തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രവളപ്പിൽ ഒരു മദ്ധ്യാഹ്നം. മാമരങ്ങളെ കവിതചൊല്ലിച്ച് വീശുന്ന തെക്കൻകാറ്റുമേറ്റ് തിരയടങ്ങിയ സാഗരംപോലെ ശാന്തമായി ഇരിക്കുകയാണ് ശ്രീ നാരായണ ഗുരുസ്വാമി.
മഠത്തിനുള്ളിലും പുറത്തെ മരച്ചുവട്ടിലും ചെറുസംഘങ്ങളായി വട്ടംകൂടിനിന്ന് സംന്യാസിശിഷ്യർ എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്നു. തർക്കങ്ങളും വാഗ്വാദവുമൊക്കെ ഇടയ്ക്ക് ഉയരും... അപ്പോൾ ആരെങ്കിലുമൊരാൾ ചുണ്ടത്ത് വിരൽവച്ച് "ശബ്ദം ഉയർത്തരുത്, ഗുരുസ്വാമി അപ്പുറത്തുണ്ട് ' എന്ന് അപരനെ ഓർമ്മിപ്പിക്കും. എന്താണ് അവർ ഇത്ര ഗഹനമായി ആലോചിക്കുന്നത്?
"നാം ഒരു സംന്യാസിസംഘം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു. പൊതുജനങ്ങൾക്കുവേണ്ടി നിസ്വാർത്ഥമായ സേവനങ്ങൾ നടത്തുന്ന ഒന്നാവണം അത്. അതിനൊരു ചട്ടക്കൂട് എല്ലാവരും ചേർന്ന് ആലോചിച്ച് ഉണ്ടാക്കുക' എന്ന് കഴിഞ്ഞദിവസം ഗുരുസ്വാമി ശിഷ്യരോട് മൊഴിഞ്ഞിരുന്നു. അപ്പോൾ തുടങ്ങിയതാണ് ഈ ആലോചനകൾ. ഇതുവരെ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ചർച്ച മുറുകുംതോറും ആശയക്കുഴപ്പവും പെരുകുന്നു. ഇതെല്ലാം കണ്ടുംകേട്ടും നിന്ന മഠത്തിലെ ഒരു അന്തേവാസി ഗുരുസ്വാമിയുടെ അടുത്തെത്തി:
"സ്വാമീ, സംന്യാസി എന്നാൽ ആരാണെന്നു വലിയ തർക്കമുണ്ട്.'
ഗുരു സംശയലേശമന്യേ മൊഴിഞ്ഞു: "സ്വാർത്ഥം വെടിഞ്ഞു പൊതുജനങ്ങൾക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവർ സംന്യാസിമാർ. സംന്യാസി എന്നാൽ പരോപകാരി- ത്യാഗി.'
ആഗതന്‍: "എങ്കിൽ സംന്യാസിക്ക് വേഷം വേണമോ?'
ഗുരു: "വേഷത്തെ ആശ്രയിച്ചു സംന്യാസം ഇരിക്കുന്നില്ലെങ്കിലും ഒരു യഥാർത്ഥ സംന്യാസിക്കു വേഷമിട്ടതുകൊണ്ട് യാതൊരു കുറവോ കുറ്റമോ തോന്നാൻ വകയില്ല. വേഷമില്ലാതെ ഇരുന്നാൽ കാര്യങ്ങൾ ഒരു നെറിയും കുറിയും ഇല്ലാതെ പോകുന്നതിനും ഇടയുണ്ട്. ഒരു രാജാവിനു കിരീടം വേണമെന്നു കരുതപ്പെടുന്നതുപോലെ സംന്യാസിക്കു സംന്യാസിവേഷം യോജിച്ചതായി കരുതാം. രാജാവല്ലാത്തവൻ കിരീടം ധരിച്ചാൽ ഒരിക്കലും അയാൾ രാജാവാകയില്ല.'
കണ്ണിൽ കാഴ്ച മറച്ചുകിടന്ന നൂൽപ്പാടയെ ചകിരിനാരുകൊണ്ട് തോണ്ടിയെടുത്തു കളയുന്നതുപോലെയാണ് സ്വാമി സംശയം നീക്കിയത്. സംന്യാസി ആരെന്ന് പറയുന്നതിനൊപ്പം സംന്യാസി ആരാവരുത് എന്നും പറഞ്ഞിരിക്കുന്നു ഗുരുസ്വാമി. സംന്യാസിസംഘം എങ്ങനെ ഉള്ളതാവണം എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നതാണ്. അത് ബോദ്ധ്യമായിരുന്നെങ്കിൽ ശിഷ്യർ ഇത്രയും ആശയക്കുഴപ്പത്തിൽപ്പെടുമായിരുന്നില്ല. രാജാധികാരമില്ലാത്തയാൾ കിരീടം വച്ചതുപോലെയിരിക്കും മനസുകൊണ്ട് സംന്യാസത്തെ വരിക്കാത്തയാൾ സംന്യാസവേഷം ധരിച്ചാൽ എന്ന് പറയുമ്പോൾ പില്ക്കാലത്ത് ഇന്ത്യൻ സംന്യാസം അഭിമുഖീകരിക്കാൻപോകുന്ന മൂല്യച്യുതിയെക്കുറിച്ചും സ്വാമി പ്രവചനാത്മകമായി മൊഴിയുകയായിരുന്നു.
No comments:
Post a Comment