Thursday 29 January 2015

കുറ്റിപ്പുഴ കൃഷ്ണപിള്ള പറഞ്ഞ ഗുരുവിന്റെ ഒരു അനുഭവകഥ.

ഒരു ദിവസം സായ്പിനെപ്പോലെ തൊപ്പികുപ്പായധാരിയായ ഒരാൾ ഗുരുവിനെ കാണാൻ വന്നു. അല്പം അകലെ നിന്നുതന്നെ തലയിലെ തൊപ്പിയെടുത്ത് കക്ഷത്തിൽവച്ചിട്ട് അയാൾ അടുത്തുവന്ന് തൊഴുതു. വടക്കേ മലബാറിൽ നിന്നാണ് വരവ്. ഏതോ ചില കാര്യങ്ങളെപ്പറ്റി കുറേനേരം സംസാരിച്ചശേഷം ആഗതൻ യാത്രാനുമതി വാങ്ങി പിരിഞ്ഞു. അയാൾ നടന്നുപോകുന്നത് നോക്കിയിട്ട് ഗുരുസ്വാമി കുറ്റിപ്പുഴയോട് പറഞ്ഞു: "പാവം, ആ വേഷത്തിൽ കാലു രണ്ടും ശരിക്കുണ്ടെന്നറിയാം, ഇല്ലയോ?' അതുകേട്ട് ചിരി അടക്കിനില്ക്കുകയാണ് കുറ്റിപ്പുഴ. "മുണ്ടുടുത്താൽ കാലുരണ്ടും കവരപോലെ വേർതിരിച്ചുകാണാൻ പറ്റില്ലല്ലോ, പാവം' എന്നു പറഞ്ഞു, സ്വാമി.

ഡോ. പല്പു എല്ലായ്‌പ്പോഴും നീളൻകോട്ടും പാന്റ്‌സും ഷൂസും ധരിച്ചേ നടക്കൂ. ഒരിക്കൽ സ്വാമി പല്പുവിനോട് ചോദിച്ചു: "സായ്പിന്റെ ഭാഷയോടുള്ള ആരാധന വേഷത്തോടുമുണ്ടോ?' അതിനു പല്പു നൽകിയ മറുപടി: "സായ്പ് മ്‌ളേച്ഛനല്ലേ സ്വാമീ. മ്‌ളേച്ഛന്റെ വേഷമിട്ടാൽ ജാതിപറഞ്ഞ് വഴിയാട്ടുന്നവർ അടുക്കില്ലല്ലോ.' അത് ഗുരുദേവന് രസിച്ചു. പിന്നെ ഒന്നും പറഞ്ഞില്ല. പാവം എന്ന വാക്കും ഉപയോഗിച്ചില്ല. 

ആദ്യം പറഞ്ഞ സംഭവകഥയിൽ ആഗതന്റെ അറിവില്ലായ്മയെ സൂചിപ്പിക്കാനാണ് സ്വാമി പാവം എന്നു പറഞ്ഞത്. അറിവില്ലാത്തവരോട് അനുതാപത്തോടെ പെരുമാറണം എന്ന് സ്വാമി എല്ലായ്‌പ്പോഴും ശിഷ്യരെ ഉപദേശിക്കാറുണ്ടായിരുന്നു. സായ്പിനെപ്പോലെ കോട്ടും തൊപ്പിയും കവരപ്പാന്റും ധരിച്ചയാൾ സായ്പാവാൻ വെറും അനുകരണം നടത്തുകയായിരുന്നു. സ്വയം തിരിച്ചറിയാനും ലക്ഷ്യബോധം ഉറപ്പിക്കാനുമുള്ള അറിവില്ലായ്മകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നാണ് ഗുരുസ്വാമി സൂചിപ്പിച്ചത്. 

എന്നാൽ പല്പുവിന്റെ വേഷധാരണത്തിന് വ്യക്തമായ അടിസ്ഥാനമുണ്ടായിരുന്നു. അവഗണിക്കപ്പെട്ടവൻ പൊരുതിനേടിയ അവകാശമായിരുന്നു ആ വേഷധാരണം. അതെവിടെയും അഴിച്ചുവയ്‌ക്കേണ്ടതില്ല. മ്‌ളേച്ഛനെ തീണ്ടലിൽനിന്ന് ഒഴിവാക്കുമെങ്കിൽ ആ ദുരാചാരത്തിൽനിന്ന് ഒഴിയാൻ താൻ മ്‌ളേച്ഛനാവാനും തയ്യാറാണെന്ന ഉദ്‌ഘോഷമായിരുന്നു അത്. അതിനെ ഗുരുസ്വാമി മാനിക്കുകയും ചെയ്തു.

No comments:

Post a Comment