Thursday 29 January 2015

ആകാശം എഴുതി രജിസ്റ്ററാക്കാൻ സാധിക്കുമോ?

ശിഷ്യരുടെ മുഷിഞ്ഞ ചർച്ചകൾ കേട്ടിട്ടും അചഞ്ചലനായി നിൽക്കുകയാണ് മഹാഗുരു. നിഴൽ വീണുതുടങ്ങിയ തീരത്തേക്ക് അപ്പോൾ ഒരാൾ നടന്നുവരുന്നുണ്ടായിരുന്നു. ആ സാന്നിദ്ധ്യം അറിഞ്ഞ് ഗുരുസ്വാമി ചെറുതായി ഒന്നു പുഞ്ചിരിച്ചു. ആഗതൻ ശിഷ്യരെ സമീപിച്ചു. "ഗുരുസ്വാമിക്ക് മഠം പണിയാൻ സിലോണിൽ കുറച്ച് സ്ഥലം ദാനംചെയ്യാനാണ് വന്നിരിക്കുന്നത്.' ശിഷ്യർക്ക് അതുകേട്ടപ്പോൾ ആശ്വാസമായി. സ്വന്തമായി ഒരിടം കിട്ടിയാൽ ഇങ്ങനെ എങ്ങുമില്ലാതെ അലയേണ്ടായിരുന്നു. ഗുരുസ്വാമിക്കും സന്തോഷമാകും എന്നവർ കരുതി. സ്ഥലം ദാനം ചെയ്യാനെത്തിയ ഭക്തനെയും കൂട്ടി സന്തോഷത്തോടെ സ്വാമിയുടെ അടുത്തെത്തി. 

ഭക്തൻ ആഗ്രഹം അറിയിച്ചു. ഗുരുസ്വാമി ശിഷ്യരെ നോക്കി ചിരിച്ചിട്ട് ഭക്തനോടു മൊഴിഞ്ഞു:

"ഭൂമിയോ നമുക്കോ... ഹാ കൊള്ളാം. ആകാശം എഴുതി രജിസ്റ്ററാക്കാൻ സാധിക്കുമോ?'

ഭക്തന് കാര്യം പിടികിട്ടിയില്ല. ശിഷ്യർക്ക് പക്ഷേ, ഒരു വെള്ളിടിപോലെയായി ആ വാക്കുകൾ. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ട് പലയിടത്തും പതിച്ചുകിട്ടിയ സ്വത്തിന്റെ കൈകാര്യത്തെച്ചൊല്ലിയാണ് സ്വജനങ്ങൾക്കിടയിൽ തർക്കം നടക്കുന്നത്. അതിൽനിന്ന് രക്ഷനേടാൻ എല്ലാം ഉപേക്ഷിച്ചുപോന്ന സ്വാമിയെ പിൻപറ്റിയ തങ്ങളും ഒരു നിമിഷത്തേക്ക് മോഹത്തിൽപ്പെട്ടുപോയിരിക്കുന്നു. അതുകണ്ടിട്ടാണ് സ്വാമി ചിരിച്ചുപോയത്. ആഗ്രഹം വെടിയുക എന്ന സന്ദേശം പഠിക്കാനായി സ്വാമിക്കൊപ്പം ഇറങ്ങിയവരെയും ഒരു നിമിഷം ഭ്രമിപ്പിക്കാൻ ആഗ്രഹത്തിന് സാധിച്ചിരിക്കുന്നു.

No comments:

Post a Comment