ചെമ്പഴന്തി മണയ്‌ക്കല്‍ ക്ഷേത്രം അതിന്റെ അവകാശികള്‍ ഗുരുവിന്റെ പേര്‍ക്ക് പ്രമാണം ചെയ്‌തു കൊടുത്തു. അതിന്റെ രേഖകള്‍ കൈപ്പറ്റാനായി ഗുരു മണയ്‌ക്കല്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാനാജാതി മതസ്ഥരായ ധാരാളം ആളുകള്‍ അവിടെ കൂടി. അവരില്‍ ഒരു നായര്‍ തറവാട്ടിലെ അമ്മയും മകളുമുണ്ടായിരുന്നു.
അവരുടെ തറവാട് നാശോന്മുഖമായിത്തീര്ന്നിരു ന്നു. രോഗപീഢയാലും മരണങ്ങളാലും അവരുടെ കുടുംബത്തില്‍ പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നു. പല ജ്യോതിഷികളെയും കണ്ടു. അവരിലെ അതി പ്രശസ്‌തനായ ഒരു ജ്യോതിഷി എഴുതിക്കൊടുത്ത പരിഹാരകര്‍മ്മങ്ങളുടെ ഓലകളുമായാണ് അവര്‍ ഗുരുവിനെ സമീപിച്ചത്. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യണമെങ്കില്‍ അന്ന് 1000 രൂപ അവശ്യമായിരുന്നു.
അവരുടെ തറവാട് നാശോന്മുഖമായിത്തീര്ന്നിരു
ഗുരുവിനെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞശേഷം ആ അമ്മ ഓല ഗുരുവിന്റെ കൈയ്യില്‍ കൊടുത്തു. ഗുരു ആ ഓല വായിച്ചശേഷം അടുത്തുനിന്ന പണ്ഡിതനും മഹാ മാന്ത്രികനുമായ വേലു വൈദ്യന്റെ കൈയ്യില്‍ കൊടുത്തു. എന്നിട്ട് "ഈ കര്‍മ്മങ്ങള്‍ ചെയ്‌തു തീര്‍ക്കുമോ" എന്ന് ചോദിച്ചു. വൈദ്യന്‍ ഇതിന് മറുപടി പറഞ്ഞത് ഇതിന് ആയിരം രൂപയാകും എന്നാണ്. "അവര്‍ സ്വത്തെല്ലാം നഷ്‌ടപ്പെട്ടവരാണ്. ചെലവുകൂടാതെ ചെയ്യണം" എന്ന് ഗുരു ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനോ മറ്റ് മാന്ത്രികര്‍ക്കോ അതിന് സാധിച്ചില്ല.
ഓല മടക്കിവാങ്ങിയിട്ട് ഗുരു ആ അമ്മയോട് ചോദിച്ചു. "നാം ഒരു ഹോമം ചെയ്യുന്നതില്‍ വിരോധമുണ്ടോ" എന്ന്. ഗുരുവിന്റെ വാക്കുകളെ അനുഗ്രഹമായി കണ്ട് അവര്‍ സമ്മതം അറിയിച്ചു. ഗുരു ആ ഓലകള്‍ കിഴുക്കാം തൂക്കായി പിടിച്ച് അതിന്റെ ചുവട്ടില്‍ തീ കൊളുത്തി. അഗ്നിപടര്‍ന്ന് മുകളറ്റംവരെ എത്തി, വിരലുകള്‍ക്കിടയിലൂടെ ഉയര്‍ന്നിട്ടും പിടിവിട്ടില്ല. മുഴുവന്‍ കത്തിച്ചാമ്പലായപ്പോള്‍ ഗുരു അനുഗ്രഹപൂര്‍വ്വം പറഞ്ഞു. "കുടുംബത്തിലെ അരിഷ്‌ടതകളും ദുരിതങ്ങളും എല്ലാം നശിച്ചു". അതോടെ ആ കുടുംബം ഐശ്വര്യത്തിലും ക്ഷേമത്തിലും ഉയര്‍ന്നുതുടങ്ങി.
ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു ഹോമം ആരെങ്കിലും ചെയ്തിട്ടുണ്ടോ? ഇനി ചെയ്യുമോ ?. അത് മഹാ ഗുരു നാരായണന് മാത്രം കഴിയുന്ന ഒരു കാര്യമാണ്. അതെ ജഗത്ഗുരു ശ്രീ നാരായണ ഗുരുവിന് മാത്രം കഴിയുന്ന കാര്യം.
അതിശക്തമായ പ്രശ്നങ്ങള്‍ക്ക് നടുവില്‍ വലയുന്ന ഒരു കുടുംബം, അവസാന പ്രതീക്ഷയുമായി ഗുരുവിനെ സമീപിക്കുന്നു. ഗുരു ആ പ്രശ്നത്തിന് പൊതുവേ ജനങ്ങള്‍ തേടുന്ന പരിഹാരമാര്‍ഗ്ഗം ആരായുന്നു. പണം ഒരുപാട് ചിലവാകുമെന്നതുകൊണ്ടോ അതു ചെയ്തത്കൊണ്ട് ഫലം ഒന്നും ഉണ്ടാകില്ലെന്ന് സ്വയം തോന്നിയതുകൊണ്ടോ കൂടെ ഉണ്ടായിരുന്ന മഹാ മാന്ത്രികന്‍ ആ കര്‍മ്മം ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് കൈ ഒഴിഞ്ഞു. അതിന് മുന്‍പ് അവര്‍ പലവിധമാര്‍ഗ്ഗങ്ങള്‍ ആകുടുംബം പരീക്ഷിച്ചിരുന്നു. ഗുരുവിന് ആദ്യമേ തന്നെ തന്‍റെ പ്രവര്‍ത്തി ചെയ്യാമായിരുന്നു. പക്ഷെ നിഷ്കളങ്കതയോടെ മറ്റുള്ളവരോട് പറ്റുമോ എന്ന് ചോദിച്ച് അവര്‍ക്ക് പറ്റില്ല എന്ന സത്യത്തെ എല്ലാവര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്തു.
പൂര്‍ണ്ണ പ്രജ്ഞനായ ഗുരുപിന്നീട് സ്വയം ആ അമ്മയുടെ അനുവാദം വാങ്ങിയിട്ട് തന്‍റെ ആത്മശക്തിയാല്‍ ആ ദുഷിച്ച ഭൂതപ്രേതപിശാചുക്കളാല്‍ ദൂഷിതമായ അതിശക്തമായ സങ്കല്‍പ്പങ്ങളെ കത്തിച്ച് ചാമ്പലാക്കുകയാണ് ചെയ്തത്. ഇവിടെ ഗുരുവിന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ കത്തി ചാമ്പലായത് താളിയോല മാത്രമാണോ?... വ്യാവഹാരിക ലോകത്തിലെ ഖനീഭവിച്ചതും അതിശക്തവുമായ പല മൂര്‍ത്തവും അമൂര്‍ത്തവുമായ സങ്കല്‍പ്പങ്ങള്‍ക്ക് അന്ത്യം കുറിച്ച് ഭസ്മമാക്കുകയല്ലേ ചെയ്തത്.
അത് ഗുരുവിനെപ്പോലെ ഉള്ള മഹാജ്ഞാനികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ഗുരുവിന്‍റെ മഹത്വത്തിലേക്ക് അല്‍പ്പമെങ്കിലും ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ഈ സംഭവം അവതരിപ്പിച്ചാല്‍ ഉതകും എന്ന് കരുതുന്നു. തിരിച്ചറിവാണല്ലോ മനുഷ്യന് വേണ്ടത്...
സമൂഹത്തിലെ അതിപ്പഴക്കമേറിയതും അതിശക്തവുമായിരുന്ന അബ്നോര്‍മാലിറ്റിയെ നോര്‍മല്‍സിയിലേക്ക് ഗുരു എത്തിച്ചരീതി ലോകത്ത് തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
ജഗത്ഗുരു ശ്രീ നാരായണ ഗുരു വിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമങ്ങളോടെ മനോജ് കുമാര്‍ ബാലകൃഷ്ണന്‍
Founder- AGNI- Association For Guru Narayana Inspiration- Bangalore.
AGNI-Association For Guru Narayana Inspiration അഗ്നി
No comments:
Post a Comment