നാരായണ ഗുരുവിന്‍റെ പ്രിയ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാമത്തെ ഗുരുവുമാണ് നാരായണ ഗുരുകുലത്തിന്‍റെ സ്ഥാപകനായ നടരാജ ഗുരു.

മദ്രാസ് സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹത്തിന് പാരിസിലെ സോർബോൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ് ലഭിച്ചു. ജനീവയിലെ അന്താരാഷ്ട്ര ഫെല്ലോഷിപ്പ് സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.

ശിവഗിരിയിൽ വെച്ച് ശ്രീനാരായണ ഗുരു നടരാജ ഗുരുവിനെ “വർക്കല ശ്രീനാരായണ ആംഗലേയ വിദ്യാലയ“ത്തിന്റെ പ്രധാനാധ്യപകനായി നിയമിച്ചു. നടരാജ ഗുരുവിന്റെ സമ്പൂർണാർപ്പണവും സ്കൂൾ നടത്തിപ്പിലെ അദ്ദേഹത്തിന്റെ വിപ്ലവകരമായ ആശയങ്ങളും ശ്രീനാരായണ ഗുരുവിന്റെ മറ്റ് പല ശിഷ്യന്മാരിൽനിന്നും എതിർപ്പുകൾ ക്ഷണിച്ചു വരുത്തി.
ശ്രീനാരായണ ഗുരുവിന്റെ മറ്റൊരു ശിഷ്യനായ സ്വാമി ബോധാനന്ദയുടെ അടുത്തേക്കു ഊട്ടിയിലേക്ക് അദ്ദേഹം പോയി. ഒരു സുഹൃത്ത് ഊട്ടിയിലെ ഫേൺ ഹില്ലിൽ ദാനം ചെയ്ത സ്ഥലത്ത് അദ്ദേഹം നാരായണ ഗുരുകുലം ആരംഭിച്ചു. ആത്മീയ പഠനത്തിനും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രചരണത്തിനുമായി നാരായണ ഗുരുകുലം നിലകൊള്ളുന്നു. നടരാജ ഗുരു അവിടെ നാലു വർഷത്തോളം കുട്ടികളെ പഠിപ്പിക്കുവാൻ ചിലവഴിച്ചു. ശ്രീനാരായണ ഗുരു ഒരിക്കൽ ഫേൺ ഹിൽ സന്ദർശിച്ച് അദ്ദേഹത്തിനു സ്ഥാപനത്തിന്റെ നടത്തിപ്പിൽ വിലപ്പെട്ട ഉപദേശങ്ങൾ നൽകി. സാമ്പത്തിക പ്രതിസന്ധിയും ചില അന്തേവാസികളുടെ വഴിവിട്ട പെരുമാറ്റവും കാരണം നാരായണ ഗുരുകുലം 1927 ഇൽ അടച്ചു പൂട്ടേണ്ടി വന്നു.

ലണ്ടനിലേക്കാണു അദ്ദേഹം കൊളംബോയിൽ നിന്നു യാത്ര തിരിച്ചതെങ്കിലും മാർഗ്ഗമദ്ധ്യേ അദ്ദേഹം തന്റെ നിശ്ചയം മാറ്റുകയും സ്വിറ്റ്സർലാന്റിലെ ജനീവയിൽകപ്പലിറങ്ങുകയും ചെയ്തു. ആദ്യത്തെ കുറച്ചു കഷ്ടപ്പാടുകൾക്കു ശേഷം അദ്ദേഹത്തിനു ജനീവക്കു അടുത്തുള്ള ഗ്ലാന്റിലെ ഫെലോഷിപ് വിദ്യാലയത്തിൽ ജോലി ലഭിച്ചു. ഇവിടെ ഊർജ്ജതന്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം ഫ്രഞ്ച് ഭാഷ പ്രാവീണ്യം നേടുകയും വിദ്യാഭ്യാസ മനശാസ്ത്രത്തിലുള്ള തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പ്രശസ്തമായ പാരീസിലെ സോർബോൺ സർവകലാശാലയിൽ ഡോക്ടറേറ്റിനു ചേർന്നു. പ്രശസ്ത ഫ്രഞ്ച് തത്ത്വചിന്തകനായ ഹെന്രി ബെർഗ്ഗ്സൺ അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു. പ്രശസ്ത ചിന്തകനായ ഷാൺ ഷാക്ക് റൂസ്സോവിന്റെ പ്രബന്ധങ്ങൾ നടരാജ ഗുരുവിനെ സ്വാധീനിച്ചു.
അഞ്ചു വർഷത്തെ പ്രയത്നത്തിനു ശേഷം അദ്ദേഹം വിദ്യാഭ്യാസത്തിലെ വ്യക്തി പ്രഭാവം (Le Facteur Personnel dans le Processus Educatif) എന്ന പേരിൽ തന്റെ പ്രബന്ധം സമർപ്പിച്ചു. ഗുരുശിഷ്യ ബന്ധത്തെ അടിസ്ഥാനമാക്കിയ ഈ ഗ്രന്ധത്തെ സോർബോണിലെ പ്രബന്ധ കമ്മിറ്റി സഹർഷം അംഗീകരിക്കുകയും ഏറ്റവും ഉയർന്ന മാർക്കോടെ അദ്ദേഹത്തിനു ഡി. ലിറ്റ് ട്രിപ്പിള്‍ ഡോക്ട്രേറ്റ് ലോകചരിത്രത്തില്‍ ആദ്യമായി സമ്മാനിക്കുകയും ചെയ്തു.
ജനീവയിൽ വെച്ച് സൂഫി ചതുർവാർഷികം എന്ന പ്രസിദ്ധീകരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് “ഗുരുവിന്റെ വഴി” എന്ന ലേഖന പരമ്പര എഴുതി. ഇതു യൂറോപ്പിലെ പ്രബുദ്ധ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും റൊമെയ്ൻ റോളണ്ട് ഉൾപ്പെടെയുള്ള എഴുത്തുകാരെ സ്വാധീനിക്കുകയും ചെയ്തു. ഈ രചനകൾ നടരാജ ഗുരുവിന്റെ രചനയായ “ഗുരുവരുള്‍” എന്ന പ്രശസ്ത ഗ്രന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പിലെ ഈ താമസത്തിനിടയിൽ അദ്ദേഹം ഗാന്ധിജിയെയും നെഹറുവിനെയും കണ്ടുമുട്ടി.
നടരാജ ഗുരു 1933 ഇൽ ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം അദ്ധ്യാപകനായി ജോലി നോക്കുവാനായി ഇന്ത്യ മുഴുവൻ രണ്ടു വർഷത്തോളം സഞ്ചരിച്ചു. അർഹമായ ഒരു ജോലിയുടെ അഭാവത്തിൽ അദ്ദേഹം ഊട്ടിയിൽ തിരിച്ചെത്തുകയും നാരായണ ഗുരുകുലം പുനരാരംഭിക്കുകയും ചെയ്തു. ഒരു തകരക്കൂരയുൽ പതിനഞ്ചു വർഷത്തോളം താമസിച്ച് അദ്ദേഹം ഉപനിഷത്തുകളും ഭഗവദ് ഗീതയും നാരായണ ഗുരുവിന്റെ കൃതികളും പഠിച്ചു. ഈ കാലയളവിൽ ജോൺ സ്പീർസ് എന്ന സ്കോട്ട്ലാന്റുകാരൻ അദ്ദേഹത്തിന്റെ ആദ്യ ശിഷ്യനായി.
ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (An Integrated Science of The Absolute) നടരാജ ഗുരുവിന്റെ പരമപ്രധാനമായ കൃതിയാണിത്. നടരാജ ഗുരുവിന്റെ പാശ്ചാത്യ പൌരസ്ത്യരാജ്യങ്ങളിലെ 50 വർഷത്തെ ശാസ്ത്ര തത്ത്വശാസ്ത്ര പഠനങ്ങളുടെ ക്രോഡീകരണമാണ് ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം എന്ന രണ്ടു വാല്യങ്ങളിലുള്ള കൃതി. ഇത് നാരായണ ഗുരുവിന്‍റെ ദര്‍ശനമാലയെ അടിസ്ഥാനമാക്കി ആണ് രചിച്ചിരിക്കുന്നത്. ഏതാണ്ട് വ്യാഖ്യാനം ആണെന്നുതന്നെ പറയാം. ഈ പുസ്തകത്തിൽ നടരാജ ഗുരു എല്ലാ മനുഷ്യ വ്യവഹാരങ്ങളും ഒരുമിച്ചു ചേരുന്ന ഒരു ഏകാത്മക ശാസ്ത്രത്തെ നിർവചിക്കുന്നു. അദ്ദേഹം അതിനെ ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (ബ്രഹ്മവിദ്യ) എന്നു വിളിച്ചു.
നടരാജ ഗുരുവിന്റെ അഭിപ്രായത്തിൽ ആധുനികശാസ്ത്രവും പൌരാണിക ജ്ഞാനവും ബ്രഹ്മവിദ്യയിൽ കാന്തത്തിന്റെ വിരുദ്ധ ധ്രുവങ്ങളെപ്പോലെ ഒരുമിച്ചു ചേരുന്നു. ഈ ശാസ്ത്രത്തിന്റെ അടിത്തറ ശ്രീനാരായണ ഗുരു രചിച്ച നൂറു സംസ്കൃതശ്ലോകങ്ങളുടെ ക്രോഡീകരണമായ ‘ദർശനമാല’യാണ്. ഉപനിശദ്ജ്ഞാനത്തിൽ അധിഷ്ഠിതമായ ദർശനമാല എല്ലാ സത്യദർശനങ്ങളുടെയും കൊടുമുടിയായി കരുതപ്പെടുന്നു. ശ്രീനാരായണ ഗുരുവിന്റെ ബ്രഹ്മദർശനങ്ങൾ ആധുനികശാസ്ത്രം ശരിവെക്കുന്നു എന്ന് നടരാജഗുരു വിശ്വസിച്ചു. ബ്രഹ്മവിദ്യ പലശാസ്ത്രങ്ങളെ ഒട്ടിച്ചുചേർത്തുവെച്ച ഒരു മഹാശാസ്ത്രമല്ല, മറിച്ച്, എല്ലാശാസ്ത്രങ്ങളെയും എല്ലാ മർത്യവ്യവഹാരങ്ങളെയും പുണരുന്ന ഏകീകൃതശാസ്ത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും അദ്ദേഹം ആംഗലേയത്തിലേക്കു തർജ്ജിമ ചെയ്യുകയും അവയ്ക്കു കുറിപ്പുകൾ എഴുതുകയും ചെയ്തു.
നടരാജ ഗുരുവിന്‍റെ ബുക്കുകള്‍ ഇംഗ്ലീഷില്‍ ആണ്. പലതിനും തര്‍ജ്ജമകള്‍ ഗുരുകുലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- The Word of the Guru: Life and Teachings of Narayana Guru
- Vedanta Revalued and Restated
- Autobiography of an Absolutist
- The Bhagavad Gita, Translation and Commentary
- An Integrated Science of the Absolute (Volumes I, II)
- Wisdom: The Absolute is Adorable
- Saundarya Lahari of Sankara
- The Search for a Norm in Western Thought
- The Philosophy of a Guru
- Memorandum on World Government
- World Education Manifesto
- Experiencing One World
- Dialectical Methodology
- Anthology of the Poems of Narayana Guru
1. ഒരു ബ്രഹ്മചാരിയുടെ ആത്മകഥ. (Autobiography of an Absolutist)
2. ഭഗവദ് ഗീത - വിവർത്തനവും കുറിപ്പുകളും
3. ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (വാല്യം I, II)
4. ജ്ഞാനം - ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും (wisdom - absolute and adorable)
5. ശങ്കരന്റെ സൌന്ദര്യലഹരി
6. പാശ്ചാത്യ തത്ത്വചിന്തകളിൽ ഒരു അടിത്തറയുടെ തിരയൽ (search for a norm in western Thoughts)
7. ഒരു ഗുരുവിന്റെ തത്ത്വശാസ്ത്രം
8. ലോക ഗവർണ്മെന്റിന് ഒരു മെമ്മൊറാണ്ടം
9. ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ
10. ഏകലോകാനുഭവം
11. തർക്കശാസ്ത്ര സമീപനം (Dialectical Methodology)
12. ശ്രീ നാരായണഗുരുവിന്റെ കവിതകളുടെ ശേഖരം
13. പരംപോരുൾ പാശ്ചാത്യ ദർശനത്തിൽ
14. അനുകമ്പാദശകം വ്യാഖ്യാനം
15. പിണ്ഡനന്ദി വ്യാഖ്യാനം
16. ആത്മോപദേശശതകം വ്യാഖ്യാനം
17. ജാതി മീമാംസ വ്യാഖ്യാനം.
No comments:
Post a Comment