Wednesday, 30 July 2014

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ് - Guru Muni Narayana Prasad

ഈയിടെ എന്നോട് വന്ദ്യ വയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണ ഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത'എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു. ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്.

'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന വാക്കല്ല. രാഷ്‌ട്രീയത്തിന്റെ രംഗത്തിലാണ് ആ വാക്കിന് പ്രസക്തി.

ആദ്ധ്യാത്മികമായതിനെയൊക്കെ നിരാകരിച്ചിട്ട് ലൗകികകാര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സമ്പ്രദായം, മതസംബന്ധിയല്ലാത്തത് എന്നൊക്കെയാണ് "സെക്യുലർ' എന്ന വാക്കിന് അർത്ഥം. സദാചാരകാര്യങ്ങളിൽ മതത്തെ തീരെ അവഗണിക്കുന്ന സമ്പ്രദായം, രാജ്യഭരണകാര്യങ്ങളിൽ മതങ്ങൾക്ക് ഒരു തരത്തിലുള്ള സ്ഥാനവുമുണ്ടായിരിക്കരുത് എന്ന രാഷ്‌ട്രീയ നിലപാട് എന്നൊക്കെയാണ് "സെക്യുലറിസം' എന്ന വാക്കിന് അർത്ഥം. ഇപ്പറഞ്ഞ തരത്തിലുള്ള മതനിരപേക്ഷത തന്നെയാണോ "മതാതീത ആത്മീയത' എന്ന പ്രയോഗം നടത്തുന്നവർ "മതാതീതം' എന്ന വാക്കിന് നല്കുന്നതെന്ന് വ്യക്തമല്ല.

ഒരുപക്ഷേ, നിലവിലുള്ള വ്യവസ്ഥാപിത മതങ്ങളെ കണക്കിലെടുക്കാതെയുള്ള ആത്മീയത എന്നായിരിക്കാം അർത്ഥമാക്കുന്നത്.

നാരായണഗുരുവും മതങ്ങളും

നാരായണഗുരു മതങ്ങളെ തീരെ അവഗണിക്കുകയാണോ ചെയ്തത് എന്നതിൽ സംശയമുണ്ട്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹദ്വചനത്തിൽ മതങ്ങളെ തള്ളിക്കളയുകയല്ല ഗുരു ചെയ്തതെന്ന് വ്യക്തം.

വിശ്വസിക്കുന്നത് ഏതു മതത്തിലായാലും മനുഷ്യൻ നന്നാവുക എന്നതാണ് മുഖ്യം എന്നായിരുന്നു ഗുരു വിവക്ഷിച്ചത് എന്നുവേണം കരുതാൻ. മതങ്ങളെ അവഗണിക്കുന്നതിനുപകരം എല്ലാ മതങ്ങളിലും ഉള്ള അന്തഃസാരം ഒന്നാണെന്ന് മനുഷ്യൻ മനസ്സിലാക്കണമെന്നും, മനുഷ്യൻ നന്നാകുന്നതാണ് അവയുടെയെല്ലാം ലക്ഷ്യം എന്നും ഗുരു കണ്ടിരുന്നു. അതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടിയാണല്ലോ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഒരു സർവമത സമ്മേളനം 1924ൽ ഗുരു സംഘട‌ിപ്പിച്ചത്. ഏഷ്യാചരിത്രത്തിൽ ആദ്യത്തെ സർവമതസമ്മേളനവും അതായിരുന്നു. മതവിശ്വാസികൾ തമ്മിൽ വേണ്ടത് വാദിക്കാനും ജയിക്കാനും ഉള്ള ശ്രമമല്ല, അറിയാനും അറിയിക്കാനും ഉള്ള തുറന്ന മനസ്സാണ് എന്നും കാണിക്കുന്ന വാക്യമാണല്ലോ സമ്മേളനകവാടത്തിൽ എഴുതിവച്ചിരുന്നതും. മാത്രമല്ല, സമ്മേളനാവസാനം ഗുരു ഒരു സന്ദേശം പൊതുജനങ്ങൾക്കായി നല്കി: "എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം.' മാത്രമല്ല, ശിവഗിരിമഠത്തിൽ ഒരു മതമഹാപാഠശാല ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതായും ഗുരു പ്രഖ്യാപിച്ചു. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്നുണ്ടെങ്കിൽ, മതങ്ങളെ വിഗണിച്ചുകളയാൻ സാദ്ധ്യമല്ലല്ലോ. മതങ്ങളെ വിഗണിക്കുന്നതിന്റെ സ്ഥാനത്ത് എല്ലാ മതങ്ങളെയും അംഗീകരിക്കുകയാണ് ഗുരു ചെയ്തതെന്നു വേണം കരുതാൻ.

ഇതിനെല്ലാം ഉപരിയുള്ളതാണ് ആത്മോപദേശശതകത്തിൽ 43 മുതൽ 49 വരെയുള്ള പദ്യങ്ങൾ. മനുഷ്യജീവിതത്തിൽ മതബോധത്തെ അനിവാര്യമാക്കിത്തീർക്കുന്ന താത്വികമായ വശമാണ് 43-ാം പദ്യത്തിൽ എടുത്തുകാണിക്കുന്നത്. മതത്തെപ്പറ്റി നേരിട്ടുള്ള പരാമർശം ആ ശ്ളോകത്തിൽ ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള അതിന്റെ സാംഗത്യം പലരും കാണാറില്ല എന്നു മാത്രം. പദ്യം 44-ൽ ആണ് "പല മതസാരവും ഏകം' എന്ന സൂക്തം വരുന്നത്. ഏകമായ ഈ പലമതസാരം കണ്ടെത്താൻ മനുഷ്യനോട് ആഹ്വാനം ചെയ്യുകയാണ് ഗുരു ചെയ്യുന്നത്. മാത്രമല്ല, ആ പലമതസാരമായിരിക്കുന്ന "ഒരുമതം' ഏതെന്നു വ്യക്തമായി തന്നെ 49-ാം ശ്ളോകത്തിൽ പറയുന്നുമുണ്ട്. അതിങ്ങനെയാണ് :

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിരുന്നു;

ജഗതിയിലിമ്മതമേകമെന്നു ചിന്തി-

ച്ചഘമണയാതകതാരമർത്തിടേണം.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നു ഗുരു പറഞ്ഞപ്പോൾ അർത്ഥമാക്കിയ "ഒരു മതം' ഏത് എന്നതിൽ പലർക്കും അക്കാലത്തുതന്നെ സംശയമുണ്ടായിരുന്നു. ഏതു മതത്തിലും ഓരോരുത്തരും വിശ്വസിക്കുന്നത് ആത്മസുഖം കൈവരുത്താനുള്ള യത്നത്തിന്റെ ഭാഗമായിട്ടാണ്. ആത്മസുഖത്തിനു വേണ്ടിയുള്ള യത്നം എപ്പോഴും നടക്കുന്നു. അതിന്റെ ഭാഗമായാണ് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നത്. ഇതു തന്നെയാണ് ഗുരുവിന്റെ ഏക മതം.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗുരു മതങ്ങളെ നിരാകരിക്കുകയല്ല ചെയ്തത്. അവയെ താൻ കാണുന്ന ഏക മതത്തിൽ സമന്വയിച്ചു ദർശിക്കുക മാത്രമാണ്. അതിനാൽ ആ നിലപാടിനെ മതാതീതമെന്നോ, മതനിരപേക്ഷമെന്നോ വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല.

ശിവഗിരിമഠത്തിൽ വിശ്രമിക്കുന്ന അവസരങ്ങളിൽ ഗുരുവിന്റെ ആവശ്യപ്രകാരം ക്രിസ്തുമതപണ്ഡിതന്മാരും ഇസ്ളാംമതസ്ഥരും അവിടെ വന്ന് ബൈബിളും ഖുർ-ആനും വായിച്ചു കേൾപ്പിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ചില ബൈബിൾ വാക്യങ്ങൾക്കും ഖുർ-ആൻ വാക്യങ്ങൾക്കും ഗുരു നല്കിയ അർത്ഥവിശകലനം ആ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും കേട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഗുരുവിന്റെ ഏകമതം മതനിരപേക്ഷതയോ മതാതീതതയോ ആയിരുന്നില്ല; മറിച്ച് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു എന്നാണ്.

ആത്മീയതയും ആദ്ധ്യാത്മികതയും

"മെറ്റീരിയലിസം', "ഐഡിയലിസം' എന്നിങ്ങനെ രണ്ടു തത്വചിന്താപരമായ വാദഗതികൾ പാശ്ചാത്യലോകത്തുണ്ട്. അതിനു സമാനമായി ഭാരതത്തിലുള്ളതാണ് ഭൗതികവാദം, ആത്മീയവാദം എന്നിവ. അടിസ്ഥാനപരമായി നോക്കിയാൽ അദ്വൈതദർശനമോ നാരായണഗുരുദർശനമോ ഇങ്ങനെയൊരു ചിന്താപരമായ വിഭാഗീകരണത്തിനു അവസരം നല്കുന്നില്ല. ഗുരു തന്റെ അദ്വൈതദർശനം തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് "ആത്മോപദേശശതക'ത്തിലാണ്. ആ കൃതിയിൽ എന്താണ് പഠനവിധേയമാക്കാൻ പോകുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് ആ അദ്വൈതസത്യത്തെപ്പറ്റി ഗുരു ആദ്യശ്ളോകത്തിൽത്തന്നെ പറയുന്നത്,

"അറിവിലും ഏറി അറിഞ്ഞിടുന്നവൻ താ-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു''

എന്നാണ്. അതായത്, സാധാരണമായ അറിവിന്റെ തലത്തിനപ്പുറത്തുള്ളതും, അറിയുന്നവന്റെ ആന്തരികസത്തയെന്ന നിലയിൽ ആത്മീയമായറിയേണ്ടതായും, ബാഹ്യസത്തയെന്ന നിലയിൽ ഭൗതികമായറിയേണ്ടതായും ഒരേസമയം ഉജ്ജ്വലിച്ചുനില്ക്കുന്നതുമായ ഏക സത്യമാണ് അതിൽ പഠനവിഷയമായിത്തീരുന്ന അദ്വയമായ ആത്മാവ്. താത്ത്വികമായി ഇത്തരത്തിൽ ആത്മീയമായതിനെയും ഭൗതികമായതിനെയും അദ്വയമായി കാണുന്നതോടൊപ്പം ഭൗതികമായ കാര്യങ്ങൾക്കും ആത്മീയമായ കാര്യങ്ങൾക്കും ഒരേസമയം സാധാരണമായ മനുഷ്യജീവിതത്തിൽ സ്ഥാനമുണ്ടായിരിക്കണം എന്നാണ് ഗുരു ഉദ്ദേശിച്ചിരുന്നത്.

അതിനാൽ, ഭൗതികവാദത്തിന്റെ പ്രതിയോഗിയെന്ന നിലയിലുള്ള ആത്മീയവാദത്തിന്റെ വക്താവായിരുന്നു ഗുരു എന്നു കരുതുക വയ്യ. ഭൗതികതയ്ക്കും ആത്മീയതയ്ക്കും അതീതവും രണ്ടിനെയും ഉൾക്കൊള്ളുന്നതുമായ അദ്വൈതദർശനമായിരുന്നു ഗുരുവിന്റേത്. അതിലേക്ക് നമ്മെ നയിക്കുന്ന പഠനങ്ങൾക്കും ശാസ്‌ത്രങ്ങൾക്കും ആദ്ധ്യാത്മികം എന്ന പേരാണ് ഭാരതത്തിൽ പണ്ടുമുതലേ പ്രചാരത്തിലുള്ളത്. ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവയെ ആദ്ധ്യാത്മിക ശാസ്‌ത്രങ്ങൾ എന്നാണല്ലോ വിളിച്ചുപോരാറുള്ളത്. അവയെ ആത്മീയശാസ്‌ത്രം എന്ന് വിളിക്കാറേയില്ല.

"ആത്മീയം' എന്ന വാക്ക് "ആദ്ധ്യാത്മികം' എന്ന അർത്ഥത്തിൽ ചിലപ്പോഴൊക്കെ മലയാളത്തിൽ പ്രയോഗിച്ചുപോരാറുണ്ട്. "ആത്മീയം'എന്ന വാക്കിന് "സ്വന്തം', "തനിക്കുള്ളത്,' "തന്നെ സംബന്ധിച്ചത്' എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ അർത്ഥം പറഞ്ഞുകാണുന്നത്. ഒരു വിശേഷണപദമായി "ആത്മീയ' ശബ്ദം പ്രയോഗിക്കുമ്പോൾ "തന്നെ സംബന്ധിച്ചത്' എന്ന അർത്ഥം കഴിഞ്ഞിട്ട് ആത്മാവിനെ സംബന്ധിച്ച, ആദ്ധ്യാത്മികമായ എന്ന അർത്ഥങ്ങളും രണ്ടാമതായി ശബ്ദതാരാവലിയിൽ കൊടുത്തിട്ടുണ്ട്. അപ്രധാനമായ അർത്ഥം മാത്രമാണത് എന്നത് അതിൽനിന്നു വ്യക്തമാണ്.

സംസ്കൃത സാഹിത്യത്തിൽ എവിടെയും കാണാം, "ആത്മീയം' എന്ന വിശേഷണം "തന്റേത്' എന്ന അർത്ഥത്തിൽ പ്രയോഗിച്ചുപോരുന്നത്. നാരായണഗുരുവിന്റെയും സംസ്കൃതത്തിലുള്ള സ്തോത്രകൃതികളിൽ "ആത്മീയദന്തം' എന്ന ഗണപതിയുടെ കൊമ്പിനെപ്പറ്റിയും, "ആത്മീയസ്തനം' എന്ന് ദേവിയുടെ സ്തനത്തെപ്പറ്റിയും പരാമർശിച്ചിരിക്കുന്നതുകാണാം. മേല്പറഞ്ഞ പ്രയോഗരീതി പരിചയമില്ലാത്തവർക്ക് ആദ്ധ്യാത്മികമായ ദന്തമോ ആദ്ധ്യാത്മികമായ സ്തനമോ ഉണ്ടോ എന്നു സംശയിച്ചേക്കാം. തന്റെ ദന്തം, തന്റെ സ്തനം എന്നൊക്കെയേ അവിടെ അർത്ഥമുള്ളൂ. അതിനാൽ ആദ്ധ്യാത്മികം എന്ന അർത്ഥത്തിൽ "ആത്മീയം' എന്ന വാക്കു പ്രയോഗിക്കാതെ "ആദ്ധ്യാത്മികം' എന്നുതന്നെ പ്രയോഗിക്കുന്നതായിരിക്കും ഉത്തമം.

പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ് എന്നും ഉള്ള രണ്ടു പദങ്ങൾ കൊണ്ടാണല്ലോ സൂചിപ്പിച്ചുപോരുന്നത്. അതിന്റെ സ്വരൂപം കണ്ടെത്തേണ്ടത്, തന്റെ തന്നെ സ്വരൂപം അവരവർ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അതു വച്ചുകൊണ്ടാണ് "ആദ്ധ്യാത്മികം' എന്നും "അദ്ധ്യാത്മം' എന്നുമുള്ള വാക്കുകൾ ഉണ്ടായത്. "ആത്മം' എന്ന പദത്തിനോട് "അധി' എന്ന ഉപസർഗ്ഗം ചേർന്നതാണ് "ആദ്ധ്യാത്മം'. "അധി' സൂചിപ്പിക്കുന്നത് "അധിഷ്ഠാനമാക്കുക' എന്നതിനെയാണ്. അതായത്, ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യം കണ്ടെത്തുന്നതിന് ഉപകരിക്കുന്ന വിദ്യയാണ് ആദ്ധ്യാത്മികവിദ്യ. അതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം. നാരായണഗുരുവിന്റെ എല്ലാ കൃതികളും ആ ഗണത്തിൽപ്പെടുന്നതാണ്. അദ്ധ്യാത്മം എന്ന പദത്തിലെ "ആത്മ' ശബ്ദത്തിന് "ഞാൻ' എന്നും അർത്ഥമുണ്ടല്ലോ. "ആത്മഹത്യ'എന്നാൽ, "ഞാൻ എന്നെത്തന്നെ കൊല്ലുക' എന്നാണല്ലോ. അപ്പോൾ ഞാൻ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ ആത്മസത്യത്തെ അറിയുന്നതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം.

വ്യക്തിസത്തയെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ "അദ്ധ്യാത്മം' എന്ന വാക്ക് ചില ഉപനിഷത്തുകളിൽ പ്രയോഗിച്ചുകാണാം. അതിന്റെ വിപരീതവശമായി എപ്പോഴും "അധിദൈവതം' എന്നതുകൂടി അവിടെത്തന്നെ ഉണ്ടാവുമെന്നുമാത്രം.


സമഷ്ടിസത്തയെ, അഥവാ ഏതൊന്നിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നോ അതിനെ സമസ്തവിശ്വത്തിന്റെ വശത്തുനിന്നുകൊണ്ട് നോക്കിയാലുള്ളതാണ് അധിദൈവതം. ഉദാഹരണത്തിന് ഭൂമി എന്നതിന്റെ ആദ്ധ്യാത്മവശമാണ് ശരീരം. അതിന്റെതന്നെ അധിദൈവത വശമാണ് ഭ‌ൗതികലോകം, അഥവാ ഭൂഗോളവും മറ്റു ഗോളങ്ങളും ചേർന്നത്. ഈ ദ്വൈതത്തിനുപോലും അവസരമില്ലാത്തതാണ് തികച്ചും തത്ത്വപരമായ ആദ്ധ്യാത്മിക ദർശനം.

ഇതൊക്കെ വച്ചുകൊണ്ട് നോക്കുമ്പോൾ നാരായണഗുരുവിന്റെ സത്യദർശനത്തിന്റെ സ്വഭാവത്തെ ആത്മീയത എന്നു വിളിക്കുന്നതിനേക്കാൾ കൂടുതൽ യുക്തം "ആദ്ധ്യാത്മികത' എന്നു വിളിക്കുന്നതായിരിക്കും എന്നു തോന്നുന്നു.


കൂടുതല് വായനക്ക് സന്ദര്ശിക്കുക 
Join►►►AGNI-Association For Guru Narayana Inspiration അഗ്നി►►►
Like ✔ Comment ✔ Tag ✔Share✔

Tuesday, 29 July 2014

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി - ശ്രീ പന്തളം കെ.പി. രാമന്‍പിളള

ശ്രീനാരായണ ഗുരു സ്വാമികളുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ കവി ശ്രീ പന്തളം കെ.പി. രാമന്‍പിളള ഭക്തി പാരവശ്യത്താല്‍ എഴുതിയ ഒരു കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

NSS (നായര്‍ സര്‍വീസ് സൊസൈറ്റി) നേതൃത്വം ഈ കവിത പാടി നടന്നാണ് പൊതുജനങ്ങളില്‍നിന്നും പണ്ട് ഉല്‍പ്പന്ന പിരിവു നടത്തി പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയത്.


അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും


സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും


ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍


അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി


ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി

ശ്രീനാരായണഗുരുവും ക്രിസ്ത്യൻ പാതിരിയും

ഒരിക്കല്‍ ശ്രീനാരായണ ഗുരുവിനോട് മതം മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ഒരു ക്രിസ്ത്യന്‍ പാതിരി അദ്ദേഹത്തിന്‍റെ അടുത്തു ചെന്നു.

പാതിരി : സ്വാമി ക്രിസ്തു മതത്തിൽ ചേരണം.

സ്വാമി : നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി?

പാതിരി : മുപ്പത്.

സ്വാമി : നിങ്ങൾ ജനിക്കുന്നതിനു മുമ്പുതന്നെ നാം ക്രിസ്തുമതത്തിൽ ഉള്ളതാണ്. എന്താണ് നിങ്ങൾ വിശ്വസിക്കണമെന്ന് പറയുന്നത്?

പാതിരി : യേശുക്രിസ്തു മനുഷ്യരുടെ പാപമോചനത്തിനായി ജനിച്ചു എന്നുള്ളതിൽ വിശ്വസിക്കണം.

സ്വാമി : അപ്പോൾ യേശു ജനിച്ചതോടുകൂടി ജനങ്ങളുടെ പാപം എല്ലാം പോയിരിക്കണമല്ലോ, അതുകൊണ്ട് എല്ലാവരുടെയും പാപവിമോചനം അന്നുതന്നെ കഴിഞ്ഞു. അല്ലേ?

പാതിരി : അതെ.

സ്വാമി : ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും, ക്രിസ്ത്യാനി ഇല്ലെങ്കിലും അപ്പോൾ മോക്ഷം കിട്ടികഴിഞ്ഞു. അല്ലേ?

പാതിരി : അങ്ങനെയല്ല, ക്രിസ്തുവിന്റെ പേരില്‍ ജ്ഞാനസ്നാനം ചെയ്യാത്തവരുടെ പാപം നീങ്ങിയിട്ടില്ല.

സ്വാമി: അപ്പോൾ നിങ്ങൾ പറയുന്നത് യേശു ജനിച്ചതുകൊണ്ട് കുറച്ചുപേർക്ക് മാത്രം മോക്ഷം കിട്ടി എന്നാണോ?

പാതിരി :അങ്ങനെയല്ല, ക്രിസ്തു ജനിച്ചതുകൊണ്ട് എല്ലാവരും രക്ഷപെട്ടു. അത് മൂലതത്ത്വം ആണ്.

സ്വാമി : ബാക്കി ഒരുത്തരും ഇല്ലയോ?

പാതിരി : ഇല്ല.

സ്വാമി : എന്നാൽ എല്ലാവരും പണ്ടുതന്നെ രക്ഷിക്കപ്പെട്ടുവല്ലോ, ഇനി വിശ്വസിച്ചിട്ടു വേണ്ടല്ലോ രക്ഷപ്പെടാൻ.

പാതിരി : അങ്ങനെയല്ല, വിശ്വസിച്ചാലേ രക്ഷയുള്ളൂ.

സ്വാമി : എന്നാൽ യേശുവിന്റെ ജനനം കൊണ്ട് ഇപ്പോൾ വിശ്വസിക്കാനുള്ളവർ ഒഴികെ ബാക്കിയുള്ളവരാണ്‌ രക്ഷപ്പെട്ടത്. എല്ലാവരും രക്ഷിക്കപ്പെട്ടിട്ടില്ല.

പാതിരി : (വീണ്ടും) യേശുവിന്റെ ജന്മം കൊണ്ട് എല്ലാവരും രക്ഷപ്പെട്ടു.

സ്വാമികൾ സാവധാനത്തിൽ പാതിരിയുടെ സംഭാഷണത്തിൽ ഉള്ള പരസ്പര വിരുദ്ധമായ ഭാഗത്തെ തുറന്നു കാട്ടാൻ ശ്രമിച്ചു. പാതിരി അതൊന്നും സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ അടുത്ത് നില്കുന്ന ഒരാളോടായി പറഞ്ഞു.

സ്വാമി : കണ്ടോ? നല്ല വിശ്വാസം. ഇങ്ങനെയുള്ള വിശ്വാസം വേണം. നല്ല വിശ്വാസികൾ! നമ്മുടെ ഇടയിൽ ഇങ്ങനെയുള്ള വിശ്വാസം ഇല്ല. നല്ല വിശ്വാസികൾ!

(ശ്രീനാരായണ ഗുരുസ്വമികളുടെ ജീവചരിത്രം – മൂർക്കോത്ത് കുമാരൻ പേജ് -234,235)

‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ യെന്ന സന്ദേശം യുക്തിക്ക് നിരക്കാത്തതാണെന്നു വാദിച്ചുകൊണ്ട് 1949ല്‍ കൊല്ലത്ത് മതപ്രചാരണവേദിയില്‍ ഒരു പാതിരി പ്രസംഗിച്ചു. അതിനു കേരളകൌമുദി നല്‍കിയ മറുപടിയില്‍ ഇങ്ങനെ കാണുന്നു:

“അജ്ഞത, അജ്ഞതയാണെന്നറിഞ്ഞശേഷവും അതിനെ പുരോഹിത പ്രഭാവത്വത്തിന്റെ നിലനില്‍പ്പിനുവേണ്ടി സാധൂകരിച്ചുകൊണ്ട് നടക്കാന്‍ ഇടവരുന്ന മനുഷ്യന്‍ ദയാര്‍ഹന്‍ മാത്രമാകുന്നു. ശ്രീനാരായണഗുരുദേവന്‍ പറയുന്നതുപോലെ, ആ മനുഷ്യന്‍ നന്നായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

‘ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി’

കൊല്ലവര്‍ഷം 1100 ചിങ്ങത്തില്‍ ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരു അരുളിച്ചെയ്ത ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ ആത്മാനന്ദ സ്വാമി എഴുതി ശ്രീനാരായണതീര്‍ത്ഥര്‍ വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി’ എന്ന പുസ്തകത്തില്‍ മദ്യനിഷേധം പ്രധാനപ്പെട്ട ഒരു സാമാന്യധര്‍മ്മമാണ് എന്നുപറയുന്നു. പക്ഷെ, ശ്രീനാരായണധര്‍മ്മം പരിപാലിക്കാനുള്ള യോഗാംഗങ്ങളും യോഗനേതാക്കന്മാരും ഇത് പാലിക്കുന്നുവോ?

ഗുരുരുവാച:

അഹിംസാ സത്യമസ്തേയസ്തഥൈവാവ്യഭിചാരിതാ
മദ്യസ്യ വര്‍ജ്ജനം ചൈവം പഞ്ച ധര്‍മ്മാസ്സമാസതഃ 67

അഹിംസ, സത്യം, അസ്തേയം, വ്യഭിചാരമില്ലായ്മ, മദ്യവര്‍ജ്ജനം എന്നിങ്ങനെ ധര്‍മ്മത്തെ ചുരുക്കത്തില്‍ അഞ്ചായി തിരിക്കാം.


“മദ്യനിഷേധം”

ബുദ്ധേര്‍വൈകല്യജനകം മദ്യമിത്യുച്യതേ ബുധൈഃ
മദ്യസേവാം ന കുര്‍വീത മദ്യം വിഷസമം വിദുഃ 82

മദ്യം ബുദ്ധിയ്ക്ക് ഭ്രമത്തെ ഉണ്ടാക്കുന്ന വസ്തുവാണ്; വിഷതുല്യമാണ്.അതിനാല്‍ മദ്യപാനം ആരും ചെയ്യരുത്.

സുരാഹിഫേനവിജയാധൂമപത്രാദി വത്സലാഃ!
ചിത്തഭ്രമ വിധായിത്വാന്മദ്യത്വേനേഹ ഗണ്യതേ. 83

കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില മുതലായവ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതില്‍ മദ്യത്തിന്റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.

മദ്യസ്യ വിക്രയാദാനേ സന്ധാനം ദാനമേവ ച
കദാപി നാചരേദ്ധീമാന്‍മഹാപാതകഹേതുകം. 84

മദ്യം പാപത്തെ ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ബുദ്ധിമാനായ ഒരാള്‍ അതിനെ വില്‍ക്കുകയോ അന്യര്‍ക്ക് കൊടുക്കുകയോ സ്വയം വാങ്ങുകയോ ശേഖരിച്ചു വയ്ക്കുകയോ ഒരിക്കലും ചെയ്യരുത്.

മദ്യപാനാദ്‌വീതലജ്ജം ജിഹാസന്ത്യപി ബാലകാഃ
വിഷൂചീഗ്രസ്തമിവ തം ജൂഗുപ്സന്തേ വിവേകിനഃ 85

കള്ളുകുടിച്ച് നാണംകെട്ടവനെ കാണാന്‍പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ച് കേവലം തിരിച്ചറിവില്ലാത്ത ബാലന്മാര്‍പോലും ത്യജിക്കുന്നു. വിവേകികള്‍ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതുപോലെ വെറുക്കുന്നു.

മദ്യകര്‍ത്താപൂതിഗന്ധിഃ പടശ്ചാസ്യ നികേതനം
ദുര്‍ഗ്ഗന്ധകലുഷം തേന സ്പൃഷ്ടം സര്‍വമപീദൃശം. 86

മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗ്ഗന്ധമുള്ളവനായിത്തീരുന്നു. അവന്‍റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമായിരിക്കും. തന്നെയല്ല, അവന്‍ തൊടുന്ന സര്‍വ വസ്തുക്കളും ദുര്‍ഗന്ധം ഉള്ളതാകും.

മദ്യാസക്തം സ്വസ്യ ഭാര്യാ പിതാ മാതാ സഹോദരഃ
പുത്രോപി ചേശ്വരോ ദ്വേഷ്ടി തസ്മാന്മദ്യം പരിത്യജേത്. 87

മദ്യപാനിയെ അവന്‍റെ ഭാര്യ, അച്ഛന്‍, അമ്മ, സഹോദരന്‍, പുത്രന്‍, ഈശ്വരന്‍ ഇവര്‍ വെറുക്കുന്നു. അതുകൊണ്ട് ആരും കള്ളുകുടിക്കരുത്.

Monday, 28 July 2014

ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഒരേട് - A conversation between GURU and Sahodharan Ayyappan about conversion

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ രണ്ടു ഉജ്ജ്വല നക്ഷത്രങ്ങള്‍- ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഒരേട് ആണ് താഴെ കൊടുത്തിരിക്കുന്നത്‌. കടന്നു വന്ന വിപ്ലവങ്ങള്‍ എല്ലാം വിസ്മരിച്ചു പുറകോട്ടു നടക്കുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ ..

ശ്രീ നാരായണഗുരു: അയ്യപ്പന്‍, ഡോക്ടര്‍ (പല്‍പ്പു) മതം മാറണമെന്ന്
പറയുന്നല്ലോ.

അയ്യപ്പന്‍: മതം മാറണമെന്ന് ചിലര്‍ക്കെല്ലാം അഭിപ്രായമുണ്ട്

ശ്രീ നാരായണഗുരു : മനുഷ്യന്‍ നന്നായാല്‍ പോരായോ.? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്?

അയ്യപ്പന്‍ : മനുഷ്യന്‍ നന്നാവാനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധ മതത്തില്‍ ആണ്.

ശ്രീ നാരായണഗുരു : ബുദ്ധ മതക്കാര്‍ എല്ലാം നല്ല മനുഷ്യര്‍ ആണോ? മല്‍സ്യം തിന്നുന്നവരും കള്ളുകുടിക്കുന്നവരും അസമത്വമാചരിക്കുന്നവരും ധാരാളമുണ്ടെന്നു നാം അറിയുന്നു

അയ്യപ്പന്‍: ഇപ്പോഴുള്ള ബുദ്ധ മതക്കാരില്‍ നല്ലവര്‍ വളരെക്കുറയും എന്നുവേണം പറയാന്‍.

ശ്രീ നാരായണഗുരു: അങ്ങനെയാണോ ? നാമും അത് കേട്ടു. ബുദ്ധ സന്യാസികള്‍ കിട്ടുന്നതെല്ലാം ഭക്ഷിക്കണം. മാംസമായാലും തിന്നും, കൊടുക്കുന്നതോന്നും വേണ്ടെന്നു പറയാന്‍ പാടില്ല .ഇല്ലേ ? അങ്ങനെ മാംസത്തിനു രുചി പിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകള്‍ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും. ഇത് നല്ലതാണോ?

അയ്യപ്പന്‍: ഇടക്കാലത്ത് ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യന്‍ നന്നാവാന്‍ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല

ശ്രീ നാരായണഗുരു: ക്രിസ്തുവിന്‍റെ ഉപദേശം നന്നല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരില്‍ പെട്ട എല്ലാവരും യോഗ്യരാണോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. അല്ലെങ്കില്‍ അധ:പതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകള്‍ വരരുത്. തെറ്റുകള്‍ വന്ന ശേഷം ഹേ ! തെറ്റിപ്പോയല്ലോ എന്ന് തിരുത്താന്‍ സംഗതി വരാത്ത വണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ്‌ ജീവന്‍ മുക്താവസ്ഥ.

അയ്യപ്പന്‍:  ബുദ്ധ മതക്കാര്‍ അതിനു നിര്‍വാണം എന്ന് പറയുന്നു.

ശ്രീ നാരായണഗുരു: അങ്ങനെയാണോ? ആയിരിക്കാം. ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരന്‍ ആണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസന്‍ തന്നെ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് രണ്ടിടത് രണ്ടു വിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം, അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്ക വിധം ജാതിയെ ഉപേക്ഷിക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായം എന്താണ്?

അയ്യപ്പന്‍: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തില്‍ അവഗണിക്കുന്നതായിരിക്കുമെന്നാണ് ആശാന്റെ അഭിപ്രായം.

ശ്രീ നാരായണഗുരു : അങ്ങനെയാണോ?

അയ്യപ്പന്‍: ഈ സംഗതിയില്‍ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാന്‍ പറയുന്നത്.

ശ്രീ നാരായണഗുരു: നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം.

അയ്യപ്പന്‍: അറിയാം. തൃപ്പാദങ്ങള്‍ക്ക് ഒരു മതത്തോടും വെറുപ്പില്ല. മനുഷ്യന്റെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവര്‍ തമ്മില്‍ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായം എന്നറിയാം.

ശ്രീ നാരായണഗുരു: അതാണ്‌ നമ്മുടെ അഭിപ്രായം. മതം എന്ന് വച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണ്‌ വേണ്ടത്. അത് സാധിക്കും. സത്യവ്രതനെ നോക്ക്. (സത്യവ്രത സ്വാമിയെപ്പറ്റി) സത്യവ്രതന് അശേഷം ജാതിയില്ല ഉണ്ടോ?

അയ്യപ്പന്‍: സത്യവ്രതസ്വാമിക്ക് അശേഷം ജാതിയില്ല.

ശ്രീ നാരായണഗുരു: നമുക്കാര്‍ക്കും അത്ര ജാതി പോയിട്ടില്ലെന്നു തോന്നുന്നു. ബുദ്ധനുകൂടി ഇത്ര ജാതി പോയിരുന്നോ എന്ന് നമുക്ക് സംശയമാണ്. സത്യവ്രതന് അത്ര വ്യത്യാസമില്ലാത്ത ആളാണ്‌. അങ്ങനെ ജീവിക്കാമല്ലോ.? അവര്‍ക്ക് ജാതിയില്ല.

അയ്യപ്പന്‍:  തീയര്‍ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവര്‍ക്കെല്ലാം വളരെ ബഹുമാനമായിരിക്കുകയാണ്.

ശ്രീ നാരായണഗുരു: (ചിരിച്ചുകൊണ്ട്) അത് കൊള്ളാം, ബഹുമാന മുണ്ടാകുമല്ലോ.

അയ്യപ്പന്‍: ചിലര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു ? നമുക്ക് നാരായണ മതം പോരായോ? എന്ന്.

ശ്രീ നാരായണഗുരു: അതെന്തിന്? അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടല്ലോ. മതം ഏതുമാകട്ടെ.

അയ്യപ്പന്‍: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം അതാണ്‌.

ശ്രീ നാരായണഗുരു :നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മത സ്വാതന്ത്ര്യം വേണ്ടതാണ്. അതാണ്‌ നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?

അയ്യപ്പന്‍: പറയുന്നുണ്ട്. ഞാന്‍ ഈയിടെ ഒരു ആധാരത്തില്‍ ‘ബുദ്ധമതം ‘ എന്നു ചേര്‍ത്തു.

ശ്രീ നാരായണഗുരു : (ചിരിച്ചു കൊണ്ട്) ജാതി എഴുതിയില്ല അല്ലേ ? അത് കൊള്ളാം ജാതി വരരുത്: ഒരിടത്തും ജാതി ഉണ്ടായിരിക്കരുത്. മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം. മനുഷ്യന്‍ ഒരു ജാതി. അതാണ്‌ നമ്മുടെ മതം.

ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വചനങ്ങൾ -SHREE NARAYANA GURU'S Words about Education

ശ്രീനാരായണ ഗുരുവും 2 പുലയ യുവാക്കളും

ശ്രീ നാരായണ ഗുരുവിനെ കാണാന്‍ ഒരിക്കല്‍ രണ്ടു പുലയ യുവാക്കള്‍ എത്തി .

ഗുരു അവരോടു പേര് തിരക്കി .

ഒരുവന്‍ പറഞ്ഞു എന്റെ പേര് പൂവന്‍.

ഗുരു തിരുത്തി - അങ്ങനെ അല്ല , ഭൂപന്‍ .

രണ്ടാമത്തെ ആള്‍ പറഞ്ഞു എന്റെ പേര് തേവന്‍.

ഗുരു തിരുത്തി -അങ്ങനെ അല്ല, ദേവന്‍ .

ഭൂപന്‍ (രാജാവ്) മാരും ദേവന്‍ മാരും ആയ നിങ്ങള്‍ ആരുടെയും അടിമകള്‍ അല്ല .

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വത്വബോധം നല്‍കിയ മഹാ ഗുരുവേ നമ:

ശ്രീ നാരായണഗുരു ശിഷ്യനായ ബോധാനന്ദ സ്വാമിയെ അയച്ചു കടൽശാന്തമാക്കിയത്

ത്രിശൂർ വാടനാപള്ളി വൈക്കാട്ട് തറവാട് .

ഏകദേശം 300 വര്ഷത്തോളം പഴക്കം ഉണ്ട് ഈ വീടിന്.ഇവിടെയാണ് ശ്രീ നാരായണ ഗുരുദേവൻശിഷ്യനായ ബോധാനന്ദ സ്വാമിയെ അയച്ചു കടൽശാന്തമാക്കിയത്. ഈ തറവാട്ടിൽ രണ്ടു തവണ ഗുരുദേവൻ വന്നിട്ടുണ്ട്. ഇതൊരു ദ്വീപ് ആയിരുന്നു.ഈ വീടിന്റെ 200 മീറ്റർ അകലെയാണ് കടൽ.

ഒരിക്കൽ ശക്തമായ മഴയും കാറ്റും വന്നു വെള്ളം കേറാൻ തുടങ്ങി. ധാരാളം തെങ്ങുകളും മറ്റും പിഴിതെറിഞ്ഞു തിര അടിച്ചു കരയിലേക്ക് കയറുകയാണ്. ഒരു തരം '' കുഴിപ്പൻതിരകൾ'' എന്നാണ് അതിനു പേര്. ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽവീട് മുഴുവൻ തകരും .

അപ്പോൾ ആണ് ഗുരുദേവൻ ത്രിശൂർ വന്നിട്ടുള്ള വിവരം ബോജരാജൻ അറിയുന്നത്‌ അദ്ദേഹം മകനായ കരുണാകരനെയും കൂട്ടി ഗുരുദേവനെ കാണാൻ ത്രിശൂർ എത്തി ഗുരുദേവനോട് സങ്കടം ഉണർത്തിച്ചു.

ഗുരുദേവൻ ശിഷ്യനായ ബോധാനന്ദ സ്വാമിയോട് അവരോടൊപ്പം പോകാൻ കല്പ്പിച്ചു. ഗുരുദേവൻ നാളെ എത്തിക്കോളാം എന്ന് പറയുകയും ചെയ്തു.

ബോധാനന്ത സ്വാമി തറവാട്ടിൽ എത്തി കടലിനു അഭിമുഖമായി കിടന്നു, ശക്തമായ തിരകയറി വരുമെങ്കിലും ബോധാനന്ദ സ്വാമിയുടെ അടുത്തെത്തുമ്പോൾ അത് ശാന്തമായി തിരികെ പോകുകയാണ് ചെയ്തത്. ഈ ശക്തമായ തിരയെ പേടിച്ചു മറ്റുള്ളവർ മാറി നിന്നെയുള്ളൂ .

പിറ്റേദിവസം ഗുരുദേവൻ ഈ തറവാട്ടിൽ വരുകയും സാധാരണ നിലയിൽ എല്ലാവരോടും സംസാരിച്ചു കടലിനു അഭിമുഖമായി നടക്കുമ്പോൾ പടിഞ്ഞാറു വശത്ത് ഒരു ബദാം മരം കണ്ടു അതിൽ തൊട്ടിട്ടു ഇവൻ കൊള്ളാമല്ലോ നല്ല തണൽ ആണല്ലോ എന്ന് പറഞ്ഞാണ് ഗുരുദേവൻ പോയത്. (ആ ബദാം മരം ഇന്നും കാണുന്നവര്ക്ക് അത്ഭുതമാണ് താഴെ നിന്ന് രണ്ടു ശിഖരമായി പോയിട്ട് മുകളിൽ വരുമ്പോൾ അത് ഒന്നായി പോയിരിക്കുന്നു). എന്നിട്ട് ബോധാനന്ദ സ്വാമിയോട് അവിടെ നിന്ന് എഴുനേൽക്കാൻ ഗുരുദേവൻ പറയുമ്പോൾ മാത്രമാണ് ബോധാനന്ദ സ്വാമി അവിടെ നിന്നും എഴുന്നേൽക്കുന്നതു.

തിരകൾ എല്ലാം ഗുരുദേവന്റെ സാന്നിധ്യം കൊണ്ട് അപ്പോഴേക്കും ശാന്തമായിരുന്നു.........

പിന്നിട് സുനാമി മുന്നറിയിപ്പ് ഉണ്ടായിട്ടും അവിടെയുള്ള നാട്ടുകാർമുഴുവൻ വേറെ അഭായര്തി ക്യാമ്പിൽ പോയെങ്ങിലും കരുണാകരന്റെ മകനായ ബാലഗോപാലനും ഭാര്യയും മകനും മാത്രം എങ്ങും പോയില്ല .

(കേരള കൌമുദി ഇതു റിപ്പോർട്ട്‌ ചെയ്തിരുന്നു) കാരണം അവർക്കറിയാം ഗുരുദേവൻ രക്ഷിച്ച വീടാണ് അതിനു ഒരു നാളും ഒന്നും സംഭവിക്കില്ല എന്ന്.

ഈ ബാലഗോപാലനും ഭാര്യയും എഞ്ചിനീയർ ആണ്. അവർ ജോലി ഉപേക്ഷിച്ചു ഈ വീട്ടിൽനില്ക്കുന്നത് ഗുരുദേവൻ വന്നപ്പോൾ വിശ്രമിച്ച മുറി ഉണ്ട് അവിടെ രണ്ടു നേരവും വിളക്ക് കത്തിക്കണം.

 (ഇവിടെ ഗുരുദേവൻകൊടുത്ത നാണയം അവർ സൂക്ഷിച്ചു വെച്ചിരിക്കുന്നു).

അതിനു ഒരു മുടക്കവും വരരുത് എന്നാണ് ബാലഗോപാലന്റെ പ്രാര്ത്ഥന, ഇന്നും ആ തിരകളും ശക്തി തിരിച്ചറിയുന്നു, അവിടെ ഇട്ടിരിക്കുന്ന കല്ലിനു മുകളിൽ തിരവരുന്നുണ്ട്.

പക്ഷെ ആ വീടിന് അടുത്തേക്ക് വരാൻ ആ തിരകള്‍ക്ക് കഴിയുമോ? ഭഗവാനാണ് കല്പിച്ചിരിക്കുന്നത്.

ശ്രീ നാരായണഗുരുവിന്റെ ജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു

ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്.

"ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧) ചിങ്ങമാസം പതിനാലാം തിയതി കുജവാരത്തില്‍ ചിങ്ങം ലഗ്നത്തിൽ ഒരു മഹാപുരുഷൻ അവതരിക്കും" എന്നു ജ്യോതിശ്ശാസ്ത്ര മഹാപണ്ഡിതനും ത്രികാലജ്ഞനുമായ ശുകൃമഹര്‍ഷി തന്റെ ശുക്രസംഹിതയിൽ അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. 

ഗുരുദേവന്റെ ജനനത്തേയും, ജീവിതത്തിലുള്ള മറ്റു പ്രധാന ഘട്ടങ്ങളേയും, മഹാസമാധികാലത്തേയും അടിസ്ഥാനമാക്കി ജ്യോതിശ്ശാസ്ത്രപണ്ഡിതരായ പല വിദ്വാന്മാരേയും കൊണ്ടു സൂക്ഷ്മപരിശോധന നടത്തിയതില്‍ ഗുരുദേവന്റെ ജനനം ശുക്രസംഹിതയിൽ കാണിച്ച അതേദിവസവും സമയവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ടു. ഗുരുദേവന്റെ ജീവിതാരംഭം മുതലുള്ള എല്ലാപ്രവര്‍ത്തനങ്ങളും ഏകജാതിമതാടിസ്ഥാനം ആക്കിയുള്ളതാകയാൽ ശുക്രമഹർഷിയുടെ പ്രവചനമനുസരിച്ചു ജനിച്ചിട്ടുള്ള മഹാപുരുഷന്‍ ഗുരുദേവനല്ലാതെ മറ്റാരുമല്ലെന്നു ന്യായമായും യുക്തിയുക്തമായും വിശ്വസിക്കാവുന്നതാണു്."

ഇതു തലശ്ശേരി, റിട്ടയാര്‍ഡ് ഡിസ്ട്രിക്ട് മുനിസിഫ് ശ്രീ ഡി പി ഗോപാലൻ ബിഎ; ബിഎൽ അവറുകൾ 1954 (൧൯൫൪) ഡിസംബർ ലക്കം ഗുരുകുലം മാസികയിൽ എഴുതിയിട്ടുള്ളതായി ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പിൽ എഴുതിയിട്ടുണ്ടു്. ഇതിന്റെ ഒന്നാം പതിപ്പു 1944 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഈ ഭാഗം ഇല്ല.

(© ഉദയഭാനു പണിക്കർ. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകൈച്ച സാഹിത്യകേസരി പണ്ഡിറ്റ് പി ഗോപാലൻ നായർ തർജ്ജിമ ചെയ്തു വ്യാഖ്യാനിച്ച ശ്രീമദ് ഭാഗവതം; ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പു്, ഇവ ആധാരം.)

ശ്രീ നാരായണഗുരുവും എബ്രഹാമിന്റെ കസേരയും


കുട്ടനാട്ടിലെ കോന്നിയാം പറമ്പില്‍ ഏബ്രഹാം ഒരു വള്ളമൂന്നുകാരനായിരുന്നു. അയാള്‍ക്ക്‌ സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. അയാള്‍ ശ്രീനാരായണ ഗുരുസ്വാമിയുടെ അത്ഭുതസിദ്ധികളെപ്പറ്റി കേട്ടറിഞ്ഞ്‌ ഗുരുവിനെ നേരില്‍കാണാന്‍ ആഗ്രഹിച്ചു. ഏബ്രഹാം സത്യവ്രതസ്വാമിയെ കണ്ട്‌ ആഗ്രഹം അറിയിച്ചു. ഗുരുദേവന്‍ തന്റെ വീട്ടില്‍ ഒന്നു കൊണ്ടുവരുമോ എന്നും ചോദിച്ചു. എന്നാല്‍ സത്യവ്രതസ്വാമികള്‍ക്ക്‌ അതിന്‌ സാധിച്ചില്ല.

മാസങ്ങള്‍ പോയി. ഏബ്രഹാം വീട്ടുപകരണങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടി  തടിവാങ്ങി പണിതുടങ്ങി. 

ആ കൂട്ടത്തില്‍ ഒരു കസേരയും പണികഴിപ്പിച്ചു. ഈ കസേര നാണു ഗുരുസ്വാമിക്ക്‌ ഇരിക്കാനാണ്‌ എന്നുപറഞ്ഞ്‌ പ്രത്യേകം സൂക്ഷിച്ചു. 

കസേര പണികഴിപ്പിച്ചതിന്റെ പിറ്റേദിസം ഗുരുദേവന്‍ കുട്ടനാട്ടില്‍ വന്ന്‌ ശക്തിപറമ്പ്‌ ക്ഷേത്രത്തില്‍ പോവാന്‍ തയ്യാറായി. ഭക്തജനങ്ങള്‍ വള്ളം കൊണ്ടുവന്നു. ഗുരു വള്ളത്തില്‍കയറി യാത്രയായി. യാത്രാമധ്യേ തോട്ടുവക്കിലെ ഒരു വീടിനുമുമ്പിലെത്തിയപ്പോള്‍ വള്ളം ആ കടവില്‍ അടുപ്പിക്കാന്‍ ഗുരു കല്‌പിച്ചു. എന്നിട്ട്‌ ഗുരു കരയ്‌ക്കിറങ്ങി നടന്നു. 

ഭക്തജനങ്ങള്‍ നിശബ്‌ദരായി പിന്തുടര്‍ന്നു. കോന്നിയാംപറമ്പില്‍ ഏബ്രഹാമിന്റേതായിരുന്നു ആ ഭവനം. തന്റെ വീട്ടിലേക്ക്‌ ഗുരുദേവന്‍ വരുന്നതു കണ്ട്‌ ഏബ്രഹാമും കുടുംബാംഗങ്ങളും സന്തോഷത്തോടെ ഓടിച്ചെന്ന്‌ താണുവണങ്ങി ആദരിച്ച്‌ അകത്തേക്ക്‌ കൊണ്ടുപോയി. 

എന്നിട്ട്‌ പുതിയ കസേര എടുത്തുകൊണ്ടുവന്ന്‌ ഗുരുവിനെ ആദരവോടെ ആസനസ്ഥനാക്കി. പഴവര്‍ഗ്ഗങ്ങള്‍നല്‌കി യഥാശക്തി സത്‌കരിച്ചു. 

ഗുരുവിനുവേണ്ടി പണിതീര്‍ത്ത കസേരയില്‍ ആ പുണ്യാത്മാവിനെ ഇരുത്താന്‍ കഴിഞ്ഞതില്‍ ഏബ്രഹാമും കുടുംബാംഗങ്ങളും സന്തുഷ്‌ടരായി. ഏബ്രഹാം പാദവന്ദനം നടത്തി. ഗുരുദേവന്‍ അനുഗ്രഹിച്ചു. 

ഏബ്രഹാമിന്റെ ഉയര്‍ച്ച അവിടെ നിന്നാരംഭിച്ചു. അയാള്‍ സാമ്പത്തികമായി ഉന്നതനിലയിലായി.

ഒരു റിക്ഷയുടെ കഥ : THE STORY OF A CYCLE RICKSHAW

ശിവഗിരി സ്കൂള്‍ പണിയുന്ന കാലം. ടാര്‍ ചെയ്യാത്ത വലുതും ചെറുതുമായ കൂര്‍ത്ത പാറക്കഷണങ്ങള്‍ നിറഞ്ഞ വഴിയിലൂടെ പണി സ്ഥലത്തേയ്ക്ക് ഗുരുദേവന്‍ നടന്നു പോകാറുണ്ടായിരുന്നു. ഒരു ദിവസം തിരികെ വന്ന ഗുരുവിന്‍റെ പാദങ്ങളില്‍ പല ഭാഗത്തും രക്തം പൊടിഞ്ഞിരിക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. ഏതോ പച്ചില പറിച്ച് പുരട്ടിയപ്പോള്‍ മുറിവുണങ്ങി. ഈ സംഭവം അറിഞ്ഞ പ്രാക്കുളം പുതുവേലില്‍ അയ്യന്‍ കേശവന്‍ എന്ന ഗൃഹസ്ഥ ശിഷ്യന്‍ വ്രണിത ഹൃദയനായി തൃപ്പാദ സന്നിധിയിലെത്തി. വൈദികമഠത്തിന്‍റെ വരാന്തയില്‍ ഒരു കസേരയില്‍ വിശ്രമിക്കുകയായിരുന്ന അവിടുത്തെ മുന്‍പില്‍ തൊഴുകൈകളോടെ കേശവന്‍ നിന്നു. തുടര്ന്ന് നടന്ന സംഭാഷണം.

ഗുരുദേവന്‍ :- കേശവന് എന്താണാവശ്യം? 

കേശവന്‍ :- ഞാന്‍ തൃപ്പാദങ്ങളില്‍ നിന്നും അനുവാദം വാങ്ങാനഗ്രഹിക്കുന്നു.

ഗുരുദേവന്‍ :- പണച്ചെലവുണ്ടാക്കുന്ന കാര്യത്തിനല്ലേ?

കേശവന്‍ :- പണം ചെലവായാലും അതു മൂലം ആനന്ദമുണ്ടാകും.

ഗുരുദേവന്‍:- ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടാണ്. കേശവന്‍റെ ആഗ്രഹം എന്താണ്?

കേശവന്‍:- ഒരു റിക്ഷാ വാങ്ങി തൃപ്പാദങ്ങളില്‍ കാഴ്ച വയ്ക്കണമെന്നുള്ളതാണ് ആഗ്രഹം. 

ഗുരുദേവന്‍ :- നാം റിക്ഷാ ഉപയോഗിക്കാറില്ലല്ലോ?

കേശവന്‍:- തൃപ്പാദങ്ങള്‍ ചെറിയ യാത്രയ്ക്ക് റിക്ഷാ ഉപയോഗിക്കണമെന്നതാണ് എന്‍റെ ആഗ്രഹം. 

ഗുരുദേവന്‍ :- നാം സുഖമായിട്ടു നടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.

കേശവന്‍ :- ഇന്നലെ കൂര്ത്തു മൂര്ച്ച യേറിയ കല്ലുകളില്‍ തട്ടി തൃപ്പാദങ്ങളുടെ കാല്‍ മുറിഞ്ഞിരിക്കുന്നത് കാണാനിടയായി.

ഗുരുദേവന്‍ :-നാം വേളിമലയിലും മരുത്വാമലയിലും അരുവിപ്പുറത്തും
സഞ്ചരിച്ച കാലത്ത് കല്ലും, മുള്ളും, കാടും, മേടും ഉണ്ടായിരുന്നു. അവിടത്തെക്കാള്‍ എത്രയോ സുഖമുള്ള അവസ്ഥയാണ്‌ ഇവിടത്തേത്. ഇവിടത്തെ മണ്ണ് പൂമെത്ത പോലെ കിടക്കുകയല്ലേ? 

കേശവന്‍ :- എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു റിക്ഷാ വാങ്ങി കാഴ്ച വയ്ക്കുക എന്നത്.

ഗുരുദേവന്‍ :- റിക്ഷാ വാങ്ങുമ്പോള്‍ അതു വലിക്കാന്‍ ആളു വേണ്ടേ?  ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ റിക്ഷയില്‍ ഇരുത്തി വലിച്ചു കൊണ്ടു പോകുന്നത് നന്നല്ല. അത് പാപമാണ്. 

കേശവന്‍:- തൃപ്പാദങ്ങളെ ആ റിക്ഷയിലിരുത്തി വലിക്കുമ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ ആ പാപം തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 

ഗുരുദേവന്‍ :- വിശ്വാസം രക്ഷിക്കട്ടെ.


ആ സംഭാഷണം അവിടെ അവസാനിച്ചു. 

തിരികെ വീട്ടിലെത്തിയ കേശവന്‍ അറിയിച്ച വിവരങ്ങള്‍ കേട്ട് കുടുംബാംങ്ങ ള്ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. നവീന രീതിയിലുള്ള റിക്ഷാ വാങ്ങുന്നതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ആലോചന. അക്കാലത്ത് അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെ തെളിഞ്ഞു.

“കൊച്ചിയിലെ കമ്പനിയുമായി സംസാരിച്ചു നോക്കാം. ഒരു പക്ഷേ അവര്‍ വിദേശത്ത് നിന്നു റിക്ഷാ വരുത്തി തരും ” .

കയര്‍ വ്യവസായം നടത്തി വന്നിരുന്ന കേശവന്‍ മുതലാളിക്ക് കൊച്ചിയിലെ പല പ്രമുഖ കമ്പനികളുമായി അടുപ്പമുണ്ടായിരുന്നു. ഒരു കമ്പനിയോട് വിവരം അറിയിച്ചപ്പോള്‍ ജപ്പാനില്‍ നിന്ന്‍ ഒരെണ്ണം വരുത്താമോ എന്നാലോചിക്കാം എന്നു മറുപടി കിട്ടി. കമ്പനിയുടെ പരിശ്രമം കൊണ്ട് അക്കാലത്ത് എഴുനൂറു രൂപ വില വരുന്ന ഒരു റിക്ഷാ വരുത്തി മുതലാളിയെ ഏല്പ്പി്ച്ചു.

അലങ്കരിച്ച റിക്ഷാ വഞ്ചിയില്‍ കയറ്റി പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടി ശിവഗിരിയില്‍ എത്തിച്ചു. ആഹ്ലാദഭരിതരായിരുന്ന ജനത ഈ കാഴ്ച കാണുവാന്‍ അവിടെ നേരത്തെ തന്നെ തടിച്ചു കൂടിയിരുന്നു.

സുസ്മേരവദനനായ ഗുരുദേവന്‍ ഇങ്ങനെ കല്പ്പിച്ചു.

"കേശവന്‍ പണം ധാരാളം ചെലവാക്കിയിരിക്കുന്നല്ലോ. ഈപണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനു ഉപയോഗിക്കാമായിരുന്നു.”

ആരും ഒരക്ഷരം മറുപടി പറഞ്ഞില്ല. നിറഞ്ഞു നിന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് വിനയാന്വിതനായി കേശവന്‍ മുതലാളി അപേക്ഷിച്ചു.

കേശവന്‍ :- ഒരു അപേക്ഷയുണ്ട്.

സ്വാമി :- എന്താണ്?

കേശവന്‍ :- തൃപ്പാദങ്ങള്‍ വണ്ടിയില്‍ കയറി ഇരിക്കണം. ഞങ്ങള്‍ തന്നെ ആദ്യമായി വണ്ടി വലിക്കും.

സ്വാമി :- “നിങ്ങളുടെ ആഗ്രഹം നടക്കട്ടെ.”

കേശവന്‍ മുതലാളിയും പ്രാക്കുളത്ത് പലകശ്ശേരിയില്‍ കുഞ്ഞുരാമന്‍ മുതലാളിയും കൂടി റിക്ഷാ വണ്ടി അല്പ്പം മുന്നോട്ടു വലിച്ചു നടന്നു. 

അക്കാലത്ത് ശിവഗിരിയുടെ മുമ്പില്‍ ഒരു മരപ്പാലം ഉണ്ടായിരുന്നു. 

അതു കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങള്‍ അരുളി. “മതിയോ, ആശ സാധിച്ചില്ലേ? ഇനി വേറെ ആള്‍ക്കാര്‍ റിക്ഷാ വലിച്ചു കൊള്ളും ”

(അവലംബം :- ശ്രീനാരായണ ഗുരുദേവന്‍ ജീവചരിത്രം-വാടയില്‍ സദാശിവന്‍ )

റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍ സൂക്ഷിച്ചു വരുന്ന കാര്യം ഏവര്ക്കും അറിവുള്ളതാണല്ലോ.

ക്ഷേത്രങ്ങളെകുറിച്ച് ശ്രീ നാരായണ ഗുരു

ക്ഷേത്രങ്ങള് വൃത്തിയായി സൂക്ഷിക്കണം. അവിടെ ചെല്ലുന്നവ൪ കുളിച്ചു വൃത്തിയായി വരും. അവിടെ ചെല്ലുംബോല് നല്ല വിചാരം ഉണ്ടാവും. നല്ല കാര്യങ്ങല് സംസാരിക്കും. ഈശ്വരസ്മരണയുണ്ടാവും. ശുദ്ധവായു ശ്വസിക്കാം. ചില൪ ക്ഷേത്രത്തില് ചെന്നു നിരാഹാരവ്രതവും മറ്റും നടത്തി ദേഹത്തിനും മനസ്സിനും ഗുണം വരുത്തുന്നു. ചില൪ക്ക് വിശ്വാസംമൂലം രോഗം മാറുന്നു. ചില൪ക്ക് ആഗ്രഹസിദ്ധിയുണ്ടാകുന്നു. അതെല്ലാം വിശ്വാസംപോലെ ഇരിക്കും. ഇതൊന്നും ഗുണമല്ലെ? ക്ഷേത്രവും ആവശ്യമാണ്.

ക്ഷേത്രത്തില് ചെല്ലുംബോല് ബിംബത്തെപറ്റി സ്മരണയില്ല. ഈശ്വരനെപറ്റിയാണ് അവ൪ വിചാരിക്കുന്നത്. നിങ്ങളെ പ്പോലെയുള്ളവ൪ പറഞ്ഞു കൊടുത്താലേ അവ൪ ബിംബത്തെ ഓ൪ക്കുന്നുള്ളു. പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത്. എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്, ബിംബത്തെയല്ല.

ക്ഷേത്രത്തിന്റെ നാലു പുറവും ഒരു പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള് വെച്ചുപിടിപ്പിച്ച് അതിനു ചുറ്റും തറകള് കെട്ടണം. അപ്പോള് ജനങ്ങള്ക്കുവന്നിരുന്നു കാറ്റു കൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകള് ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ചു പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നുകൊള്ളട്ടെ. ഭംഗിയും വൃത്തിയുമുള്ള സ്ഥലമായാല് ജനങ്ങള് വരും. നല്ല വിചാരങ്ങള് ഉണ്ടാവും. ആരോഗ്യം വ൪ദ്ധിക്കും. ക്ഷേത്രം ആവശ്യമാണ്. വേണ്ടവിധത്തില് കൊണ്ടുപോകണം. ശിവഗിരിയില് തന്നെ എത്ര ജനങ്ങള് വന്നു താമസിച്ചു രോഗം മാറിപ്പോകുന്നു. കുളിച്ചു വൃത്തിയായി ഈശ്വരധ്യാനം ചെയ്യുകയും നല്ല കാറ്റു ശ്വസിക്കുകയും ചെയ്യതാല് തന്നെ രോഗങ്ങള് മാറുമല്ലോ. എല്ലാവ൪ക്കും ക്ഷേത്രമുണ്ടല്ലോ. ആ൪ക്കാണ് ഇല്ലാത്തത്. - ധ൪മ്മം മാസിക

ക്ഷേത്രങ്ങള് പഴയ സംബ്രദായത്തില് വളരെ പണം ചെലവു ചെയ്തു ഉണ്ടാക്കേണ്ട ആവശ്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്. ക്ഷേത്രത്തില് ജനങ്ങള്ക്കു സുഖമായി വന്നിരിക്കാനും പ്രസംഗിക്കാനും ഉപയുക്തമായ രീതിയിലുള്ള വിശാലമായ മുറികളാണു വേണ്ടത്. എല്ലാ ക്ഷേത്രങ്ങളോടും സംബന്ധിച്ചു വിദ്യാലയങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള് ശീലിപ്പിക്കാനുള്ള ഏ൪പ്പാടുകളും ക്ഷേത്രത്തോടു സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. ജനങ്ങളില് നിന്നു വഴിപാടായി ക്ഷേത്രങ്ങളില് കിട്ടുന്ന ധനം സാധുജനങ്ങള്ക്കു പ്രയോജനപ്പെടത്തക്കവണ്ണം ചെലവഴിക്കയാണു വേണ്ടത്. ക്ഷേത്രങ്ങളില് വരുന്നവ൪ക്കു കുളിക്കാ൯വേണ്ടി കുളങ്ങളുണ്ടാക്കുന്നതു നന്നല്ല. കുളങ്ങല് എപ്പോഴും ശുദ്ധമായി സൂക്ഷിക്കാ൯ സാധിക്കുന്നതല്ലല്ലോ. അതുകൊണ്ടു തലയ്ക്കു മീതെ വെള്ളം വന്നു വീഴത്തക്കവിധം ചെറുതരം കുഴലുകള് ഇണക്കീട്ടുള്ള കുളിമുറികള് കുറെയധികം ക്ഷേത്രത്തിനടുത്ത് ഉണ്ടാക്കുകയാണു വേണ്ടത്. - ശ്രീനാരായണ പരമഹംസ൯, കെ.കെ.പണിക്ക൪

ഇനി ക്ഷേത്രനി൪മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില് ജനങ്ങള്ക്കു വിശ്വാസം കുറഞ്ഞു വരികയാണ്. അംബലം പണിയുവാ൯ പണം ചെലവിട്ടതു ദു൪വ്യയമായി എന്നു ദുഃഖിക്കാ൯ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തത്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല് ജനങ്ങള് കേള്ക്കുകയില്ല. നി൪ബന്ധമാണെങ്കില് ചെറിയ ക്ഷേത്രങ്ങള് വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു വിദ്യാലയങ്ങള് ഉണ്ടാക്കുവാനാ൯ ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാ൯ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേ൪ക്കുവാ൯ ക്ഷേത്രങ്ങള് വഴി കഴിയുമെന്നു കരുതിയിരുന്നു. അനുഭവം നേരേ മറിച്ചാണ്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്ക്കു വിദ്യാഭ്യാസം കൊടുക്കാ൯ ശ്രമിക്കണം. അവ൪ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്. - 1917-ല് ഗുരുദേവ൯ പുറപ്പെടുവിച്ച സന്ദേശം.

അയിത്തത്തിനെതിരെ ബാലനായിരിക്കെ ശ്രീ നാരായണ ഗുരു സ്വാമികള്‍ -Young Sree Narayana Guru against untouchability (intangibility)

ഒരിക്കല്‍ ബാലനായിരുന്ന ശ്രീ നാരായണ ഗുരു വഴിയെ നടന്നു പോകുമ്പോള്‍ വഴി അരികില്‍ ഒരു പുലയ കുടിലില്‍ കഞ്ഞി തിളച്ചു പോകുന്നത് കണ്ടു .

അത് കണ്ടു ഗുരു അകത്തു കയറി അതങ്ങ് ഇറക്കി വെച്ചു .

ആയ്യോ കഷ്ടം !!! 

എവിടെ നിന്നോ ആ വീടിലെ വീട്ടുകാരി ഓടിവന്നു.

നാണു അശുദ്ധമായല്ലോ. ഈ വിവരം മാടന്‍ ആശാനെയും അറിയിച്ചു.

നാണുവിന്റെ അച്ഛന് അത് ഒട്ടു ഇഷ്ടം ആയില്ല, കുടാതെ കൈയിലിരുന്ന ചൂരല്‍ ഉയര്‍ത്തി എന്നിട്ട്‌ ചോദിച്ചു

" നീ ഇന്ന് പുലച്ചാളയില്‍ കയറി അവരുടെ കഞ്ഞി കലം ഇറക്കിവെച്ചോ ?"

"ഇറക്കി വെച്ചു "

അപ്പോള്‍ നാണുവിന്റെ അമ്മയും പരാതി "

" എന്നെയും തൊട്ടു അശുദ്ധം ആകിയല്ലോ" അതോടെ കോപം ഇരട്ടിച്ചു.

"നിഷേധം മൂത്തു പോകുന്നു... ഈ കുലത്തിന്റെ പുണ്യം കെടുത്തണോ. എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ഇത്തരം കാര്യങ്ങള്‍ ചെയരുത് എന്ന്"

അപ്പൊ ഗുരു തന്റെ പിതാവിനോടായി ഇപ്രകാരം പറഞ്ഞു

"ആ പുല ചാളയില്‍ ആരും തന്നെ ഉണ്ടായില്ല അരി തിളച്ചു മറിയുന്നതും കാണാന്‍ ഇടയായി... ഞാനത് ഇറക്കി വെച്ചില്ല എങ്കില്‍ ആ പാവങ്ങള്‍ പട്ടിണി ആകുമായിരുന്നു " സ്വാമികള്‍ ശാന്തമായി പറഞ്ഞു

അടിക്കാന്‍ ഉയര്‍ന്ന കൈ പതുക്കെ താണ് ഏറെ നേരം ചിന്ധാമഗ്നനായി നിന്നൂ ആ പിതാവ്.

കടപാട് കൈനികര കുമാരപിള്ളയുടെ ശ്രീ നാരായണ ഗുരു സ്വാമികള്‍ എന്ന പുസ്തകത്തില്‍ നിന്നും പേജ് 259

ശ്രീ നാരായണ ഗുരുവിന്റെ വില്പത്രം

കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി

ആലുവ അദ്വൈതാശ്രമത്തില്‍ അതിഥിയായി എത്തിയതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഉച്ചഭക്ഷണം തനിക്കൊപ്പം ആകാം എന്ന്‍ ഗുരു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി പക്ഷേ പന്തിയില്‍ ഇരുന്നപ്പോള്‍ ഒരു പന്‍തികേട് യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമായ തനിക്കൊപ്പം ഇരിക്കുന്നത് ഈഴവനും പുലയനും പറയനുമൊക്കെ ഈര്‍ഷ്യ തോന്നാത്തിരുന്നില്ല എങ്കിലും പ്രകടിപ്പിക്കുന്നത് എങ്ങിനെ?. ജാതിക്കെതിരെ അവതരിച്ച മഹാന്‍റെ മുന്നില്‍ തന്റെ ജാത്യാഭിമാനത്തെ ഓര്‍ത്ത് ജാള്യതപൂണ്ട് കുറ്റിപ്പുഴ ഇരുന്നു തൂശനിലയില്‍ വിഭവങ്ങള്‍ നിരന്നു . ഉള്ളില്‍ നല്ല വിശപ്പും .

കുറ്റിപ്പുഴയെ സൂക്ഷിച്ചു നോക്കികൊണ്ട് ചെറുപുഞ്ചിരിയോടെ ഗുരുദേവന്‍ ചോദിച്ചു 

"ഇപ്പോള്‍ പോയോ ?"

ചോദ്യം അത്ര പിടികിട്ടാതെ കുറ്റിപ്പുഴ പപ്പടം പൊടിച്ചു .

"ഇപ്പോള്‍ മുഴുവനും പോയോ ?" ഗുരു വീണ്ടും ചോദിച്ചു 

തന്റെ ഉള്ളിലെ ജാതി ചിന്തയാണ് ഗുരു ഉദ്ദേശിക്കുന്നത് എന്ന് അപ്പോഴാണ് കുറ്റിപ്പുഴ തിരിച്ചറിഞ്ഞത് .ഗുരു തന്റെ ഉള്ളറിഞ്ഞാണ് ചോദ്യമെറിയുന്നത് .

അദ്ദേഹം അത്യധികം ബഹുമാനത്തോടെ പറഞ്ഞു "പോയി സ്വാമി മുഴുവനും പോയി." 

പിന്നീട് ആലുവ അദ്വൈതാശ്രമത്തിലെ അധ്യാപകന്‍ ആയി അദ്ദേഹം.

അയിത്തം മാറാന്‍ വൃത്തി ശീലിക്കാന്‍ ആണ് പിന്നാക്ക ജാതിക്കാരോട് ഗുരു ആദ്യം ആഹ്വാനം ചെയ്തത്.വൃത്തിയുള്ള വനെ ആരും ആട്ടിയകറ്റില്ല എന്നദ്ദേഹം പറഞ്ഞതിനര്‍ത്ഥം.. 

സംഘടിച്ച് ശക്തരാകാന്‍ ഗുരു പറയുമ്പോള്‍ ആ ശക്തി എന്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഗുരു പറഞ്ഞു . അറിവു നീഷേധിക്കപ്പെട്ടവര്‍ക്ക് അറിവ് നല്‍കാനും അവസരം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നേടികൊടുക്കാനമാണ് സംഘടനാ ശക്തി.


വിദ്യകൊണ്ട് സ്വതന്ത്രര്‍ ആകാന്‍ പറയുമ്പോള്‍ എന്തില്‍ നിന്നാണ് സ്വതന്ത്രര്‍ ആകേണ്ടത് എന്ന്‍ ആലോചിക്കണം. മനുഷ്യനെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും വിലങ്ങ് തടിയാകുന്നവ എന്തൊക്കെയാണോ അതില്‍ നിന്നെല്ലാം സ്വതന്ത്രരാകാന്‍ കഴിയണം. ഭേദചിന്തകളില്‍ നിന്ന്‍ സ്വതന്ത്രര്‍ ആകണം എന്ന്‍ ചുരുക്കം. ഇത്രയും ഉദാത്തമായ ദര്‍ശനത്തോട് നീതി പുലര്‍ത്താന്‍ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല ...

പ്രത്യക്ഷത്തില്‍ ജാതി വിവേചനങ്ങള്‍ മാറി എങ്കിലും അതിനപ്പുറത്തേക്ക് നാം പോയിട്ടില്ല.വിദ്യാഭ്യാസം നേടിയ സമൂഹം പോലും ജാതിയുടെ ഇട്ടാവട്ടത്തിലാണ്  കിടപ്പ്. ഉള്ളില്‍ ഇപ്പോളും ആ രാക്ഷസന്‍ കിടപ്പുണ്ട്. "മുഴുവനും പോയോ" എന്ന്‍ ഗുരു ചോദിച്ച മാത്രയില്‍ തന്നെ കുറ്റിപ്പുഴയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി. പപ്പടവും നന്നായി പൊടിഞ്ഞു. 

പക്ഷേ കാലമിത്ര കടന്നിട്ടും നമ്മള്‍ ഒന്നിച്ചിരുന്ന് പൊടിക്കാന്‍ ശ്രമിക്കുന്ന പപ്പടം വേണ്ടത്ര പൊടിഞ്ഞിട്ടില്ല .....

ശവം ദഹിപ്പിക്കുന്നതോ കബറടക്കം ചെയ്യുന്നതോ മണ്ണില് കുഴിച്ചു മൂടുന്നതോ ഏതായിരിക്കും നല്ലത് ?

ഒരികല്‍ ജഡ്ജി ഈ.കെ. അയ്യാക്കുട്ടി അവ൪കള്‍ സ്വാമികളോട് ഇങ്ങനെ ചോദിച്ചു :

നമ്മുടെ ശവം ദഹിപ്പിക്കുന്നതോ കബറടക്കം ചെയ്യുന്നതോ മണ്ണില് കുഴിച്ചു
മൂടുന്നതോ ഏതായിരിക്കും നല്ലതെന്ന് ഒന്നറിവാ൯ ആഗ്രഹമുണ്ട്.

ഇതുകേട്ട് സ്വാമികള്‍ ഇങ്ങനെ കല്പിച്ചു : ശവങ്ങള് ചക്കിലിട്ടാട്ടി വളമായിട്ടതു കൃഷിക്ക് ഉപയോഗിക്കുന്നതല്ലേ നല്ലത് ?

ജഡ്ജി : അയ്യോ! അതു സങ്കടമാണ്. 

സ്വാമി : എന്താ നോവുമോ? എന്നു ചോദിച്ചു ചിരിച്ചു.

- മൂലൂ൪

ദൈവ വിശ്വാസം ഉണ്ടെങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും ~ ശ്രീ നാരായണഗുരു

ഒരിക്കൽ ഗുരുദേവൻ മദ്രാസിൽ ആയിരുന്നപ്പോൾ മൂലയിൽ കൃഷ്ണന്റെ അതിഥിയായി താമസിച്ചിരുന്നു. ഒരുദിവസം വെളുപ്പിന് മൂന്നു മണിക്ക് ശിഷ്യനായ ഗുരുപ്രസാദുമായി വീട്ടിൽ നിന്നും ഇറങ്ങി കടൽത്തീരത്തു കൂടി നടന്നു രാവിലെ എട്ടു മണിക്ക് മൈലാവൂർ ക്ഷേത്രത്തിൽ എത്തി . 

ആ സ്ഥലത്ത് സ്വാമിയും ശിഷ്യനും അപരിചിതരായിരുന്നു. ഒന്ന് ക്ഷീണം മാറ്റാൻ വേണ്ടി സർക്കിൾ ഇൻസ്പെക്ടർ P .T . കണ്ണന്റെ വീട്ടിലേക്കു പോകുന്നതിനു വേണ്ടി ഗുരുവുമായി ആലോചിച്ചു . ഉടൻ ഗുരു പറഞ്ഞു ദൈവ വിശ്വാസം ഉണ്ടങ്കിൽ നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും, സഹായങ്ങളും ഇവിടെ തന്നെ സാധിക്കും. 

അൽപ സമയം കഴിഞ്ഞപ്പോൾ ഒരു മുതലിയാർ സ്ത്രീ കുറച്ചു പഴവും പാലുമായി വന്നിട്ട് ഗുരുവിനു സമർപ്പിച്ചു. എന്നിട്ട് അവർ പറഞ്ഞു ഞാൻ ഇന്നലെ രാത്രി ഒരു സന്യാസിയെ സ്വപ്നം കണ്ടു. ആ സന്യാസി മൈലാപ്പൂർ ക്ഷേത്രത്തിൽ കാണും എന്നും ആരോ പറഞ്ഞതുപോലെയും തോന്നി. 

അവരെ കണ്ട മാത്രയിൽ ഗുരു അവരുടെ വയറു വേദനയെക്കുറിച്ചു തിരക്കി. അവര്‍ക്ക് അതിശയം തോന്നി. തന്റെ വയറു വേദനയെക്കുറിച്ച് ഒരു സന്ന്യാസിയോടും ഇതുവരെ പറയുകയോ , സന്യാസിയെ താൻ കാണുകയോ ചെയ്തിട്ടില്ല. അവർ വളരെ വർഷങ്ങളായി അനുഭവിക്കുന്നതായിരുന്നു ഈ വയറുവേദന . ഗുരു അവരെ അനുഗ്രഹിച്ചിട്ട് പറഞ്ഞു ഇനി ഈ വയറുവേദന ഉണ്ടാകില്ല., അതിനുശേഷം അവർക്കു വയറുവേദന അനുഭവപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നു.

നമ്മുടേതും ബുദ്ധമതം തന്നെ ~ ശ്രീ നാരായണ ഗുരു

സിലോണില് ഒരു കമ്പനിബ്രോക്ക൪ സംഭാഷണത്തിനിടയില് താ൯ ബുദ്ധമതക്കാരനാണെന്നു പറയുകയും സ്വാമികളുടെ മതം ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു.


സ്വാമി : നമ്മുടേതും ബുദ്ധമതം തന്നെ.

സ്വാമി തന്നെ പരിഹസിക്കുകയാണോ എന്നു ബ്രോക്ക൪ സംശയിച്ചു.

അദ്ദേഹം ചോദിച്ചു : അതെങ്ങനെ ?

സ്വാമി : നിങ്ങള് ബുദ്ധന്റെ പര്യായങ്ങള് കേട്ടിരിക്കുമല്ലോ.
"ഷഡഭിജ്ഞോ ദശബലോ
അദ്വയവാദീ വിനായകഃ" എന്ന്.

ബ്രോക്ക൪ - ഉവ്വ്.

സ്വാമി : നാം അദ്വയവാദി ആയതുകൊണ്ടു തന്നെയാണു നമ്മുടേതും ബുദ്ധമതമാണെന്നു പറഞ്ഞത്.

ബ്രോക്ക൪ സന്തുഷ്ടനായി.

- സി.ആ൪. കേശവ൯ വൈദ്യ൪, ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ

"നാം ശ്വാസം ഏതു ഭാഗത്തുനിന്ന് എടുക്കണം ?"

കുമ്മംപള്ളി രാമ൯ പിള്ള ആശാന്റെ കുടിപള്ളിക്കൂടത്തില്‍ വിദ്യാ൪ത്ഥികള്ക്ക് ജാതി നോക്കിയാണ് ഇരിപ്പിടം കല്പിച്ചിരുന്നത്. പലക, പനംപായ്, മെടഞ്ഞ ഓല, എന്നിവയായിരുന്നു ഇരിക്കാ൯. 

ഒരു ദിവസം നാരായണ ഗുരു പലകയില്‍ വന്നിരുന്നു. അപ്പോള്‍ ചില കുട്ടികള്‍പറഞ്ഞു : "മെടഞ്ഞ ഓലയാണ് നിങ്ങളുടെ ഇരിപ്പിടം, അവിടെ മാറി ഇരിക്കണം." 

ഗുരു ഓലക്കീറില്‍ മാറി ഇരുന്നിട്ടു ചോദിച്ചു : "നാം ശ്വാസം ഏതു ഭാഗത്തുനിന്ന് എടുക്കണം ?" 

ഉത്തരം മുട്ടിയ കുട്ടികള്‍ ആശാനോടു വിവരം പറഞ്ഞു. 

രാമ൯ പിള്ള ആശാ൯ : "ഞാ൯ അവനെ നിയന്ത്രിച്ചു കൊള്ളാം. നിങ്ങള്‍ നിയന്ത്രികേണ്ട. അവന് ഇഷ്ടമുള്ളിടത്ത് ഇരിക്കട്ടെ".

- ഗുരുകുലം മാസിക

കര്‍മ്മയോഗി ശ്രീനാരായണ ഗുരു :

ഒരേ സമയം കര്‍മ്മയോഗിയും അദ്വൈതവാദിയുമായി നമുക്ക് ശ്രീനാരായണ ഗുരുവിനെ കാണാന്‍ സാധിക്കും . പക്ഷെ ചരിത്രം ആ യുഗപുരുഷനെ ജ്ഞാനിയായ മഹര്‍ഷിയായിട്ടല്ല ദര്‍ശിക്കുന്നത് പകരം ഒരു സമൂഹ്യപരിഷ്കര്‍ത്താവിന്റെ ഉടയാട ചാര്‍ത്തി ആദരിക്കുന്നു . 


എന്നാല്‍ സത്യം അതല്ല, അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച്‌ ഗുരു ഒരു സമൂഹ്യപരിഷ് കര്‍ത്താവിന്റെ വേഷം കൂടി അണിഞ്ഞു എന്ന് പറയുന്നതാവും കൂടുതല്‍ ശരി . പക്ഷെ ആ രൂപത്തില്‍ ആ പുന്യാത്മാവിലെ ഒരു നിത്യയോഗിയുടെ പ്രകാശത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയി . പരമാര്‍ത്ഥികസത്തയെ അംഗീകരിക്കുമ്പോഴും വ്യാവഹാരികസത്തയെ പൂര്‍ണ്ണമായി നിഷേധിക്കാനാവില്ല എന്ന സത്യത്തിന് ആദി ശങ്കരന്‍ ഉള്‍പ്പെടെയുള്ള ഋഷീശ്വരന്മാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല . 

അദ്വൈതത്തെ വരച്ചുകാട്ടിയ ശ്രീശങ്കരന്‍ ചണ്ടാല രൂപത്തില്‍ വന്ന പരമശിവനെ വഴിയില്‍ നിന്ന് ആട്ടി അകറ്റിയത് അതുകൊണ്ടാണ് . എന്നാല്‍ സാംസ്കാരികസത്തയെ മായ എന്ന് പറഞ്ഞു മാറ്റി നിര്‍ത്താന്‍ ഗുരു തയ്യാറായിരുന്നില്ല . "ബ്രഹ്മസത്യം ജഗത്മിഥ്യ " എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ആ ജഗത്തിലെ ഭേദകല്പനകളെ അംഗീകരിക്കുന്നത് ഒരു ജ്ഞാനിയായ യോഗിക്ക് ചേര്‍ന്നതല്ല എന്ന് ഗുരു വിശ്വസിച്ചു . അതുകൊണ്ടാണ് ജ്ഞാനത്തിന്റെ മറുകര കണ്ട ഗുരു ഭൌതിക കര്‍മ്മമണ്ഡലത്തിന്റെ മാലിന്യങ്ങളിലേക്ക് ശുഭ്ര മനസ്സോടെ ഇറങ്ങിചെന്നത് . 

മരുത്വാമലയിലെയും , കൊടിതൂക്കിമലയിലെയും നിത്യ പ്രശാന്തതയില്‍ നിന്ന് ഗുരുവിനെ വിളിച്ചിറക്കിയത് മനുഷ്യസ്നേഹം എന്ന മന്ത്രമായിരുന്നു , സഹ ജീവികളോടുള്ള അനന്തമായ കാരുണ്യം ആയിരുന്നു . ദര്‍ശന കൃതികളായ ആത്മോപദേശശതകവും , ദര്‍ശനമാലയും , അദ്വൈതദീപികയുമൊക്കെ രചിച്ച ആ മഹാനുഭാവനില്‍ നിന്ന് ജാതിലക്ഷണവും , ജാതിനിര്‍ണ്ണയവും, അനുകമ്പദശകവുമൊക്കെ ഒഴുകിയെത്തിയതും ഈ മനുഷ്യസ്നേഹം കൊണ്ടായിരുന്നു . "സന്യാസികളില്ലിങ്ങനെ " എന്ന് ആശനെകൊണ്ട് പറയിപ്പിച്ചതിനും കാരണം മറ്റൊന്നല്ല .

മനുഷ്യത്വം പുലരുന്ന ഒരു മഹാകലത്തെ സൃഷ്‌ടിച്ച ശേഷവും " നാം ഒന്നും ചെയ്തില്ലല്ലോ "എന്ന് ടാഗോറിനോട് പറഞ്ഞ ആ മഹാഗുരു തന്നെയാണ് ദര്‍ശനമാലയില്‍ അദ്ദേഹം തന്നെ നിര്‍വ്വചിച്ച ബ്രഹ്മവിത്ത് എന്നതില്‍ സംശയമില്ല!

ജ്ഞാനത്തെയും, കര്‍മ്മത്തെയും സമന്വയിപ്പിച്ചുകൊണ്ട് ആത്മീയതയും , ഭൌതികതയും രണ്ടല്ല എന്നും അദ്വൈതം അതുകൂടിയാണെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശ്രീനാരായണ ഗുരുവിനു തുല്യം മറ്റൊരു ഋഷി ഇല്ല എന്നത് അതിശയോക്തിയല്ല . 

കാരണം ആത്മ ജ്ഞാനികളായ ഗുരുക്കന്മാര്‍ നമുക്ക് ജ്ഞാനം പകര്‍ന്നു തരുന്നു , എന്നാല്‍ കര്‍മ്മത്തില്‍ അവര്‍ വിമുഖരായിരിക്കും . അതിനാല്‍ തന്നെ മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരു പരിപൂര്‍ണ്ണന്‍ തന്നെ ! ഈ പൂര്‍ണ്ണതയെ അറിയാന്‍ ശ്രമിക്കുകയും , അറിഞ്ഞതിനെ അനുഷ്ടിക്കുകയുമാണ് നാം ചെയ്യേണ്ടത് . 

എത്ര എടുത്താലും പൂര്‍ണ്ണമായി തന്നെ അവശേഷിക്കുന്ന ഗുരുവിന്‍റെ മഹത്വത്തിന് നമ്മുടെ ജീവിതം തന്നെ സങ്കീര്‍ത്തനമാക്കുക

(അവലംബം : ഡോ : ഗീതാ സുരാജ് )

പാദുകം നാമാകുമെങ്കിൽ വേൽ നാമായിക്കൂടെയോ ?- ശ്രീനാരായണ ഗുരു

ശിവഗിരിയില്‍ പ്രതിഷ്ഠയ്ക്കു മുമ്പു ഒരു കാലത്ത് അവിടെ ഒരു സ്വ൪ണ്ണ വേൽ വെച്ചു പുജിച്ചിരുന്നു.

എന്നാൽ വേറെ ഒരു കൂട്ടം ഭക്തന്മാരുണ്ടായിരുന്നു. ശ്രീനാരായണ ഗുരു സ്വാമിതൃപ്പാദപൂജയല്ലാതെ യാതൊരു പൂജയും ചെയ്തുകൂടെന്നായിരുന്നു അവരുടെ മതം.

അതില് ഒരു ഭക്ത൯ ആ സ്വ൪ണ്ണവേല് എടുത്തു കാട്ടില്‍ കളഞ്ഞ് പകരം തൃപ്പാദങ്ങളുടെ പാദുകം ആ സ്ഥാനത്തുവച്ചു. 

അവനെ പിടിച്ചു സ്വാമി സന്നിധിയില്‍ കൊണ്ടു ചെന്നു.

ശ്രീനാരായണ ഗുരു സ്വാമികള്‍ - ആ വേല്‍ എന്തിനായി എടുത്തുകളഞ്ഞു ?

ഭക്ത൯ - തൃപ്പാദവിഗ്രഹമല്ലാതെ ഒന്നും പൂജിച്ചു കൂടെന്നാണ് അടിയങ്ങളുടെ വ്രതം.

സ്വാമികള്‍ - പാദുകമോ ?

ഭക്ത൯ - അതു സ്വാമി സങ്കല്പമായി വച്ചിരിക്കുകയാണ്.

സ്വാമികള്‍ - പാദുകം നാമാകുമെങ്കില്‍ വേല്‍ നാമായിക്കൂടെയോ ?

- ധ൪മ്മം മാസിക, 1928 മേയ് 14
പത്രാധിപന്മാ൪ - ധ൪മ്മതീ൪ത്ഥ൪, മൂ൪ക്കോത്തു കുമാര൯

കേശവപിള്ള വേഗം തന്നെ വ്യാപാരം നിറുത്തിക്കൊള്ളണം - ശ്രീ നാരായണ ഗുരു

ചെമ്പഴന്തി മൂത്തപിള്ളയുടെ ഒരു ബന്ധുവായിരുന്നു കേശവപിള്ള. 

അയാൾക്ക്‌ പൂണ്ടം മുട്ടേൽ എന്ന സ്ഥലത്ത് ഒരു വലിയ മൊത്ത വ്യാപാര സ്ഥാപനമുണ്ടായിരുന്നു . 

ഒരു ദിവസം കേശവപിള്ള ഗുരുസ്വാമിയെ കടയിലേക്ക് ക്ഷണിച്ചു . 

കട സന്ദർശിച്ചശ്ശേഷം തിര്യെ പോകുമ്പോൾ കേശവപിള്ളയോട് ഗുരുദേവൻ പറഞ്ഞു വേഗം തന്നെ വ്യാപാരം നിറുത്തിക്കൊള്ളണം. 

അവിടെ കൂടി നിന്നുരുന്ന ആളുകളും, സാധനം വാങ്ങാൻ കടയിൽ വന്നവരും സ്വാമി പറഞ്ഞത് കേട്ട് അന്ധം വിട്ടു നിന്നു. എന്തുകൊണ്ടാണ് ഗുരുദേവൻ ഇങ്ങനെ പറയാൻ കാരണം എന്ന് പരസ്പ്പരം ചോദിച്ചു കൊണ്ടിരുന്നു. 

അധികം താമസിയാതെ പോലീസ് അവിടെ എത്തുകയും കേശവൻപിള്ളയെ കള്ളപ്പണ ക്രയവിക്രയ കുറ്റത്തിനു അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കുകയും അതിനുശേഷം അയാൾ മരണപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു.

ശ്രീ നാരായണ ഗുരുവും മെസ്മറിസവും

ഒരിക്കൽ കൊലത്തൂരുള്ള കൊലത്തൂക്കര ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരു സ്വാമികൾ വിശ്രമിക്കുകയായിരുന്നു . 

അപ്പോൾ ഒരു ബ്രാഹ്മണൻ (നമ്പൂതിരി) സ്വാമിയെ കാണാൻ അവിടെ എത്തി. എന്നിട്ട് പറഞ്ഞു 

എനിക്ക് ഒരാളെ മേസ്മരിസത്തിലൂടെ ഉറക്കാനും അയാളുടെ കഴിഞ്ഞ കാര്യങ്ങൾ ഉറക്കത്തിലൂടെ വെളിപ്പെടുത്താനും സാധിക്കും . 

ഗുരു ചോദിച്ചു അപ്പോൾ ഒരാളെ ഉറക്കാനും കഴിയും  അല്ലെ. . 

നമ്പൂതിരി സമ്മതിച്ചു. 

ഗുരുവും ബ്രാഹ്മണനും പരസ്പ്പരം ഇമവെട്ടാതെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. 

നമ്പൂതിരി എന്തോ കുറെ വാക്കുകൾ ഉച്ചരിച്ചിട്ടു സ്വാമിയോട് ഉറങ്ങുവാൻ ആജ്ഞാപിച്ചു.

എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ നമ്പൂതിരി ഉറങ്ങിപോയത് കണ്ടിട്ടു ഗുരു മന്ദഹസിച്ചിരുന്നു. 

അവിടെ കൂടിയിരുന്ന ആളുകൾ അത് കണ്ടു അതിശയപ്പെട്ടു നിന്നു.

ഗുരുദേവൻ തന്റെ കമണ്ടലത്തിൽ നിന്നും അല്പ്പം തീർത്ഥ ജലം നമ്പൂതിരിയുടെ മുഖത്തു തളിച്ചപ്പോൾ അയാൾ ഉണർന്നു .

നമ്പൂതിരി ഗുരുവിന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചിട്ടു പറഞ്ഞു ഗുരോ എനിക്ക് മാപ്പു തരണം.

കേരള മണ്ണില്‍ ശ്രീ നാരായണ ഗുരുവിന്‍റെ രക്തരഹിത മഹാ വിപ്ളവം.

വിപ്ളവമെന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെ മാറ്റി എഴുതത്തക്ക രീതിയില്‍ നടക്കുന്ന സംഘടിതമായ ജനമുന്നേറ്റമാണ് എന്നാല്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ മിക്കവയും രക്തം
ചിന്തിയുള്ളവയായിരിക്കും. 

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉടലെടുത്ത പല വിപ്ലവങ്ങളുടെയും ചരിത്രം എടുത്തു പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും .ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ വിപ്ളവം സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാഗാന്ധി നയിച്ച സമരങ്ങളായിരുന്നു എന്നതില്‍ സംശയമില്ല . തികഞ്ഞ അഹിംസാവാദി ആയിരുന്ന ഗാന്ധിജിയുടെ സമരങ്ങള്‍ പോലും പലപ്പോഴും രക്തപങ്കിലമായിട്ടുണ്ട്, ഗാന്ധിജിയുടെ അറിവോടെയല്ലെങ്കില്‍ പോലും. അവിടെയാണ് കേരള മണ്ണില്‍ ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിവച്ച സാമൂഹിക വിപ്ളവങ്ങളുടെ പ്രാധാന്യം നിലനില്‍ക്കുന്നത് . ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ദുഷ്പ്രവണതകള്‍ക്കും , സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരായി ഒരു വലിയ വിപ്ളവം തന്നെ ശ്രീ നാരായണ ഗുരുദേവന്‍ നയിച്ചു. ഒരു തുള്ളി രക്തം ചിന്താതെ ആ വിപ്ളവത്തെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റെല്ലാ വിപ്ളവങ്ങളില്‍ നിന്നും ഗുരു തുടങ്ങിവച്ച വിപ്ളവത്തെ വ്യത്യസ്തമാക്കുന്നത് .

സമൂഹത്തില്‍ എല്ലാ വിധ അവകാശങ്ങളുടെയും സംരക്ഷകര്‍ എന്ന് സ്വയം അവരോധിക്കപ്പെട്ട ഒരു ന്യൂനപക്ഷത്താല്‍ , ഭൂരിപക്ഷ ജനസഞ്ചയം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ ,ഈ സാമൂഹികതിന്മയെ ചെറുത്തുതോല്‍പ്പിച്ച് അടിച്ചമര്‍ത്തപ്പെട്ടവനില്‍ ആത്മബോധം വളര്‍ത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ഗുരുദേവന്‍ നടത്തിയ സാമൂഹിക വിപ്ളവം . ഗുരുവിന്‍റെ ഈ വിപ്ളവങ്ങളുടെ തുടക്കം 1888 ലെ ശിവരാത്രി നാളില്‍ നെയ്യാറ്റിന്‍കരയുടെ തീരത്ത്‌ അരുവിപ്പുറത്തുനിന്നായിരുന്നു . സവര്‍ണ്ണ മേധാവിത്വത്തിന്റെ കരാളഹസ്തങ്ങളാല്‍ സഗുണാരാധന നിഷിദ്ധമായിരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കായി ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അന്നുവരെ നിലനിന്നിരുന്ന ആരാധന സമ്പ്രദായങ്ങളെ തിരുത്തിക്കുറിച്ചു ഗുരുദേവന്‍ . സവര്‍ണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഗുരുദേവന്‍ നടത്തിയ ഈ ശിലാകര്‍മ്മം യാഥാസ്ഥിക മനസ്സുകളെ ചൊടിപ്പിച്ചു . വെല്ലുവിളിയുമായി തന്‍റെ അടുത്തേക്കുവന്ന അവരെ " നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെയാണ് " എന്ന വാക്കുകള്‍ കൊണ്ട് അവരെ നിശബ്ദരാക്കി തിരിച്ചയക്കുവാന്‍ ആ പരമഗുരുവിനല്ലാതെ വേറെ ആര്‍ക്കാണ് കഴിയുക .?

എന്നാല്‍ ഇതേ കര്‍മ്മം ഇന്നാണ് നടക്കുന്നതെങ്കില്‍ എന്താകുമായിരിക്കും അവസ്ഥ ? സവര്‍ണ്ണനും , അവര്‍ണ്ണനും പരസ്പരം ഏറ്റുമുട്ടി , ആയിരങ്ങള്‍ മരിച്ചുവീഴുന്ന ഒരു യുദ്ധഭൂമിയായി മാറുമായിരുന്നില്ലേ കേരളം ? അവിടെയാണ് ശ്രീ നാരായണ ഗുരു എന്ന ഈശ്വരന്‍റെ മഹത്വം നമ്മള്‍ മനസ്സിലാകേണ്ടത് . ഗുരു എതിര്‍ത്തു തോല്‍പ്പിച്ചത് യാഥാസ്ഥിതികരെയല്ല മറിച്ച് യാഥാസ്തിതിക മനസ്സുകളെയാണ്. അതുകൊണ്ടുതന്നെയാണ് ഒരുതുള്ളി രക്തംപോലും വീഴാതെ തന്‍റെ ലക്ഷ്യപൂര്‍ത്തീകരണം സാധിക്കുവാന്‍ ഗുരുവിനു കഴിഞ്ഞത് . തന്‍റെ ലക്ഷ്യങ്ങളെ എതിര്‍ക്കുന്നവരോട് ഗുരു ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല . അവരെയൊക്കെ സൌമ്യമായ ഭാവത്തോടെ ഗുരു സ്വീകരിച്ചു . വിമര്‍ശനങ്ങള്‍ക്ക് തന്‍റെ ശൈലിയില്‍ ആരെയും വേദനിപ്പിക്കാതെ മറുപടി നല്‍കി . ഇപ്രകാരം ശത്രുവിനെപോലും മിത്രമാക്കി മാറ്റിയെടുത്ത് താന്‍ നയിക്കുന്ന വിപ്ളവത്തിന്‍റെ മൂര്‍ച്ചകൂട്ടുവാന്‍ ശ്രീ നാരായണ ഗുരുവിന് സാധിച്ചു .

ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന സത്യവ്രത സ്വാമികളുടെ ജീവിതം തന്നെ ഇതിന്‍റെ സാക്ഷ്യപത്രമാണ്‌ . യാഥാസ്ഥിതിക നായര്‍ കുടുംബത്തില്‍ ജനിച്ച കുഞ്ഞുപിള്ള എന്ന സത്യവ്രത സ്വാമികള്‍ തികഞ്ഞ സവര്‍ണ്ണ ചിന്ത വച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ കുഞ്ഞുപിള്ള ആ പരമഗുരുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് ആ സന്നിധിയിലേക്ക് വന്നത് . എന്നാല്‍ ഗുരുവിനെ കണ്ടമാത്രയില്‍ തന്നെ കുഞ്ഞുപിള്ള ആ മഹത്മാവില്‍ ആകൃഷ്ടനാവുകയും , ഗുരുവിന്‍റെ വാക്കുകളില്‍ സത്യത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്‍റെ അടുത്തഷിന്യായി സത്യവ്രതസ്വാമികള്‍ എന്ന പേരില്‍ ഗുരുവചനങ്ങളുടെ പ്രവാചകനായി മാറുകയും ചെയ്തു . അനവധി അധ:കൃതരെ തച്ചുകൊന്ന ആ കൈകള്‍ കൊണ്ട് അവിടുത്തെ പാദപൂജ ചെയ്യിച്ചു എന്നത് ശ്രീനാരായണ പരമ ഗുരുവിന് മാത്രം അവകാശപ്പെടാവുന്നതാണ് .

ഇപ്രകാരം ശാന്തത കൈവിടാതെ എതിര്‍പ്പിന്റെ കൂര്‍ത്തമുനകളെ പൂവുപോലെ മൃദുവാക്കി, ശത്രുവിനെപ്പോലും തന്നിലേക്കടുപ്പിച്ചു , താന്‍ ചുവടുവച്ച ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഒരുതുള്ളി രക്തം പോലും വീഴിക്കാതെ ഫലപ്രാപ്തിയില്‍ എത്തിച്ചു എന്നത് ശ്രീ നാരായണ ഗുരുവിന് മാത്രം അവകാശപ്പെടാവുന്ന മഹത്വമാണ് . ആ മഹത്വം ഒന്ന് തന്നെയാണ് കേരള ചരിത്രമാകെ മാറ്റിമറിച്ച വ്പിളവ വീഥികള്‍ രക്തരഹിതമാകുന്നതിന്റെ രഹസ്യവും . 

ആ മഹത്വത്തെ അറിയുവാന്‍ നാം ഇനിയും വൈകി കൂടാ............

ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ വിപ്ലവം - അമ്മ അമൃതാനന്ദമയി

ശ്രീനാരായണഗുരുദേവന്‍  വാക്കുകൊണ്ട് വിശദീകരിക്കേണ്ട ഒരു വിഷയവുമില്ല. അനുഭവിച്ചറിയേണ്ട ഒരു പ്രതിഭാസമാണ്.

അനുഭവിച്ചാല്‍പ്പിന്നെ നമുക്ക് പറയാന്‍ അധികമുണ്ടാകില്ല. സത്യത്തെ അസത്യമായും ധര്‍മ്മത്തെ അധര്‍മ്മമായും കരുതുമ്പോഴാണ് സമൂഹം വഴിതെറ്റിപ്പോകുന്നത്. അങ്ങനെ വഴിതെറ്റാന്‍ തുടങ്ങിയ സമൂഹത്തെ മുഴുവന്‍ രക്ഷിച്ച മഹാത്മാവാണ് ഗുരുദേവന്‍.

ഗുരുദേവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഓര്‍മവരുന്നത് ഒരു തീര്‍ഥാടകന്റെ കഥയാണ്. ഒരിക്കല്‍ ഒരു തീര്‍ഥാടകന്‍ നടന്നു പോവുമ്പോള്‍ അനേകം ശില്‍പികല്‍ ഇരുന്ന് ശില്പ്പങ്ങള്‍ കൊത്തുന്നത് കാണാനിടയായി. 

ആദ്യം കണ്ട ശില്പിയോട് ആ തീര്‍ഥാടകന്‍ ചോദിച്ചു. ‘നിങ്ങളെന്താണ് ചെയ്യുന്നത്?’

അദ്ദേഹം മുഖം പോലും ഉയര്‍ത്താതെ വലിയ ഗൗരവത്തില്‍ ദേഷ്യഭാവത്തോടെ പറഞ്ഞു.’നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാവില്ലേ? ശല്യപ്പെടുത്താതെ ഇവിടെ നിന്ന് പോവുക’. ആ തീര്‍ഥാടകന്‍ മുന്നോട്ടുപോയി. അടുത്തുകണ്ട വേരൊരു ശില്പിയോട് ചോദിച്ചു. ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ അപ്പോള്‍ ആ ശില്പി അലസഭാവത്തില്‍ എഴുന്നേറ്റ് ഉളിയും കൊട്ടുവടിയുമൊക്കെ താഴെയിട്ടിട്ട്, ആ തീര്‍ഥാടകന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ദീര്‍ഘശ്വാസം വിട്ടുകൊണ്ടു  പറഞ്ഞു: ’എന്റെ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലി ചെയ്യുകയാണെന്നു കണ്ടാല്‍
മനസ്സിലാവില്ലേ?’ 

തീര്‍ഥാടകന്‍ ഒന്നും പറയാതെ വീണ്ടും മുന്നോട്ടുപോയി.

അവിടെ മറ്റൊരു ശില്പി പാട്ടും പാടിക്കൊണ്ട് വിഗ്രഹം കൊത്തുകയാണ്. തീര്‍ഥാടകന്‍ ചോദിച്ചു :’നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ 
ആ ശില്പി പുഞ്ചിരിതൂകിക്കൊണ്ട് വിനയഭാവത്തില്‍ പറഞ്ഞു:’വിഗ്രഹം കൊത്തുകയാണ്’. അദ്ദേഹം പാട്ടും പാടി വീണ്ടും ശില്പംകൊത്താന്‍ തുടങ്ങി. 

ഇവിടെ മൂന്നുപേരും ഒരേ ജോലിയാണ് ചെയ്യുന്നത്. പക്ഷേ, അവരുടെ മനോഭാവം വ്യത്യസ്തമായിരുന്നു.

ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട് ജോലിചെയ്യുകയാണ്. രണ്ടാമത്തെയാള്‍ വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിചെയ്യുകയാണ്. മൂന്നാമത്തെയാള്‍ ആ കര്‍മം സന്തോഷത്തോടെ ഒരു അനുഭവമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.

ഗുരുദേവന്‍ നിസ്സംഗനായിരുന്നു. അതുകൊണ്ട് ആത്മീയവിപ്ലവത്തിലൂടെ ഒരു
ശുദ്ധികലശം നടത്താനും അതിലൂടെ സാമൂഹ്യപ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാനും സാധിച്ചു. ഗുരുദേവനെപ്പോലെയുള്ള കര്‍മയോഗികള്‍ക്ക് മാത്രമേ സമൂഹത്തില്‍ യഥാര്‍ഥ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ.

വാസ്തവത്തില്‍ മറ്റൊരു കുരുക്ഷേത്രയുദ്ധമായിരുന്നു ഗുരുദേവന്‍ നയിച്ചത്. പക്ഷേ, ആയുധം കൊണ്ടുള്ള യുദ്ധമായിരുന്നില്ല അത്. ധര്‍മനിഷ്ടയും സദാചാരബോധവുമായിരുന്നു അദ്ദേഹം ആയുധമാക്കിയത്. അതില്‍ ഉറച്ചുനിന്ന് നിശ്ചയാദാര്‍ഢ്യത്തോടെ തന്നെ അദ്ദേഹം അധര്‍മത്തോടും അനാചാരത്തോടും സമരം ചെയ്തു. 

ആധ്യാത്മികമായ ശക്തിയും കര്‍മധീരതയും പാണ്ഡിത്യവും തികഞ്ഞ വ്യക്തിയായിരുന്നു ‍ഗുരുദേവന്‍. ഗുരുദേവന്‍ ബാല്യത്തിലേ വ്യത്യസ്തനായിരുന്നു. ഏകാന്തതയിലിരുന്ന് ജീവിതവൈരുദ്ധ്യങ്ങളുടെ ആഴത്തെക്കുറിച്ച് ചിന്തിച്ചു. അവധൂതനായി നടക്കുന്ന സമയത്ത് കേരളത്തിലെ അവര്‍ണരുടെ ദയനീയാവസ്ഥ നേരിട്ട് കണ്ടറിഞ്ഞു. അതിനുശേഷം മുറികെപ്പിടിച്ചിരുന്ന അദ്വൈതമായിരുന്ന ആത്മീയശക്തി ഉപയോഗിച്ച് സ്വാര്‍ത്ഥ താപര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അധര്‍മചാരികളോടുള്ള ധര്‍മയുദ്ധമായിരുന്നു. ധര്‍ത്തെ രക്ഷിച്ചാല്‍ ധര്‍മം നമ്മളെ രക്ഷിക്കുമെന്നുള്ള ശ്രുതിവാക്യത്തെ സത്യമാക്കിത്തരുന്നു ഗുരുദേവന്‍.

സന്ന്യാസിമാര്‍ സമൂഹസേവനം വ്രതമായി സ്വീരിക്കണം എന്നതായിരുന്നു
ഗുരുവിന്റെ മതം. സന്ന്യാസത്തെക്കുറിച്ചും സന്ന്യാസിമാര്‍ക്ക് സമൂഹത്തോടുള്ള കടമകളെക്കുറ്ച്ചും ഗുരുദേവന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

സന്ന്യാസിമാരെക്കുറിച്ച് അമ്മയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. സംന്യാസിമാര്‍ മമതയില്ലാതെ കര്‍മം ചെയ്യണം. സമര്‍പ്പണംകൊണ്ടു മാത്രമേ അതു സാധിക്കുകയുള്ളൂ. ഹൃദയംനിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വയം സുഖം ത്യജിച്ചുകൊണ്ടുള്ള സന്തോഷവുമാണ് സംന്യാസത്തെ വ്യത്യസ്തവും അതുല്യവുമാക്കുന്നത്. യഥാര്‍ഥ സംന്യാസിക്കു മാത്രമേ യഥാര്‍ഥ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ. സംന്യാസി എന്നു പറയുമ്പോള്‍ കാഷായവസ്ത്രം ധരിക്കുക മാത്രമല്ല, എല്ലാവരെയും സകല ചരാചാരങ്ങളെയും സ്നേഹിക്കുകയും വേണം. അവരുടെ സന്തോഷത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. അതായത് ലോകത്തെയാകെ സ്നേഹിക്കാന്‍ കഴിയണം എന്നര്‍ഥം.

അനാചാരം, അജ്ഞത, അലസത എന്നിവയോട് പടപൊരുതുമ്പോള്‍ ഗുരുദേവന് നിസ്സംഗതയും കരുണയും ഉണ്ടായിരുന്നു. അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അതിനെ അവഗണിച്ചവരെയും അദ്ദേഹം സ്നേഹത്തോടെ പരിഗണിച്ചിരുന്നു.

സമൂഹത്തില്‍ നിയമം കൊണ്ടു വരാന്‍ അധികാരവും പദവിയും വേണം പക്ഷേ, ആ അധികാരവും പദവിയും മമതയില്ലാതെ ഉപയോഗിക്കാന്‍ പഠിക്കണം. അതാണ് ഗുരുദേവന്‍ ലോകത്തിന് കാട്ടിതന്ന ഉപദേശവും മാതൃകയും. ഗുരുദേവനെപ്പോലെയുള്ള മഹാത്മാക്കളുടെ വാക്കുകളും പ്രവൃത്തികളുമാണ് മക്കള്‍ ചൂണ്ടു പലകയായി ജീവിതത്തില്‍ സ്വീകരിക്കേണ്ടത്.

കടപ്പാട്: മാതൃഭുമി

ഒരു മോഷ്‌ടാവിനുണ്ടായ അനുഭവം വക്കത്ത്‌ നാരായണന്‍ വൈദ്യരുടെ അനുഭവക്കുറിപ്പില്‍നിന്ന്‌

തിരുവനന്തപുരത്തിനടുത്തുള്ള വേളിയില്‍ പാവപ്പെട്ട ഒരു കുടുംബമുണ്ടായിരുന്നു. ഒരു അമ്മയും കൊച്ചുകുട്ടിയും.

ശ്രീനാരായണ ഗുരു സ്വാമികൾ അവധൂതനായി നടന്നിരുന്ന കാലത്ത്‌ ഒരിക്കല്‍ അവരുടെ വീട്ടില്‍ചെന്ന്‌ വിശപ്പിന്‌ വല്ലതും വേണമെന്ന്‌ പറഞ്ഞു. ആ സാധുസ്‌ത്രീ തന്റെ കുട്ടിക്ക്‌ വച്ചിരുന്ന പഴംചോറ്‌ എടുത്ത്‌ സ്വാമിക്ക്‌ കൊടുത്തു. ഗുരുദേവന്‍ ആ സ്‌ത്രീയെ ചകിരിപിരിച്ച്‌ കയറാക്കുന്ന വിദ്യ പരിചയിപ്പിച്ചു. പിന്നീട്‌ പലരില്‍നിന്നായി പിരിച്ചെടുത്ത ഇരുന്നൂറ്‌ രൂപ കൊടുക്കുകയും അതുകൊണ്ട്‌ ആ പാവപ്പെട്ട കുടുംബം നല്ല നിലയില്‍ ആവുകയും ചെയ്‌തു.

ഒരിക്കല്‍ ഒരു ക്രിസ്‌ത്യന്‍ സ്‌ത്രീ അവരുടെ ചകിരി കട്ടെടുത്ത്‌ തന്റെ വീട്ടില്‍ കൊണ്ടുപോയിവച്ചു. ആ വീടിന്‌ തീപിച്ച്‌ച്ചെന്നും ക്രിസ്‌ത്യന്‍ സ്‌ത്രീക്ക്‌
ഭാന്തുണ്ടായെന്നും പറയപ്പെടുന്നു. ഭ്രാന്തുപിടിച്ച സ്‌ത്രീ പലതും പറയുന്നകൂട്ടത്തില്‍ ഞാന്‍ നാണുആശാന്റെ ചകിരി കട്ടില്ലേ എന്ന്‌ കൂടെക്കൂടെ പറയുമായിരുന്നു.

ഇന്ന്‌ പലരും പറയുന്ന കാര്യമാണ്‌ ശ്രീനാരായണ പ്രസ്ഥാനത്തില്‍ ഇരിക്കുന്നവര്‍ സ്വാമിയുടെ പണം മോഷ്ടിച്ചു എന്ന്‌. എനിക്ക ഉറപ്പുണ്ട്‌. അങ്ങനെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്ന്‌. അങ്ങനെ ചെയ്‌തവര്‍ക്ക്‌ തക്ക ശിക്ഷയും കിട്ടിയിട്ടുണ്ട്‌. ഞാന്‍ പലപ്പോഴും ഇങ്ങനെപറയുന്നവരോട്‌ ഈ കഥയും എന്റെ ശാഖയായ മാന്നാനത്ത്‌ ഈ അടുത്തകാലത്തുപോലും സംഭവിച്ച കാര്യവും വിവരിക്കാറുണ്ട്‌.

ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരിക്കല്‍ മാന്നാനം ഗുരുമന്ദിരത്തില്‍ കള്ളന്‍ കയറി. കാണിക്കപ്പെട്ടിയുമായി കാറില്‍ യാത്രയായ കള്ളന്‍ അന്നത്തെ സെക്രട്ടറിയുടെ വീടിനുമുമ്പില്‍ എത്തിയപ്പോള്‍ കാറ്‌ നിന്നുപോയി. മാത്രമല്ല കള്ളന്‍ കാറിനു ചുറ്റിലുമായി നടക്കാനും തുടങ്ങി. ശബ്ദം കേട്ട്‌ പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാരെ വിളിച്ചുകൂട്ടി. കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌ ഗുരുമന്ദിരം ഭേദിച്ച കള്ളനാണെന്ന്‌.

പിന്നീട്‌ 15 കൊല്ലം മുമ്പും മാന്നാനം ഗുരുമന്ദിരം ക്ഷേത്രമായപ്പോഴും കാണിക്കപ്പെട്ടി മോഷ്ടിച്ചു. കുറേ പണമെടുത്ത്‌ മദ്യപിക്കുകയും ചെയ്‌തു. പക്ഷേ മോഷ്ടിച്ച അന്നുമുതല്‍ അയാള്‍ക്ക്‌ ഉറങ്ങാന്‍ സാധിച്ചില്ല. ശാഖ പോലീസില്‍ കേസ്‌ കൊടുത്തു. 3 ദിവസം കഴിഞ്ഞപ്പോള്‍ ആ പ്രദേശത്തുള്ള കള്ളന്‍ കാണിക്കപ്പെട്ടിയുമായി വന്ന്‌ ക്ഷമപറഞ്ഞു. അയാളുടെ പി്‌ന്നീടുള്ള അവസ്ഥ ഞാന്‍ വിവരിക്കുന്നില്ല. കഷ്ടം എന്നേ പറയേണ്ടതുള്ളൂ.

ഏകദേശം 6 വര്‍ഷം മുമ്പും മാന്നാനം ഗുരുക്ഷേത്രത്തില്‍ കള്ളന്‍ കയറി. അന്ന്‌ ഞാന്‍ ശാഖാകമ്മറ്റിയംഗമായിരുന്നു. ഏതോ വീട്ടിലെ ഹോമക്രിയകള്‍ കഴിഞ്ഞ മടങ്ങിയ ക്ഷേത്രം മേല്‍ശാന്തിക്ക്‌ അന്ന്‌ വീട്ടില്‍ പോവാന്‍ സാധിച്ചില്ല. അദ്ദേഹം ക്ഷേത്രത്തിലെ വിശ്രമമുറിയില്‍ തങ്ങി. അന്ന്‌ രാത്രിയില്‍ എന്തോ ശബ്ദം കേട്ട്‌ നോക്കിയ മേല്‍ശാന്തി ആരോ ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുന്നത്‌ കണ്ട്‌ തന്റെ മൊബൈലില്‍ സെക്രട്ടറിയെ വിളിച്ചു. അവിടെ അടുത്തു താമസിക്കുന്ന സെക്രട്ടറി നാട്ടുകാരുമായി ഓടിയെത്തി. കള്ളന്‍ കാണിക്കപ്പെട്ടി തകര്‍ത്തിരുന്നു എങ്കിലും പണം എടുത്ത്‌ ഓടാന്‍ സാധിച്ചില്ല. അയാള്‍ മതിലില്‍തട്ടി മറിഞ്ഞുവീണു പണം തെറിച്ച്‌ ക്ഷേത്ര മൈതാനിയില്‍ വീണു. കള്ളനെ പിന്നീട്‌ എം.ജി.യൂണിവേഴ്‌സിറ്റിയുടെ പരിസരത്തുവച്ച്‌ നാട്ടുകാരും സെക്രട്ടറിയും മറ്റും ചേര്‍ന്ന്‌ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഇതിനെയെല്ലാം പലര്‍ക്കും പലവീക്ഷണകോണിലൂടെ കാണാം. പക്ഷേ ഇന്നും ഭക്തജനങ്ങള്‍ ഗുരുദേവാര്‍പ്പിതമായി സമര്‍പ്പിക്കുന്ന ഒരു ചില്ലിക്കാശുപോലും ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല. അങ്ങനെ മോഷ്ടിക്കുന്നവര്‍ക്ക്‌ പിന്നീട്‌ ദയനീയമായ അവസ്ഥയാണുണ്ടാവുക എന്നത്‌ ഇന്നും പ്രത്യക്ഷമായ കാര്യമാണ്‌. അത്‌ സന്തതിപരമ്പരായായി അനുഭവിച്ച്‌ തീര്‍ക്കുകതന്നെ ചെയ്യും. കാലതാമസമുണ്ടായാലും.

ജ്യോതിസ്വരൂപമായി ലോകത്ത്‌ വിളങ്ങിനില്‍ക്കുന്ന ഗുരുവിന്റെ അത്ഭുതലീലകള്‍ വിവരണാതീതമാണ്‌. ജ്ഞാനസമീക്ഷയില്‍ ഗുരുവിന്റെ ദര്‍ശനവും പ്രത്യക്ഷമായിട്ടുള്ളതും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതുമായ അത്ഭുതകഥകളും ശ്രവിക്കാം.

കൃപാലുവായ ശ്രീ നാരായണ ഗുരു

വെറും തത്ത്വം പൂവിടുമോ ? ...
അതില്‍നിന്നും പ്രയോജനമുറ്റ മധുരക്കനികള്‍ എന്നെങ്കിലും ലഭിക്കുമോ ? ...


അങ്ങനെയുണ്ടാവുകയില്ല, ഗുരുവിന്‍റെ തത്ത്വങ്ങളെല്ലാം മാധുര്യമുള്ള സങ്കല്പങ്ങള്‍ മാത്രമേ ആയിരിക്കുകയുള്ളൂ എന്ന് വിചാരിക്കാനാണ് ദീര്‍ഘദൃഷ്ടി ഇല്ലാത്തവര്‍ക്ക് തോന്നിയത്. 

എന്നാല്‍ സംഭവിച്ചതങ്ങനെയല്ല. ഗുരുവിന്റെ തത്ത്വവല്ലരി പൂവിട്ടു. അതില്‍നിന്നും കാലാകാലം മാധുര്യമുള്ള പഴങ്ങളും ജനതയ്ക്ക് ലഭിക്കുവാന്‍
തുടങ്ങി. താല്‍ക്കാലികമായ പ്രയോജനം പലര്‍ക്കും ലഭിച്ചതിനു പുറമേ കാലാന്തരത്തില്‍ മാനവ ലോകത്തെ ആകമാനം ബാധിക്കുന്ന നന്മയുടെ നവമുകുളങ്ങളും അവിടുത്തെ ധ്യാനാത്മക ജീവിതത്തിന്റെ പൂന്തോപ്പില്‍ അരുണോദയം പോലെ നിശബ്ദമായും കരതലാമലകം പോലെ നിസ്തര്‍ക്കമായും ഒന്നിനെത്തുടര്‍ന്നു ഒന്നായി വിരിയുവാന്‍ തുടങ്ങി.

ചിലര്‍ ഗുരുവിന്റെ പേരില്‍ വായനശാലകള്‍ സ്ഥാപിച്ചു. അവ പ്രായേണ ആദ്ധ്യാത്മിക കേന്ദ്രങ്ങളായി വികസിച്ചു. അതിനു ചുറ്റും പുതിയ സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തനിയേ രൂപം കൊണ്ടു. 

ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രാണവായുവായി വര്‍ത്തിച്ചിരുന്നവര്‍ വെറും സാധാരണക്കാര്‍ മാത്രമാണ്.നിറഞ്ഞ ആത്മാര്‍ത്ഥത ഉള്ളവര്‍,ത്യാഗമൂര്‍ത്തികള്‍. അവരുടെ നെറുകയില്‍ കൃപാലുവായ ഗുരുവിന്‍റെ ആശിസരുളുന്ന അംഗുലീസ്പര്‍ശം ഏറ്റിട്ടുണ്ട്. അതാണവരുടെ ശക്തിയും ഉത്തേജനവും. 

അവര്‍ ഗുരുവിന്റെ ചിത്രങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ട് ഘോഷയാത്ര നടത്തും. മഹാന്മാരായ സ്ത്രീപുരുഷന്മാര്‍ പങ്കെടുക്കുന്ന വിപുലമായ യോഗങ്ങള്‍ വിളിച്ചുകൂട്ടും.ദീര്‍ഘവീക്ഷണമുള്ള ഗുരു ഊന്നുന്ന ലക്ഷ്യത്തിലേക്ക് പതറാത്ത കാലടികള്‍ വച്ച് മുന്നേറുവാന്‍ ശ്രമിക്കും. 

അതിനായ് ആത്മാര്‍പ്പണം ചെയ്തു മുന്നോട്ടുവന്നവര്‍ രാഷ്ട്രീയവും സാമൂഹികവുമായ മര്‍ദ്ദനവും അസമത്വവും അനുഭവിച്ചവരായിരുന്നു. അവരുടെ സംഘടന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നൂറുനൂറു ശക്തികേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അതിന്‍റെ സ്വാധീനം ക്രമേണ സിലോണിലേക്കും മദ്രാസ് പ്രവിശ്യയിലേക്കും ദക്ഷിണേന്ത്യയിലൊട്ടാകെയും വ്യാപിച്ചു.

-- നടരാജഗുരു