Monday 2 February 2015

എബ്രഹാം മാർത്തോമാ മെത്രാപ്പൊലീത്തയും ശ്രീ നാരായണ ഗുരുവും

എബ്രഹാം മാർത്തോമാ മെത്രപ്പൊലീത്ത ശ്രീ നാരായണ ഗുരുദേവന്‍റെ രോഗശയ്യയ്ക്ക് സമീപം ഇരുന്നു. മുറിയിലേക്ക് കടന്നുവന്ന പുരോഹിതശ്രേഷ്ഠനെക്കണ്ട് ഗുരു പുഞ്ചിരിപൊഴിച്ചു. അസുഖത്തെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞിട്ട് മെത്രാപ്പൊലീത്ത ഇങ്ങനെ പറഞ്ഞു: 'കല്ലുംമുള്ളും ഉള്ള സ്ഥലത്തുകൂടിയാണല്ലോ നാം യാത്ര ചെയ്യുന്നത്. ആ സന്ദർഭങ്ങളിലൊക്കെയും ക്ഷമയോടെ സഹിക്കുന്നതിനുള്ള പാകത ഈശ്വരനിൽനിന്നുമാണ് ലഭിക്കേണ്ടത്.'

ഗുരുസ്വാമി: 'അതെങ്ങനെതന്നെയാണ്.'

മെത്രാപ്പൊലീത്ത: 'നാം ശരീരത്തിൽനിന്നും വേർപിരിഞ്ഞതിനുശേഷം നമുക്ക് വേറൊരു ശരീരം ലഭിക്കും.'

സ്വന്തംദേഹത്തെ ചൂണ്ടിക്കൊണ്ട് സ്വാമി ചോദിച്ചു: 'ഇതുപോലെ ഒരു ശരീരമാണോ കിട്ടുക?'

മെത്രാപ്പൊലീത്ത: 'ഇതുപോലെ ഒരു ശരീരമല്ല. മരണാനന്തരമുള്ള അവസ്ഥകളെ ആർക്കും നിശ്ചയിക്കാൻ പാടില്ലല്ലോ. ഞങ്ങൾ വിശ്വസിക്കുന്നത് ഈ നാശമുള്ള ഭൗതികദേഹം മാറി ആത്മീയവും സ്വർഗീയവുമായ ഒരു ശരീരം കിട്ടുമെന്നാണ്.'

ഗുരുദേവൻ അതുകേട്ട് മൗനമായിരുന്നു.

താൻ പറയുന്നത് ഗുരുവിന് മനസിലായിട്ടുണ്ടാവില്ലെന്നു കരുതി മെത്രാപ്പൊലീത്ത പറഞ്ഞു: 'അവയൊക്കെ ഈശ്വരൻ തന്നെ വെളിപ്പെടുത്തിത്തരേണ്ട കാര്യങ്ങളാണ്.'

'അങ്ങനെയൊരു വെളിപ്പെടൽ നമുക്ക് ലഭിക്കാൻ അങ്ങ് ഈശ്വരനോട് പ്രാർത്ഥിക്കണം' എന്നായിരുന്നു ഗുരുവിന്‍റെ മറുപടി. 

ദിവസപ്രാർത്ഥനയിൽ ഗുരുവിന് വേണ്ടിക്കൂടി ദൈവത്തോട് അപേക്ഷിക്കാം എന്ന് ഉറപ്പുനല്കി മെത്രാപ്പൊലീത്ത വിടവാങ്ങി.

ഗുരുവിന്‍റെ ആ നിഷ്‌കളങ്കമായ മറുപടി പക്ഷേ, അവരുടെ സംഭാഷണം കേട്ടുനിന്ന ശിഷ്യരെ ആശയക്കുഴപ്പത്തിലാക്കി. ജീവന്റെ ഉല്പത്തിരഹസ്യം വെളിപ്പെട്ടുകിട്ടിയ ഗുരു എന്തുകൊണ്ടാണ് തനിക്കിതുവരെ സൃഷ്ടിരഹസ്യം വെളിപ്പെട്ടിട്ടില്ലെന്നവിധം പ്രതികരിച്ചതെന്നാണ് അവരുടെ സംശയം. മെത്രാപ്പൊലീത്തയാകട്ടെ അദ്ദേഹം പഠിച്ചറിഞ്ഞ വിശ്വാസത്തിൽ അടിയുറച്ചുനിന്നാണ് സംസാരിച്ചത്. ഗുരു അസുഖത്തില്‍ ആയിരുന്നതിനാല്‍ ശിഷ്യർ ആ സംശയം ചോദിക്കുകയുണ്ടായില്ല. 

സൃഷ്ടിരഹസ്യം ബോദ്ധ്യപ്പെട്ട് അഹങ്കാരവിമുക്തനായവനാണ് സത്യദർശി. സത്യദർശിക്ക് മതപ്പോരില്ല. വിരുദ്ധമോ പാതി സത്യമാർന്നതോ ആയിരുന്നാൽപ്പോലും അപരന്‍റെ അഭിപ്രായത്തെ ഖണ്ഡിക്കാൻ സത്യദർശി മുതിരുകയില്ല. അപരന് സത്യമെന്തെന്ന് സ്വയം വെളിപ്പെടാൻ ചില പഴുതുകൾ തുറന്നുകൊടുക്കുക മാത്രമാണ് സത്യദർശിയുടെ ധർമ്മം. 

സ്വന്തം ദേഹത്തുതൊട്ടിട്ട് ശിശുസഹജമായ നിഷ്‌കളങ്കതയോടെ 

'ഇതുപോലൊരു ദേഹമാണോ മരണശേഷം നമുക്ക് ലഭിക്കുക?' എന്ന വലിയ മെത്രാപ്പൊലീത്തയോടുള്ള ഗുരുവിന്‍റെ ചോദ്യം ഒരു പഴുതുതുറക്കലാണ്. 'മരണാനന്തരമുള്ള അവസ്ഥകളെ ആർക്കും നിശ്ചയിക്കാൻ പാടില്ലല്ലോ' എന്നാണ് മെത്രാപ്പൊലീത്ത ആദ്യം പറഞ്ഞത്. അതായത് അതേക്കുറിച്ച് ഉറപ്പില്ല എന്നാണർത്ഥം. 

'ഞങ്ങൾ വിശ്വസിക്കുന്നത് ഈ നാശമുള്ള ഭൗതികദേഹം മാറി ആത്മീയവും സ്വർഗീയവുമായ ഒരു ശരീരം കിട്ടുമെന്നാണ്' എന്ന ഉത്തരത്തിൽ 'ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നതേയുള്ളൂ; എല്ലാ വിശ്വാസങ്ങളും സത്യമാവണമെന്നില്ല' എന്ന വ്യംഗ്യാർത്ഥവുമുണ്ട്. 

'ആത്മീയശരീരം കിട്ടും എന്നത് ഇതുവരെ തനിക്കറിയാത്തതാണെന്നും അതൊന്നു വെളിപ്പെടുത്തിക്കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കണം' എന്നും ഗുരുവിന്‍റെ മറുപടി പറയുന്നു. അതായത്, അങ്ങനെയൊരു വിശ്വാസം തനിക്കില്ലെന്ന് ഭംഗ്യന്തരേണ പറയുകയാണ് ഗുരു ആദ്യം ചെയ്യുന്നത്. 

'ഈശ്വരനോട് ആ രഹസ്യം വെളിപ്പെടുത്തിത്തരാൻ പ്രാർത്ഥിക്കണം' എന്നു പറയുന്നതിൽ വെറുതേ വിശ്വാസം ചുമന്നുനടക്കാതെ സത്യം തിരിച്ചറിയാൻ സ്വന്തം ഉള്ളിലേക്ക് തന്നെ അന്വേഷിച്ചിറങ്ങണമെന്ന ഉപദേശവും ഗുരു കരുതിവയ്ക്കുന്നു. 

ഇങ്ങനെ അപരനെ മുറിവേല്പിക്കാതെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ ശ്രീ നാരായണ ഗുരുവിനല്ലാതെ മറ്റാർക്ക് സാധിക്കും?

No comments:

Post a Comment