Monday, 23 February 2015

"അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു"

ആലുവാ അദ്വൈതാശ്രമ സംസ്കൃത സ്കൂളില്‍ ഈശോ എന്ന ഒരു   വിദ്യാര്‍ഥി പഠിച്ചിരുന്നു. അയാള്‍ വലിയ തോതില്‍ മത്സ്യ മാംസാദികള്‍ കഴിക്കുമായിരുന്നു. ആശ്രമ ജീവിതത്തിനു എതിരായ ആ പ്രവര്‍ത്തി പലരിലും അസംതൃപ്തി ഉളവാക്കി. ഒരിക്കല്‍ എല്ലാവരും ചേര്‍ന്ന് ഈ വിവരം ഗുരു ആലുവ എത്തിയപ്പോള്‍ അറിയിച്ചു.

ഗുരു ഈശോയെ വിളിപ്പിച്ചു. മാംസ ഭക്ഷണം കഴിക്കുന്നത് ശരിയാണോ എന്ന് അയാളോട്  ഗുരു ചോദിച്ചു.

അതിനു മറുപടിയായി ഈശോ, തങ്ങളുടെ മതം അത് അനുവദിച്ചിട്ടുണ്ട് എന്നും ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട് യേശുക്രിസ്തു അയ്യായിരം പേര്‍ക്ക് അപ്പവും മീനും കൊടുത്ത കഥയും, ശിഷ്യന്മാര്‍ മത്സ്യബന്ധന സമയത്ത് ഒന്നും ലഭിക്കാതെ നിരാശരായപ്പോള്‍ "നിങ്ങള്‍ വലതു ഭാഗത്ത് വലയിറക്കുവിന്‍" എന്ന ക്രിസ്തു ദേവന്റെ വാക്ക് അനുസരിച്ച് മത്സ്യ ബന്ധനം നടത്തിയ സംഭവവും മറ്റും വിശദീകരിച്ച ശേഷം, ഇതില്‍ നിന്നും മത്സ്യ മാംസാദികള്‍ കഴിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കി.

"അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു" എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് ഗുരുദേവന്‍ അതിനു മറുപടി പറഞ്ഞത്. ക്രിസ്തു ദേവന്റെ ഉപദേശങ്ങള്‍ അക്ഷരമായിട്ടല്ല, അക്ഷരങ്ങളിലെ ആത്മാവിനെ ആണ് അറിയേണ്ടതും പഠിക്കേണ്ടതും എന്ന് ഗുരുദേവന്‍ കാര്യകാരണ സഹിതം വിശദീകരിച്ചപ്പോള്‍ ബൈബിളില്‍ ഗുരുദേവനുള്ള അഗാധമായ പാണ്ഡിത്യം ദര്‍ശിച്ചു ഈശോ അത്ഭുതപ്പെട്ടു എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

(ഗുരുദേവസ്മരണകള്‍, പേജ് 261-62, പി.ജി. ഈശോ, കുഴിക്കാല)

ഗുരുദേവനെ കാണാനായി എത്തിയ ക്രിസ്ത്യാനികള്‍ ആയ ചില സഹപാഠികളോട് ഒരിക്കല്‍ ഗുരുദേവന്‍ പത്ത് കല്പനകളെ കുറിച്ച് സംസാരിച്ചു. അതില്‍ ഒരു കല്പനയായ "കൊല്ലരുത്" എന്നതിന്റെ അര്‍ത്ഥം ഗുരുദേവന്‍ അവരോടു ചോദിച്ചു. "മനുഷ്യരെ കൊല്ലരുത്" എന്നാണു അര്‍ത്ഥമാക്കുന്നത് എന്ന യുക്തിരഹിതമായ മറുപടി കേട്ട് ഗുരുദേവന്‍ ആ കല്പനയുടെ അര്‍ത്ഥവ്യാപ്തി വിശദമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു "അങ്ങിനെയെങ്കില്‍ മനുഷ്യരെ കൊല്ലരുത് എന്ന് വേര്‍തിരിച്ച് പറയാമായിരുന്നല്ലോ. അതല്ല, ഒരു ജീവിയേയും കൊല്ലരുത് എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം...!"

(ഡോ. പി.ആര്‍. ശാസ്ത്രി, ഗുരുദേവന്‍, 1991)

Charles Freer Andrews എന്ന ക്രിസ്തുമത പണ്ഡിതന്‍ ഗുരുവിനെ സന്ദര്‍ശിച്ചതിനു ശേഷം തന്റെ സുഹൃത്തായ Romain Rolland നോട് ഇപ്രകാരം എഴുതി 

"I have seen our Christ walking on the shore of arabian sea in the attire of a hindu sanyasin".

No comments:

Post a Comment