Thursday, 29 January 2015

ധർമ്മസ്ഥാപനങ്ങൾ കൊണ്ട് പ്രയോജനമുണ്ട്

അവർ പിന്നെ ഒന്നും മിണ്ടാതെ ഗുരുവിനോപ്പം നടന്നു. കുറച്ചകലെയായി ഒരു ക്ഷേത്രത്തിന്റെ തിണ്ണയിൽ കാഷായമുടുത്ത ഒരു വൃദ്ധൻ തകരപ്പാത്രവും വടിയും അടുത്തുവച്ച് വളഞ്ഞുകൂടി കിടന്നുറങ്ങുന്നത് അവർ കണ്ടു. സ്വാമി ആ വൃദ്ധനെ നോക്കി: "സാധു നല്ല ഉറക്കം. അത്താഴം കഴിച്ചോ, അറിഞ്ഞുകൂടാ. നാം മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ട്. രാജ്യംതോറും നടക്കും. വൈകുന്നേരമായാൽ കയറിക്കിടക്കാൻ ഒരു സ്ഥലം അന്വേഷിക്കും. അപ്പോൾ ഇങ്ങനെയുള്ള ക്ഷേത്രമോ വഴിയമ്പലമോ കണ്ടാൽ എന്തൊരു കാര്യമാണ്. ധർമ്മസ്ഥാപനങ്ങൾ കൊണ്ട് പ്രയോജനമുണ്ട്.'

സ്വാമിയുടെ വാക്കുകൾക്ക് ആ ഇരുട്ടിനെ കീറിമുറിക്കാനുള്ള കരുത്തുണ്ടായിരുന്നു. ധർമ്മസ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഉണ്ടാവേണ്ടത് അഗതികൾക്ക് ആശ്രയമാകാനാണ്. വിശക്കുന്നവന് ദൈവനാമത്തിൽ ഭക്ഷണം വിളമ്പുന്ന ഇടം. ദൈവത്തിന്റെ മടിത്തട്ടിലെന്നപോലെ തലചായ്ച്ചുറങ്ങാനുള്ള ഒരിടം. ക്ഷേത്രമെന്നത് മോക്ഷത്തിനുള്ളതല്ല, കുളിച്ച് അഴുക്കില്ലാത്ത വസ്ത്രമുടുത്ത് ഈശ്വരചിന്തയോടെ മനുഷ്യനു വന്നിരിക്കാനും സംഘടിക്കാനുമുള്ള ഇടമാണ്. ക്ഷേത്രത്തിലെത്തുന്ന പണം ജനോപകാരത്തിനായി വിനിയോഗിക്കണം. ആവശ്യങ്ങൾ മാത്രം നിവൃത്തിച്ചുപോകുന്ന ധർമ്മസ്ഥാപനങ്ങളിൽ അധികാരത്തർക്കം ഉണ്ടാവില്ല.
പക്ഷേ, അന്നും ഇന്നും നാം ആ വാക്കുകൾ കണക്കിലെടുക്കുന്നില്ല.

No comments:

Post a Comment