Tuesday, 10 February 2015

മതമൈത്രിയും മതൈകതയും- ഗുരു മുനി നാരായണപ്രസാദ്

ഞാനൊരു ധ്യാനകേന്ദ്രം സന്ദർശിക്കാൻ പോയി. ഒരു മതവിഭാഗത്തിന്റെ നേതൃത്വത്തിലുള്ളതാണെങ്കിലും മതമൈത്രിക്കു വേണ്ടിയാണ് ആ സ്ഥാപനം നിലകൊള്ളുന്നത്. അവിടത്തെ ധ്യാനമണ്ഡപത്തിന്റെ കേന്ദ്രത്തിൽ ഒരു ദീപമെരിയുന്നു. അതിനു ചുറ്റും വരച്ചിട്ടുള്ള ചക്രത്തിന്റെ ചുറ്റുവട്ടത്തിൽ എല്ലാ മതങ്ങളിലെയും വിശുദ്ധ ഗ്രന്ഥങ്ങൾ പരിപാവനമായി സൂക്ഷിച്ചിരിക്കുന്നു. നാരായണ ഗുരുവിന്റെ,

''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്."

എന്ന സ്ഥാപന സങ്കല്പമാണ് ഇതിനു പ്രചോദനം നൽകിയതെന്നും അതിന്റെ സ്ഥാപകൻ വിശദീകരിച്ചു. നേരിയ ഒരു സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചുറ്റിനും ആർക്കും ഇരുന്ന് ധ്യാനിക്കാം. ഞാനും ധ്യാനിച്ചു.

അതിനുശേഷം എന്നോട് അല്പം സംസാരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഏകദേശം ഇങ്ങനെ പറഞ്ഞു:

ലോകമതങ്ങളിലെയെല്ലാം വിശുദ്ധ ഗ്രന്ഥങ്ങളിൽ സമാനവും സാർവത്രിക സ്വഭാവമുള്ളതുമായ ഒട്ടധികം ഉപദേശങ്ങൾ കണ്ടെത്താം. അവയെല്ലാം തെരഞ്ഞു പിടിച്ചു പഠിച്ചും പഠിപ്പിച്ചും ധ്യാനിച്ചും മതമൈത്രിയുണ്ടാക്കാൻ ശ്രമിക്കാം. അതു മതങ്ങളുടെ ബാഹ്യവശങ്ങളിൽ നിന്നുകൊണ്ട് ആന്തരികമായ സമാനത കണ്ടെത്താനുള്ള ശ്രമമാണ്. അവിടെ നാം കണ്ടെത്തുന്നതോ മതങ്ങൾ തമ്മിലുള്ള ബാഹ്യമായ സമാനതകൾ. ആ സമാനതകൾ വച്ചുകൊണ്ടു മതസൗഹാർദ്ദം ഉണ്ടാക്കാനുള്ള ശ്രമം നടത്താൻ സാധിക്കും. അതു വളരെ ശ്ളാഘനീയവുമാണ്.

ഇനി മറ്റൊരു വശമുണ്ട്. അതു മതങ്ങളെ മതങ്ങളാക്കിത്തീർത്തിരിക്കുന്ന, അവയിലെ ഒരൊറ്റ അന്തഃസാരമുണ്ട്! അതു ആദ്യം കണ്ടെത്തുക. അതിനു തപസ് വേണ്ടിവരും. മനുഷ്യജീവിതത്തിന്റെ സ്വഭാവത്തെ സംബന്ധിക്കുന്ന വ്യക്തമായ ഉൾക്കാഴ്ച വേണ്ടിവരും. അതു തെളിഞ്ഞുകിട്ടിയാൽ, അതിന്റെ വെളിച്ചത്തിൽ ഇന്നു നിലവിലുള്ള മതങ്ങളെ തുറന്ന മനസോടെ പരിശോധിച്ചുനോക്കാം. അപ്പോൾ കണ്ടെത്തും, ജീവിതത്തെ സ്വസ്ഥമാക്കുന്നതിന് മനുഷ്യജീവിതത്തിൽ ഒഴിവാക്കാനാവത്ത ഒരൊറ്റ ആവശ്യകത നിറവേറ്റുന്നതിന്റെ വ്യത്യസ്ത മുഖങ്ങൾ മാത്രമാണ് ഭിന്നമതങ്ങൾ എന്ന്. അപ്പോൾ മതമൈത്രി ഉണ്ടാക്കുന്നതിനുള്ള ആന്തരികമായ ത്വരയായിരിക്കില്ല തോന്നുന്നത്. മനുഷ്യർക്കെല്ലാം ഒരൊറ്റ മതമാണല്ലോ ഉള്ളത് എന്ന സത്യം തെളിഞ്ഞുകിട്ടുമായിരിക്കും അപ്പോൾ. അങ്ങനെ തെളിഞ്ഞുകിട്ടിയവർ പാടും, ''പല മത സാരവുമേകം".

മതമൈത്രിയ്ക്കുള്ളത് ബാഹൃദൃഷ്ട്യാ കാണാവുന്ന ഒരു ഭാവമാണ്. മതൈകതയ്ക്കുള്ളതാകട്ടെ, ആന്തരികമായ സ്വച്ഛദൃഷ്ടിയാണ്.

No comments:

Post a Comment