കുട്ടനാട്ടിലെ കോന്നിയാം പറമ്പില്‍ ഏബ്രഹാം ഒരു വള്ളമൂന്നുകാരനായിരുന്നു. അയാള്‍ക്ക് സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. അയാള്‍ ശ്രീനാരായണ ഗുരുസ്വാമിയുടെ അത്ഭുതസിദ്ധികളെപ്പറ്റി കേട്ടറിഞ്ഞ് ഗുരുവിനെ നേരില്‍കാണാന്‍ ആഗ്രഹിച്ചു. ഏബ്രഹാം സത്യവ്രതസ്വാമിയെ കണ്ട് ആഗ്രഹം അറിയിച്ചു. ഗുരുദേവന്‍ തന്റെ വീട്ടില്‍ ഒന്നു കൊണ്ടുവരുമോ എന്നും ചോദിച്ചു. എന്നാല്‍ സത്യവ്രതസ്വാമികള്‍ക്ക് അതിന് സാധിച്ചില്ല.
മാസങ്ങള്‍ പോയി. ഏബ്രഹാം വീട്ടുപകരണങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടി തടിവാങ്ങി പണിതുടങ്ങി.
ആ കൂട്ടത്തില്‍ ഒരു കസേരയും പണികഴിപ്പിച്ചു. ഈ കസേര നാണു ഗുരുസ്വാമിക്ക് ഇരിക്കാനാണ് എന്നുപറഞ്ഞ് പ്രത്യേകം സൂക്ഷിച്ചു.
കസേര പണികഴിപ്പിച്ചതിന്റെ പിറ്റേദിസം ഗുരുദേവന്‍ കുട്ടനാട്ടില്‍ വന്ന് ശക്തിപറമ്പ് ക്ഷേത്രത്തില്‍ പോവാന്‍ തയ്യാറായി. ഭക്തജനങ്ങള്‍ വള്ളം കൊണ്ടുവന്നു. ഗുരു വള്ളത്തില്‍കയറി യാത്രയായി. യാത്രാമധ്യേ തോട്ടുവക്കിലെ ഒരു വീടിനുമുമ്പിലെത്തിയപ്പോള്‍ വള്ളം ആ കടവില്‍ അടുപ്പിക്കാന്‍ ഗുരു കല്‌പിച്ചു. എന്നിട്ട് ഗുരു കരയ്‌ക്കിറങ്ങി നടന്നു.
ഭക്തജനങ്ങള്‍ നിശബ്‌ദരായി പിന്തുടര്‍ന്നു. കോന്നിയാംപറമ്പില്‍ ഏബ്രഹാമിന്റേതായിരുന്നു ആ ഭവനം. തന്റെ വീട്ടിലേക്ക് ഗുരുദേവന്‍ വരുന്നതു കണ്ട് ഏബ്രഹാമും കുടുംബാംഗങ്ങളും സന്തോഷത്തോടെ ഓടിച്ചെന്ന് താണുവണങ്ങി ആദരിച്ച് അകത്തേക്ക് കൊണ്ടുപോയി.
എന്നിട്ട് പുതിയ കസേര എടുത്തുകൊണ്ടുവന്ന് ഗുരുവിനെ ആദരവോടെ ആസനസ്ഥനാക്കി. പഴവര്‍ഗ്ഗങ്ങള്‍നല്‌കി യഥാശക്തി സത്‌കരിച്ചു.
ഗുരുവിനുവേണ്ടി പണിതീര്‍ത്ത കസേരയില്‍ ആ പുണ്യാത്മാവിനെ ഇരുത്താന്‍ കഴിഞ്ഞതില്‍ ഏബ്രഹാമും കുടുംബാംഗങ്ങളും സന്തുഷ്‌ടരായി. ഏബ്രഹാം പാദവന്ദനം നടത്തി. ഗുരുദേവന്‍ അനുഗ്രഹിച്ചു.
ഏബ്രഹാമിന്റെ ഉയര്‍ച്ച അവിടെ നിന്നാരംഭിച്ചു. അയാള്‍ സാമ്പത്തികമായി ഉന്നതനിലയിലായി.
No comments:
Post a Comment