയവര്‍ക്ക് മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായി തോന്നുന്ന പല വിചിത്രമായ സിദ്ധികളും ലഭിക്കുന്നു അഥവാ അവരില്‍ സിദ്ധി വിനായകന്‍ ജനിക്കുന്നു. ആ രൂപം തന്നെ അവിശ്വസനീയം, വിചിത്രം അതുപോലെ തന്നെ സിദ്ധികളും വിചിത്രമാണ് (വിനായകന്‍ - ഗുരുദേവന്‍ എഴുതിയ വിനായകാഷ്ടകം വായിക്കുക) ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തില്‍ തന്നെ ഉണ്ടായിടുള്ള അവിശ്വസനീയമായ സംഭവങ്ങള്‍ പഠിച്ചിട്ടുള്ളവര്‍ക്ക് സിദ്ധി എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ശിവനെ ഒരു ഈശ്വരന്‍ എന്നതില്‍ ഉപരി തത്വത്തില്‍ അറിയണം എങ്കില്‍ ശ്രീനാരായണ ഗുരുദേവ കൃതികള്‍ തന്നെ വായിക്കണം...! അല്ലായെങ്കില്‍ ശിവനെ തേടി കൈലാസയാത്രകള്‍ നടത്താം, ശേഷം ശിവനെ അറിയാതെ മരിച്ച് മണ്ണടിയാം...!

ശിവന്‍ എന്നാല്‍ ആകാശത്തില്‍ ഇരിക്കുന്ന, പ്രാര്‍ത്ഥിച്ചാല്‍ അവാര്‍ഡ് തരുന്ന ഒരു ദൈവം അല്ലെന്നും സകല ചരാചരങ്ങളിലും കുടികൊള്ളുന്ന പ്രപഞ്ച ബോധം ആണെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുമ്പോള്‍ ആണ് ഗുരുദേവന്റെ ശിവപ്രതിഷ്ഠ അതിന്റെ ഫലം കാണുന്നത്. ആ അറിവിലേക്ക് ഉയരുക എന്നതാണ് നമ്മെ നാമാക്കിയ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനായി നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

ഇപ്രകാരം ശിവനെ ബോധമായി കാണുന്ന ഒരാള്‍ക്ക് ശ്രീബുദ്ധന്‍ പറയുന്ന ഉപദേശങ്ങളിലും ഗുരുദേവന്റെ ഉപദേശങ്ങളിലും ഒരു മാറ്റവും ഒരുകാലത്തും കാണുവാന്‍ സാധ്യമല്ല. മാറ്റം കാണുന്നു എങ്കില്‍ അത് ആ മഹാഗുരുക്കന്മാരുടെ കുഴപ്പമല്ല, കാണുന്നവന്റെ കാഴ്ച്ചയുടെ കുഴപ്പമാണ്.

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

Sudheesh Nama Sivaya

No comments:

Post a Comment