Tuesday, 8 July 2014

അഹിംസ - ശ്രീനാരായണഗുരു

നിരുപദ്രവമാം ജന്തു-
നിരയെത്തൻ ഹിതത്തിനായ്
വധിപ്പോനു വരാ സൗഖ്യം
വാണാലും ചത്തുപോകിലും. 1


ഉപദ്രവിക്ക ബന്ധിക്ക
കൊല്ലുകെന്നിവയൊന്നുമേ
ചെയ്യാത്ത ജന്തുപ്രിയനു
ചേരും പരമമാം സുഖം. 2


ചിന്തിപ്പതും ചെയ്യുവതും
ബുദ്ധി വെയ്പ്പതുമൊക്കവേ
ഏതിനേയും കൊന്നിടാത്തോ-
നെന്നും സഫലമായ് വരും. 3


കൊല്ലാതെകണ്ടു ലോകത്തു
കിട്ടാ മാംസങ്ങളൊന്നുമേ,
കൊല പാപവുമാകുന്നു
കളവിൻ മാംസഭക്ഷണം. 4


മാംസമുണ്ടാവതും പ്രാണി-
വധവും പീഡനങ്ങളും
മനസ്സിലോർത്തു വിടുവിൻ
മാംസഭക്ഷണമാകവേ! 5


ശ്രോത്രിയനായ ഗുരു ഇന്നത്‌ ചെയ്യണം ഇന്നത്‌ ചെയ്യരുത് എന്ന് ആരോടും പറയില്ല. പക്ഷെ അദ്ദേഹത്തെ കാണാന്‍ ചെല്ലുന്നവരോടെല്ലാം 'നിങ്ങള്‍ മത്സ്യ മാംസങ്ങള്‍ കഴിക്കുമോ?' എന്ന് ചോദിക്കുമായിരുന്നു. കഴിക്കും എന്ന് പറഞ്ഞവരോടെല്ലാം 'എങ്കില്‍ ഇനി കഴിക്കരുത്' എന്ന് പറഞ്ഞിട്ടുണ്ട്. മത്സ്യ മാംസങ്ങള്‍ കഴിക്കുന്ന ഒരാള്‍ക്ക് നാരായണ ഗുരുവിന്റെ അനുയായി ആണെന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ലതന്നെ.


-സുധ എസ്. ലാല്‍

No comments:

Post a Comment