Monday 28 July 2014

കൃപാലുവായ ശ്രീ നാരായണ ഗുരു

വെറും തത്ത്വം പൂവിടുമോ ? ...
അതില്‍നിന്നും പ്രയോജനമുറ്റ മധുരക്കനികള്‍ എന്നെങ്കിലും ലഭിക്കുമോ ? ...


അങ്ങനെയുണ്ടാവുകയില്ല, ഗുരുവിന്‍റെ തത്ത്വങ്ങളെല്ലാം മാധുര്യമുള്ള സങ്കല്പങ്ങള്‍ മാത്രമേ ആയിരിക്കുകയുള്ളൂ എന്ന് വിചാരിക്കാനാണ് ദീര്‍ഘദൃഷ്ടി ഇല്ലാത്തവര്‍ക്ക് തോന്നിയത്. 

എന്നാല്‍ സംഭവിച്ചതങ്ങനെയല്ല. ഗുരുവിന്റെ തത്ത്വവല്ലരി പൂവിട്ടു. അതില്‍നിന്നും കാലാകാലം മാധുര്യമുള്ള പഴങ്ങളും ജനതയ്ക്ക് ലഭിക്കുവാന്‍
തുടങ്ങി. താല്‍ക്കാലികമായ പ്രയോജനം പലര്‍ക്കും ലഭിച്ചതിനു പുറമേ കാലാന്തരത്തില്‍ മാനവ ലോകത്തെ ആകമാനം ബാധിക്കുന്ന നന്മയുടെ നവമുകുളങ്ങളും അവിടുത്തെ ധ്യാനാത്മക ജീവിതത്തിന്റെ പൂന്തോപ്പില്‍ അരുണോദയം പോലെ നിശബ്ദമായും കരതലാമലകം പോലെ നിസ്തര്‍ക്കമായും ഒന്നിനെത്തുടര്‍ന്നു ഒന്നായി വിരിയുവാന്‍ തുടങ്ങി.

ചിലര്‍ ഗുരുവിന്റെ പേരില്‍ വായനശാലകള്‍ സ്ഥാപിച്ചു. അവ പ്രായേണ ആദ്ധ്യാത്മിക കേന്ദ്രങ്ങളായി വികസിച്ചു. അതിനു ചുറ്റും പുതിയ സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തനിയേ രൂപം കൊണ്ടു. 

ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രാണവായുവായി വര്‍ത്തിച്ചിരുന്നവര്‍ വെറും സാധാരണക്കാര്‍ മാത്രമാണ്.നിറഞ്ഞ ആത്മാര്‍ത്ഥത ഉള്ളവര്‍,ത്യാഗമൂര്‍ത്തികള്‍. അവരുടെ നെറുകയില്‍ കൃപാലുവായ ഗുരുവിന്‍റെ ആശിസരുളുന്ന അംഗുലീസ്പര്‍ശം ഏറ്റിട്ടുണ്ട്. അതാണവരുടെ ശക്തിയും ഉത്തേജനവും. 

അവര്‍ ഗുരുവിന്റെ ചിത്രങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ട് ഘോഷയാത്ര നടത്തും. മഹാന്മാരായ സ്ത്രീപുരുഷന്മാര്‍ പങ്കെടുക്കുന്ന വിപുലമായ യോഗങ്ങള്‍ വിളിച്ചുകൂട്ടും.ദീര്‍ഘവീക്ഷണമുള്ള ഗുരു ഊന്നുന്ന ലക്ഷ്യത്തിലേക്ക് പതറാത്ത കാലടികള്‍ വച്ച് മുന്നേറുവാന്‍ ശ്രമിക്കും. 

അതിനായ് ആത്മാര്‍പ്പണം ചെയ്തു മുന്നോട്ടുവന്നവര്‍ രാഷ്ട്രീയവും സാമൂഹികവുമായ മര്‍ദ്ദനവും അസമത്വവും അനുഭവിച്ചവരായിരുന്നു. അവരുടെ സംഘടന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നൂറുനൂറു ശക്തികേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അതിന്‍റെ സ്വാധീനം ക്രമേണ സിലോണിലേക്കും മദ്രാസ് പ്രവിശ്യയിലേക്കും ദക്ഷിണേന്ത്യയിലൊട്ടാകെയും വ്യാപിച്ചു.

-- നടരാജഗുരു

No comments:

Post a Comment