Tuesday, 11 November 2014

വലിയൊരഹന്ത - ഗുരു മുനി നാരായണ പ്രസാദ്

നാരായണഗുരു കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചു.

മനുഷ്യാ, നീയാണ് നിന്റെ ദൈവം എന്നാണല്ലോ അത് നൽകുന്ന സന്ദേശം. തനിക്കപ്പുറം ഒരു ദൈവമില്ല എന്നാണ് ഒരാൾ അതിന് അർത്ഥം കണ്ടതെങ്കിലോ?

പണ്ട് ഉപനിഷത്തിലെ ഋഷിയും ഇതുതന്നെയല്ലേ ഉപദേശിച്ചത്. ''തത്ത്വമസി"" എന്ന്? എന്താണതിനർത്ഥം? നീ അന്വേഷിക്കുന്ന സത്യം നീ തന്നെയാണ് എന്ന്.

ആരാണ് ആ ''നീ"" അഥവാ ചോദിക്കുന്ന ആളിലെ ''ഞാൻ""‌?

ശശിയോ മോഹനനോ മറ്റോ ആണോ?
അല്ല. അതൊക്കെ അയാൾക്ക് ആരോ കൊടുത്ത പേരാണ്.

ആ പേരിന്റെ ഉടമയാണ് ആ ''നീ"" അഥവാ ''ഞാൻ"".

കണ്ണാടിയിൽ പ്രതിഫലിപ്പിക്കാവുന്ന ശരീരമാണോ? അതുമല്ല. അത് അയാളുടേതാണ്. നീയല്ല, ഇങ്ങനെ ''എന്റേത്"" എന്നു പറയാവുന്ന സകലതിന്റെയും ഉടമയാണ് അയാളിലെ ''ഞാൻ"", ആ ''ഞാൻ"" ആരാണ്? അവസാനം കണ്ടെത്തുന്നത് അത് കേവലം ബോധമാണ്. അഥവാ അറിവാണ് എന്നാണ്. അതുകൊണ്ടല്ലേ പച്ചമലയാളത്തിൽ നാരായണഗുരു പറഞ്ഞത്, ''അറിവെന്നത് നീ" എന്ന്?.

അപ്പോൾ ''ഞാൻ"" അറിവാണ്. ''എന്നിലെ" സത്യം അറിവാണ് എന്നർത്ഥം. എന്നിലെ സത്യം അറിവാണെങ്കിൽ നിന്നിലെ സത്യവും അറിവായിരിക്കണ്ടേ? മറ്റുള്ള സകലരിലേയും സത്യം അറിവായിരിക്കെണ്ടേ. സകലതിലും ഉള്ള സത്യം അറിവായിരിക്കെണ്ടേ? സകലതിലും ഉള്ള, സകലതും ആയിത്തീർന്നിരിക്കുന്ന, ആ ഏകസത്യത്തെയല്ലേ ദൈവമെന്നും ആത്മാവെന്നും ബ്രഹ്മമെന്നും ഒക്കെ വിളിക്കുന്നത്? ആ അറിവാകുന്ന സത്യമല്ലേ നീയായിരിക്കുന്നതും? അതുകൊണ്ടല്ലേ നാരായണഗുരു ''അറിവെന്നത് നീ" എന്ന് പറഞ്ഞത്?

''മനുഷ്യാ, നീയാണ് നിന്റെ ദൈവം" എന്ന ഉപദേശം കേട്ടവൻ ''ഞാനാണ് എന്റെ ദൈവം" എന്ന് അറിയണം. അറിവാകുന്ന സത്യമാണ് എന്റെ രൂപത്തിലിരിക്കുന്നത് എന്നറിയണം. അതിനുപകരം ''എനിക്കപ്പുറം മറ്റൊരു ദൈവമില്ല എന്ന് അർത്ഥമാക്കിയാലോ? അതിനെ വലിയൊരഹന്ത എന്നാണ് ഗുരു വിളിക്കുന്നത്. ''വലിയൊരഹന്ത വരാവരം തരേണം" എന്ന് ഗുരു പ്രാർത്ഥിക്കുക പോലും ചെയ്തിരിക്കുന്നു.

കണ്ണാടിപ്രതിഷ്ഠ മാത്രമല്ല ഗുരു ചെയ്തത്. മറ്റനേകം ദേവതാപ്രതിഷ്ഠകളും ചെയ്തിട്ടുണ്ട്. ഇതിനെയെല്ലാം എങ്ങനെ മനസിലാക്കണമെന്ന് ഗുരു വ്യക്തമായി എഴുതിവച്ചിട്ടുമുണ്ട്. ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായി ഗുരു കല്പിച്ചത് ഈശ്വരവിശ്വാസമാണ് താനും.

No comments:

Post a Comment