Tuesday, 10 February 2015

"പറയൂ, നിങ്ങളിൽ ആരാണ് തെറ്റിന്‍റെ പ്രലോഭനത്തിൽപ്പെട്ടു പോയത്?"

ഒരു ദിവസം സ്വർണനാണയങ്ങളുമായി ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഭക്തനോട് "എന്തിനാണ് പൊന്ന്? നമുക്കാവശ്യമില്ല" എന്നായിരുന്നു ഗുരു മൊഴിഞ്ഞത്. എന്നാൽ അയാൾ ആ നാണയങ്ങൾ നേർച്ചപ്പെട്ടിയിൽ ഇട്ട് മടങ്ങുകയായിരുന്നു.

എല്ലാവരും കാൺകെ ആ ഭക്തൻ കാണിക്കപ്പെട്ടിയിൽ അർപ്പിച്ച സ്വർണനാണയങ്ങൾ പിറ്റേന്ന് കാണുന്നില്ല. ആരാണ് അതെടുത്തതെന്നറിയാൻ ശിഷ്യർ എല്ലാവരും ചേര്‍ന്ന് അന്തേവാസികളെ മുഴുവൻ ശ്രീ നാരായണ ഗുരുവിന്‍റെ മുന്നിൽ എത്തിച്ചിരിക്കുകയാണ്.

ആ കാരണംകൊണ്ട് ഇതാ ആശ്രമാന്തരീക്ഷം കലുഷമാക്കിയിരിക്കുന്നു. ഇനി മോഷ്ടിച്ചയാളെ കണ്ടെത്തണം. തെറ്റിൽനിന്ന് മോചിപ്പിക്കണം.

ഗുരു എല്ലാമുഖങ്ങളിലേക്കും നോക്കി ചോദിച്ചു: "പറയൂ, നിങ്ങളിൽ ആരാണ് തെറ്റിന്‍റെ പ്രലോഭനത്തിൽപ്പെട്ടു പോയത്?"

ആരും ഒന്നും മിണ്ടിയില്ല.

ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചാൽ പൊറുക്കാൻ തയ്യാറായ ഒരു ഹൃദയവുമായാണ് ഗുരു മോഷ്ടാവിനോട് സ്വയം വെളിപ്പെടാൻ ആവശ്യപ്പെട്ടത്. അതുണ്ടായില്ല. സംസാരസമുദ്രത്തെ താണ്ടി സത്യത്തിന്‍റെ മറുകരയിലെത്താൻ ഒപ്പം പുറപ്പെട്ടവരിൽ ആരോ ഒരാൾ മോഹാന്ധകാരത്തിലേക്ക് വീണിരിക്കുന്നു..

മൗനം വാക്കുകൊണ്ടുടച്ച് ഗുരു മൊഴിഞ്ഞു: "എങ്കിൽ പൊലീസിനെ വിളിക്കാം."

ശിഷ്യർപോലും അതുകേട്ട് ഞെട്ടി.

പണ്ട് അരുവിപ്പുറത്ത് ഒരു വാഴക്കുല മോഷ്ടിച്ച കള്ളനെ അന്തേവാസികളുടെ പരാതിയെത്തുടർന്ന് കെട്ടിയിട്ട് അടിക്കാൻ കോടതി ഉത്തരവിടാൻ പോകുന്നു എന്നറിഞ്ഞ്,

"നാം ഇനി അങ്ങോട്ടില്ല. ആ സാധുവിന്റെ ആർത്തനാദത്താൽ മലീമസമായ വായു സന്യാസിക്ക് എങ്ങനെ ശ്വസിക്കാൻ സാധിക്കും"

എന്ന് പറഞ്ഞ ഗുരുദേവൻ ഇപ്പോൾ ആദ്യമായി കളവിന്‍റെ പേരിൽ പൊലീസിനെ വിളിക്കാൻ ഒരുങ്ങുന്നു.

'ഒരു നേരത്തെ അന്നത്തിനുവേണ്ടി പൊതുസ്ഥലമായ ആശ്രമത്തിൽനിന്ന് ഭക്ഷ്യവസ്തു എടുത്തവൻ എങ്ങനെ കള്ളനാകും. ഇവിടെ അതല്ലല്ലോ സംഭവിച്ചിരിക്കുന്നത്. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും ഏത് അന്തേവാസിക്കും ലഭ്യമാണ്. എന്നിട്ടും ഒരാൾ പാപം ചെയ്തിരിക്കുന്നു. അതാണ് ഗുരു കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.' അവിടെ കൂടിനിന്നവര്‍ പരസ്പരം ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഗുരുവിന്റെ മനസ് വ്യാഖ്യാനിക്കാൻ ശ്രമിച്ചു...

ഗുരു അത് ശ്രദ്ധിക്കാതെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെ ഗുരു അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു:

"നീ പോയി പൊലീസിനെ വിളിച്ചുകൊണ്ടുവരിക."

അയാൾ ആജ്ഞ ശിരസാവഹിച്ച് ന‌ടന്നകലുന്നത് കണ്ട് ഗുരു നിർന്നിമേഷനായി നോക്കിയിരുന്നു.

സന്ധ്യയായി. പൊലീസിനെ വിളിക്കാൻ പോയ അന്തേവാസി വന്നില്ല. ശിഷ്യർ പരിഭ്രമത്തോടെ ഗുരുസവിധത്തിലെത്തി. ഗുരുവിന് അവരുടെ വരവിന്‍റെ ഉദ്ദേശം മനസിലായി...

"അയാൾക്ക് ഇനി വരാനാവില്ല." എന്നുമാത്രമേ ഗുരുദേവൻ മൊഴിഞ്ഞുള്ളൂ .

സ്വർണനാണയം മോഷ്ടിച്ചയാളെ ഗുരുവിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസിനെ വിളിക്കാൻ അയാളെത്തന്നെ നിയോഗിച്ചതും. ഇനി ഈ തപോഭൂവിൽ കാലുകുത്താൻ അയാൾക്ക് സാധിക്കില്ലെന്നും ഗുരുദേവനറിയാമായിരുന്നു.

മോഹാന്ധകാരത്തിൽ അകപ്പെടാത്തവർ ഭൂലോകവാസികളിൽ വിരളമാണ്. തെറ്റുപറ്റിയാൽ അതേറ്റുപറഞ്ഞ് ശിക്ഷയേറ്റുവാങ്ങാനും പിന്നെ ആവർത്തിക്കാതിരിക്കാനും കഴിയണം. അതിനുള്ള വിവേകം ഉണരാത്തവരെ രക്ഷിക്കാൻ ദൈവത്തിനുപോലും സാധ്യമല്ല. അങ്ങനെയുള്ളവർ പവിത്രമായ ഇടങ്ങളിൽ വസിച്ചാൽ അവിടം നിരന്തരം മലിനപ്പെട്ടുകൊണ്ടേയിരിക്കും...

ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ.. മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍

AGNI- Association For Guru Narayana Inspiration- Bangalore.

https://www.facebook.com/AssociationForGuruNarayanaInspiration 

No comments:

Post a Comment