Wednesday 30 July 2014

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ് - Guru Muni Narayana Prasad

ഈയിടെ എന്നോട് വന്ദ്യ വയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണ ഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത'എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു. ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്.

'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന വാക്കല്ല. രാഷ്‌ട്രീയത്തിന്റെ രംഗത്തിലാണ് ആ വാക്കിന് പ്രസക്തി.

ആദ്ധ്യാത്മികമായതിനെയൊക്കെ നിരാകരിച്ചിട്ട് ലൗകികകാര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സമ്പ്രദായം, മതസംബന്ധിയല്ലാത്തത് എന്നൊക്കെയാണ് "സെക്യുലർ' എന്ന വാക്കിന് അർത്ഥം. സദാചാരകാര്യങ്ങളിൽ മതത്തെ തീരെ അവഗണിക്കുന്ന സമ്പ്രദായം, രാജ്യഭരണകാര്യങ്ങളിൽ മതങ്ങൾക്ക് ഒരു തരത്തിലുള്ള സ്ഥാനവുമുണ്ടായിരിക്കരുത് എന്ന രാഷ്‌ട്രീയ നിലപാട് എന്നൊക്കെയാണ് "സെക്യുലറിസം' എന്ന വാക്കിന് അർത്ഥം. ഇപ്പറഞ്ഞ തരത്തിലുള്ള മതനിരപേക്ഷത തന്നെയാണോ "മതാതീത ആത്മീയത' എന്ന പ്രയോഗം നടത്തുന്നവർ "മതാതീതം' എന്ന വാക്കിന് നല്കുന്നതെന്ന് വ്യക്തമല്ല.

ഒരുപക്ഷേ, നിലവിലുള്ള വ്യവസ്ഥാപിത മതങ്ങളെ കണക്കിലെടുക്കാതെയുള്ള ആത്മീയത എന്നായിരിക്കാം അർത്ഥമാക്കുന്നത്.

നാരായണഗുരുവും മതങ്ങളും

നാരായണഗുരു മതങ്ങളെ തീരെ അവഗണിക്കുകയാണോ ചെയ്തത് എന്നതിൽ സംശയമുണ്ട്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹദ്വചനത്തിൽ മതങ്ങളെ തള്ളിക്കളയുകയല്ല ഗുരു ചെയ്തതെന്ന് വ്യക്തം.

വിശ്വസിക്കുന്നത് ഏതു മതത്തിലായാലും മനുഷ്യൻ നന്നാവുക എന്നതാണ് മുഖ്യം എന്നായിരുന്നു ഗുരു വിവക്ഷിച്ചത് എന്നുവേണം കരുതാൻ. മതങ്ങളെ അവഗണിക്കുന്നതിനുപകരം എല്ലാ മതങ്ങളിലും ഉള്ള അന്തഃസാരം ഒന്നാണെന്ന് മനുഷ്യൻ മനസ്സിലാക്കണമെന്നും, മനുഷ്യൻ നന്നാകുന്നതാണ് അവയുടെയെല്ലാം ലക്ഷ്യം എന്നും ഗുരു കണ്ടിരുന്നു. അതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടിയാണല്ലോ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഒരു സർവമത സമ്മേളനം 1924ൽ ഗുരു സംഘട‌ിപ്പിച്ചത്. ഏഷ്യാചരിത്രത്തിൽ ആദ്യത്തെ സർവമതസമ്മേളനവും അതായിരുന്നു. മതവിശ്വാസികൾ തമ്മിൽ വേണ്ടത് വാദിക്കാനും ജയിക്കാനും ഉള്ള ശ്രമമല്ല, അറിയാനും അറിയിക്കാനും ഉള്ള തുറന്ന മനസ്സാണ് എന്നും കാണിക്കുന്ന വാക്യമാണല്ലോ സമ്മേളനകവാടത്തിൽ എഴുതിവച്ചിരുന്നതും. മാത്രമല്ല, സമ്മേളനാവസാനം ഗുരു ഒരു സന്ദേശം പൊതുജനങ്ങൾക്കായി നല്കി: "എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം.' മാത്രമല്ല, ശിവഗിരിമഠത്തിൽ ഒരു മതമഹാപാഠശാല ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതായും ഗുരു പ്രഖ്യാപിച്ചു. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്നുണ്ടെങ്കിൽ, മതങ്ങളെ വിഗണിച്ചുകളയാൻ സാദ്ധ്യമല്ലല്ലോ. മതങ്ങളെ വിഗണിക്കുന്നതിന്റെ സ്ഥാനത്ത് എല്ലാ മതങ്ങളെയും അംഗീകരിക്കുകയാണ് ഗുരു ചെയ്തതെന്നു വേണം കരുതാൻ.

ഇതിനെല്ലാം ഉപരിയുള്ളതാണ് ആത്മോപദേശശതകത്തിൽ 43 മുതൽ 49 വരെയുള്ള പദ്യങ്ങൾ. മനുഷ്യജീവിതത്തിൽ മതബോധത്തെ അനിവാര്യമാക്കിത്തീർക്കുന്ന താത്വികമായ വശമാണ് 43-ാം പദ്യത്തിൽ എടുത്തുകാണിക്കുന്നത്. മതത്തെപ്പറ്റി നേരിട്ടുള്ള പരാമർശം ആ ശ്ളോകത്തിൽ ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള അതിന്റെ സാംഗത്യം പലരും കാണാറില്ല എന്നു മാത്രം. പദ്യം 44-ൽ ആണ് "പല മതസാരവും ഏകം' എന്ന സൂക്തം വരുന്നത്. ഏകമായ ഈ പലമതസാരം കണ്ടെത്താൻ മനുഷ്യനോട് ആഹ്വാനം ചെയ്യുകയാണ് ഗുരു ചെയ്യുന്നത്. മാത്രമല്ല, ആ പലമതസാരമായിരിക്കുന്ന "ഒരുമതം' ഏതെന്നു വ്യക്തമായി തന്നെ 49-ാം ശ്ളോകത്തിൽ പറയുന്നുമുണ്ട്. അതിങ്ങനെയാണ് :

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിരുന്നു;

ജഗതിയിലിമ്മതമേകമെന്നു ചിന്തി-

ച്ചഘമണയാതകതാരമർത്തിടേണം.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നു ഗുരു പറഞ്ഞപ്പോൾ അർത്ഥമാക്കിയ "ഒരു മതം' ഏത് എന്നതിൽ പലർക്കും അക്കാലത്തുതന്നെ സംശയമുണ്ടായിരുന്നു. ഏതു മതത്തിലും ഓരോരുത്തരും വിശ്വസിക്കുന്നത് ആത്മസുഖം കൈവരുത്താനുള്ള യത്നത്തിന്റെ ഭാഗമായിട്ടാണ്. ആത്മസുഖത്തിനു വേണ്ടിയുള്ള യത്നം എപ്പോഴും നടക്കുന്നു. അതിന്റെ ഭാഗമായാണ് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നത്. ഇതു തന്നെയാണ് ഗുരുവിന്റെ ഏക മതം.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗുരു മതങ്ങളെ നിരാകരിക്കുകയല്ല ചെയ്തത്. അവയെ താൻ കാണുന്ന ഏക മതത്തിൽ സമന്വയിച്ചു ദർശിക്കുക മാത്രമാണ്. അതിനാൽ ആ നിലപാടിനെ മതാതീതമെന്നോ, മതനിരപേക്ഷമെന്നോ വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല.

ശിവഗിരിമഠത്തിൽ വിശ്രമിക്കുന്ന അവസരങ്ങളിൽ ഗുരുവിന്റെ ആവശ്യപ്രകാരം ക്രിസ്തുമതപണ്ഡിതന്മാരും ഇസ്ളാംമതസ്ഥരും അവിടെ വന്ന് ബൈബിളും ഖുർ-ആനും വായിച്ചു കേൾപ്പിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ചില ബൈബിൾ വാക്യങ്ങൾക്കും ഖുർ-ആൻ വാക്യങ്ങൾക്കും ഗുരു നല്കിയ അർത്ഥവിശകലനം ആ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും കേട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഗുരുവിന്റെ ഏകമതം മതനിരപേക്ഷതയോ മതാതീതതയോ ആയിരുന്നില്ല; മറിച്ച് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു എന്നാണ്.

ആത്മീയതയും ആദ്ധ്യാത്മികതയും

"മെറ്റീരിയലിസം', "ഐഡിയലിസം' എന്നിങ്ങനെ രണ്ടു തത്വചിന്താപരമായ വാദഗതികൾ പാശ്ചാത്യലോകത്തുണ്ട്. അതിനു സമാനമായി ഭാരതത്തിലുള്ളതാണ് ഭൗതികവാദം, ആത്മീയവാദം എന്നിവ. അടിസ്ഥാനപരമായി നോക്കിയാൽ അദ്വൈതദർശനമോ നാരായണഗുരുദർശനമോ ഇങ്ങനെയൊരു ചിന്താപരമായ വിഭാഗീകരണത്തിനു അവസരം നല്കുന്നില്ല. ഗുരു തന്റെ അദ്വൈതദർശനം തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് "ആത്മോപദേശശതക'ത്തിലാണ്. ആ കൃതിയിൽ എന്താണ് പഠനവിധേയമാക്കാൻ പോകുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് ആ അദ്വൈതസത്യത്തെപ്പറ്റി ഗുരു ആദ്യശ്ളോകത്തിൽത്തന്നെ പറയുന്നത്,

"അറിവിലും ഏറി അറിഞ്ഞിടുന്നവൻ താ-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു''

എന്നാണ്. അതായത്, സാധാരണമായ അറിവിന്റെ തലത്തിനപ്പുറത്തുള്ളതും, അറിയുന്നവന്റെ ആന്തരികസത്തയെന്ന നിലയിൽ ആത്മീയമായറിയേണ്ടതായും, ബാഹ്യസത്തയെന്ന നിലയിൽ ഭൗതികമായറിയേണ്ടതായും ഒരേസമയം ഉജ്ജ്വലിച്ചുനില്ക്കുന്നതുമായ ഏക സത്യമാണ് അതിൽ പഠനവിഷയമായിത്തീരുന്ന അദ്വയമായ ആത്മാവ്. താത്ത്വികമായി ഇത്തരത്തിൽ ആത്മീയമായതിനെയും ഭൗതികമായതിനെയും അദ്വയമായി കാണുന്നതോടൊപ്പം ഭൗതികമായ കാര്യങ്ങൾക്കും ആത്മീയമായ കാര്യങ്ങൾക്കും ഒരേസമയം സാധാരണമായ മനുഷ്യജീവിതത്തിൽ സ്ഥാനമുണ്ടായിരിക്കണം എന്നാണ് ഗുരു ഉദ്ദേശിച്ചിരുന്നത്.

അതിനാൽ, ഭൗതികവാദത്തിന്റെ പ്രതിയോഗിയെന്ന നിലയിലുള്ള ആത്മീയവാദത്തിന്റെ വക്താവായിരുന്നു ഗുരു എന്നു കരുതുക വയ്യ. ഭൗതികതയ്ക്കും ആത്മീയതയ്ക്കും അതീതവും രണ്ടിനെയും ഉൾക്കൊള്ളുന്നതുമായ അദ്വൈതദർശനമായിരുന്നു ഗുരുവിന്റേത്. അതിലേക്ക് നമ്മെ നയിക്കുന്ന പഠനങ്ങൾക്കും ശാസ്‌ത്രങ്ങൾക്കും ആദ്ധ്യാത്മികം എന്ന പേരാണ് ഭാരതത്തിൽ പണ്ടുമുതലേ പ്രചാരത്തിലുള്ളത്. ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവയെ ആദ്ധ്യാത്മിക ശാസ്‌ത്രങ്ങൾ എന്നാണല്ലോ വിളിച്ചുപോരാറുള്ളത്. അവയെ ആത്മീയശാസ്‌ത്രം എന്ന് വിളിക്കാറേയില്ല.

"ആത്മീയം' എന്ന വാക്ക് "ആദ്ധ്യാത്മികം' എന്ന അർത്ഥത്തിൽ ചിലപ്പോഴൊക്കെ മലയാളത്തിൽ പ്രയോഗിച്ചുപോരാറുണ്ട്. "ആത്മീയം'എന്ന വാക്കിന് "സ്വന്തം', "തനിക്കുള്ളത്,' "തന്നെ സംബന്ധിച്ചത്' എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ അർത്ഥം പറഞ്ഞുകാണുന്നത്. ഒരു വിശേഷണപദമായി "ആത്മീയ' ശബ്ദം പ്രയോഗിക്കുമ്പോൾ "തന്നെ സംബന്ധിച്ചത്' എന്ന അർത്ഥം കഴിഞ്ഞിട്ട് ആത്മാവിനെ സംബന്ധിച്ച, ആദ്ധ്യാത്മികമായ എന്ന അർത്ഥങ്ങളും രണ്ടാമതായി ശബ്ദതാരാവലിയിൽ കൊടുത്തിട്ടുണ്ട്. അപ്രധാനമായ അർത്ഥം മാത്രമാണത് എന്നത് അതിൽനിന്നു വ്യക്തമാണ്.

സംസ്കൃത സാഹിത്യത്തിൽ എവിടെയും കാണാം, "ആത്മീയം' എന്ന വിശേഷണം "തന്റേത്' എന്ന അർത്ഥത്തിൽ പ്രയോഗിച്ചുപോരുന്നത്. നാരായണഗുരുവിന്റെയും സംസ്കൃതത്തിലുള്ള സ്തോത്രകൃതികളിൽ "ആത്മീയദന്തം' എന്ന ഗണപതിയുടെ കൊമ്പിനെപ്പറ്റിയും, "ആത്മീയസ്തനം' എന്ന് ദേവിയുടെ സ്തനത്തെപ്പറ്റിയും പരാമർശിച്ചിരിക്കുന്നതുകാണാം. മേല്പറഞ്ഞ പ്രയോഗരീതി പരിചയമില്ലാത്തവർക്ക് ആദ്ധ്യാത്മികമായ ദന്തമോ ആദ്ധ്യാത്മികമായ സ്തനമോ ഉണ്ടോ എന്നു സംശയിച്ചേക്കാം. തന്റെ ദന്തം, തന്റെ സ്തനം എന്നൊക്കെയേ അവിടെ അർത്ഥമുള്ളൂ. അതിനാൽ ആദ്ധ്യാത്മികം എന്ന അർത്ഥത്തിൽ "ആത്മീയം' എന്ന വാക്കു പ്രയോഗിക്കാതെ "ആദ്ധ്യാത്മികം' എന്നുതന്നെ പ്രയോഗിക്കുന്നതായിരിക്കും ഉത്തമം.

പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ് എന്നും ഉള്ള രണ്ടു പദങ്ങൾ കൊണ്ടാണല്ലോ സൂചിപ്പിച്ചുപോരുന്നത്. അതിന്റെ സ്വരൂപം കണ്ടെത്തേണ്ടത്, തന്റെ തന്നെ സ്വരൂപം അവരവർ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അതു വച്ചുകൊണ്ടാണ് "ആദ്ധ്യാത്മികം' എന്നും "അദ്ധ്യാത്മം' എന്നുമുള്ള വാക്കുകൾ ഉണ്ടായത്. "ആത്മം' എന്ന പദത്തിനോട് "അധി' എന്ന ഉപസർഗ്ഗം ചേർന്നതാണ് "ആദ്ധ്യാത്മം'. "അധി' സൂചിപ്പിക്കുന്നത് "അധിഷ്ഠാനമാക്കുക' എന്നതിനെയാണ്. അതായത്, ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യം കണ്ടെത്തുന്നതിന് ഉപകരിക്കുന്ന വിദ്യയാണ് ആദ്ധ്യാത്മികവിദ്യ. അതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം. നാരായണഗുരുവിന്റെ എല്ലാ കൃതികളും ആ ഗണത്തിൽപ്പെടുന്നതാണ്. അദ്ധ്യാത്മം എന്ന പദത്തിലെ "ആത്മ' ശബ്ദത്തിന് "ഞാൻ' എന്നും അർത്ഥമുണ്ടല്ലോ. "ആത്മഹത്യ'എന്നാൽ, "ഞാൻ എന്നെത്തന്നെ കൊല്ലുക' എന്നാണല്ലോ. അപ്പോൾ ഞാൻ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ ആത്മസത്യത്തെ അറിയുന്നതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം.

വ്യക്തിസത്തയെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ "അദ്ധ്യാത്മം' എന്ന വാക്ക് ചില ഉപനിഷത്തുകളിൽ പ്രയോഗിച്ചുകാണാം. അതിന്റെ വിപരീതവശമായി എപ്പോഴും "അധിദൈവതം' എന്നതുകൂടി അവിടെത്തന്നെ ഉണ്ടാവുമെന്നുമാത്രം.


സമഷ്ടിസത്തയെ, അഥവാ ഏതൊന്നിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നോ അതിനെ സമസ്തവിശ്വത്തിന്റെ വശത്തുനിന്നുകൊണ്ട് നോക്കിയാലുള്ളതാണ് അധിദൈവതം. ഉദാഹരണത്തിന് ഭൂമി എന്നതിന്റെ ആദ്ധ്യാത്മവശമാണ് ശരീരം. അതിന്റെതന്നെ അധിദൈവത വശമാണ് ഭ‌ൗതികലോകം, അഥവാ ഭൂഗോളവും മറ്റു ഗോളങ്ങളും ചേർന്നത്. ഈ ദ്വൈതത്തിനുപോലും അവസരമില്ലാത്തതാണ് തികച്ചും തത്ത്വപരമായ ആദ്ധ്യാത്മിക ദർശനം.

ഇതൊക്കെ വച്ചുകൊണ്ട് നോക്കുമ്പോൾ നാരായണഗുരുവിന്റെ സത്യദർശനത്തിന്റെ സ്വഭാവത്തെ ആത്മീയത എന്നു വിളിക്കുന്നതിനേക്കാൾ കൂടുതൽ യുക്തം "ആദ്ധ്യാത്മികത' എന്നു വിളിക്കുന്നതായിരിക്കും എന്നു തോന്നുന്നു.


കൂടുതല് വായനക്ക് സന്ദര്ശിക്കുക 
Join►►►AGNI-Association For Guru Narayana Inspiration അഗ്നി►►►
Like ✔ Comment ✔ Tag ✔Share✔

No comments:

Post a Comment